KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ഫുക്കുഷിമയില്‍ സുനാമിയെത്തിയപ്പോള്‍
ഫുക്കുഷിമയില്‍ സുനാമിയെത്തിയപ്പോള്‍

feature

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞപോലെ ആയിരിക്കുന്നു ജപ്പാന്റെ അവസ്ഥ. അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളവയില്‍ വച്ച് ഏറ്റവും കടുത്ത ഒരു ഭൂകമ്പം. ഭൂകമ്പത്തിന്റെ കേന്ദ്രം കടലില്‍ ആയതിനാല്‍ അതിനെ തുടര്‍ന്ന് ഉയര്‍ന്ന അതിശക്തമായ സുനാമിത്തിര. രണ്ടിന്റെയും പുറമേ, കൂനിന്മേല്‍ കുരു എന്നവണ്ണം ആണവ ദുരന്തം.
ഭൂകമ്പം ജപ്പാന് പുത്തരിയൊന്നു
മല്ല. ചെറുതും വലുതുമായി നൂറുകണക്കിന് ഭൂകമ്പങ്ങള്‍ ആണ് ഓരോ വര്‍ഷവും അവിടെ ഉണ്ടാകുന്നത്. ഏതു ഭൂകമ്പം വന്നാലും തകരാത്ത വിധത്തിലാണ് അവരുടെ ബഹുനില കെട്ടിടങ്ങളും വ്യവസായ ശാലകളും മറ്റും നിര്‍മിക്കുന്നത്. ഭൂകമ്പം
ഉണ്ടായാല്‍ എന്താണ് ചെയ്യേണ്ടതെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. ഭൂകമ്പത്തെ തുടര്‍ന്ന് സാധാരണ ഉണ്ടാകാറുള്ള തീപിടിത്തം, ഗതാഗത തടസ്സം തുടങ്ങിയവയും അവര്‍ക്ക് വലിയ പ്രശ്നം ആകാറില്ല. അതൊക്കെ കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയാം.
സുനാമിയുടെ കാര്യവും ഏതാണ്ട് അങ്ങനെതന്നെയാണ്. ലോകത്ത് മറ്റു ഭാഗങ്ങളില്‍ അത് കേട്ടുകേള്‍വിമാത്രം ആയിരുന്ന നാളുകളില്‍ പോലും ജപ്പാന്‍കാര്‍ അതിനെ അതിജീവിക്കാന്‍ പഠിച്ചിരുന്നു. (ആ പേര് തന്നെ ജാപ്പനീസ് ഭാഷയില്‍ നിന്ന് വന്നതാണല്ലോ.) പക്ഷേ ഇത്തവണത്തെ സുനാമി അതിഭയങ്കരന്‍ തന്നെ ആയിരുന്നത്രേ. tsunamiപതിനഞ്ചു മീറ്ററിലധികം ഉയരത്തിലായിരുന്നു തിരമാലകള്‍ ആഞ്ഞടിച്ചത്. അവിടെയാണ് അവരുടെ കണക്കുകൂട്ടലുകള്‍ ആകെ തെറ്റിയത്. സുനാമിയെ അതിജീവിക്കും എന്ന് കരുതി പണിതിരുന്ന പല നിര്‍മിതികളെയും ഈ കൂറ്റന്‍ തിരമാലകള്‍ തകര്‍ത്തു. അഭൂതപൂര്‍വമായ നാശനഷ്ടങ്ങളാണ് ഇത്തവണത്തെ സുനാമി വരുത്തിവച്ചത്. പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. സുനാമിത്തിരയുടെ ഭീകരത തന്നെയാണ് ആണവ ദുരന്തത്തിനും വഴിവെച്ചത്.
