KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ബുരുണിന്റെ കഥ
കുട്ടികള്‍ക്ക് രസകരമായി വായിച്ചു പോകാവുന്ന ഒരു പുസ്തകം കൂടി ഉണ്ടായത് നന്നായി എന്നാണ് ‘ഗോസായിപ്പറമ്പിലെ ഭൂതം’ വായിച്ചപ്പോള്‍ തോന്നിയത്. കുട്ടികള്‍ക്കായുള്ള എഴുത്ത് ധാരാളമുണ്ടാകുമ്പോഴും കുട്ടികള്‍ക്കു വായിക്കാനുള്ള വക കഷ്ടിയായാണല്ലോ വരുന്നത്.
ശീര്‍ഷേന്ദു മുഖോപാദ്ധ്യായയാണ് മൂലഗ്രന്ഥകാരന്‍. അദ്ദേഹം ബംഗാളി ഭാഷയില്‍ വളരെ അറിയപ്പെടുന്ന എഴുത്തുകാരനാണ്, കൃതഹസ്തനാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒട്ടേറെ എഴുതിയ ആളാണ്.
ടാഗോറിന്റെ കാലംതൊട്ടേ ബംഗാളി ജീവിതത്തിന്റെ ഇടവഴികള്‍ മലയാളമനസ്സിന് സുപരിചിതങ്ങളാണല്ലോ. അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ഈ പരിചയം വികസിപ്പിക്കാന്‍ വേണ്ടത്ര സഹായിച്ചിട്ടുമുണ്ട്.
ഭവാനി ചീരാത്തും രാജഗോപാലനും ചേര്‍ന്ന് ചെയ്ത പരിഭാഷ നല്ല ഭാഷയാണ്. കുട്ടികള്‍ക്കു വായിക്കാനുള്ളതാണ് എന്ന ഓര്‍മ ഇവര്‍ക്കൊരിക്കലും കൈമോശം വരുന്നില്ല. സെയ്ദ് തൌഫിക് റിയാസിന്റെ ചിത്രങ്ങളും കുട്ടികള്‍ക്കിഷ്ടമാകുംവിധം സ്വപ്നമാനങ്ങള്‍ ഉള്ളതാണ്. പുസ്തകത്തിന്റെ കെട്ടും മട്ടും നന്നായിരിക്കുന്നു. ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന് ഈ കൃതിയുടെ പ്രസിദ്ധീകരണത്തിലൂടെ ചാരിതാര്‍ത്ഥ്യത്തിനവകാശമുണ്ട്.
കാരാളി ബാബു എന്ന കണിശക്കാരനായ കണക്കു മാസ്റര്‍ ബുരുണ്‍ എന്ന കുട്ടിക്ക് കണക്കു പരീക്ഷയില്‍ പതിമൂന്നു മാര്‍ക്കു നല്‍കുന്നേടത്തുനിന്നാണ് കഥയുടെ തുടക്കം. മറ്റെല്ലാ വിഷയങ്ങളിലും ബുരുണിന് നല്ല മാര്‍ക്കുണ്ടായിട്ടും അവന്റെ അച്ഛന്‍ - അദ്ദേഹം ഒരു അലോപ്പതി ഡോക്ടര്‍ ആണ് - ബുരുണിനെ, കണക്കിലെ കുറഞ്ഞ മാര്‍ക്കിന്റെ പേരില്‍, ഒന്നിനും കൊള്ളാത്തവനായി എണ്ണുന്നു. നാട്ടുവൈദ്യനായ മുത്തച്ഛന്‍ രാം കവിരാജ് മാത്രമാണ് ബുരുണിന് ആകെയുള്ള തണല്‍.
മനം നൊന്ത് അലയുന്ന ബുരുണ്‍ ഗോസായിപ്പറമ്പിലെത്തുന്നു. വിജനമാണ് അവിടം. പ്രേതങ്ങളെ പേടിച്ച് ആരും അങ്ങോട്ടു പോകാറില്ല. അവിടെ ഒരു പ്രേതം പ്രത്യക്ഷമായി ബുരുണിനെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷേ, ബുരുണ്‍ ഭയപ്പെടുന്നില്ല. തോറ്റ പ്രേതം ബുരുണിന്റെ അടിമയെപ്പോലെ ആയിത്തീരുന്നു. ബുരുണിനു വേണ്ടി എന്തു ജോലിയും ചെയ്യാന്‍ അതു തയ്യാറാണ്, പകരം ബുരുണ്‍ അതിനെ അല്പം ഭയപ്പെടുകയേ വേണ്ടൂ!
എപ്പോഴെങ്കിലും ബുരുണ്‍ തന്നെ ഭയപ്പെടുമെന്നു കരുതി പ്രേതം ബുരുണിനെ വിടാതെ കൂടുന്നു. ബുരുണിനു വേണ്ടി ക്ളാസ്സില്‍ കണക്കുകള്‍ ചെയ്യുന്നു. ഇംഗ്ളീഷില്‍ ലേഖനം കുറിക്കുന്നു. ക്രിക്കറ്റിലും കായികമത്സരങ്ങളിലും വന്‍ വിജയങ്ങള്‍ ബുരുണിന് നേടിക്കൊടുക്കുന്നു. എന്നിട്ടും പക്ഷേ, ബുരുണ്‍ പേടിക്കുന്നില്ല.
