KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കവിത കവിതാപരിചയം - അമ്മിണിയും അനുജനും
കവിതാപരിചയം - അമ്മിണിയും അനുജനും

kavitha-ammini1
ഇന്നലെയന്തിക്കാണല്ലോ
വന്നു നടാടെപ്പേമാരി
കുന്നിന്‍ ചരിവു മുരണ്ടില്ലേ
കുളവും കിണറുമിരുണ്ടില്ലേ
കാറ്റുമിരുട്ടും കൂടീട്ടീ
മേല്പുരയിങ്കലുരുണ്ടില്ലേ
ഇറയമലുക്കുകള്‍ തൂക്കീലേ
പ്രളയം വന്നു നിറഞ്ഞില്ലേ
അപ്പോഴൊക്കെയുമമ്മിണിയുമ്ര-
ത്തപ്പുവിനോടുമുരുമ്മിയിരുന്നി-
ട്ടാകാശത്തിലെയത്ഭുതവിദ്യക-
ളവനു പറഞ്ഞുകൊടുത്തൂ തെറ്റാ-
തവനത്രയ്ക്കും കുഞ്ഞല്ലേ!
ഇന്നലെയാ മഴ തോര്‍ന്നീല
ഈറന്‍കാറ്റും നിന്നീലാ

 

 

കുഞ്ഞിക്കണ്ണു മിഴിച്ചു ചിരിപ്പോ-
രുണ്ണിക്കൃഷ്ണന്‍ നോക്കിയിരിക്കെ
താഴത്തപ്പു നനച്ചൊരു വിരിയില്‍, ഇ-
താരുടെ മറിമായങ്ങള്‍; ഉണര്‍ന്നീ-
ലിനിയും കുട്ടന്‍, കുഞ്ഞല്ലേ
അമ്മിണിയവനെയുണര്‍ത്തുന്നൂ
കണ്ണും മുഖവും കഴുകുന്നൂ
തൊടികയിലുണ്ടോ കൊച്ചരുവി?
ചെടികളിലുണ്ടോ തേന്‍കുരുവി!
പൂത്തുകഴിഞ്ഞോ ചെമ്മലരി
പുലരിയുടുത്തോ തുടുസാരി!
തൂമണല്‍മുറ്റം തുടുവെട്ടം
തുള്ളിച്ചാടുകയാണപ്പു
പേടിക്കാനെ,ന്തവനില്ലേ
പേടിക്കാത്തോരേട്ടത്തി?
അവളോടിക്കും പൂച്ചകളെ
അവള്‍ തച്ചാട്ടും പട്ടികളെ
താട ചൊറിഞ്ഞു കൊടുത്താല്‍ നക്കും
ഗാഢസ്നേഹം പയ്യവളെ
കൊച്ചുകുളത്തില്‍ കുളിരോളം
തച്ചുകളിക്കുന്നുണ്ടാവും
അവരുടെയാമ്പലമലര്‍മൊട്ടി-
ന്നയ്യ! വിരിഞ്ഞിട്ടുണ്ടാവും
ഇത്തിരി ധൈര്യപ്പെട്ടു നടന്നി-
ട്ടവരെത്തുന്നു കുളക്കടവില്‍
കുഞ്ഞാമ്പലമലര്‍ കണ്ടീലാ
കുളിരലയാട്ടം കണ്ടീലാ
താളിക്കല്ലിലിളംവെയിലുണ്ടേ
കൂനിക്കൂടിയൊരാളുണ്ടേ!!
അമ്മിണി ഞെട്ടിവിറച്ചല്ലോ
അനുജനെ വാരിയെടുത്തല്ലോ
കണ്ണു തിരിക്കാന്‍ വയ്യല്ലോ
കാണാനും ഹാ വയ്യല്ലോ!
ആകെ വിളര്‍ത്തിട്ടാകെവിയര്‍ത്തി-
“ട്ടമ്മേ” വിളിയൊടുമനുജനെയേറ്റീ
ട്ടങ്ങനെ നില്‍ക്കെ, ക്കിണ്ണം കിണ്ടികള്‍
തട്ടിമറിച്ചി“ട്ടെന്താണെന്താ” -
ണോടിവരുന്നൂ പെറ്റമ്മ!
താളിക്കല്ലിലിരിപ്പൂ മഞ്ഞ-
ത്തവള വിതുമ്പും മാറോടെ!
നിന്നു ചിരിച്ചാള്‍, ദേഷ്യപ്പെട്ടാള്‍
കുഞ്ഞിനെ വാരിയെടുത്താള്‍, മകളുടെ
കുഞ്ഞിക്കയ്യു പിടിച്ചാള്‍, വീണ്ടും
വീണ്ടും ഹന്ത, ചിരിച്ചു കുഴഞ്ഞാള്‍
വീര്‍പ്പുമുട്ടിയ പെറ്റമ്മ!kavitha-ammini2ആഴവും ഊര്‍ജവും ഗൌരവവുമുള്ള കവിതകള്‍ രചിക്കുന്ന ഇടശ്ശേരി ഗോവിന്ദന്‍നായര്‍ എന്ന ശ്രേഷ്ഠ കവിയുടെ ഒരു പ്രസന്നമായ കവിതയാണിത്. കൊച്ചുമിടുക്കിയായ ഒരു ചേച്ചിയും കുഞ്ഞനുജനുമാണിതിലെ കഥാപാത്രങ്ങള്‍. മഴക്കാലം. ചേച്ചിക്കുട്ടിക്ക് ഒന്നിനെയും പേടിയില്ലെന്നാണ് ഭാവം, പക്ഷേ കുളക്കടവില്‍ പൂവു കാണാന്‍ ചെന്നപ്പോള്‍ എന്തോ കണ്ട് പേടിച്ച് ഉറക്കെ നിലവിളിച്ചുപോയി. കുഞ്ഞനിയനെ വാരിയെടുത്ത് വിറച്ചുകൊണ്ടു നില്‍ക്കുന്ന അവളുടെ നിലവിളി കേട്ട് പരിഭ്രമിച്ച് ഓടിപ്പാഞ്ഞെത്തിയ അമ്മ കണ്ടതെന്താണ്!
കുളക്കല്ലില്‍ ഒരു മഞ്ഞത്തവള!
 

സുഗതകുമാരി