ജപ്പാന്റെ വടക്കു കിഴക്കു ഭാഗത്ത്, ടോക്യോവില്‍ നിന്ന് 300 കി.മീ. ദൂരെയായി ശാന്തസമുദ്രതീരത്താണ് ഫുക്കുഷിമ ദയിചി ആണവനിലയം നിലകൊള്ളുന്നത്. സ്വാഭാവികമായും ഭൂകമ്പത്തിനും സുനാമിക്കും എതിരായ മുന്‍കരുതലുകള്‍ ആ നിലയത്തിന്റെ രൂപകല്പനയില്‍ എടുത്തിരുന്നു. പക്ഷേ അവര്‍ കരുതിയതില്‍ നിന്നും വളരെ ശക്തി കൂടിയ സുനാമിയാണ് ഇത്തവണ ഉണ്ടായത്. അഞ്ച് മീറ്റര്‍ ഉയരമുള്ള സുരക്ഷാ മതില്‍ അത് നിഷ്പ്രയാസം മറികടന്നു. മാര്‍ച്ച് 11 ഉച്ചയ്ക്ക് 2.46നു ഭൂകമ്പം ഉണ്ടായപ്പോള്‍ തന്നെ ആണവ റിയാക്ടര്‍ ആട്ടോമാറ്റിക് ആയി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ‘എമെര്‍ജെന്‍സി ഷട്ട് ഡൌണ്‍’ എന്നാണ് അതിന് പറയുക. ഇത് എല്ലാ ആണവനിലയങ്ങളിലും ഉള്ള ഒരു സുരക്ഷാ ക്രമീകരണം ആണ്. സാധാരണ ഒരു വൈദ്യുതി നിലയത്തില്‍ ഇതു തന്നെ മതിയായ സുരക്ഷ നല്‍കും. കല്‍ക്കരിയോ എണ്ണയോ ഗ്യാസോ കത്തിക്കുന്ന താപനിലയം ആണെങ്കില്‍ അതോടെ ഇന്ധനം കത്തുന്നത് അവസാനിക്കും. പിന്നെ തീപിടിത്തത്തിനു സാധ്യത കുറവാണല്ലോ. ബോയിലര്‍ പ്രവര്‍ത്തനരഹിതമാകും. നീരാവിയുടെ മര്‍ദം കുറയും. ജെനെറെറ്റര്‍ കറക്കം നിര്‍ത്തും. വൈദ്യുതി ഉത്പാദനം നിലയ്ക്കും.
പക്ഷേ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം വ്യത്യസ്തമാണ്. എല്ലാ ആണവ നിലയങ്ങളുടെയും ഹൃദയം ഒരു റിയാക്ടര്‍ ആണല്ലോ. ആ റിയാക്ടറിനു ഒരു കാമ്പ് (ഇീൃല എന്ന് പറയും) ഉണ്ടാകും. അതിലാണ് യുറേനിയം അടങ്ങുന്ന ഇന്ധന ദണ്ഡുകള്‍ വച്ചിരിക്കുക. ആ ദണ്ഡുകളിലാണ് യുറേനിയം പരമാണുക്കള്‍ വിഘടിക്കുന്ന ശൃംഖലാ പ്രവര്‍ത്തനം നടക്കുന്നത്. ഓരോ യുറേനിയം പരമാണു കേന്ദ്രത്തിലും നൂട്രോണ്‍ ഇടിച്ചുകയറി അതിനെ പിളര്‍ക്കും. അണുകേന്ദ്രം പിളരുമ്പോള്‍ അതില്‍ നിന്ന് രണ്ടോ മൂന്നോ പുതിയ ന്യൂട്രോണുകള്‍ പുറത്തു ചാടും. അവയില്‍ ഒന്നെങ്കിലും പുതിയൊരു അണുകേന്ദ്രത്തില്‍ ഇടിച്ച് അതിനെ പിളര്‍ന്നാല്‍, പിന്നെ അതില്‍ നിന്നുള്ള ന്യൂട്രോണ്‍ വീണ്ടും മറ്റൊരു അണുകേന്ദ്രത്തില്‍ പിളര്‍പ്പ് ഉണ്ടാക്കും. അങ്ങനെയങ്ങനെ ഇതൊരു ചങ്ങല ആയി തുടര്‍ന്നു കൊണ്ടേയിരിക്കും. ഇതിനാണ് ശൃംഖലാ പ്രവര്‍ത്തനം എന്ന് പറയുക. അണുകേന്ദ്രത്തിന്റെ പിളര്‍പ്പിനോടൊപ്പം അതില്‍ നിന്ന് കുറെ ഊര്‍ജവും സ്വതന്ത്രമാകുന്നുണ്ട്. ഈ ഊര്‍ജമാണ് വെള്ളത്തെ നീരാവിയാക്കുന്നതും വൈദ്യുതി ഉത്പാദനത്തിലേക്ക് നയിക്കുന്നതും. നേരത്തെ സൂചിപ്പിച്ച ‘ഷട്ട് ഡൌണ്‍’ ആയിക്കഴിഞ്ഞാല്‍ ശൃംഖലാ പ്രവര്‍ത്തനം നിലയ്ക്കും. അങ്ങനെ പിളര്‍പ്പിലൂടെ ഉണ്ടാകുന്ന ഊര്‍ജവും അതോടെ അവസാനിക്കും. പിന്നെന്താ കുഴപ്പം, എന്നല്ലേ? അവിടെയാണ് ആണവ നിലയങ്ങള്‍ വ്യത്യസ്തമാകുന്നത്.
