KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ നീന്താന്‍ പഠിക്കാതെങ്ങനെ?
നീന്താന്‍ പഠിക്കാതെങ്ങനെ?

featureഎന്തു രസമാണല്ലേ ഈ വേനലവധിക്കാലം! പല തരം കളികളിലേര്‍പ്പെട്ടും സിനിമ കണ്ടും ഇടയ്ക്ക് പുസ്തകങ്ങള്‍ വായിച്ചും ബന്ധു വീടുകളില്‍ പോയുമെല്ലാം നിങ്ങള്‍ അതാ സ്വദിക്കുന്നുണ്ടാകും. പക്ഷേ ഈ അവധി ക്കാലത്ത് നമ്മുടെ കണ്ണ് നനയിക്കുന്ന പല വാര്‍ത്തകളും നാം കണ്ടു. തിരുവനന്തപുരത്ത് കരമനയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ച വാര്‍ത്ത കേട്ടത് ഈയിടയ്ക്കാണ്. സൈക്കിള്‍ ചെയിന്‍ നന്നാക്കുമ്പോള്‍ കയ്യില്‍ പറ്റിയ ഗ്രീസ് കഴുകിക്കളയാന്‍ കരമനയാറ്റില്‍ ഇറങ്ങിയതാണ് നമ്മുടെ ഈ കൂട്ടുകാര്‍. കോഴിക്കോടിനടുത്തുള്ള പുനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മണലെടുത്ത കുഴിയില്‍ വീണ് മരണമടഞ്ഞതും ഈ അവധിക്കാലത്തു തന്നെ. ഹരിദ്വാറില്‍ പഠനയാത്രയ്ക്ക് പോയ രണ്ട് കുട്ടികള്‍ ഗംഗയിലെ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ സംഭവവും നമ്മെ കണ്ണീരിലാഴ്ത്തിയിരുന്നു. പ്രിയഗായിക കെ എസ് ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരണമടഞ്ഞ വാര്‍ത്തയും കൂട്ടുകാര്‍ neendal1
നടുക്കത്തോടെ അറിഞ്ഞിരിക്കും. ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ അച്ഛനമ്മമാരെ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ കാര്യത്തില്‍ അവര്‍ കൂടുതല്‍ കരുതലെടുക്കുന്നതു കാണാം. കുട്ടികളെ വെള്ളത്തിനടുത്തേക്ക് കളിക്കാന്‍ വിടാതെ വിലക്കാനായിരിക്കും കൂടുതല്‍ രക്ഷിതാക്കളും ശ്രദ്ധിക്കുക. നമ്മുടെ കൊച്ചു കേരളത്തില്‍ എന്തു മാത്രം ജലാശയങ്ങളാണെന്നോ! പടിഞ്ഞാറു ഭാഗം മുഴുവന്‍ കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന കടല്‍ത്തീരം, നിരവധി കായലുകളും നാല്‍പ്പത്തിനാല് നദികളും അസംഖ്യം കുളങ്ങളും തോടുകളും. ഇങ്ങനെയുള്ള കേരളത്തില്‍ ജലാശയങ്ങളുടെ പരിസരത്തു നിന്നും അകന്ന് ജീവിക്കാന്‍ പറ്റുമോ? അസാധ്യം തന്നെ! എന്നാല്‍ ഈ അപകടങ്ങളില്‍പ്പെട്ടവര്‍ക്കെല്ലാം നീന്തല്‍ വശമായിരുന്നെങ്കില്‍ എത്ര നന്നായേനെ, അല്ലേ? എങ്കില്‍ അവര്‍ ഇന്നും ചിരിയും കളിയുമായി നമുക്കൊപ്പം ഉണ്ടാവുമായിരുന്നു. കേരളത്തിലെ എല്ലാ കുട്ടികളും നീന്തല്‍ പഠിച്ചിരുന്നാല്‍ ഇത്തര ത്തിലുള്ള അപകടങ്ങളില്‍ ഭൂരിഭാഗവും നമുക്ക് ഒഴിവാക്കാന്‍ സാധിക്കില്ലേ? നീന്തല്‍ പഠിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ ഒരു കാര്യമേയല്ല. ഒന്നോ രണ്ടോ മാസങ്ങള്‍ മതി നിങ്ങള്‍ക്കെല്ലാം നല്ല നീന്തല്‍ക്കാരാകാന്‍. കൂട്ടുകാര്‍ സൈക്കിള്‍ പഠിച്ചിട്ടില്ലേ? അതുപോലെ തന്നെയാണ് നീന്തലും. ഒരിക്കല്‍ പഠിച്ചുകഴിഞ്ഞാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് മറക്കില്ലത്രേ! അല്പം പ്രായമായവരോട് ചോദിച്ചു നോക്കൂ. കുളങ്ങളിലും തോടുകളിലുമെല്ലാം നീന്തി ത്തുടിച്ച ബാല്യം ഇന്നും അവരുടെ ഓര്‍മയി ലുണ്ടാകും. നീന്തുക എന്നത് രസകരമായ ഒരു കാര്യമാണ്. ആദ്യം വെള്ളത്തിലിറങ്ങാന്‍ മടിച്ചവര്‍ പോലും പിന്നീട് മണിക്കൂറുകളോളം നീന്തിത്തുടിച്ചെന്നിരിക്കും. കൂട്ടുകാര്‍ക്ക് കളികള്‍ ഇഷ്ടമാണെങ്കില്‍ നീന്തലും ഇഷ്ടപ്പെടും, തീര്‍ച്ച. നീന്തലിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായമെന്താണെന്നറിയുമോ? ഏറ്റവും മികച്ച വ്യായാമം കൂടിയാണെന്ന്. അപ്പോള്‍ ആരോഗ്യം സംരക്ഷിക്കാനും നീന്തല്‍ മതി. കരമനയാറില്‍ കുട്ടികള്‍ മുങ്ങി മരിച്ചയിടത്തു നിന്നും ഏകദേശം നാല്‍പ്പതോളം കിലോമീറ്റര്‍ അകലെ പച്ചപാലോട് എന്നൊരു പ്രദേശമുണ്ട്. നമുക്ക് അവിടേക്കൊന്നു പോകാം. നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ഒരു കൊച്ചുപ്രദേശ മാണിത്. അവിടത്തെ കുട്ടികളോട് സംസാരിച്ചപ്പോള്‍ അവര്‍ ഒന്നടങ്കം പറഞ്ഞു, അവര്‍ക്ക് വെള്ളത്തെ പേടിയില്ലെന്ന്. എന്നു മാത്രമല്ല വെള്ളം അവര്‍ക്കിന്നൊരാവേശം കൂടിയാണ്. അതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് അവര്‍ പി അപ്പുക്കുട്ടന്‍ നായരെന്ന ‘അപ്പുഅണ്ണനെ’ കാണിച്ചു തന്നത്. നീന്തലറിയാതെ കുട്ടികള്‍ പലയിടത്തും മുങ്ങിമരിക്കുന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍, മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് താത്പര്യമുള്ള കുറച്ചു കുട്ടികളെ പച്ചപാലോടിലെ ഒരു കുളത്തില്‍ വച്ച് അദ്ദേഹം നീന്തല്‍ പഠിപ്പിച്ചു. അതായിരുന്നത്രേ തുടക്കം. ‘നാട്ടുകാരുടെ പിന്തുണ കിട്ടിയപ്പോള്‍ ഞങ്ങള്‍ ഫൈറ്റേഴ്സ് എന്ന ക്ളബ് neendal2
