സര്‍ഗ്ഗവസന്തം 2019 - വേനല്‍ക്കാല സഹവാസക്യാമ്പുകള്‍ക്ക് അപേക്ഷിക്കാം

സര്‍ഗ്ഗവസന്തം 2019 – വേനല്‍ക്കാല സഹവാസക്യാമ്പുകള്‍ക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാലത്ത് സംസ്ഥാനതലത്തിലുള്ള സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
ഏപ്രില്‍ മെയ് മാസങ്ങളില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കൊല്ലം, ഇടുക്കി, മലപ്പുറം, കോട്ടയം എന്നീ   ജില്ലകളിലായി ചിത്രരചന, കഥ, കവിത, പരിസ്ഥിതി, ശാസ്ത്രം, ഗണിതം  എന്നീ വിഷയങ്ങളിലാണ് സംസ്ഥാനതലക്യാമ്പുകള്‍.  മൂന്നു ദിവസമാണ് ഓരോ ക്യാമ്പുകളുടെയും ദൈര്‍ഘ്യം. പരമാവധി 40 കുട്ടികളെ മാത്രമാണ് ഒരു ക്യാമ്പില്‍ പങ്കെടുപ്പിക്കുക. പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ള (അഞ്ചാം ക്ലാസ് കഴിഞ്ഞവർ മുതൽ പത്താംക്ലാസ് പരീക്ഷയെഴുതി നിൽക്കുന്നവർ വരെ) കുട്ടികള്‍ക്കു പങ്കെടുക്കാം.  പരിസ്ഥിതി, ശാസ്ത്രം ക്യാമ്പുകളില്‍ 13 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്കും മുന്‍വര്‍ഷങ്ങളിലെ ക്യാമ്പുകളില്‍ പങ്കെടുക്കാത്തവര്‍ക്കും മുന്‍ഗണന ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി 2019 ഏപ്രില്‍ 5. (തുടര്‍ന്നും അപേക്ഷിക്കാമെങ്കിലും ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ പുതിയ അപേക്ഷ പരിഗണിക്കുകയുള്ളൂ.) http://ksicl.org എന്ന വെബ്‍സൈറ്റ് വഴി 2019 മാര്‍ച്ച് 28 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഒന്നില്‍ക്കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുവര്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയക്കേണ്ടതാണ്. മറ്റു ക്യാമ്പുകളില്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ രണ്ടാമത്തെ അപേക്ഷ പരിഗണിക്കുകയുള്ളൂ. പ്രവേശനം സൗജന്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും അറിയിക്കുന്നതാണ്.