KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ആനകളെക്കുറിച്ച് ബിനോയ് വിശ്വം എഴുതുന്നു
ആനകളെക്കുറിച്ച് ബിനോയ് വിശ്വം എഴുതുന്നു
binoy1

feature

ആനകളെ നമുക്കെന്നും ഇഷ്ടമായിരുന്നു. വേദങ്ങളിലും ഇതിഹാസങ്ങളിലും പുരാണ ങ്ങളിലുമെല്ലാം ആനയും മനുഷ്യനും തമ്മിലുള്ള സ്നേഹ സമ്പര്‍ക്കത്തിന്റെ ഉദാഹരണങ്ങള്‍ വേണ്ടുവോളമുണ്ട്. നമ്മുടെ സംസ്കാര സവിശേഷതകളുടെ പല ഏടുകളിലും കരയിലെ ഏറ്റവും വലിയ മൃഗം ഈ തലയെടു പ്പോടെ നില്‍ക്കുന്നത് കാണാം.
എന്നാല്‍ നാം ജീവിക്കുന്ന ഈ പുതിയ കാലം വല്ലാത്തൊരു കാലമാണ്. കമ്പോളം ദേവാലയവും പണം ദൈവവുമാകുന്ന÷ ഈ കാലം നമുക്ക് ചുറ്റും നിലനിന്ന  ഒരുപാട് നന്മകളെ അപഹരിച്ചെടുക്കുകയാണ്. ഒരു കാലത്ത് മനുഷ്യന്‍ അരുമയായി സ്നേഹിച്ചു വളര്‍ത്തിയ ആനകള്‍ അതിന്റെ ഇരകളായി മാറിക്കഴിഞ്ഞു. പണത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ എല്ലാത്തിനെയും കച്ചവടമാക്കാമോ യെന്നാണ് പല കേന്ദ്രങ്ങളും ആരായുന്നത്. ഉത്സവങ്ങളും ആരാധനകളും വാണിജ്യ താത്പര്യങ്ങള്‍ക്ക് അടിമപ്പെടുകയല്ലേ എന്ന ചോദ്യം യഥാര്‍ത്ഥ വിശ്വാസികളെയെല്ലാം വ്യാകുലപ്പെടുത്തുന്നുണ്ട്. ആനകളുടെ കണ്ണീരും മനുഷ്യരുടെ ചോരയും വീഴുന്ന കേന്ദ്രങ്ങളായി ഉത്സവപ്പറമ്പുകള്‍ മാറുന്നതിനെ ക്കുറിച്ച് എത്രയോ കാലമായി കേരളത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. നാട്ടാന പരിപാലന ചട്ടം - 2003 നിലവില്‍ വന്നത് ഈ ദുസ്ഥിതിക്ക് പരിഹാരം കാണാനാണ്. 2006 ല്‍ അധികാരത്തില്‍ വന്ന ഗവണ്മെന്റാണ് ഈ ചട്ടം നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയത്. പ്രസ്തുത ചട്ടം താഴെ പറയുന്ന കാര്യങ്ങളാണ് മുന്നോട്ടു വച്ചത്.
  • നാട്ടാനയെ പരിചരിക്കാന്‍ പരിശീലനം ലഭിച്ച ഒരു പാപ്പാനും, പാപ്പാനെ സഹായിക്കാന്‍ ഒരു കാവടിയേയും നിയമിക്കണം.
  • വിശ്രമിക്കാന്‍ ശുചിത്വമുളള ഷെല്‍ട്ടറും, ദിവസേന കുളിപ്പിക്കുന്നതിനുളള സൌകര്യവും ഉണ്ടാവണം.
  • കുറഞ്ഞത് രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിദഗ്ധ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം.
  • നിര്‍ദിഷ്ട ആഹാരം കൃത്യമായി നല്‍കണം.
  • ജോലി ചെയ്യിക്കുന്നതിന് നിയന്ത്രണം ഉണ്ടാവണം.
  • ആനയെ നടത്തിയോ ലോറിയിലോ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാവണം.

പാവം നാട്ടാനകളോട് binoy2പണക്കൊതിയുടെ പ്രേരണയാല്‍ മനുഷ്യന്‍ കാണിക്കുന്ന ക്രൂരതകള്‍ക്ക് അറുതി വരുത്താന്‍ ലക്ഷ്യ മിട്ടാണ് 2003 ല്‍ ഗവണ്മെന്റ് നാട്ടാന പരിപാലന ചട്ടം കൊണ്ടുവന്നത്. അത് പ്രാവര്‍ത്തിക മാക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ ഗവണ്മെന്റ് ആദ്യമായി ചെയ്തത് ആനയുടമസ്ഥരുടെ സംഘടനകളെ വിളിച്ചു വരുത്തി മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കാന്‍ സഹകരണം തേടുകയായിരുന്നു. ആനകള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കാനും ആനകള്‍ക്കും പാപ്പാന്മാര്‍ക്കും ജനങ്ങള്‍ക്കും ബാധകമായ ഇന്‍ഷ്വറന്‍സ് പദ്ധതി ആവിഷ്കരിക്കുവാനും ആന പാപ്പാന്മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുവാനും ഗവണ്മെന്റ് മുന്‍കൈ യെടുത്തു. ഹൈക്കോടതി വിധി മാനിച്ചുകൊണ്ട് ആനകളുടെ കൊടുക്കല്‍ വാങ്ങലുകളെ ഗവണ്മെന്റ് നിരുത്സാഹപ്പെടുത്തി.