ന്യൂട്രോണിന്റെ ഇടി മൂലം അണുകേന്ദ്രം പിളരുമ്പോള്‍ ഉണ്ടാകുന്ന കഷണങ്ങള്‍ ഒട്ടും ഉറപ്പുള്ളവയല്ല. അവ തിളച്ചു മറിയുകയായിരിക്കും. എന്നു വച്ചാല്‍ ഊര്‍ജം കൊണ്ട് അവ തുളുമ്പുകയായിരിക്കും. അവയില്‍ നിന്നും ഇനിയും കുറെ ഊര്‍ജവും വികിരണവും ഛര്‍ദിച്ചു കളഞ്ഞാല്‍ മാത്രമേ അവയ്ക്ക് സ്ഥിരത കിട്ടുകയുള്ളൂ. ആ പ്രക്രിയയിലൊക്കെ ധാരാളം ചൂട് വമിച്ചുകൊണ്ടിരിക്കും. ആ ചൂട് പുറത്തേക്ക് കളഞ്ഞില്ലെങ്കില്‍ കാമ്പ് ചുട്ടു പഴുത്ത് ഉരുകും. ചൂട് ഉള്ളില്‍ നിന്ന് വരുന്നതായതുകൊണ്ട് അതിന് അന്തമില്ല. അതിന്റെ അര്‍ഥം താപനില ഉയര്‍ന്നു കൊണ്ടേയിരിക്കും എന്നാണ്. ചൂട് കൂടിക്കൂടി ഇന്ധനം ഉരുകും. കാമ്പിനെ ഉള്‍ക്കൊള്ളുന്ന സ്റീല്‍ കവചവും ഉരുകും. അത് തുളഞ്ഞു താണ് അതിന് താഴെയുള്ള കോണ്‍ക്രീറ്റും ഉരുകും. മണ്ണിലെത്തിയാല്‍ മണ്ണും ഉരുകും. അണുകേന്ദ്രം പിളരുമ്പോള്‍ ഉണ്ടാകുന്ന വികിരണ മാലിന്യങ്ങള്‍ മണ്ണിലും ഭൂഗര്‍ഭ ജലത്തിലും കലരും. പിന്നെ എന്താ ഉണ്ടാകുക എന്ന് പറയാനാവില്ല. ഇത് തടയാന്‍ ഒരു വഴിയേയുള്ളൂ. റിയാക്ടര്‍ ‘ഷട്ട് ഡൌണ്‍’ ആയാലും കാമ്പ് തണുപ്പിച്ചുകൊണ്ടേയിരിക്കണം. അതുകൊണ്ട് എല്ലാ ആണവനിലയങ്ങളിലും കാമ്പ് സദാ തണുപ്പിച്ചു വയ്ക്കുന്നതിനായി പല തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കാറുണ്ട്. ഒരു സംവിധാനം തകരാറിലായാല്‍ മറ്റൊന്ന്, എന്ന തരത്തില്‍.
