അറിവ് ആഹ്ലാദമാണ് – ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ ജി വിശ്വനാഥന്‍. / അക്ഷരയാത്ര 2019

അറിവ് ആഹ്ലാദമാണ് – ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ ജി വിശ്വനാഥന്‍.

തൃശ്ശൂര്‍: അറിവ് ആഹ്ലാദമാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ ജി വിശ്വനാഥന്‍.
ആരുമില്ലായ്മയുടെ വേവലാതികള്‍ മറക്കാന്‍ പുസ്തകവായനയ്ക്കാവും. വിഷമങ്ങള്‍ മറക്കാന്‍ നമ്മെ വായന സഹായിക്കും. കാരണം അറിവ് ആഹ്ലാദമാണ്. അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ പാറമേക്കാവ് വിദ്യാമന്ദിറിലെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി ആര്‍ ദാസ് അദ്ധ്യക്ഷനായിരുന്നു.

അധ്യാപികയായ പ്രസീത എസ് വിയെ ചടങ്ങില്‍ ആദരിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ രമ രഘുനാഥ്, ഡയറക്ടര്‍ ഓഫ് സ്കൂള്‍ എഡ്യൂക്കേഷന്‍ കല്യാണി ബാലകൃഷ്ണന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിച്ചു.

കുട്ടികള്‍ക്കുള്ള 215 പുസ്തകങ്ങളുമായാണ് അക്ഷരയാത്ര സ്കൂളില്‍ എത്തിയിരിക്കുന്നത്. ജില്ലയിലെ ഏതു കുട്ടിക്കും 50 ശതമാനം വിലക്കിഴിവോടെ ഈ പുസ്തകങ്ങള്‍ സ്വന്തമാക്കാം. മുസിരിസ് പൈതൃകപദ്ധയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ജീവചരിത്രപുസ്തകങ്ങളും മേളയിലുണ്ട്.

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്ന് 2014ല്‍ ആരംഭിച്ച അക്ഷരയാത്രാ പദ്ധതിയാണ് ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയില്‍ എത്തിയിരിക്കുന്നത്. ജൂലൈ 8 മുതല്‍ തുടങ്ങിയ യാത്ര ആഗസ്റ്റ് 13വരെ ജില്ലയില്‍ തുടരും. ജില്ലയിലെ 20 സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്. ഒരു സ്കൂളില്‍ രണ്ടു ദിവസമാണ് മേള.

തൃശ്ശൂര്‍ പൂച്ചട്ടി ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിറിലെ അക്ഷരയാത്ര ബാലസാഹിത്യകാരന്‍ സി ആര്‍ ദാസ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.