വെള്ളവും തീറ്റയും കൊടുക്കാതെ ഉറങ്ങാന്‍ പോലും അനുവദിക്കാതെ, ഉത്സവപറമ്പുകളില്‍ നിന്നും ഉത്സവ പറമ്പുകളിലേക്കുള്ള ആനകളുടെ മരണപ്പാച്ചില്‍ (അത് ഉടമകളുടെ മടിശ്ശീല  വീര്‍പ്പിക്കാന്‍ വേണ്ടിയാണ്) തടയണമെന്ന് ഗവണ്മെന്റ് ചിന്തിച്ചു. മദപ്പാട് വന്ന ആനകള്‍ക്ക് വിശ്രമം നല്‍കുന്നതിന് പകരം അവയെ  പീഡനത്തിന് ഇരയാക്കരുതെന്ന് ഗവണ്മെന്റ് വാദിച്ചു. ശ്വാസം വിടാന്‍ പോലും കഴിയാത്ത വിധം ലോറികളില്‍ കൂച്ചികെട്ടി കൊണ്ടു പോകുന്നത് മനുഷ്യത്വ ഹീനമാണെന്ന് ഗവണ്മെന്റ് പറഞ്ഞു. നിയമലംഘനങ്ങളുടെ മുന്നില്‍binoy3
കൈകെട്ടി നില്‍ക്കാതെ കേസെടുക്കു വാനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാനും ഗവണ്മെമെന്റ് ശ്രമിച്ചു.
എന്നാല്‍ ഇതെല്ലാം ദൈവനിഷേധമാണെന്ന് ഒരു മത വിശ്വാസവും പറയുകയില്ല.   ലാഭത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ആര്‍ത്തിയുടെ ഇരകളായി ആനയെ കണക്കാക്കുന്നവരാണ് ഉത്സവ വേദികളില്‍ ദൈവത്തെക്കാള്‍ പ്രാധാന്യം ആനയ്ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. പണക്കാരുടെ പ്രതാപം കാണിക്കുന്നതിനായി നിരവധി ആനകളെ എഴുന്നള്ളിച്ചാലേ ഈശ്വരപ്രീതി ഉണ്ടാകൂ എന്ന വാദം വാസ്തവത്തില്‍ പവിത്രമായ ദൈവ സങ്കല്പങ്ങള്‍ക്ക് നിരക്കുന്നതല്ല. ഈ സത്യം ഉറക്കെ പറയുവാന്‍ വിശ്വാസികള്‍ തയ്യാറാവു മ്പോഴേ ആനകള്‍ക്ക് നേരെയുള്ള പീഡന പരമ്പരകള്‍ക്ക് അന്ത്യമുണ്ടാകൂ. ആനകളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും പരിഗണി ക്കുകയും ചെയ്യുന്ന ഉടമകള്‍ തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ അവരുടെ എണ്ണം കുറഞ്ഞു വരിക യാണെന്നാണ് ചുറ്റുപാടുമുണ്ടാകുന്ന ദുരന്തങ്ങള്‍ നമ്മെ അറിയിക്കുന്നത്. പണത്തില്‍ മാത്രം കണ്ണുനട്ടുകൊണ്ടുള്ള ഉടമകളുടെയും ‘ഏത്തക്കാര്‍’ എന്നറിയപ്പെടുന്ന കരാറുകാരു ടെയും വാണിജ്യ താല്പ്പര്യങ്ങള്‍ ഉത്സവങ്ങളു ടെയും വിശ്വാസങ്ങളുടെയും നിഷ്കളങ്കമായ പരിശുദ്ധിയെ വെല്ലുവിളിക്കുകയാണ്. ഈ സത്യം തുറന്ന് പറയുന്നവരെ ഈശ്വര നിഷേധത്തിന്റെ പേരില്‍ കടന്നാക്രമിക്കുവാനും ഇത്തരക്കാര്‍ക്ക് സാമര്‍ത്ഥ്യമേറും.
പുതിയ തലമുറ ഈ വസ്തുതകളെക്കുറിച്ച് പഠിക്കുവാനും ചിന്തിക്കുവാനും കെല്‍പ്പുള്ള വരാണ്. ആ തലമുറ ഉത്സവ വേദികളുടെ പരിശുദ്ധിയെ വീണ്ടെടുക്കുമെന്നും ലാഭ ക്കൊതിയന്മാരില്‍ നിന്ന് ഈശ്വര വിശ്വാസത്തെ മോചിപ്പിക്കുമെന്നും അതുവഴി പൈതൃകമൃഗമായ ആനകള്‍ക്ക് പീഡനങ്ങള്‍ ഇല്ലാത്ത സമാധാന ജീവിതം വീണ്ടെടുക്കാമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം,

ബിനോയ് വിശ്വം