ഫുക്കുഷിമ ദയിചി ആണവ നിലയത്തിലും പല തട്ടിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ആദ്യത്തെ തലം നിലയത്തിലെ
വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് പമ്പ് ആയിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് വടക്കന്‍ ജപ്പാനിലെ ഇലക്ട്രിസിറ്റി വിതരണ സംവിധാനം ആകെ തകര്‍ന്നു.  fukushimaനിലയത്തിലേക്കുള്ള വൈദ്യുതി സപ്ളൈ നിലച്ചു. അതോടെ ശീതീകരണ സംവിധാനം പൊളിഞ്ഞു. പക്ഷേ ഇത് പ്രതീക്ഷിച്ച ഒരു പ്രതിസന്ധി ആണ്. അതുകൊണ്ട് അടിയന്തര സംവിധാനം ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമായി. മൂന്ന് ഡീസല്‍ ജെനെറെറ്ററുകള്‍ ആണ് ‘സ്റ്റാന്‍ഡ് ബൈ’ ആയി ഒരുക്കിയിരുന്നത്. അവയില്‍ ആദ്യത്തേത് പ്രവര്‍ത്തിച്ചു തുടങ്ങി. ഉച്ച തിരിഞ്ഞു 3.41നു സുനാമി തിരകള്‍ നിലയത്തെ ആക്രമിച്ചു. നിലയത്തിനകത്ത് ഏഴ് മീറ്റര്‍ വെള്ളം പൊങ്ങി.ആറര മീറ്റര്‍ വരെ പൊങ്ങിയാലും പ്രശ്നം ഉണ്ടാകാത്ത രീതിയിലാണ് നിലയം രൂപകല്‍പന ചെയ്തിരുന്നത്. പക്ഷേ ഏഴ് മീറ്റര്‍ വെള്ളം പൊങ്ങിയപ്പോള്‍ ഡീസല്‍ ജെനെരെറ്ററുകള്‍ വെള്ളത്തിലായി. മൂന്നും തകരാറിലായി. ശീതീകരണം മുടങ്ങി. പിന്നെ ബാക്കിയുണ്ടായിരുന്നത് ബാറ്ററി മൂലം പ്രവര്‍ത്തിക്കുന്ന പമ്പ് ആണ്. പക്ഷേ അത് ഏതാനും മിനിട്ടുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. അപ്പോള്‍ ബാറ്ററിയും ‘ഡൌണ്‍’ ആയി. അതോടെ ശീതീകരണം തീര്‍ത്തും ഇല്ലാതായി.
ആണവ നിലയ നിര്‍മാതാക്കള്‍ ഏറ്റവും ഭയക്കുന്ന അവസ്ഥ അങ്ങനെ സംജാതമായി. ഘീ ീള ഇീീഹമി അരരശറലി (ഘഛഇഅ) എന്നാണ് ഇതിനെ പറയുന്നത്.
ഇതായിരുന്നു ഫുക്കുഷിമ അപകടത്തിന്റെ തുടക്കം. ശീതീകരണം തടസ്സപ്പെട്ടപ്പോള്‍ കാമ്പിനകത്തുള്ള വെള്ളം തിളച്ചു നീരാവിയായി, മര്‍ദം ക്രമാതീതമായി വര്‍ധിച്ചു. മര്‍ദം കുറയ്ക്കാനായി ഒടുവില്‍ നീരാവി തുറന്നു വിടേണ്ടി വന്നു. അതോടെ കാമ്പിനകത്തെ ജലനിരപ്പ് താഴ്ന്നു താഴ്ന്നു വന്നു. ഇന്ധന ദണ്ഡുകള്‍ വെള്ളത്തില്‍ മൂങ്ങാത്ത അവസ്ഥ വന്നു. അവിടത്തെ താപനില ക്രമാതീതമായി ഉയര്‍ന്നു. ഇന്ധന ദണ്ഡുകളെ പൊതിഞ്ഞിരുന്ന ലോഹ ഉറ നീരാവിയുമായി പ്രതിപ്രവര്‍ത്തിച്ചു ഹൈഡ്രജന്‍ ഉണ്ടായി. ഇത് ചൂട് പുറത്തേക്ക് വമിക്കുന്ന ഒരു പ്രതിപ്രവര്‍ത്തനം ആയതുകൊണ്ട് താപനില പിന്നെയും ഉയര്‍ന്നു. 