KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ റോസാച്ചെടിയുടെ മുള്ളുകള്‍
റോസാച്ചെടിയുടെ മുള്ളുകള്‍

rosa2ലോകമെങ്ങും നിന്നുള്ള തമാശക്കഥകള്‍

റോസാപ്പൂക്കള്‍, എവിടെയും റോസാപ്പൂക്കള്‍. ചുവപ്പ്, ഇളം റോസ്, മഞ്ഞ, ഓറഞ്ച്, വെള്ള നിറങ്ങളില്‍ മനോഹരങ്ങളായ പൂക്കള്‍. വയലുകള്‍, പുല്‍ മേടുകള്‍, കുന്നുകള്‍, താഴ്വാരങ്ങള്‍ എവിടെയും അവ നിറഞ്ഞു. വിവിധ വര്‍ണങ്ങളണിഞ്ഞ റോസകള്‍ക്കി ടയ്ക്ക് ചെറിയ കായ്കളും പഴങ്ങളും നിരന്നു.
ആര്‍ക്കും അതിനിടയില്‍ നിന്ന് ഒരു പൂപറിക്കാന്‍ തോന്നിപ്പോകും. എനിക്കും തോന്നി. ഔ!... കൂര്‍ത്ത മുള്ളുകള്‍ എന്നെ കുത്തി മുറിവേല്‍പ്പിച്ചു. ഞാന്‍ മുള്ളെ ടുത്തുമാറ്റി, പക്ഷേ എനിക്ക് പറയാതിരിക്കാനായില്ല. “ഈ റോസാച്ചെടികള്‍ക്ക് മുള്ളുകളില്ലാതിരുന്നെങ്കില്‍...”
അപ്പോഴാണ് അമ്മ എനിക്ക് ഈ കഥ പറഞ്ഞുതന്നത്...
പണ്ട്, വളരെ മുമ്പ് കാട്ടുറോസകള്‍ക്ക് നേര്‍ത്ത തണ്ടുകളാണുണ്ടായിരുന്നത്; മുള്ളുകള്‍ ഇല്ലായിരുന്നു. കൊച്ചു കുഞ്ഞുങ്ങള്‍ക്കുപോലും മുറിവേല്‍ക്കാതെ പൂ പറിക്കാം. വയലുകള്‍, പുല്‍മേടുകള്‍, കുന്നുകള്‍, താഴ്വാരങ്ങള്‍ എവിടെയും കാട്ടുറോസകള്‍ പൂത്ത കാലം. ചുവപ്പ്, ഇളംറോസ്, മഞ്ഞ, ഓറഞ്ച്, വെള്ള അങ്ങനെ വിവിധ വര്‍ണങ്ങളണിഞ്ഞ റോസാപ്പൂക്കള്‍ക്കിടയില്‍ ചെറിയ കായ്കളും പഴങ്ങളും നിരന്നു.
പറവകളും തേനീച്ചകളും ഒരു കുറ്റിക്കാട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് തേനുണ്ട് പറന്നു നടന്നു. തേനീച്ചകള്‍ തേനീച്ചക്കൂട്ടില്‍ തേന്‍ നിറച്ചു. വര്‍ഷം മുഴുവനും അവയില്‍ തേന്‍ സമൃദ്ധമായുണ്ടായിരുന്നു. മൃഗങ്ങളെല്ലാം സന്തുഷ്ടരായി. അവ ആനന്ദത്തോടെ തേന്‍ നുകര്‍ന്നു; വയറു നിറഞ്ഞു;കരുത്തരായി. അവയ്ക്ക് തേനില്ലാതെ കഴിയാനാവില്ല എന്ന സ്ഥിതിയായി. bee1
അങ്ങനെയിരിക്കെ ഒരു നാള്‍ തേനീച്ചക്കൂടുകളിലെ തേന്‍ തികയാതെ വന്നു. എന്താണ് കുഴപ്പം? മൃഗങ്ങള്‍ അതിശയിച്ചു. അവര്‍ കാരണം തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. അവസാനം അവര്‍ ഒരു യോഗം വിളിച്ചുകൂട്ടി.
“എന്താണ് സംഭവിക്കുന്നത്?” അവര്‍ പിറുപിറുത്തു. “തേനെവിടെപ്പോയി?”
“സ്സ്... ഞങ്ങള്‍ക്കറിയില്ല സ്...സ് റോസകളൊന്നും ബാക്കിയില്ല.” തേനീച്ചകള്‍ പറഞ്ഞു.
“ഞങ്ങള്‍ക്കും അറിയില്ല. പക്ഷേ റോസാച്ചെടികള്‍ ഒരിടത്തുമില്ല.” പക്ഷികള്‍ ചിലച്ചു.
“റോസാച്ചെടികളൊക്കെ എവിടെപ്പോയി?”bee2ആര്‍ക്കും അറിയില്ല. മൃഗങ്ങള്‍ കോപത്തോടെ ചുറ്റും നോക്കി. എല്ലാവരും ക്ഷീണിച്ച്, ചടച്ചിരിക്കുന്നു. പക്ഷേ, മുയലുകള്‍, അവ വല്ലാതെ തടിച്ചിരിക്കുന്നല്ലോ. എന്തായിരിക്കും കാരണം?
“അപ്പോള്‍ നിങ്ങളാണ് കാരണം. ശരിയല്ലേ?” മൃഗങ്ങള്‍ രോഷത്തോടെ അവര്‍ക്കു നേരേ തിരിഞ്ഞു. “നിങ്ങളാണ് ഞങ്ങളുടെ റോസാച്ചെടികള്‍ തിന്നുമുടിച്ചത്.” മുയലുകള്‍ ഒന്നും മിണ്ടിയില്ല. അവര്‍ക്കെന്താണ് പറയാന്‍ കഴിയുക? അവരാണ് കുറ്റ ക്കാര്‍. മുയലുകളാണ് റോസാ ച്ചെടികള്‍ തിന്നു തീര്‍ത്തത്.
