ഭരണഘടനയുടെ ആമുഖം കേരളത്തിലെ എല്ലാ കുട്ടികളും വായിക്കണം. – ബഹു. കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം.

ഭരണഘടനയുടെ ആമുഖം കേരളത്തിലെ എല്ലാ കുട്ടികളും വായിക്കണം. – ബഹു. കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം.

ഭരണഘടനയുടെ ആമുഖം കാസര്‍ഡോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ കുട്ടികളും വായിക്കണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു.
കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിനു കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച നെഹ്റുസ്‍മൃതി 2018 – ശിശുദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ആമുഖം പ്രിന്റെടുത്ത് എല്ലാ കുട്ടികള്‍ക്കു ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവണം. മൗലിക അവകാശങ്ങളെക്കുറിച്ച് ബോധമുള്ളതുപോലെ കടമകളെക്കുറിച്ചും കുട്ടികള്‍ക്ക് ബോധ്യമുണ്ടാവണം.

കുട്ടികളെ അഭിമുഖീകരിക്കുന്നത് സന്തോഷം പകരുന്നു. രാജ്യത്തിന്റെ ഭാവി കുട്ടികളിലാണ്. അതിനാല്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ചും അവിടത്തെ കുട്ടികളുടെ അവസ്ഥയെക്കുറിച്ചും എല്ലാ കുട്ടികളും മനസ്സിലാക്കണം. കുട്ടികള്‍ പൂന്തോട്ടത്തിലെ പൂക്കളെപ്പോലെയാണ്. അവരെ അതീവ ശ്രദ്ധയോടെയും സ്‌നേഹത്തോടെയും പരിപാലിക്കണമെന്നാണ് നെഹ്രു വിശ്വസിച്ചിരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ദേശീയപതാകയെയും ദേശീയഗാനത്തെയും മാനിക്കണം. പൊതുസ്ഥലങ്ങള്‍ക്കും പൊതുസ്വത്തുക്കള്‍ക്കും ഒരിക്കലും നാശനഷ്ടം വരുത്തരുത്. മതത്തിന്റെ പേരിലല്ല, ഇന്ത്യക്കാരന്‍ എന്നതിലാണ് എല്ലാവരും അഭിമാനിക്കേണ്ടത്. സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിലൊരിക്കല്‍പോലും മതപരമായ ഒരു ചടങ്ങിലും താന്‍ പങ്കെടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും മൗലികാവകാശമാണ്. ആറുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന് പാര്‍ലമെന്റില്‍ നിയമം പാസാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ എത്രയോ കുട്ടികള്‍ക്ക് ഇന്നും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും തങ്ങളോടൊപ്പം പഠിക്കുകയും ജീവിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കുമുണ്ട് എന്ന അറിവ് ഓരോ ആണ്‍കുട്ടിക്കുമുണ്ടാവണം. ലിംഗനീതി വളരെ പ്രധാനമാണെന്നും അത് കുടുംബത്തില്‍ നിന്നും കുഞ്ഞുങ്ങളില്‍ നിന്നും തുടങ്ങണം എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് കുട്ടികള്‍ അറിയണം. അതിനുതകുന്ന പുസ്തകങ്ങള്‍ കുട്ടികളിലെത്തിക്കാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ തയ്യാറാവണം. കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരിപാടികളെ അദ്ദേഹം ശ്ലാഘിച്ചു. കുട്ടികളെ പുതിയ ലോകത്തേക്ക് നയിക്കുകയും ശരിയായ രീതിയില്‍ വാര്‍ത്തെടുക്കുകയും ചെയ്യുന്നതിന് ബാലസാഹിത്യ പുസ്തകങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. കഥകള്‍ക്കും കവിതകള്‍ക്കും ഒപ്പം കുട്ടികളുടെ ബൗദ്ധികവികാസം ലക്ഷ്യമിട്ടുള്ള ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങള്‍ ധാരാളമായി അവര്‍ക്ക് ലഭ്യമാക്കണം. അച്ചടിച്ച പുസ്തകങ്ങള്‍ മാത്രമല്ല, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും മറ്റു പുതിയ സംവിധാനങ്ങളും കുട്ടികള്‍ക്ക് ലഭ്യമാക്കണം. വായന മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കുന്നു എന്ന ഫ്രാന്‍സിസ് ബേക്കണിന്റെ വാക്യം കുട്ടികള്‍ മനസ്സിലാക്കണം.