2500 ഡിഗ്രിയും കവിഞ്ഞു എന്നാണ് കണക്കുകൂട്ടല്‍. ഇതോടെ റിയാക്ടറിന്റെ കാമ്പ് ഉരുകി നാശമായി. ഇതാണ് ക്രമേണ ഒരു ഹൈഡ്രജന്‍ പൊട്ടിത്തെറിയിലേക്കും വികിരണ മാലിന്യങ്ങള്‍ പുറത്ത് പരക്കുന്നതിനും ഇടയാക്കിയത്.tsunami2 ഫുക്കുഷിക ദയിചിയില്‍ നാല് റിയാക്ടറുകള്‍ ആണ് ഉണ്ടായിരുന്നത്. നാലിലും ഏതാണ്ട് ഇതേ രീതിയിലുള്ള സംഭവ വികാസങ്ങള്‍ ഉണ്ടായി. ആണവ നിലയത്തിന്റെ തറയില്‍ ഉണ്ടായ വിള്ളലിലൂടെ വികിരണ മാലിന്യങ്ങള്‍ ഭൂഗര്‍ഭ ജലത്തിലും അതുവഴി കടല്‍ വെള്ളത്തിലും കലര്‍ന്നു. അക്കൂട്ടത്തില്‍ ജൈവ പ്രക്രിയയുമായി വളരെ ബന്ധമുള്ള അയോഡിന്‍, സീഷ്യം, സ്ട്രോന്ഷ്യം തുടങ്ങിയവ മത്സ്യങ്ങളിലും അവ വഴി ക്രമേണ മനുഷ്യരിലും എത്താം. കടല്‍വെള്ളത്തില്‍ ഉള്ളതിന്റെ പലമടങ്ങ് സാന്ദ്രതയില്‍ ഇത് മത്സ്യങ്ങളില്‍ കുമിഞ്ഞു കൂടും. ഇതിന് ജൈവ സാന്ദ്രീകരണം എന്ന് പറയുന്നു. ഈ മൂലകങ്ങള്‍ ദീര്‍ഘകാലം ശരീരത്തില്‍ അടിഞ്ഞുകൂടി വികിരണം വമിച്ചുകൊണ്ടേയിരിക്കും. കാന്‍സര്‍ തുടങ്ങി പല മാരക രോഗങ്ങള്‍ക്കും ഇത് കാരണമാകും. വായുവില്‍ കലര്‍ന്ന വികിരണ മാലിന്യങ്ങള്‍ മേഘങ്ങളുടെ ചിറകിലേറി ആയിരക്കണക്കിനു കിലോമീറ്റര്‍ സഞ്ചരിച്ചേക്കാം. ഏതായാലും മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഇരുപതു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തു നിന്ന് ഒരു ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. ആ പ്രദേശത്തു നിന്നുള്ള പച്ചക്കറി, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്ര നാള്‍ കഴിഞ്ഞാല്‍ ഇവര്‍ക്ക് സ്വന്തം വാസസ്ഥലങ്ങളിലേക്ക് മടങ്ങി ച്ചെല്ലാന്‍ ആകും എന്ന് വ്യക്തമല്ല. ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് റഷ്യയില്‍ ചെര്‍ണോബില്‍ എന്ന സ്ഥലത്ത് ഇതുപോലൊരു ആണവ അപകടം ഉണ്ടായി. അവിടെയും ഇരുപതു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള താമസക്കാരെ ഒഴിപ്പിക്കേണ്ടി വന്നു. അവര്‍ക്ക് ഇനിയും മടങ്ങിപ്പോകാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് ഹെക്ടര്‍ സ്ഥലം വികിരണ മാലിന്യങ്ങള്‍ വീണു താമസത്തിനും കൃഷിക്കും പറ്റാത്തതായി മാറി. ഫുക്കുഷിമ ദുരന്തം ചെര്‍ണോബിലേതു പോലെ ആവില്ല എന്നു നമുക്ക് ആശിക്കാം.

അളവില്ലാത്ത ഊര്‍ജം!

ആറ്റം അഥവാ പരമാണു എന്നു പറഞ്ഞാല്‍ തന്നെ ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ കണിക, പിളര്‍ക്കാന്‍ പറ്റാത്തത് എന്നൊക്കെയാണല്ലോ അര്‍ഥം. ഇരുമ്പ്, ചെമ്പ്, സ്വര്‍ണം, ഈയം, ഹൈഡ്രജന്‍, ഓക്സിജന്‍ തുടങ്ങിയ മൂലകങ്ങളുടെയെല്ലാം ഏറ്റവും ചെറിയ കണിക - പിന്നെ അതിനെ ചെറുതാക്കാന്‍ പറ്റില്ല, അതായിരുന്നു പരമാണുവിനെ സംബന്ധിച്ച സങ്കല്‍പം. ഗോലിപോലെ കടുത്ത, ഉറപ്പായ ഒന്ന്.