അപ്പോഴാണ് പണ്ട് ജയിലില്‍ പോയ ഹബു എന്നൊരു കൊള്ളക്കാരന്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നത്. അവന്‍ മഹാ ദുഷ്ടനും ദുര്‍മന്ത്രവാദിയും ഭൂതങ്ങളെ വശത്താക്കിയവനും കാട്ടിലെ കടുവകളെ മെരുക്കി, വളര്‍ത്തുനായ്ക്കളെപ്പോലെ കൊണ്ടുനടക്കുന്നവനുമാണ്.
ബുരുണിന്റെ മുത്തച്ഛന് എതിരായി സാക്ഷി പറഞ്ഞതിനാലാണ് അവന്‍ ശിക്ഷിക്കപ്പെട്ടത്. അവന്‍ രാം കവിരാജിനെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നു; കൊന്നുകളയുമെന്നാണ് കത്ത്.
ജയിലില്‍ നിന്നിറങ്ങിയ ഹബു ബുരുണിനെ പിടിച്ചു കൊണ്ടുപോയി തടവിലാക്കുന്നു. ഒരു മാന്ത്രികലോകത്താണ് തടവിലിടുന്നത്.
ആ തടവില്‍നിന്ന് കാരാളി ബാബുവിന്റെ സഹായത്തോടെ രാം കവിരാജ് എങ്ങനെയാണ് ബുരുണിനെ രക്ഷിക്കുന്നതെന്ന് പുസ്തകം വായിച്ചു മനസ്സിലാക്കുക. അതോടെ ഹബുവിന്റെ മന്ത്രവാദസിദ്ധികളും ശക്തികളും എല്ലാം നഷ്ടമായി.
അവനെ പിന്നെ കാണുന്നത് ബുരുണിന്റെ സ്കൂളിലെ പ്യൂണായിട്ടാണ്. ബെല്ലടിക്കുന്നു, മുറ്റം വൃത്തിയാക്കുന്നു, വെള്ളം കൊണ്ടുവരുന്നു. ആര്‍ക്കും ഒരു ഉപദ്രവവുമില്ലാത്ത ഒരു നല്ല മനുഷ്യന്‍.
അടിസ്ഥാനരഹിതങ്ങളായ ഭയങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് രക്ഷ കിട്ടാന്‍ ഈ പുസ്തകം സഹായിക്കുന്നു. ഒരു ഭൂതത്തിനും നമ്മെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് അനുഭവപാഠം. മാത്രമല്ല, ഏത് ദുര്‍മന്ത്രവാദത്തിനും ഒറ്റമൂലിയായുള്ളത് നഗ്നമായ സത്യം മാത്രം. കറയറ്റ സത്യംതന്നെയാണ് ഏറ്റവും വലിയ മന്ത്രം!
അപ്പത്തിന്റെ ഗുണം തിന്നു നോക്കിയാണല്ലോ അറിയേണ്ടത്. ഞാന്‍ ഈ പുസ്തകം എന്റെ ഏഴു വയസ്സായ പേരക്കിടാവിന് വായിച്ചുകൊടുത്തു. അവന്‍ വളരെ രസിച്ചു കേട്ടു. കഥ തീര്‍ന്നപ്പോള്‍ കുറച്ചിട വായുംപൊളിച്ച് ഇരുന്നു. പിന്നെ, ഇത്തരം കഥകള്‍ കേള്‍ക്കുമ്പോഴെല്ലാം പതിവുള്ളപോലെ അവന്‍ ചോദിച്ചു, “ഈ ഭൂതങ്ങളൊക്കെ ഉള്ളതുതന്നെയാണോ അച്ഛച്ഛാ?”
“അല്ല.”
“പിന്നെ ഈ കഥയില്‍ പറയുന്ന ഭൂതങ്ങളോ?”
“അവയും യഥാര്‍ത്ഥത്തില്‍ ഇല്ല. ഉണ്ടെങ്കില്‍ത്തന്നെ അവയെ ഒട്ടും പേടിക്കാനില്ല എന്നും അതിനു തെളിവായി ഇങ്ങനെ ഒരു കഥ ഉണ്ടായി എന്നും വിചാരിച്ചാല്‍ രസമല്ലേ? അത്രയേ ഉള്ളൂ കാര്യം.”
“രാമരാമ എന്നു പറഞ്ഞാല്‍ ഭൂതങ്ങളൊക്കെ പേടിച്ചു മാറുമോ?”
“മാറുമെന്നുകൂടി വിചാരിക്കാമല്ലോ, വേണമെങ്കില്‍.” എന്ന അവസാനവാക്കു കിട്ടിയിട്ടേ അവന്‍ ഉറക്കത്തിലേക്കു വഴുതിയുള്ളൂ.