KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് മാമാ എനിക്കൊരു മാഡം ക്യൂറിയാകാന്‍ പറ്റുമോ?
മാമാ എനിക്കൊരു മാഡം ക്യൂറിയാകാന്‍ പറ്റുമോ?

SLUG-KATH
madamcurie1

ലോക രസതന്ത്രോത്സവത്തെപ്പറ്റി തളിരിലൂടെ അറിഞ്ഞ ഒരു കാന്താരിക്കുട്ടി ആവേശത്തോടെ മാമനെ വിളിച്ചു ചോദിച്ചിരിക്കുന്നു: “മാമാ എനിക്കുമൊരു മാഡംക്യൂറിയാകാന്‍ പറ്റുമോ?” എന്റെ പുന്നാരക്കുട്ടികളേ! നിങ്ങള്‍ എല്ലാവരും ആ ചോദ്യം ആയിരം പ്രാവശ്യം ചോദിക്കണേ. എനിക്കുമൊരു മാഡം ക്യൂറിയാകാന്‍ പറ്റുമോ? ന്യൂട്ടണാകാന്‍ പറ്റുമോ? ഡാര്‍വിനാകാന്‍ പറ്റുമോ?
പറ്റും. ആ ലക്ഷ്യം മുന്നില്‍ കണ്ട് പഠിച്ചാല്‍, വളര്‍ന്നാല്‍, നിരന്തരമായി പ്രയത്നിച്ചാല്‍, അവസാനം വിജ യിക്കും. ജീവിതത്തെ, പഠനത്തെ ഒരു തപസ്സായി കണ്ട് പ്രയത്നിക്കണം എന്നു മാത്രം.
അറിയുക: നിങ്ങളില്‍ ഒരു മാഡംക്യൂറിയും പിക്കാസോയും ഗാന്ധിജി യുമെല്ലാം ഉറങ്ങുന്നുണ്ട്. നിങ്ങളുടെ മസ്തിഷ്കമെന്ന സൂപ്പര്‍ കമ്പ്യൂട്ടറില്‍ എന്തൊക്കെ വാസനകളും ശേഷികളും ഉണരാന്‍ തയ്യാറായി കിടപ്പുണ്ട്! അനന്തമായ കടല്‍പോലെയും അതിരുകള്‍ ഇല്ലാത്ത പ്രപഞ്ചം പോലെയുമാണ് മനുഷ്യമസ്തിഷ്കം. എന്തിനും ഏതിനും ശേഷികള്‍ എവിടെയൊക്കെയോ ഉറങ്ങുന്ന കടല്‍! ചിലര്‍ ചില ശേഷികള്‍ ഉണര്‍ത്തി വളര്‍ത്തി ജീനിയസുകളാകുന്നു. ചിലര്‍ ശേഷികളെപ്പറ്റിയറിയാതെ വിഡ്ഢികളായി ജീവിക്കുന്നു.
‘മന്യ’യെന്ന പെണ്‍കുട്ടി പോളണ്ടില്‍ ജനിച്ചപ്പോള്‍ അവള്‍ ഒരു ജീനിയസായി വളരുമെന്ന് ആരും സ്വപ്നം കണ്ടിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു നാട്ടില്‍, അടിമത്തത്തില്‍ വീര്‍പ്പുമുട്ടിയാണ് അവളുടെ കുടുംബം ജീവിച്ചത്. മാതൃഭാഷയില്‍ പഠിപ്പിച്ചു എന്ന കുറ്റം ചുമത്തി മന്യയുടെ പിതാവിനെ ശിക്ഷിച്ചു; തരംതാഴ്ത്തി; ശമ്പളവും കുറച്ചു. അങ്ങനെ വീട്ടില്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ നിറഞ്ഞു. എന്നിട്ടും അവള്‍ നിരാശയായില്ല. സാര്‍ ചക്രവര്‍ത്തിയുടെ ഏജന്റുമാരുടെ കണ്ണു വെട്ടിച്ച് അവര്‍ അണ്ടര്‍ഗ്രൌണ്ട് കോളേജില്‍ പഠിച്ചു. പാവങ്ങളെ പോളിഷ് ഭാഷ പഠിപ്പിച്ചു. ട്യൂഷനെടുത്തും വീട്ടുവേലക്കാരിയായി നിന്നും പണമുണ്ടാക്കി ചേച്ചിക്കുകൊടുത്തു ചേച്ചിയെ പഠിപ്പിച്ചു. പാരീസില്‍ പഠിച്ച്
ചേച്ചി ഡോക്ടറായപ്പോള്‍ മന്യ അങ്ങോട്ടു പോയി. യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. അണ്ടര്‍ഗ്രൌണ്ട് കോളേജില്‍ പഠിച്ച മന്യയുടെ നിലവാരം താഴെയായിരുന്നു. എന്നിട്ടും അവള്‍ നിരാശയായില്ല. താമസം യൂണിവേഴ്സിറ്റിക്കടുത്ത് ഒരു കെട്ടിടത്തിന്റെ തട്ടിന്‍പുറത്തായിരുന്നു. തണുപ്പില്‍ നിന്നു രക്ഷ നല്‍കുന്ന കമ്പിളി വസ്ത്രങ്ങള്‍ ആ പെണ്‍കുട്ടിക്കില്ലായിരുന്നു. തണുപ്പ് സഹിക്കാന്‍ വയ്യാതായപ്പോഴൊക്കെ കൈയിലുണ്ടായിരുന്ന ഉടുപ്പുകള്‍ എല്ലാം കൂടി ധരിച്ചു കിടന്നുറങ്ങി. പല ദിവസവും
ആഹാരം കഴിക്കാതെയിരുന്നു പഠിച്ച് ബോധം കെട്ടു വീണു.
പക്ഷേ പഠിച്ചു പഠിച്ച് ആ പെണ്‍കുട്ടി മിടുക്കിയായി. എം എസ് സി ഫിസിക്സില്‍ യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്കുനേടി പാസായി! അസാധ്യമായത് ഒന്നുമില്ലെന്ന് ഒരു പെണ്‍കുട്ടി ലോകത്തിന് കാണിച്ചുകൊടുത്തു. പിന്നെ
എം എസ് സി ഗണിതം രണ്ടാം റാങ്കോടെ പാസായി. ഗവേഷണത്തില്‍ മുഴുകി. ഭര്‍ ത്താവായ പിയേറുമൊത്ത് റേഡിയോ ആക്റ്റി വിറ്റിയില്‍ ഗവേഷണം നടത്തി. പില്ക്കാലത്ത് പൊളോണിയം കണ്ടുപിടിച്ചു. പിന്നെ റേഡിയം കണ്ടെത്തി. അതിന്റെ നിര്‍ദ്ധാരണാവകാശത്തിന് പേറ്റന്റുമെടുത്തില്ല. ശാസ്ത്രത്തിലെ കണ്ടെ ത്തലുകള്‍ വിറ്റു കാശാക്കാനുള്ളതല്ലെന്ന് പ്രഖ്യാപിച്ചു. അങ്ങനെ മന്യയെന്ന കുട്ടി മഹതിയായി മാറി. മാഡം ക്യൂറിയായി.
റേഡിയേഷന്‍ ഏറ്റ് ക്യൂറി ദമ്പതിമാരുടെ madamcurie2ആരോഗ്യം തകര്‍ന്നു. ഭര്‍ത്താവിന്റെ ദേഹത്ത് കുതിരവണ്ടി കയറി അദ്ദേഹം മരിച്ചു. എന്നിട്ടും തളര്‍ന്നുപോകാതെ ഉറച്ചു നിന്നു മാഡം ക്യൂറി. ഭര്‍ത്താവിന്റെ സ്ഥാനത്തേക്ക് നിയമനം ലഭിച്ചപ്പോള്‍ ധീരമായി ആ വെല്ലുവിളി ഏറ്റെടുത്തു. ഗവേഷണം തുടര്‍ന്നു. റേഡിയം വേര്‍തിരിച്ചെടുത്തു. രണ്ടാമതൊരു നോബല്‍ സമ്മാനം കൂടി വാങ്ങി. ആദ്യത്തേത് ക്യൂറി ദമ്പതിമാര്‍ക്കും ബക്വിരലിനും കൂടി ഫിസിക്സിലായിരുന്നു നല്‍കപ്പെട്ടത്. രണ്ടാമത്തേതോ മാഡം ക്യൂറിക്കു മാത്രമായി രസതന്ത്രത്തിലും.
എന്തും ആര്‍ക്കും സാധിക്കാം എന്ന് തെളിയിച്ച ധീരയായിരുന്നു മാഡംക്യൂറി. ഒരു പെണ്‍കുട്ടിക്ക് ശാസ്ത്രജ്ഞയാകാന്‍ പറ്റും; വലിയ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ കഴിയും; നോബല്‍ സമ്മാനം വാങ്ങാനും പറ്റും എന്ന് ആ മഹതി തെളിയിച്ചു. വേണമെങ്കില്‍ നമുക്ക് മാഡംക്യൂറിയെ ലോകത്തെ ആദ്യത്തെ വനിതാ വിമോചകയായി കാണാം.

അപ്പോള്‍ മാഡം ക്യൂറി ലോകത്തിന്റെ മഹത്തായ ഒരു മാതൃകയാണ്. എല്ലാ ശാസ്ത്രവിദ്യാര്‍ത്ഥികളുടെയും മാതൃക, എല്ലാ പെണ്‍കുട്ടികളുടെയും പ്രത്യേകമായ റോള്‍ മോഡല്‍. രാജ്ഞിമാരുടെ രാജ്ഞി. വെറും രാജ്ഞിയല്ല; വിജ്ഞാന സാമ്രാജ്യത്തിലെ മഹാറാണി. “മാമാ എനിക്കൊരു മാഡംക്യൂറിയാകണം” എന്ന് പറഞ്ഞ കാന്താരിക്കുട്ടിയെ മറ്റു കാന്താരികളും മാതൃകയാക്കണേ എന്ന് മാമന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും എന്തുകൊണ്ടാണ് എന്ന് കൂട്ടുകാര്‍ക്ക് മനസ്സിലായല്ലോ? വിടാതെ പിടിച്ചോളൂ ആ സ്വപ്നത്തെ!