അങ്ങനെയിരിക്കെയാണ്, 1876 ല്‍ സര്‍ വില്യം ക്രൂക്സ് ന്യൂന മര്‍ദത്തിലുള്ള ഡിസ്ചാര്‍ജ് ട്യൂബില്‍ നിന്ന് പ്രവഹിക്കുന്ന രശ്മികള്‍ കണ്ടുപിടിച്ചത്. അതോടെ പരമാണുക്കള്‍ക്കകത്തും എന്തൊക്കെയോ സംഭവിക്കുന്നുണ്ട് എന്ന് വ്യക്തമായി. ഈ രശ്മികള്‍ക്ക് പിന്നീട് ഇലക്ട്രോണ്‍ എന്ന പേര് വീണു. തുടര്‍ന്ന് ന്യൂട്രോണുകളും പ്രോട്ടോണുകളും കണ്ടുപിടിക്കപ്പെട്ടു. ന്യൂട്രോണുകളെ കൊണ്ട് വമ്പന്‍ പരമാണുക്കളില്‍ എയ്താല്‍ അവയെ പിളര്‍ക്കാം എന്നതായിരുന്നു അടുത്ത കണ്ടുപിടിത്തം. 1937 ല്‍ ഓട്ടോ ഹാന്‍, ഫ്രിട്സ് സ്ട്രാസ്സ്മാന്‍, ലിസെ മെയിട്െനര്‍ എന്നീ ജര്‍മന്‍ ശാസ്ത്രജ്ഞര്‍ ആണ് ഈ കണ്ടുപിടിത്തം നടത്തിയത്.chain
വലിയ പരമാണുക്കള്‍ പിളരുമ്പോള്‍ അതില്‍ നിന്ന് ധാരാളം ഊര്‍ജം മോചിതമാകുന്നുവെന്നും അതുപയോഗിച്ച് അതിശക്തമായ ആയുധങ്ങള്‍ ഉണ്ടാക്കാം എന്നുമുള്ള പറച്ചിലുകള്‍ അന്നുണ്ടായിരുന്നു. ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തില്‍ വരുകയും രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തപ്പോള്‍ ആണവോര്‍ജം ഉപയോഗിച്ചുള്ള സര്‍വ വിനാശകാരിയായ ആറ്റംബോംബു നിര്‍മിക്കാന്‍ ഹിറ്റ്ലര്‍ ഒരുങ്ങുന്നുവെന്ന സംസാരം ശാസ്ത്രജ്ഞരുടെയിടയില്‍ പരന്നു. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍...? ഹിറ്റ്ലറുടെ ജൂത പീഡനം ഭയന്ന് ജര്‍മനിയില്‍ നിന്ന് പലായനം ചെയ്ത് ഇംഗ്ളണ്ടിലും അമേരിക്കയിലും അഭയം തേടിയിരുന്ന ഐന്‍സ്റൈനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന റൂസ് വെല്‍റ്റിനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക ആറ്റം ബോംബുണ്ടാക്കാനുള്ള യത്നത്തില്‍ ഏര്‍പ്പെട്ടത്. എങ്കിലും സംഭവിച്ചത് നേരെ മറിച്ചാണ്. ജര്‍മന്‍ ബോംബ് എങ്ങുമെങ്ങും എത്തിയില്ല. അമേരിക്കയുടെ ബോംബ് പദ്ധതി വിജയപ്രദമാകുകയും ചെയ്തു. പക്ഷേ ബോംബ് റെഡിയായപ്പോഴേക്കും ജര്‍മനി കീഴടങ്ങിക്കഴിഞ്ഞു. ജപ്പാന്‍ കീഴടങ്ങലിന്റെ വക്കത്തുമെത്തി. ഇനി ജപ്പാന്‍ കൂടി കീഴടങ്ങും മുമ്പ് തങ്ങളുടെ കൈയില്‍ കിട്ടിയ ‘ദിവ്യായുധം’ പ്രയോഗിക്കാനുള്ള തിടുക്കത്തിലായി അമേരിക്കന്‍ സൈനിക മേധാവികള്‍. അങ്ങനെയാണ് ജപ്പാന് മാന്യമായ കീഴടങ്ങലിനുള്ള അവസരം മനപ്പൂര്‍വം കൊടുക്കാതെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോംബ് ഇട്ടത്. യുദ്ധത്തിന് ശേഷമുള്ള ലോകത്തിലെ സര്‍വാധിപത്യം ആയിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ താമസിയാതെ സോവിയറ്റ് യൂണിയനും ആറ്റം ബോംബ് സ്വായത്തമാക്കിയതോടെ ലോകം അത്യന്തം അപകടകരമായ ആണവപ്പന്തയത്തിലേക്ക് വഴുതി വീണു.