അതെപ്പോഴാണ് തുടങ്ങി യതെന്നോ! അന്ന്... മുയല്‍ രാജന്‍ പുതിയ ഒരു വിഭവം ആവശ്യപ്പെട്ട നാള്‍. “റോസ് ഒന്ന് പരീക്ഷിച്ചു നോക്ക്,” ഒരുവന്‍ പറഞ്ഞു. ഒരിക്കല്‍ റോസാച്ചെടി നുണഞ്ഞവര്‍ക്ക് മറ്റൊന്നും വേണ്ടാതായി. കാരറ്റു വേണ്ട, പുല്‍നാമ്പു വേണ്ട, റോസ മതി. അവര്‍ അത്യാഗ്രഹികളായി. ആര്‍ത്തി മൂത്ത്, തിന്നു തിന്ന് റോസാച്ചെടികള്‍ കുറ്റിയറ്റു. അവരുടെ വീര്‍ത്ത വയറുകള്‍ തീറ്റയ്ക്ക് തെളിവായി!
മൃഗങ്ങള്‍ അവരെ ആക്രമിക്കാനായി തിരിഞ്ഞു. മുയലുകള്‍ കാരുണ്യത്തിനായി കേണു. പെട്ടെന്ന് അവര്‍ ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു.
“നിര്‍ത്തൂ.” നാനാബുഷ് ഉച്ചത്തില്‍ പറഞ്ഞു.
“മുയലുകളെ സ്വതന്ത്രരാക്കൂ.”
bee3മൃഗങ്ങള്‍ മുയലുകളെ പോകാന്‍ അനുവദിച്ചു. സ്രഷ്ടാവാണത്രേ നാനാബുഷിനെ അയക്കുന്നത്. അപ്പോള്‍ പിന്നെ അവര്‍ക്ക് എങ്ങനെയാണ് അദ്ദേഹത്തെ ശ്രദ്ധിക്കാതിരിക്കാനാവുക! “നാനാബുഷ്, ഈ മുയലുകള്‍ ഞങ്ങളുടെ റോസാച്ചെടികളെല്ലാം തിന്നു തീര്‍ത്തു. ഞങ്ങള്‍ക്കിപ്പോള്‍ തേനുമില്ല; റോസുമില്ല.” അവര്‍ പരാതിപ്പെട്ടു.
“അതു ശരി,” നാനാബുഷ് അവരെ രഹസ്യമായി പരിപാലിക്കുന്ന തന്റെ പൂന്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൂത്തുലഞ്ഞു നില്‍ക്കുന്ന മരങ്ങളും ചെടികളും നിറഞ്ഞ അതിമനോഹരമായ ഒരുദ്യാനം. അതിന്റെ മധ്യഭാഗത്തായി റോസാച്ചെടികള്‍ കാണാം. അദ്ദേഹം പറഞ്ഞു, “മുയലുകളേ, മുന്നോട്ടു പൊയ്ക്കൊള്ളൂ, ഈ റോസാച്ചെടികള്‍ നിങ്ങളുടേതാണ്.” മറ്റു മൃഗങ്ങള്‍ രോഷത്തോടെ ഈ കാഴ്ച കണ്ടു നില്‍ക്കേ, മുയലുകളതാ അവിടേക്കു കുതിച്ചു കഴിഞ്ഞു. “ഹായ്! എന്തു സ്വാദാണ് ഈ റോസാച്ചെടികള്‍ക്ക്.” അവര്‍ പതുക്കെ തീറ്റ തുടങ്ങി. “ഔ, എന്തായിത്?” അവര്‍ മൂക്കുപൊത്തി നിലവിളിച്ചു. മുയലുകളുടെ മൂക്കില്‍ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു. “മുള്ളുകള്‍,” നാനാബുഷ് ചിരിച്ചു.” നിങ്ങളുടെ ആര്‍ത്തിയില്‍ നിന്നും രക്ഷിക്കാന്‍ ഞാനവര്‍ക്ക് മുള്ളുകള്‍ കൊടുത്തു. ഇനി അവര്‍ക്ക് സമാധാനത്തോടെ പുഷ്പിക്കാം.”
അന്നു മുതല്‍ക്കാണ് കൂര്‍ത്ത മുള്ളുകള്‍ റോസാച്ചെടികളെ പൊതിഞ്ഞത്. മിക്കവാറും അവര്‍ സമാധാനമായിതന്നെയാണ് പുഷ്പിക്കാറ്. അല്ല, ആരെങ്കിലും റോസാപ്പൂക്കള്‍ പറിക്കാറുണ്ടോ?
rosa1
നാനാബുഷ്: കാനഡയുടെ കിഴക്കും മധ്യഭാഗങ്ങളിലും കാണപ്പെടുന്ന ആല്‍ഗോഖ്യന്‍ ആദിവാസികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഇതിഹാസ കഥാപാത്രം. നാനാബുഷിനെ ജീവിതത്തിന്റെ പ്രതിരൂപമായി കരുതുന്നു; അദ്ദേഹത്തിന് മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കാനാവും. ഈ കഥാപാത്രം ആണായും പെണ്ണായും പ്രത്യക്ഷപ്പെടുന്നു, ജീവന്റെ വ്യത്യസ്ത ഭാവങ്ങളില്‍ - ബലിക്കാക്കയായി, കൊയോട്ടായി, മുയലായി...


രചന, വര : ഇന്ദു ഹരികുമാര്‍