KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ ടാക്സി കാറിലെ പ്രേതം
ടാക്സി കാറിലെ പ്രേതം

kath1

സാധാരണ ടാക്സി ഡ്രൈവര്‍മാരെപ്പോലെ ആയിരുന്നില്ല മുരുകന്‍ പിള്ള. മഹാ അഹങ്കാരി. സാധാരണ ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരെ കണ്ടാല്‍ ഒരു സന്തോഷവും ബഹുമാനവും സ്നേഹവും ഒക്കെ ആണല്ലോ. എന്നാല്‍ ഇയാളാകട്ടെ നേരേ തിരിച്ചും. കാറില്‍ കയറുന്നവരോട് പുച്ഛം. സര്‍വത്ര ഉടക്ക്. റോഡില്‍ കൂടി നടക്കുന്നവരോട് അതിനേക്കാള്‍ പുച്ഛം.
വഴിയാത്രക്കാരെ വിരട്ടലാണ് മുരുകന്‍ പിള്ളയുടെ സ്ഥിരം വിനോദം. പേടിപ്പിച്ച് ഹോണടിക്കും. മഴക്കാലത്താണെങ്കില്‍ വഴിയാത്രക്കാരന്റെ മേല്‍ വെള്ളം തെറിപ്പിക്കാന്‍ കിട്ടുന്ന ഒരു ചാന്‍സും ഇയാള്‍ കളയില്ല. മറ്റു വാഹനങ്ങളുടെ നേരേ ആക്രോശിക്കുക, വഴക്കുണ്ടാക്കുക എന്നത് ഇയാളുടെ സ്ഥിരം കലാപരിപാടി തന്നെ.
മുരുകന്‍പിള്ളയെ അറിയാവുന്നവരില്‍ ഒരു മാതിരിപ്പെട്ട ആള്‍ക്കാരൊന്നും ഇയാളുടെ വണ്ടിയില്‍ കയറില്ല. എന്തിനാണു വെറുതെ പുലിവാല്‍ പിടിച്ചു വയ്ക്കുന്നത് എന്നാണ് അവര്‍ ആലോചിക്കുക. വണ്ടിയില്‍ ആരെങ്കിലും കയറിക്കഴിഞ്ഞാല്‍ ഉടന്‍ തുടങ്ങും മുരുകന്‍ പിള്ളയുടെ ഉടക്കുകള്‍. ഏറ്റവും കഷ്ടം ഇയാള്‍ കൂലി ആദ്യം പറയില്ല എന്നതാണ്. ആളിറങ്ങേണ്ട സ്ഥലത്തെത്തുമ്പോള്‍ വലി യൊരു തുക ആവശ്യപ്പെടും. പിന്നെ യാത്ര ക്കാരുമായി മുട്ടന്‍ വഴക്കായി. ഇയാളുടെ കെട്ടും മട്ടുമൊക്കെ കണ്ടാല്‍ വിരണ്ടുപോകുകയും ചെയ്യും. സദാസമയവും മുറുക്കിച്ചുവപ്പിച്ച്, ബീഡിയും വലിച്ച് ഒരു ക്രൂരന്റെ ലക്ഷണമാണ് പിള്ളയ്ക്ക്. ഇതൊക്കെക്കൂടിയാകുമ്പോള്‍ വഴക്കില്‍ ജയിക്കുക മുരുകന്‍ പിള്ള തന്നെ. ഇയാളുടെ കാറില്‍ കയറാന്‍ തോന്നിയ നിമിഷത്തെ പഴി പറഞ്ഞ് യാത്രക്കാരന്‍ കൈയിലുള്ള കാശും കൊടുത്തു സ്ഥലം വിടും. അതാണ് പതിവ്. പിന്നെ, പകലൊന്നും ഇയാള്‍ ടാക്സി ഓടിക്കുകയുമില്ല. രാത്രിയാണ് പഥ്യം. കാരണം അന്നേരമായാല്‍ ആരെ വേണ മെങ്കിലും ഇയാള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവുമല്ലോ. നിരത്തിലൊന്നും ആളുകള്‍ അധികം കാണുകയുമില്ല.
