വൈജ്ഞാനികസാഹിത്യത്തെക്കൂടി കുട്ടികളുടെ വായനയില്‍ ഉള്‍പ്പെടുത്തണം – സി ആര്‍ ദാസ്. / അക്ഷരയാത്ര 2019

വൈജ്ഞാനികസാഹിത്യത്തെക്കൂടി കുട്ടികളുടെ വായനയില്‍ ഉള്‍പ്പെടുത്തണം – സി ആര്‍ ദാസ്.

തൃശ്ശൂര്‍: വൈജ്ഞാനികസാഹിത്യത്തെക്കൂടി കുട്ടികളുടെ വായനയില്‍ ഉള്‍പ്പെടുത്തണമെന്ന് സാഹിത്യകാരന്‍ സി ആര്‍ ദാസ്. കഥയ്ക്കും കവിതയ്ക്കും നോവലുകള്‍ക്കും ഒപ്പം ശാസ്ത്ര-വൈജ്ഞാനിക സാഹിത്യപുസ്തകങ്ങളും കൂടി വായനയില്‍ ഉള്‍പ്പെടുത്താന്‍ കുട്ടികള്‍ ശ്രദ്ധിക്കണം. അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ പൂച്ചട്ടി ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിറിലെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭവന്‍സ് വിദ്യാമന്ദിര്‍ പ്രിന്‍സിപ്പാള്‍ സുജാത മേനോന്‍ അദ്ധ്യക്ഷയായിരുന്നു.

അധ്യാപികയായ രത്നവല്ലി ഐ കെ യെ ചടങ്ങില്‍ ആദരിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

വൈസ് പ്രിന്‍സിപ്പാള്‍ മീര സത്യന്‍, മലയാളവിഭാഗം മേധാവി ഗീത പി എസ്, മാനേജ്മെന്റ് കമ്മിറ്റി അംഗം വി രാമചന്ദ്രന്‍, സ്കൂള്‍ ലൈബ്രറേറിയന്‍ ജയരാജന്‍ പി പി, പ്രൈമറി വിഭാഗം മേധാവി രമണി ചന്ദ്രശേഖരന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിച്ചു.

കുട്ടികള്‍ക്കുള്ള 215 പുസ്തകങ്ങളുമായാണ് അക്ഷരയാത്ര സ്കൂളില്‍ എത്തിയിരിക്കുന്നത്. ജില്ലയിലെ ഏതു കുട്ടിക്കും 50 ശതമാനം വിലക്കിഴിവോടെ ഈ പുസ്തകങ്ങള്‍ സ്വന്തമാക്കാം. മുസിരിസ് പൈതൃകപദ്ധയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ജീവചരിത്രപുസ്തകങ്ങളും മേളയിലുണ്ട്.

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്ന് 2014ല്‍ ആരംഭിച്ച അക്ഷരയാത്രാ പദ്ധതിയാണ് ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയില്‍ എത്തിയിരിക്കുന്നത്. ജൂലൈ 8 മുതല്‍ തുടങ്ങിയ യാത്ര ആഗസ്റ്റ് 13വരെ ജില്ലയില്‍ തുടരും. ജില്ലയിലെ 20 സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്. ഒരു സ്കൂളില്‍ രണ്ടു ദിവസമാണ് മേള.