ആറ്റം ബോംബിനെതിരെ ലോക മനസ്സാക്ഷി ഉണര്‍ന്നു. ബെര്‍ട്രന്‍ഡ് റസ്സലിനെപ്പോലുള്ള മനുഷ്യ സ്നേഹികളായ ശാസ്ത്രജ്ഞര്‍ ആണവ ആയുധങ്ങള്‍ നിരോധിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നു.
ആ സന്ദര്‍ഭത്തിലാണ്“‘അണുശക്തി സമാധാനത്തിന്’”എന്ന മുദ്രാവാക്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചത്. അണുശക്തിയെ വിനാശകരമായ തോതില്‍ ഒറ്റയടിക്ക് പുറത്തുവിടുന്ന ബോംബിനു പകരം അതിനെ നിയന്ത്രിതമായി വിമോചിപ്പിക്കുന്ന ആണവ റിയാക്ടറുകള്‍ നിര്‍മിക്കുക, അങ്ങനെ പുറത്തു വരുന്ന ഊര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക. ഒരു ടണ്‍ ആണവ ഇന്ധനം പൂര്‍ണമായി വിഘടിച്ചാല്‍ ഏതാണ്ട് ഒരു കോടി ടണ്‍ കല്‍ക്കരി കത്തിക്കുന്നതിന് സമാനമായ ഊര്‍ജം ഉത്പാദിപ്പിക്കാം! ഊര്‍ജ എന്‍ജിനീയര്‍മാര്‍ ഉത്സാഹ പ്രഹര്‍ഷത്തിലായി. ഇനി ഊര്‍ജ സുഭിക്ഷതയുടെ നാളുകളായിരിക്കും എന്ന് അവര്‍ സ്വപ്നം കണ്ടു. ഭരണാധികാരികളെ പറഞ്ഞു വിശ്വസിപ്പിച്ചു. വൈദ്യുതിയുടെ ചെലവ് കുറഞ്ഞു കുറഞ്ഞ് അത് മീറ്ററില്ലാതെ തന്നെ സൌജന്യമായി വിതരണം ചെയ്യുന്ന നാള്‍ വരും എന്നായിരുന്നു അക്കാലത്തെ വീമ്പുപറച്ചില്‍.


തിരിച്ചടിയുടെ നാളുകള്‍

ലോകത്ത് ആദ്യത്തെ ആണവ വൈദ്യുതി നിലയം പ്രവര്‍ത്തിച്ചത് സോവിയറ്റ് യൂണിയനില്‍ ആയിരുന്നു - 1955 ല്‍. 1956 ല്‍ ബ്രിട്ടനിലെ കാല്‍ദര്‍ ഹാള്‍ വൈദ്യുതി നിലയം പ്രവര്‍ത്തനം തുടങ്ങി. എങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം തുടങ്ങിയത് 1962 ല്‍ അമേരിക്കയിലാണ്. അറുപതുകള്‍ ശുഭ പ്രതീക്ഷയുടെ നാളുകള്‍ ആയിരുന്നെന്ന് പറയാം. ഒറ്റപ്പെട്ട എതിര്‍പ്പുകളും ആശങ്കകളും അവിടവിടെ ഉയര്‍ന്നിരുന്നെങ്കിലും ആണവ നിലയങ്ങള്‍ തീര്‍ത്തും സുരക്ഷിതമാണെന്ന ശാസ്ത്രജ്ഞരുടെയും അധികാരികളുടെയും ഉറപ്പില്‍ ജനങ്ങള്‍ക്ക് പൊതുവേ വിശ്വാസം ആയിരുന്നു.