ഇങ്ങനെയൊക്കെയുള്ള മുരുകന്‍ പിള്ള അങ്ങനെ ഒരു ദിവസം നേരം ഇരുട്ടി ത്തുടങ്ങിയപ്പോള്‍ ഇരയെ കാത്ത് ടാക്സിയും കൊണ്ട് ആളൊഴിഞ്ഞ ജംഗ്ഷനില്‍ വിശ്രമി ക്കുകയായിരുന്നു. മുറുക്കിച്ചുവപ്പിച്ച ചുണ്ടു കളില്‍ കത്തിച്ച ബീഡിയും ഉണ്ടായിരുന്നു. അതിലേ വന്നവരാരും പുള്ളിക്കാരന്റെ വണ്ടി യുടെ ഭാഗത്തേക്കു നോക്കിയതേയില്ല. കാരണം നോക്കിപ്പോയാല്‍ത്തന്നെ എന്തെങ്കിലും സംഭവിക്കും. അതൊഴി വാക്കുന്നതല്ലേ നല്ലത്?
കുറെ നേരം അങ്ങനെ പോയി. സാധാരണ ടാക്സി ഡ്രൈവര്‍മാരെപ്പോലെ
യല്ല ഇയാള്‍ എന്ന് പറഞ്ഞിരുന്നല്ലോ. ആളുകള്‍ കയറണം, ഓട്ടം കിട്ടണം എന്നൊന്നും ഇയാള്‍ക്കു ചിന്തയില്ല. ആരെയെങ്കിലും കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അയാളുടെ കാര്യം പോക്കുതന്നെയെന്നു മാത്രം.
കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഒരു സഞ്ചിയും തൂക്കി അതുവഴി വന്നു. കുറച്ചു നേരം അയാള്‍ ജംഗ്ഷനിലെ വലിയ മരത്തിന്റെ ചോട്ടില്‍ നിന്നു. അപ്പോഴേക്കും ഇരുട്ടു കനത്തു കഴിഞ്ഞിരുന്നു. തെരുവുവിളക്കുകള്‍ ഒന്നു രണ്ടെണ്ണം മാത്രമേ കത്തുന്നുള്ളൂ. അതുകൊണ്ട് ദൂരെനിന്നു വരുന്നവരെയൊന്നും കാണാനാകില്ല. മുരുകന്‍ പിള്ളയുടെ കാര്‍ ഇരുട്ടത്തു മാറികിടക്കുകയാണ്. നേരിയ ചന്ദ്രപ്രകാശം ഉണ്ട്. നിലാവില്‍ മരം കൂടുതല്‍ ഇരുണ്ട് കറുത്തു നിന്നു. അതിന്റെ നിഴല്‍ ചെറുപ്പക്കാരനു ചുറ്റും പരന്നു. അതുകൊണ്ട് അയാളുടെ മുഖം കാണുന്ന വര്‍ക്കു വ്യക്തവുമല്ലായിരുന്നു.
ചെറുപ്പക്കാരന്‍ ഇടയ്ക്കിടെ ബസ്സു വല്ലതും വരുന്നുണ്ടോ എന്നു റോഡിന്റെ വലതു വശത്തേക്കു നോക്കിക്കൊണ്ടിരുന്നു. എവിടെ വരാന്‍? ഈ സമയത്ത് ഇതിലേ ബസ് ഒന്നും ഇല്ലെന്ന് അയാള്‍ക്ക് അറിയില്ലായിരിക്കും. പിന്നെ അയാള്‍ അടുത്തുള്ള മുറുക്കാന്‍ കടയിലേക്കു നോക്കി. അതും അപ്പോഴേക്ക് അടച്ചു കഴിഞ്ഞിരുന്നു.