തിരുവനന്തപുരം പട്ടം സെയിന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉച്ചയ്ക്ക് 2.30നു നടന്ന സമ്മേളനത്തില്‍ ബഹു. പട്ടികജാതി-പട്ടികവര്‍ഗ്ഗ, നിയമ, സാംസ്കാരിക, പാര്‍‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ കെ ബാലന്‍ അദ്ധ്യക്ഷനായിരുന്നു.
നെഹ്റു അടക്കമുള്ള നേതാക്കളെ അവരുടെ ചിന്തകളുടെ പേരിലല്ല ഇന്ന് ഓര്‍മ്മിക്കപ്പെടുന്നത്. അവരുടെ ജന്മദിനത്തിലും ചരമദിനത്തിലും അവരെ ഓര്‍ക്കുക മാത്രമാണ് ചെയ്യുന്നത്. അതു പോരാ. അവര്‍ ഭാരതത്തിനു നല്‍കിയ സംഭാവനകളുടെ പേരിലാവണം അവര്‍ ഓര്‍മ്മിക്കപ്പെടേണ്ടത്. ഇന്ത്യന്‍ ജനാധിപത്യത്തിന് അടിത്തറ നല്‍കിയ നേതാവായിരുന്നു നെഹ്റു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്ത ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. വിശ്വവിജ്ഞാനത്തിന്റെ മഹാത്ഭുതങ്ങളാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. മന്ത്രി പറഞ്ഞു. ഗാന്ധിജിക്കുശേഷം ഭാരതസംസ്കാരത്തിന്റെ വൈവിദ്ധ്യത്തെ ഇത്രയധികം ഉള്‍ക്കൊണ്ട നേതാവ് വേറെയില്ല. മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യസമരസേനാനിയായ കെ പത്മനാഭപിള്ളയെ ഗവര്‍ണ്ണര്‍ ആദരിച്ചു. ജില്ലയിലെ ഹൈസ്കൂള്‍, യു പി കുട്ടികള്‍ക്കായി നടത്തിയ ദേശീയോദ്ഗ്രഥനപ്രശ്നോത്തരിയിലെ വിജയികള്‍ക്കുള്ള പുരസ്കാരസമര്‍പ്പണവും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എട്ടു പുസ്തകങ്ങളുടെ പ്രകാശനവും ബഹു. കേരള ഗവര്‍ണ്ണര്‍ നിര്‍‍വ്വഹിച്ചു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഭരണസമിതി അംഗം ജി രാധാകൃഷ്ണന്‍, പൊതുവിദ്യാഭ്യാസഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഐ എ എസ്, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരിജനറല്‍ റൈറ്റ് റവ. മോണ്‍. ഡോ. മാത്യു മനക്കരക്കാവില്‍ കോര്‍ – എപ്പിസ്കോപ്പോ, സെയിന്റ് മേരീസ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോണ്‍ സി സി, പ്രധാന അധ്യാപകന്‍ എബി എബ്രഹാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മീനുക്കുട്ടിയുടെ ലോകം (കെ വി മോഹന്‍കുമാര്‍), നാട്ടുവിശേഷം (രാജേശ്വരി തോന്നയ്ക്കല്‍), സ്നേഹപൂര്‍‍വം ചിന്നൂന് മുത്തശ്ശന്‍ (ടി നാരായണന്‍), ഞാന്‍ (പി ഗംഗാധരന്‍ നായര്‍), ഐതിഹ്യമാല കുട്ടികള്‍ക്ക് (ജ്യോതി കെ ജി), നമ്മുടെ എഴുത്തുകാര്‍ (ശ്രീജിത്ത് പെരുന്തച്ചന്‍), ചാച്ചാജിയുടെ കഥകള്‍ (പയ്യന്നൂര്‍ കുഞ്ഞിരാമന്‍), മൂങ്ങാച്ചിക്കുഞ്ഞ് (എസ് ശാന്തി) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ബാലസാഹിത്യപുസ്തകങ്ങള്‍ മാത്രമുള്ള പ്രത്യേക പുസ്തകമേളയും സ്കൂളില്‍ ഒരുക്കിയിരുന്നു.