കുട്ടികളെ ബഹുമാനിക്കുന്ന സമൂഹമാണ് ഏറ്റവും നല്ല സമൂഹം – ബാലകൃഷ്ണന്‍ അഞ്ചത്ത് / അക്ഷരയാത്ര 2019

കുട്ടികളെ ബഹുമാനിക്കുന്ന സമൂഹമാണ് ഏറ്റവും നല്ല സമൂഹം – ബാലകൃഷ്ണന്‍ അഞ്ചത്ത്.

മണ്ണുത്തി: കുട്ടികളെ ബഹുമാനിക്കുന്ന സമൂഹമാണ് ഏറ്റവും നല്ല സമൂഹമെന്ന് സാഹിത്യകാരനും മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ബാലകൃഷ്ണന്‍ അഞ്ചത്ത്.  മനുഷ്യരുടെ ഉള്ളു തുറക്കാനുള്ള താക്കോലാണ് പുസ്തകങ്ങള്‍. പുസ്തകം വായിക്കുക എന്നാല്‍ ലോകത്തെ അറിയുകയാണ്. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന പുതുലോകം കുട്ടികളെ ബഹുമാനിക്കുന്ന ലോകമായിരിക്കും. അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ മണ്ണുത്തി ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി ആര്‍ ദാസ് അദ്ധ്യക്ഷനായിരുന്നു.

അധ്യാപകനായ ജ്യോതിബാബു കെ ഡിയെ ചടങ്ങില്‍ ആദരിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ടോണി വലിയപരയ്ക്കാട്ട്, സ്കൂള്‍ റെക്ടര്‍ ആന്റ് മാനേജര്‍ ഫാ. പി കെ ജോണ്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് നവനീത് കൃഷ്ണന്‍ എസ് എന്നിവര്‍ സംസാരിച്ചു.

തലോര്‍ ദീപ്തി സ്കൂളിലെ അക്ഷരയാത്ര ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്യും.

തലോര്‍ ദീപ്തി സ്കൂളിലെ അക്ഷരയാത്ര ചൊവ്വാഴ്ച രാവിലെ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്യും.

കുട്ടികള്‍ക്കുള്ള 215 പുസ്തകങ്ങളുമായാണ് അക്ഷരയാത്ര സ്കൂളില്‍ എത്തിയിരിക്കുന്നത്. ജില്ലയിലെ ഏതു കുട്ടിക്കും 50 ശതമാനം വിലക്കിഴിവോടെ ഈ പുസ്തകങ്ങള്‍ സ്വന്തമാക്കാം. മുസിരിസ് പൈതൃകപദ്ധയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ജീവചരിത്രപുസ്തകങ്ങളും മേളയിലുണ്ട്.

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്നാണ് 2014ല്‍ അക്ഷരയാത്ര എന്ന പദ്ധതി ആരംഭിച്ചത്. ജൂലൈ 8 മുതല്‍ തുടങ്ങിയ യാത്ര ആഗസ്റ്റ് 13വരെ തൃശ്ശൂര്‍ ജില്ലയില്‍ തുടരും. ജില്ലയിലെ 20 സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്. ഒരു സ്കൂളില്‍ രണ്ടു ദിവസമാണ് മേള.