പുഴയോരത്തെ ജീവലോകത്തെ തൊട്ടറിഞ്ഞും ശാസ്ത്രപരീക്ഷണങ്ങള്‍ നടത്തിയും കുട്ടികള്‍

പുഴയോരത്തെ ജീവലോകത്തെ തൊട്ടറിഞ്ഞും ശാസ്ത്രപരീക്ഷണങ്ങള്‍ നടത്തിയും കുട്ടികള്‍

സായാഹ്നമാസ്വദിച്ച് പുഴയോരത്തുകൂടി അല്പം നടന്നതേയുള്ളൂ കുട്ടികള്‍. പുസ്തകത്താളുകളില്‍ ഇല്ലാത്ത വിജ്ഞാനത്തിന്റെ പുതിയൊരു ലോകമാണ് അവരെ എതിരേറ്റത്. ഉറുമ്പിന്‍കൂടുകള്‍, ഉറുമ്പു വളര്‍ത്തുന്ന അഫിഡുകള്‍, വിവിധ തരം കണ്ടല്‍ച്ചെടികള്‍, കണ്ടല്‍ച്ചെടിയുടെ ഇലകളില്‍ ഉപ്പുപരലുകള്‍ വന്നതിന്റെ രഹസ്യം, ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ലാര്‍വകള്‍, നീര്‍പ്പക്ഷികള്‍, വിവിധതരം മീനുകള്‍, മീനുകളെ പിടികൂടാന്‍ വച്ചിരിക്കുന്ന വിവിധതരം കെണികള്‍, ഉപ്പുവെള്ളം കയറാതെ പുഴയെ സംരക്ഷിക്കുന്ന സംവിധാനങ്ങള്‍, അധികമാരും ശ്രദ്ധിക്കാത്ത ചെടികളുടെ രഹസ്യങ്ങള്‍, വിവിധതരം പക്ഷികള്‍… അങ്ങനെ പ്രകൃതി ഒരു മഹാത്ഭുതമായി ആ കുട്ടികള്‍ക്കു മുന്നിലെത്തി.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സിലും സംയുക്തമായി തലശ്ശേരി വടക്കുമ്പാട് എസ് എന്‍ പുരം ശ്രീനാരായണ വായനശാല & ഗ്രന്ഥാലയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്രശില്പശാലയില്‍ പങ്കെടുത്ത കുട്ടികള്‍ക്കാണ് ഈ ഭാഗ്യമുണ്ടായത്. കാട്ടിലെ കുറുക്കനും തലയിലെ പേനും എന്ന സെഷനെത്തുടര്‍ന്ന് വിജയകുമാര്‍ ബ്ലാത്തൂരും എ വി രത്നകുമാറും നേതൃത്വം നല്‍കിയ പ്രകൃതിയാത്രയിലാണ് കുട്ടികള്‍ ജീവലോകത്തെ അത്ഭുതങ്ങളെ തൊട്ടറിഞ്ഞത്.
ജീവന്‍ നിര്‍മ്മിക്കുന്ന ലാബുകള്‍ എന്ന വിഷയത്തില്‍ സീമ ശ്രീലയം നടത്തിയ ക്ലാസ് ഏറെ കൗതുകത്തോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. ശാസ്ത്രലോകത്തെ നൂതനഗവേഷണങ്ങളും അവ മനുഷ്യജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളും കുട്ടികള്‍ക്കു മാത്രമല്ല, ക്ലാസ് കേള്‍ക്കാന്‍ വന്ന നാട്ടുകാര്‍ക്കും ഏറെ വിജ്ഞാനപ്രദമായി. ജീവന്‍ എന്ന അവസ്ഥ പൂര്‍ണ്ണമായും ലാബുകളില്‍ നിര്‍മ്മിക്കുന്ന കാലം അതിവിദൂരത്തിലല്ല എന്ന സീമ ശ്രീലയം പറഞ്ഞു. 
ഇലകള്‍ മേഞ്ഞ പന്തലായിരുന്നു സംഘാടകര്‍ കുട്ടികളുടെ ക്ലാസുകള്‍ക്കായി ഒരുക്കിയിരുന്നത്. പ്രകൃതിയോട് ഒട്ടിയിരുന്ന് അറിവാസ്വദിക്കാന്‍ ഇതും കുട്ടികള്‍ക്ക് അവസരമൊരുക്കി. 
 
