KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ സുഗതകുമാരി ടീച്ചറിന്റെ കത്ത്
സുഗതകുമാരി ടീച്ചറിന്റെ കത്ത്

feature

ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ

മണിക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം?dyovine

 

ആനക്കമ്പക്കാരുടെ നാടാണ് കേരളം എന്നാണ് പ്രസിദ്ധി. പക്ഷേ ആനകളുടെ ശാപം എന്നും ഈ ജനതയുടെ ശിരസ്സില്‍ പതിച്ചു കൊണ്ടിരിക്കുന്നു. നമുക്ക് എല്ലാ ഉത്സവ ങ്ങള്‍ക്കും ആന വേണം. ക്ഷേത്രങ്ങളില്‍ ആന അഭിമാന ചിഹ്നമാണ്. എഴുന്നള്ളിക്കാനും പറ എടുക്കാനുമെല്ലാം ആന വേണം. തടി പിടിക്കാനും ഭാരങ്ങള്‍ ഉയര്‍ത്താനും ആന വേണം. സര്‍ക്കസിനും ഉദ്ഘാടനങ്ങള്‍ക്കും കല്യാണങ്ങള്‍ക്കുപോലും ആനയെ മുന്നില്‍ നിര്‍ത്തുന്നു. ഇതേ സമയം, ഈ ഗംഭീര മൃഗത്തെ ഏതു വിധത്തിലാണ് നാം പോറ്റുന്നത് എന്നതേപ്പറ്റി ആരും ആലോചിക്കാറില്ല. കാട്ടില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന ഈ വന്യ മൃഗത്തെ വാരിക്കുഴി കുത്തി, പിടിച്ച്, നാട്ടില്‍ കൊണ്ടുവന്ന് അടിച്ചടിച്ചും കുത്തി മുറിവേല്‍ പ്പിച്ചും നാം അനുസരണ പഠിപ്പിക്കുന്നു. അവന്‍ സ്നേഹം കൊണ്ടല്ല, പേടികൊണ്ടാണ് നമ്മെ അനുസരിക്കുന്നത്. കാട്ടുമൃഗങ്ങള്‍ക്കേറ്റവും ഭയം തീയും ശബ്ദവുമാണ്. ക്ഷേത്രോത്സവ ങ്ങളില്‍ പന്തങ്ങളുടെ മുന്നില്‍, വെടിക്കെട്ടിന്റെ കാതടപ്പിക്കുന്ന ശബ്ദകോലാഹലത്തില്‍, ജനാരവങ്ങള്‍ക്ക് നടുവില്‍, അവന്‍ കണ്ണു നീരൊഴുക്കിക്കൊണ്ട് മിണ്ടാതെ നില്‍ക്കുന്നു. ചിലപ്പോള്‍ അവന് ഭ്രാന്തെടുക്കും. വിശപ്പും ദാഹവും പീഡനവും പേടിയും പൊറുക്കാതാ വുമ്പോഴാണ് അവന്‍ മനുഷ്യനു നേരേ തിരിയുക. അങ്ങനെയും വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടപ്പെടുന്നു. നാം ആ പാവത്തിനെ കൊലയാളി എന്ന് വിളിക്കുന്നു.
ഒരു വന്യമൃഗത്തോട് ഈ വിധം പെരുമാറുവാന്‍ നമുക്ക് അവകാശമുണ്ടോ? ഈ കൊടും ക്രൂരതയ്ക്ക് എന്നാണൊരു പരിഹാരം കാണുക? ചങ്ങല കെട്ടി മുറുക്കിയ കനത്ത കാലില്‍ പഴുപ്പും കണ്ണുകളില്‍ കണ്ണുനീരും പെരുംവയറില്‍ കത്തുന്ന വിശപ്പും ദാഹവും ഇല്ലാത്ത, ഭയഹീനമായ സ്വാതന്ത്യ്രം അവന് അനുവദിച്ചുകൊടുക്കുന്നത് ഇനി ഏതു കാലത്താണ്? കുട്ടികള്‍ ഇക്കാര്യം ഗൌരവമായി ആലോചിച്ചു തുടങ്ങണം. നിങ്ങളുടെ അഭിപ്രായം അറിയാന്‍ തളിരിന് താത്പര്യമുണ്ട്. വിശദമായി എഴുതുമല്ലോ.

സുഗതകുമാരി