KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

2011 പിറക്കുമ്പോള്‍

2011 പിറക്കുമ്പോള്‍ എന്തൊക്കെയാണു ചെയ്യേണ്ടത്!  തളിര് വായനക്കാരായ കുട്ടികള്‍ ആലോചിച്ചു നോക്കുക.  2011 നല്ല ഒരു വര്‍ഷമാക്കി മാറ്റാന്‍ നമുക്കു ചില പരിപാടികള്‍ ആസൂത്രണം ചെയ്യാം.

ഒന്നാമത് പഠിത്തം- പഠിത്തത്തില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ മാത്രമേ ജീവിതത്തില്‍ എന്തെങ്കിലും നേടാന്‍ സാധിക്കുകയുള്ളൂ.  അല്ലാത്ത പക്ഷം മങ്ങലേറ്റു പോകും.  അതോര്‍മിച്ച് കൂടുതല്‍ ജാഗ്രതയോടെ പഠിക്കുക.

പഠിക്കുക എന്നു വെച്ചാല്‍ പാഠപുസ്തകങ്ങള്‍ മാത്രം പഠിക്കുക എന്നല്ല,  പൊതുവായ കാര്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം.  ദിവസവും ദിനപത്രം വായിക്കണം.  എന്തൊക്കെയാണ് ഈ നാട്ടിലും ലോകത്തും സംഭവിക്കുന്നതെന്നു ശ്രദ്ധിക്കണം.  വൈകുന്നേരം റേഡിയോയിലോ, ടി വി യിലോ മലയാളം വാര്‍ത്തയും ഇംഗ്ളീഷ് ന്യൂസും കേട്ടു മനസ്സിലാക്കുന്നതും നല്ലതാണ്.  കാര്യങ്ങള്‍ അറിയാന്‍ മാത്രമല്ല ഭാഷ നന്നാവാനും അതുപകരിക്കും.  റിയാലിറ്റിഷോയുടെ ഭാഷയല്ല, വാര്‍ത്തകളുടേത്! അതു മിക്കവാറും മെച്ചപ്പെട്ടതായിരിക്കും.
നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു വായിച്ചു തുടങ്ങുക. ഏറ്റവും നല്ല പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പംക്തി തളിരിലൂടെ ആരംഭിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം.  നിങ്ങള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം എന്നു ഞങ്ങള്‍ ആശിക്കുന്ന പുസ്തകങ്ങള്‍ നിങ്ങള്‍ക്കു ചൂണ്ടിക്കാട്ടിത്തരുന്നതാണ്.

പിന്നെയൊന്ന് ആ കൊച്ചു കൈകള്‍ കൊണ്ട് ഒരു മരം നട്ടുവളര്‍ത്തുക.  പൂമരമോ പഴമരമോ തണല്‍മരമോ എന്തുമാകാം.  അതിനൊരു പേരിടുക.  നിങ്ങളോടൊപ്പം ആ മരവും വളര്‍ന്നു വലുതാകട്ടെ.  ഭൂമി എന്ന അമ്മയ്ക്ക് നിങ്ങള്‍ കൊടുക്കുന്ന വിശിഷ്ടമായ സ്നേഹോപഹാരമാണത്. 

തല്‍ക്കാലം ഇത്രയും മതി.  ബാക്കി പിന്നീടു പറയാം- സന്തോഷവും അര്‍ത്ഥവത്തായ പ്രയത്നവും നിറഞ്ഞ വര്‍ഷമായിരിക്കട്ടെ 2011. വിജയം നേരുന്നു.  ഈശ്വരാനുഗ്രഹം നേരുന്നു.                    
സുഗതകുമാരി