രൂപീകരിക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു. പിന്നീട് പഞ്ചായത്തും തുടര്‍ന്ന് സ്പോര്‍ട്സ് കൌണ്‍സിലും ഏറ്റെടുത്തതോടെ ഇന്നത് വലിയൊരു നീന്തല്‍പരീശീലനകേന്ദ്ര മാണ്. നിങ്ങള്‍ക്കറിയുമോ, നന്ദിയോട് പഞ്ചായ ത്തിലെ എല്ലാ കുട്ടികളും ഇവിടെ നിന്ന് നീന്തല്‍ പഠിക്കുന്നുണ്ട്. നാലരവയസ്സുള്ള കാവ്യ കൊഞ്ചലോടെ പറഞ്ഞത് ‘നിക്കും നീന്താനറിയാല്ലോ’ എന്നാണ്. ഏത് കയത്തില്‍ നിന്നും നീന്തി ക്കയറി രക്ഷപ്പെടാം എന്ന ആത്മ വിശ്വാസം ഇവിടത്തെ കുട്ടികള്‍ക്കുണ്ട്. അതു മാത്രമല്ല അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലു മെല്ലാം ശ്രദ്ധിക്കപ്പെട്ട നീന്തല്‍ താരങ്ങളും ഇവിടെ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവിടെ നിന്നും പരിശീലനം ലഭിച്ച് ഝാര്‍ഖണ്ഡിലെ ദേശീയഗെയിംസില്‍ പങ്കെടുത്ത കുട്ടികളായ മന്യമനോഹരനും ഐ വി രാഗിക്കും പറയാ നുള്ളത് കേരളത്തിലെ എല്ലാ കുട്ടികളും സ്വയരക്ഷക്കായി നീന്തല്‍ പഠിച്ചിരിക്കണമെന്നു തന്നെയാണ്. നീന്തലറിയാവുന്നവര്‍ക്ക് പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടത്രേ. നിങ്ങള്‍ക്ക് നീന്തല്‍ പഠിക്കാന്‍ അപ്പോള്‍ ഒരു കാരണം കൂടിയാകും. കേരളത്തിലെ പല സ്കൂളുകളുടെ അടുത്തും നീന്തല്‍ പരിശീലനത്തിനുള്ള കുളങ്ങളും മറ്റും നിര്‍മ്മിച്ച് തുടങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ കോട്ടക്കലിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ ആരെങ്കിലും പോയിട്ടുണ്ടോ? നഗരസഭ നിര്‍മിച്ചു നല്‍കിയ അവരുടെ നീന്തല്‍ക്കുളത്തില്‍ അവിടത്തെ യു പി സ്കൂളിലെ എല്ലാ കുട്ടികളും നീന്തല്‍പഠനം നടത്തിക്കഴിഞ്ഞിരിക്കുന്നു. തൊട്ടടുത്ത സ്കൂളുകളിലെ കുട്ടികളും ഇവിടെ നീന്തല്‍ പഠിക്കുന്നുണ്ട്. കൂട്ടുകാരുമൊത്ത് വേനലവധിക്കാലം ആസ്വദിക്കുന്ന കൂട്ടത്തില്‍ നീന്തലും ഒന്നാസ്വദിച്ചു നോക്കൂ. നിങ്ങളുടെ ചുറ്റുവട്ടത്ത് അന്വേഷിച്ചാല്‍ നീന്തല്‍ പഠിപ്പിക്കുന്ന ഒത്തിരി കേന്ദ്രങ്ങള്‍ കണ്ടേക്കാം. അല്ലെങ്കില്‍ കൂട്ടുകാരു മൊത്തു ചേര്‍ന്ന് രക്ഷ കര്‍ത്താക്കളോട് നീന്ത ല്‍ പഠിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുക. അവര്‍ നിങ്ങളുടെ ആവശ്യ ത്തെ ഒരിക്കലും നിരാകരിക്കില്ല. കാരണം കുട്ടികള്‍ നീന്തല്‍ പഠിക്കണം എന്നത് ഇന്ന് സമൂഹ ത്തിന്റെ കൂടി ആവശ്യ മാണ്. അപ്പോള്‍ കണ്ണീ രില്ലാത്ത, കളിചിരികള്‍ മാത്രമുള്ള അവധിക്കാലങ്ങള്‍ക്കായി നിങ്ങള്‍ ഇപ്പോഴേ ഒരുക്കം തുടങ്ങിക്കോളൂ..

 

നവനീത് കൃഷ്ണന്‍ എസ്