രണ്ടാംദിവസം രാവിലെ കണക്കിലെ അത്ഭുതങ്ങളാണ് കുട്ടികളെ വരവേറ്റത്. സമയവുമായി ബന്ധപ്പെട്ട് പള്ളിയറ ശ്രീധരന്‍ നയിച്ച ഭൂഗോളത്തിന്റെ സ്പന്ദനം എന്ന ക്ലാസാണ് കുട്ടികളെ കണക്കിന്റെ ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയത്. കണക്കിലെ അത്ഭുതങ്ങള്‍ക്കു മുന്നില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മുന്‍വിധികളെല്ലാം പലപ്പോഴും തകര്‍ന്നുപോയി. നിസ്സാരമെന്നു കരുതുന്ന പലതിലും ഗണിതത്തിന്റെ സാന്നിദ്ധ്യമുള്ളത് കുട്ടികളെ അത്ഭുതപ്പെടുത്തി.
 
വിമാനങ്ങള്‍ പറപ്പിച്ചും ബൂമറാങുകള്‍ എറിഞ്ഞും ഫിസിക്സിന്റെ ലോകത്തിലേക്ക് കുട്ടികളെ അറിയാതെ കൈപിടിച്ചുകൊണ്ടുപോയ സെഷനായിരുന്നു ഇ അനന്ദന്‍ മാസ്റ്ററുടേത്. ചുറ്റുപാടുകളില്‍നിന്നും കിട്ടുന്ന പാഴ്‍വസ്തുക്കള്‍ വലിയ ശാസ്ത്രതത്വങ്ങള്‍ പരിചയപ്പെടുത്താനുള്ള പരീക്ഷണവസ്തുക്കളാക്കി മാറിയതു കണ്ട് കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഏറെ അമ്പരന്നു. നാലു മണിക്കൂറോളം നേരം കടന്നുപോയത് അവര്‍ അറിഞ്ഞതേയില്ല. ബെര്‍ണോളീസ് തത്വം, കാന്തികത, ഫ്ലൂയിഡ് മെക്കാനിക്സ് എന്നു തുടങ്ങി  ഫിസിക്സിലെ പല പല തത്വങ്ങളും പാഴ്‍വസ്തുക്കളിലൂടെ കുട്ടികളുടെ മനസ്സില്‍ കയറിപ്പറ്റി. 
 
ആകാശക്കാഴ്ചകളുടെ ലോകത്തിലേക്കാണ് പ്രൊഫ. കെ പാപ്പൂട്ടി കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. രാത്രിയാകാശത്തെ പല കാഴ്ചകളുടെയും പുറകിലെ രഹസ്യം അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. ബിഗ്‍ബാങ് അടക്കമുള്ള നിരവധി പ്രപഞ്ചപ്രതിഭാസങ്ങളെ വളരെ ലളിതമായി കുട്ടികള്‍ക്കു പരിചയപ്പെടുത്തിയതോടെ ചോദ്യശരങ്ങളുമായി അവര്‍ പാപ്പൂട്ടിമാഷിനു ചുറ്റുംകൂടി. 
 
സാഹിത്യകാരന്‍ പ്രഭാകരന്‍ പഴശ്ശിയുമായുള്ള അഭിമുഖം ശില്പശാലയുടെ ഭാഗമായിരുന്നു. ബാലസാഹിത്യത്തെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. മുതിര്‍ന്നവരെക്കാള്‍ നിലവാരമുള്ള ചോദ്യങ്ങളാണ് കുട്ടികള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി.