KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുറ്ക്കാ...കുറ്ക്കാ...
പുനരാഖ്യാനം രാമകൃഷ്ണന്‍ കുമരനല്ലൂര്‍

കാട്ടില്‍ ഒര് കുറ്ക്കനും ഒരു ചെന്നായേം ഉണ്ടായിര്ന്നു.  തിന്നാന്‍ കിട്ടാന്‍ വേണ്ടി നടന്ന് നടന്ന് അവര്‍ ഒര് മുത്ത്യമ്മടെ വീട്ടിലെത്തി.
മുത്ത്യമ്മോട് കുറ്ക്കനും ചെന്നായേം പറഞ്ഞു:
“എന്ത് പണീം ചെയ്യാം.  ഞങ്ങള്‍ക്ക് തിന്നാന്‍ തന്നാ മത്യേ...”
അങ്ങനെ അവര്‍ക്ക് മുത്ത്യമ്മ പണികൊടുത്തു. പാടത്താണ് പണി.രാവിലെ നേര്‍ത്തെ കുറ്ക്കനും ചെന്നായേം പാടത്തേക്ക് പോവും.ചെന്നായ വരമ്പ് കിളയ്ക്കും.  പുല്ല് പറിക്കും. ഞാറ് നടും. നന്നായി പണിയെട്ക്കും. ജോലി കഴിഞ്ഞാ കുണ്ടംകൊളത്തില്‍ കുളിച്ച് വൃത്ത്യായി വീട്ടിലേക്ക് മടങ്ങും.
കുറ്ക്കന്‍ ഒര് പണീം ചെയ്യില്യ. കണ്ടങ്ങളായ കണ്ടങ്ങളിലൊക്കെ നടന്ന് ഞണ്ടു പിടിക്കും.  വൈന്നേരായാല്‍ പാടത്തെ ചെളിയില്‍ കെടന്നുരുണ്ട് വീട്ടിലേക്ക് മടങ്ങും.
ഒരീസം കുറ്ക്കന്‍ മുത്ത്യമ്മോട് പറഞ്ഞു:
“പാടത്തെ പണി മുഴ്വോന്‍ ഞാനാണ് ചെയ്യണദ്.  ചെന്നായ വരമ്പത്തങ്ങനെ നിക്ക്വേള്ളു”
‘ശര്യന്നെ, കുറ്ക്കന്റെ മേത്തൊക്കെ ചളിണ്ട്.  ചെന്നായ ചളീലെറങ്ങീട്ടേല്യ!,’ മുത്ത്യമ്മ വിചാരിച്ചു.
അങ്ങനെ മുത്ത്യമ്മ ചെന്നായേനെ പൊറത്താക്കി.  ചെന്നായ പോയതോടെ പണ്യൊക്കെ കുറ്ക്കന്റെ തലേലായി.പണിയെട്ത്ത് പണിയെട്ത്ത് കുറ്ക്കന് മത്യായി.  ഒരീസം മുത്ത്യമ്മ വെച്ച കോഴിക്കറീം പത്തിരീം തൊക്കടെ വെച്ച് കുറ്ക്കന്‍ സ്ഥലംവിട്ടു. ഓടി ഓടി ഉച്ച്യായപ്പോ കുറ്ക്കന്‍ ഒര് കാട്ടിലെത്തി.  അവിടിര്ന്ന് പത്തിരീം കോഴിക്കറീം തിന്നാന്‍ തൊടങ്ങി. അപ്പഴാണ് കാട്ടിന്റെകത്ത്ന്ന് ഒര് പുലി എറങ്ങി വന്നത്.
“എന്താ കുറ്ക്കാ തിന്നണദ്? ലേശം യ്ക്കും തായോ.”
“ഏയ്     ഒന്നൂല്യ.  ഞാന്റെ പൊറം മാന്തി തിന്ന്ാണേ” കുറ്ക്കന്‍ പറഞ്ഞു.
ഇത് കേക്കണ്ട താമസം.  പുലീം അങ്ങനെ ചെയ്യാന്‍ തൊടങ്ങി. വേദനിച്ച് വേദനിച്ച് വയ്യാതായപ്പോ പുലി പറഞ്ഞു:
“ന്റെ പൊറം വല്ലാണ്ടെ ചുട്ട് നീറ്ണ്ടേ... ചുട്ട് നീറ്ണ്ടേ...”
“വേദന മാറാന്‍ ഞാനൊര് മര്ന്ന് പൊരട്ടിത്തരാം മര്ന്ന് പൊരട്ടിത്തരാം...” കോഴ്യെറച്ചി തിന്ന കയ്യോണ്ട് കുറ്ക്കന്‍ പുലിടെ പൊറം തടവിക്കൊടുത്തു.
ഇതും കുട്യായപ്പൊ പുലി നെലവിളിച്ചുംകൊണ്ട് അട്ടോം വിട്ടോം മുട്ടെ ചാടാന്‍
തൊടങ്ങി.
“വേദനണ്ടെങ്കി ചോലവെള്ളത്തില് ചെന്ന് കെടന്നോ... ചെന്ന് കെടന്നോ...” കുറ്ക്കന്‍ വിളിച്ചു പറഞ്ഞു.
പുലി ചോലവെള്ളത്തില്‍ ചെന്നു വീണു.
നീറ്റം പിന്നേം കൂടി.
“ഞ്ഞി പാറപ്പൊറത്ത് ചെന്ന് കെടന്നോ... ചെന്ന് കെടന്നോ...”
പുലി ചുട്ടുപൊള്ളണ പാറപ്പെറത്ത് ചെന്ന് ഒറ്റക്കെടത്തം.  കെടന്നതും പുലി പാറപ്പൊറത്തങ്ങട് ഒട്ടിപ്പോയി.  ഈ സമേം കൊണ്ട് കുറ്ക്കന്‍ അവ്ട്ന്ന് ഓടിപ്പോയി. ആദ്യം കണ്ട കുന്നുമ്മക്കേറി കൂകാനും  തൊടങ്ങി.