ഇപ്പോള്‍ മുരുകന്‍പിള്ളയും ചെറുപ്പക്കാരനും മാത്രമേ ജംഗ്ഷനില്‍ ഉള്ളൂ. ചെറുപ്പക്കാരനെ ഇടയ്ക്കിടയ്ക്ക് മുരുകന്‍ പിള്ള നിരീക്ഷി ക്കുന്നുണ്ടായിരുന്നു. കുറെ ക്കഴിഞ്ഞപ്പോള്‍ മുരുകന്‍ പിള്ള അയാളോട് ‘എവിടെപ്പോകാ നാടേ’ എന്നു വിളിച്ചു ചോദിച്ചു. ‘കണ്ണമ്മൂല യിലേക്ക്’ എന്ന് അയാള്‍ പറഞ്ഞു. “അതിന് അവിടെ നിന്നാല്‍ എങ്ങനെ ഇന്നു കണ്ണമ്മൂല യില്‍ ചെല്ലും?” മുരുകന്‍പിള്ള ചോദിച്ചു.
“ഇനി അങ്ങോട്ട് ബസ്സൊന്നുമില്ലേ?” ചെറുപ്പക്കാരന്‍ അന്വേഷിച്ചു.
“ഇനി അങ്ങോട്ട് വണ്ടിയുമില്ല, വള്ളവുമില്ല. നടന്നു പോകാന്‍ നോക്ക്,” മുരുകന്‍ പിള്ള ഉടക്കു തുടങ്ങി.
“നടന്നു പോകാന്‍ എത്ര കിലോമീറ്റര്‍ കാണും?” ചെറുപ്പക്കാരന്‍ ചോദിച്ചു.
“ഒരു പത്തു കിലോമീറ്റര്‍ കാണും. എന്താ നടന്നു നോക്കുന്നോ?” മുരുകന്‍ പിള്ള കളിയാക്കി.
“ചേട്ടന്റെ ടാക്സി അങ്ങോട്ടു പോകില്ലേ?” ചെറുപ്പക്കാരന്‍ ചോദിച്ചു.
“എന്താ ഈ കാറിനു ടയറില്ലേ? ഓടാനല്ലേ ടാക്സി കിടക്കുന്നത്?” മുരുകന്‍ പിള്ള വീണ്ടും ഉടക്കാന്‍ തുടങ്ങി.
ചെറുപ്പക്കാരന്‍ ഇത്തിരിക്കൂടെ വെട്ടത്തി ലേക്കു മാറി നിന്നു. പിന്നെ മുരുകന്‍ പിളളയു മായുള്ള സംസാരം നിര്‍ത്തി. ഈ സംസാരം ശരിയാവില്ല എന്ന് അയാള്‍ക്കു തോന്നി യിരിക്കണം.
പക്ഷേ എന്തുചെയ്യാം? അയാള്‍ക്ക് കണ്ണമ്മൂലയില്‍ എത്തിയല്ലേ പറ്റൂ. അതു കൊണ്ടാവണം കുറെ നേരം കൂടി കഴിഞ്ഞ് മടിച്ചു മടിച്ച് അയാള്‍ മുരുകന്‍ പിള്ളയുടെ ടാക്സിയുടെ അടുത്തേക്കു ചെന്നു. പിള്ള യാകട്ടെ അയാളെ തലയുയര്‍ത്തി നോക്കുക പോലും ചെയ്തില്ല.
“ചേട്ടാ, എന്തായാലും നമുക്ക് അവിടെവരെ ഒന്നു പോകാം. എനിക്കിനി ബസ് ഒന്നും കിട്ടുമെന്നു തോന്നുന്നില്ല.”
“വണ്ടിയും വള്ളവുമൊന്നും കിട്ടില്ലെന്നു ഞാന്‍ പറഞ്ഞത് താന്‍ കേട്ടില്ലേ?” മുരുകന്‍ പിള്ള ചൂടായി.
ചെറുപ്പക്കാരന്‍ കാറിന്റെ പിന്‍വശത്തെ ഡോറു തുറന്ന് കയറാന്‍ ഭാവിച്ചു.
“കയറാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ? ഇതു തന്റെ വണ്ടിയാണോ?” മുരുകന്‍ പിള്ള ചോദിച്ചു.
ചെറുപ്പക്കാരന്‍ പേടിച്ചു പിറകോട്ടു മാറി. ഇനിയെന്തുചെയ്യുമെന്നാലോചിച്ചു വിരണ്ടു നിന്നു.
“ആ കേറ്,” പിന്നെ മുരുകന്‍ പിള്ള പറഞ്ഞു. ചെറുപ്പക്കാരന്‍ കയറി. ചുണ്ടിലിരുന്ന ബീഡി പുറത്തേക്കു തുപ്പിക്കളഞ്ഞ് പിള്ള വണ്ടി ഇരപ്പിച്ചു. പിന്നെ ഇരുട്ടത്തേക്കു കുതിച്ചു.
കുറച്ചു ദൂരം വണ്ടി നീങ്ങിയപ്പോള്‍ പിന്നില്‍ നിന്നു ചെറുപ്പക്കാരന്‍ ചോദിച്ചു: “ചേട്ടാ എത്ര രൂപയാകും ചാര്‍ജ്?”
“അതു ചോദിച്ചിട്ടു വേണ്ടേ വണ്ടിയില്‍ കേറാന്‍?” മുരുകന്‍ പിള്ള ചൂടുതന്നെ.
“തിരക്കിനിടയ്ക്ക് മറന്നുപോയി. എന്നാലും എത്രയാകും?”
“അതിനിയാള്‍ക്ക് വേറെ പണിയൊന്നും ഉണ്ടായിരുന്നില്ലല്ലോ. വെറുതേ കുറ്റിയടിച്ചു നില്‍ക്കുകയായിരുന്നില്ലേ?”
“ചേട്ടന്‍ ഉടക്കാതെ. കൂലി എത്രയാകുമെന്നു പറയ്...” ചെറുപ്പക്കാരന്‍ അപേക്ഷിച്ചു.
“ആയിരം രൂപ,” മുരുകന്‍ പിള്ള മുരണ്ടു.
“ആയിരം രൂപയോ? ഇത്ര ചെറിയ ഓട്ടത്തിനോ?” ചെറുപ്പക്കാരന്‍ ദയനീയമായി ചോദിച്ചു.
“ചെറിയ ഓട്ടമാണെന്ന് ആരു പറഞ്ഞു?”
“എന്താ, അത്രയും ദൂരമേയുള്ളൂ എന്നല്ലേ പറഞ്ഞത്?”
“എന്നു ഞാന്‍ പറഞ്ഞിട്ടില്ല.”
“പറഞ്ഞു. നടന്നു പോകുന്നോ എന്നും ചോദിച്ചില്ലേ?”
“അതൊക്കെ ഇയാളങ്ങു മറന്നുകള. എനിക്ക് ആയിരം രൂപയും തരണം. അല്ലാതെ തന്നെ ഞാന്‍ ഇറക്കി വിടത്തില്ല.” മുരുകന്‍ പിള്ള ഇപ്പോള്‍ വല്ലാതെ ക്രൂരമായിട്ടാണ് സംസാരിക്കുന്നത്.
“ഞാന്‍ അവിടെ ആളുകളോടു പറയും, നിങ്ങള്‍ എന്നെ പറ്റിക്കുകയാണെന്ന്...” ചെറുപ്പക്കാരന്‍ ദയനീയമായി പറഞ്ഞു.
“ആരു തന്നെ വിശ്വസിക്കും? താന്‍ എവിടെ നിന്നാണു കയറിയതെന്ന് അവര്‍ക്കെങ്ങനെ അറിയാം? ഞാന്‍ പറയുന്നതു തന്നെയാണു കാര്യം,” മുരുകന്‍ പിള്ള പറഞ്ഞു.
“ചേട്ടാ പ്ളീസ്...” വീണ്ടും ചെറുപ്പക്കാരന്‍ അപേക്ഷിച്ചു.
