KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുഞ്ഞിച്ചിറകുകള്‍

munnura1munnura

രാവിലെ ഉറക്കമെണീറ്റു വന്നപ്പോള്‍ ഞങ്ങളുടെ പഴയ വീടിന്റെ കിഴക്കു പുറത്ത് ആകെയൊരു കലപിലമേളം! ഞാന്‍ അനങ്ങാതെ നിന്നു നോക്കിയപ്പോള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നച്ചോട്ടില്‍ വിതറിക്കിടക്കുന്ന വാടിയ പൂവിതളുകള്‍ക്കിടയില്‍ കൊത്തിപ്പെറുക്കി നടക്കുന്നു പൊന്നുകൊണ്ടു കണ്ണെഴുതിയ രണ്ടു മൈനകള്‍... പിന്നെ ഒരു അടയ്ക്കയെക്കാള്‍ ഇത്തിരിക്കൂടെ വലിപ്പമുള്ള, ഇളംപച്ച കലര്‍ന്നോ എന്നു ശങ്കിപ്പിക്കുന്ന ചാരനിറവും ഉദരഭാഗത്തു വെളുപ്പും നിറമുള്ള, കുഞ്ഞുമെയ്യില്‍ കുറുകെ കറുത്ത വരകളുള്ള, ഇത്തിരി നീണ്ട വാലും മെലിഞ്ഞ മുഖവുമുള്ള മൂന്നു കുരുവികള്‍!ട്ട എല്ലാവരും തിരക്കിട്ട് എന്തൊക്കെയോ കൊത്തിത്തിന്നുണ്ട്. ഒരു പച്ചക്കിളി ചെമ്പരുത്തിക്കൊമ്പില്‍ വന്നിരുന്ന് കുനിഞ്ഞുനോക്കി എന്തോ ചിലയ്ക്കുന്നുണ്ട്. ഒപ്പം വാലിട്ടടിച്ചുകൊണ്ട് ഒരണ്ണാനും ചിലയ്ക്കുന്നു. ഒരു ഓലേഞ്ഞാലി നിര്‍ത്താതെ അവരെ ശകാരിക്കുന്നുമുണ്ട്.
മാവിmunnura3ന്‍ മുകളില്‍ ആണ്‍കുയിലിന്റെ മധുരഗാനധാര. ഞാന്‍ പ്രതിമപോലെ നിന്നു. അനങ്ങിയാല്‍ ഈ ചിറകുള്ള കൊച്ചു ദേവതകളെല്ലാം മറഞ്ഞുകളയും. അപ്പോഴാണ് തത്തിക്കൊത്തി നടന്ന ഒരു ചെറുകുരുവി നേരേ എന്റെ മുന്നിലേക്കു വന്നത്. അവന്‍ എന്നെ കണ്ടു! എന്നിട്ട് നെഞ്ഞു തള്ളിച്ച് കുഞ്ഞുമുഖം കൂര്‍പ്പിച്ച് എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒറ്റക്കാലില്‍ ഒരു മിനിട്ട് ഒരു നിലനിന്നു. പിന്നീട് വാലൊന്നു വിറപ്പിച്ച് ‘ഛേ, ഇതോ? വെറും നിസ്സാരം!’ എന്നു പുച്ഛഭാവത്തിലൊരു നടകൊടുത്തു. ആ നില്‍പ്പും നോക്കും എന്നെ കുറെ ചിരിപ്പിച്ചു.
പ്ളാവിന്റെ ചുവട്ടില്‍ ചക്ക പഴുത്തു വീണതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരണ്ണാനും രണ്ടു കാക്കകളും ബഹളം വെയ്ക്കുന്നുണ്ട്.
പക്ഷിമാത്രപ്രാണനായ പി കെ ഉത്തമന്‍ എനിക്കു പറഞ്ഞുതന്നു, “ഈ കുരുവികള്‍ ആരെന്നോ? മഞ്ഞുകാലം കഴിച്ചുകൂട്ടാനായി വടക്കു കിഴക്കന്‍ ചൈനയില്‍ നിന്നു വരുന്നവരാണ്. ഇവരുടെ കൂട്ടര്‍ സൈബീരിയ യില്‍ നിന്നും വരാറുണ്ട്.”
എങ്ങനെ വിശ്വസിക്കും? ഈ കുഞ്ഞിക്കുഞ്ഞി ചിറകുകളടിച്ച് പര്‍വതങ്ങളും രാഷ്ട്രങ്ങളും മരുഭൂമികളും വനങ്ങളും നഗരങ്ങളും നരകങ്ങളുമെല്ലാം പിന്നിട്ട് ഇവര്‍ എങ്ങനെ ഇവിടെ വന്നെത്തുന്നു? പതിനായിരക്കണക്കിനു മൈലുകള്‍ക്കപ്പുറത്തുനിന്ന് കാലംതെറ്റാതെ വഴിതെറ്റാതെ ഇവരെ ഇങ്ങോട്ടു നയിക്കുന്ന അത്ഭുതസിദ്ധി ഏതാണ്? ഒന്നാലോചിച്ചു നോക്കൂ. രാത്രികള്‍, പകലുകള്‍, വീണ്ടും രാത്രികള്‍, പകലുകള്‍... ഇങ്ങനെ എത്രയെത്ര നാള്‍ കൊണ്ടാവും അവര്‍ ഇവിടെയെത്തിയത്! അവര്‍ക്കു വഴികാട്ടിയത് സൂര്യനോ നക്ഷത്രങ്ങളോ ആകാശഗംഗയോ കാറ്റുകളോ? അവര്‍ക്കു പാഥേയമൊരുക്കിയത് ഏതെല്ലാം വിചിത്ര ദേശങ്ങള്‍? അവര്‍ എത്രപേരുണ്ടായിരുന്നു, പുറപ്പെട്ടപ്പോള്‍? എത്രപേര്‍ ഈ മണ്ണില്‍ എത്തിച്ചേര്‍ന്നു? വഴിയില്‍ പരുന്തിനും കഴുകനും പ്രാപ്പിടിയനും ഇരയായവയെത്ര? തെറ്റാലിയില്‍ നിന്നു തെറിക്കുന്ന കല്ലേറേറ്റു വീണവയെത്ര? രാത്രിയില്‍ മൂങ്ങയ്ക്കും രാപ്പൂച്ചകള്‍ക്കും മരപ്പട്ടിക്കും തീറ്റയായവരെത്ര? വലവെച്ചു പിടിക്കപ്പെട്ടവയെത്ര? ചുട്ടു തിന്നപ്പെട്ടവരെത്ര? ... ഒടുവില്‍ ഒടുവില്‍ ഇതാ തിരുവനന്തപുരത്ത് എന്റെ അമ്മ നട്ട കൊന്നമരച്ചോട്ടില്‍ പൂവിതളുകള്‍ക്കിടയില്‍ കളിച്ചു പറന്നും എന്തൊക്കെയോ കൊത്തിത്തിന്നും വിഹരിക്കുന്ന, വിദൂര ദേശത്തുനിന്നെത്തിയ കുഞ്ഞു മക്കളേ, നിങ്ങള്‍ പറന്നു പറന്നു പറന്നു പറന്ന്, കാടും കടലും നാടും താണ്ടി ഇവിടെ വന്നിറങ്ങിയല്ലോ. നിങ്ങള്‍ക്കു നന്ദി, പ്രകൃതിയുടെ അനന്തവും അവര്‍ണ്യവുമായ അത്ഭുത ശക്തിക്കു പ്രണാമം. ഈ കുഞ്ഞിച്ചിറകുകള്‍ക്ക് കടലിനക്കരെ യെങ്ങോ നിന്ന് കേരളത്തിന്റെ ഈ അറ്റത്തെ കണിക്കൊന്നച്ചുവടുവരെ പറന്നെത്തി നിര്‍ഭയം തത്തിക്കളിച്ചു നടക്കുവാന്‍ കരുത്തു നല്കിയ ഭൂമിയെന്ന അമ്മയ്ക്കു നമസ്കാരം.
കിളികള്‍ തിരക്കിട്ടു കൊത്തിപ്പെറുക്കി നടക്കുകയാണ്. അണ്ണാന്റെ പരിഹാസം തുടരുന്നു. ഓലേഞ്ഞാലി ശകാരം നിര്‍ത്തി പറന്നു പൊയ്ക്കഴിഞ്ഞു. കൊന്നച്ചുവട്ടില്‍ പൂവിതളുകളും വെയില്‍ച്ചീളുകളും ചിതറിക്കിടന്നു മിന്നുന്നു.