പക്ഷേ 1979- ല്‍ അമേരിക്കയിലെ ത്രീ മൈല്‍ ഐലണ്ട് എന്ന സ്ഥലത്ത് സംഭവിച്ച ആണവ അത്യാഹിതം ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഒരിക്കലും സംഭവിക്കില്ല എന്ന് ആണവ വിദഗ്ധര്‍ ഉറപ്പു നല്കിയിരുന്ന ശീതീകരണ സംവിധാന തകര്‍ച്ച (ഘീ ഛള ഇീീഹമി അരരശറലി) ആണ് അവിടെ ഉണ്ടായത്. മദമിളകിയ ആനയെപ്പോലെ നിയന്ത്രണം വിട്ട് കൂത്താടിയ റിയാക്ടറിനെ വരുതിയില്‍ കൊണ്ടുവരാന്‍ അഞ്ച് ദിവസം വേണ്ടിവന്നു. ഭാഗ്യവശാല്‍, കാമ്പ് ഉരുകല്‍ ഒഴിവാക്കാന്‍ കഴിഞ്ഞു. ആളപായം ഉണ്ടായില്ല. എങ്കിലും സംഭവിക്കില്ല എന്ന് വിദഗ്ധര്‍ പറഞ്ഞിരുന്ന കാര്യങ്ങളാണ് അവിടെ സംഭവിച്ചത്. ഇത് ആണവ വിദഗ്ധരിലും അധികൃതരിലും ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെടുവാന്‍ ഇടയാക്കി. അമേരിക്കയില്‍ പണിയിലിരുന്ന ആണവനിലയങ്ങള്‍ ഒന്നൊന്നായി കാന്‍സല്‍ ചെയ്യപ്പെട്ടു. 1976 നു ശേഷം അമേരിക്കയില്‍ ഒരൊറ്റ ആണവ നിലയത്തിനും ഓര്‍ഡര്‍ കിട്ടിയിട്ടില്ല എന്ന് പറഞ്ഞാല്‍ അവിടത്തെ ജനങ്ങളുടെ എതിര്‍പ്പിന്റെ രൂക്ഷത മസ്സിലാക്കാമല്ലോ. കൂനിന്മേല്‍ കുരു എന്നവണ്ണം ആയിരുന്നു 1986-ലെ ചെര്‍ണോബില്‍ ദുരന്തം. അവിടെ ഒരു ആണവ റിയാക്ടര്‍ പൊട്ടിത്തെറിച്ചു. മാരകവികിരണം വമിക്കുന്ന ആണവ മാലിന്യങ്ങള്‍ നാലുപാടും പരന്നു. ദശലക്ഷക്കണക്കിനു ഹെക്ടര്‍ കൃഷിഭൂമിയും വനഭൂമിയും വിഷലിപ്തമായി. മുപ്പതു കിലോമീറ്റര്‍ ചുറ്റുവട്ടത്തുള്ള ലക്ഷക്കണക്കിന് ആളുകളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ക്ക് സ്വന്തം സ്ഥലത്തേക്ക് മടങ്ങിപ്പോകാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും മിതമായ ഔദ്യോഗിക കണക്ക് അനുസരിച്ചു പോലും നാലായിരത്തിലധികം ആളുകള്‍ കാന്‍സര്‍ ബാധമൂലം മരിക്കാനിടയായിട്ടുണ്ട്. സ്വതന്ത്ര ഏജന്‍സികളുടെ കണക്കനുസരിച്ച് ഇത് പതിന്മടങ്ങ് വരും. ദുരന്തത്തിന്റെ മൊത്തം നഷ്ടം ലക്ഷക്കണക്കിന് കോടി രൂപയിലാണ് വിവിധ ഏജന്‍സികള്‍ കണക്കാക്കുന്നത്.
മേല്‍ സൂചിപ്പിച്ച ഇരട്ട വീഴ്ചകളില്‍ നിന്ന് ഏതാണ്ട് രക്ഷപ്പെട്ട് വീണ്ടും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനു കച്ചകെട്ടിത്തുടങ്ങിയപ്പോഴാണ് ജപ്പാനിലെ ഈ പുതിയ ദുരന്തം ആണവ പ്രതീക്ഷകള്‍ക്ക് കനത്ത ഒരു ആഘാതം ഏല്‍പ്പിച്ചിരിക്കുന്നത്.
 


ഡോ. ആര്‍ വി ജി മേനോന്‍

 

അര്‍ജന്റീന