“ഒരു പ്ളീസുമില്ല. മാത്രവുമല്ല. ആ ഭാഗത്തൊന്നും ഈ സമയത്ത് ഒരു മനു ഷ്യനും ഉണ്ടാകുകയുമില്ല. സൂക്ഷിച്ചോ.” അയാള്‍ പറഞ്ഞു.
ചെറുപ്പക്കാരന്‍ വീണ്ടും ചോദിച്ചു: “കൂലി ഒട്ടും കുറയില്ലേ?”
“താന്‍ ആയിരം രൂപ എടുത്തുവയ്ക്ക്,” അയാള്‍ മയമില്ലാതെ പറഞ്ഞു.

കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം പിന്നില്‍ നിന്ന് പരുപരുത്ത ഒരു ശബ്ദം കേട്ട് ഡ്രൈവര്‍ മുരുകന്‍പിള്ള ഞെട്ടി. “എന്നാല്‍ താന്‍ ഇപ്പോള്‍ത്തന്നെ പിടിച്ചോ ആയിരം രൂപ.” തോളിലേക്കു നീണ്ടുവന്ന കൈയില്‍ നീണ്ട നഖങ്ങള്‍ മാത്രമേ പിള്ളയ്ക്ക് കാണാന്‍ പറ്റിയുള്ളൂ. കൂര്‍ത്ത നഖങ്ങളില്‍ നിന്ന് ചോരയിറ്റുന്നുണ്ടായിരുന്നു. അതിന്റെ നനവ് പിള്ളയുടെ കഴുത്തില്‍ കിട്ടി. ഞെട്ടി തിരിഞ്ഞു നോക്കാന്‍ പോലും അയാള്‍ക്ക് ശക്തി യുണ്ടായിരുന്നില്ല. പേടിച്ചു വിരണ്ട അയാള്‍ മുന്നിലെ കണ്ണാടിയിലൂടെ പിന്നിലിരിക്കുന്ന യാളിന്റെ പ്രതിബിംബം കണ്ടു. താന്‍ ഭയന്നതു പോലെത്തന്നെ.  കണ്ണു തുറിച്ച്, പല്ലുകള്‍ കൂര്‍പ്പിച്ച് ഒരു പ്രേതം. അതിന്റെ നാവ് പുറത്തേക്കു നീണ്ട് ആടുന്നുണ്ട്.kath2
വീണ്ടും പരുപരുത്ത ശബ്ദം. “എന്താ ഇപ്പോള്‍ത്തന്നെ തരട്ടേ ആയിരം രൂപ?”
“അയ്യോ വേണ്ട,” എന്നു പറയാന്‍ പിള്ള ഒരുപാട് നേരമെടുത്തു. കാരണം അയാള്‍ക്ക് നാവനങ്ങുന്നുണ്ടായിരുന്നില്ല.
താന്‍ പേടിക്കുകയൊന്നും വേണ്ട, സൂക്ഷിച്ചു വണ്ടിയോടിച്ചാല്‍ മതി. കാശു വേണ്ട സമയത്തു ചോദിച്ചുകൊള്ളണം. പിന്നില്‍ നിന്നു പ്രേതം പറഞ്ഞു.”
“പണമൊന്നും വേണ്ട, മുരുകന്‍പിള്ള കരഞ്ഞുകൊണ്ടു പറഞ്ഞു. “ഞാന്‍... ഇപ്പോള്‍ത്തന്നെ... ഞാന്‍ അവിടെയെത്തി ച്ചോളാം.”
“തല്‍ക്കാലം അവിടെ ജംഗ്ഷനില്‍ നിര്‍ത്തേണ്ട. അതിനടുത്തുള്ള ശവക്കോട്ടയ് ക്കടുത്തു നിര്‍ത്തിയാല്‍ മതി. അവിടെ യാണെന്റെ താമസം” പിന്നില്‍ നിന്നു പ്രേതം മുരണ്ടു.