സുഗതകുമാരി

munnura-2

 

 

 

കാട്ടുവാലുകുലുക്കി (Forest Wagtail)
ശാസ്ത്രനാമം:Dendronanthus indicus

കേരളത്തില്‍ കാണപ്പെടുന്ന വാലുകുലുക്കികളില്‍, വലിയ munnura4വാലുകുലുക്കി  ഒഴികെ എല്ലാവരും ദേശാടകരാണ്. ശൈത്യമേഖലയില്‍ നിന്ന് മഞ്ഞുകാലം കഴിച്ചുകൂട്ടാനായി എത്തുന്നവര്‍. സൈബീരിയ അടക്കം, യൂറേഷ്യന്‍ വന്‍കരയുടെ വടക്കന്‍ ഭാഗങ്ങളില്‍ നിന്നാണവരില്‍ അധികവും വരുന്നത്. കാട്ടുവാലുകുലുക്കിയുടെ ജന്മദേശം, ചൈനയുടെ വടക്കുകിഴക്കന്‍ പ്രദേശവും കൊറിയയും മറ്റുമാണ്. ആസ്സാമിലെ കച്ചാറിലും കുറച്ചുപേര്‍ കൂടുകെട്ടാറുണ്ട്.
പേര് കാട്ടുവാലുകുലുക്കി
യെന്നാണെങ്കിലും, തിരു വനന്തപുരവും ചെന്നൈയും പോലുള്ള നഗരങ്ങളിലും കുറച്ച് മരത്തണലുകള്‍ ഉള്ളിടത്തൊ ക്കെ ഇവനെ കാണാം. മറ്റ് വാലു കുലുക്കികളെല്ലാം ശരീരം കീഴ്മേല്‍ ചലിപ്പിക്കുമ്പോള്‍, കാട്ടുവാലുകുലുക്കിയുടെ ചലനങ്ങള്‍ വശങ്ങളിലേക്കാണ്. ഒരു ബാലേ നര്‍ത്തകിയുടെ ചലനങ്ങളുടെ ലാസ്യഭംഗിയുണ്ട് അവന്റെ നടത്തത്തിന്.

രചന: പി കെ ഉത്തമന്‍,
ഫോട്ടോ: ടിക്കു ജോണ്‍