പിള്ള വിറയ്ക്കാന്‍ തുടങ്ങി. അയാളുടെ നിയന്ത്രണം വിട്ടുപോകുമെന്ന മട്ടായി.
“സൂക്ഷിച്ചു വണ്ടിയോടിക്കെടോ” പ്രേതം അലറി.
പിള്ള വിയര്‍ത്തുകുളിച്ചു. വേഗത കുറച്ചു സൂക്ഷിച്ച് ഓടിക്കാന്‍ തുടങ്ങി.
ഒരു ജംഗ്ഷനില്‍ എത്തിയപ്പോള്‍ പ്രേതം പറഞ്ഞു. “കുറച്ചു മുന്നോട്ടു മാറ്റി ആ ഇരുട്ടത്തോട്ടു നിര്‍ത്തുക. എന്നിട്ട് ആ കാണുന്ന കടയില്‍ പോയി അഞ്ചു പഴംപൊരിയും നാലു പൊറോട്ടയും ഒരു ചിക്കന്‍ കറിയും പാഴ്സല്‍ വാങ്ങി ഉടന്‍ കൊണ്ടുവരണം. ഓടി രക്ഷപ്പെടാന്‍ നോക്കേണ്ട. അടുത്ത സ്ഥലത്ത് ഞാന്‍ കാത്തു നില്‍ക്കുന്നുണ്ടാവും. നിനക്കു രക്ഷയില്ല കേട്ടോ.”
പിള്ള പതുക്കെ വണ്ടി നിര്‍ത്തിയിറങ്ങി പറഞ്ഞ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്നു ഡ്രൈവിങ് സീറ്റില്‍ ഇരുന്നു. പ്രേതത്തിന്റെ ഭാഗത്തേക്കു നോക്കാന്‍ തന്നെ അയാള്‍ക്കു പേടിയായിരുന്നു. വണ്ടി സ്റാര്‍ട്ടാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രേതം പിന്നെയും മുരണ്ടു: “നില്‍ക്ക് നില്‍ക്ക്, വണ്ടി എടുക്കാന്‍ വരട്ടെ. ആ കാണുന്ന കടയില്‍ നിന്ന് ഒരു പെപ്സി കൂടി വാങ്ങിക്കൊണ്ടു വാ. ഇന്നെനിക്ക് രക്തം കുടിക്കാന്‍ തോന്നു ന്നില്ല.”
ഭാഗ്യം, എന്നു വിചാരിച്ച് മുരുകന്‍ പിള്ള ഓടിയിറങ്ങി, കടയില്‍ പോയി പെപ്സി വാങ്ങി. എന്നിട്ട് അതു പ്രേതത്തിന്റെ മുഖത്തു നോ ക്കാതെ കൈമാറി.
വളരെപ്പെട്ടെന്നു തന്നെ വണ്ടി ശവ ക്കോട്ടയ്ക്കു മുന്നിലെത്തി. ഇരുട്ടിലേക്കു മാറ്റി നിര്‍ത്താന്‍ പ്രേതം ആജ്ഞാപിച്ചു.
പിന്നെ കുറ്റാക്കുറ്റിരുട്ടി ലേക്ക് പഴംപൊരി, പൊറോട്ട, ചിക്കന്‍കറി, പെപ്സി എന്നിവയുമായി പ്രേതം നടന്നുപോയി.
(കാര്യം പിടികിട്ടിയല്ലോ. ശവക്കോട്ട യ്ക്കടുത്തുതന്നെയായിരുന്നു വണ്ടിയില്‍ കയറിയ ചെറുപ്പക്കാരന്റെ വീട്.)
പിന്നെ ഒരുപാടു കാലം നാട്ടുകാര്‍ അതിശയത്തോടെ ചിന്തിച്ചതിങ്ങനെയായിരുന്നു: എങ്ങനെയാണ് മുരുകന്‍ പിള്ള പെട്ടെന്നൊരു ദിവസം നേരം വെളുത്തപ്പോള്‍ നല്ല മനുഷ്യനായി മാറിയത്?

ബി. മുരളി