KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ദ്രൌപദീ പ്രശ്നം

mahabharatham
വിജയലഹരിയാല്‍ മതിമറന്ന ദുര്യോധനന്‍ തന്റെ തേരാളിയെ വിളിച്ച് ആജ്ഞാപിച്ചു: “പ്രതികാമീ, പെട്ടെന്നു കൊണ്ടുവാ ആ കൃഷ്ണയെ.””
ഭീതനായ പ്രതികാമി അന്ത:പുര വാതില്‍ക്കല്‍ ചെന്നു നിന്ന് ദ്രൌപദിയെ വന്ദിച്ച് ഇങ്ങനെ പറഞ്ഞു: “ദേവീ, യുധിഷ്ഠിരന്‍ ദ്യൂതത്തില്‍ തോറ്റ് അവിടുത്തെയും പണയപ്പെടുത്തിയിരിക്കുന്നു. വന്നാലും, അങ്ങോട്ടു കൊണ്ടുചെല്ലുവാന്‍ എനിക്ക് ആജ്ഞ ലഭിച്ചിരിക്കുന്നു.””
ഒരു നിമിഷം അമ്പരന്നുപോയ കൃഷ്ണ ഇങ്ങനെ ചോദിച്ചു. “പ്രതികാമീ, മഹാരാജാവ് ഭാര്യയെ പണയം വെച്ചുവെന്നോ? ദ്യൂതംകൊണ്ട് വെളിവു കെട്ടുപോയോ അദ്ദേഹത്തിന്? മറ്റൊന്നുമില്ലായിരുന്നോ പണയ ദ്രവ്യം?”
പ്രതികാമി പറഞ്ഞു: ““എല്ലാ ദ്രവ്യവും നഷ്ടപ്പെട്ടതിനു ശേഷമാണ് ധര്‍മപുത്രര്‍ അങ്ങനെ ചെയ്തത്. ആദ്യം അനുജന്മാരെ ഓരോരുത്തരായും പിന്നീട് തന്നെത്തന്നെയും പണയംവെച്ചു തോറ്റു. ഒടുവിലാണ് രാജപുത്രി, അവിടുത്തെ പണയം വെച്ചത്.”
ദ്രൌപദി പറഞ്ഞു: “സൂത, ചെന്ന് ചോദിക്കൂ ആ ചുതുകളിക്കാരനോട്. ആദ്യം തന്നെത്തന്നെ പണയംവെച്ചു തോറ്റതില്‍ പിന്നെയാണോ എന്നെ പണയം വെച്ചതെന്ന്? മറുപടി കേട്ടതിനു ശേഷം ഞാന്‍ വരാം.”
പ്രതികാമി സഭയില്‍ ചെന്ന് പാഞ്ചാലിയുടെ ചോദ്യം യുധിഷ്ഠിരനോട് ചോദിച്ചു. മനസ്സുകെട്ടു ജീവച്ഛവം പോലെ കുനിഞ്ഞു മിണ്ടാതെയിരുന്നതേയുള്ളൂ അദ്ദേഹം. ദുര്യോധനന്‍ പറഞ്ഞു: “അവള്‍ ഇവിടെ വന്ന് ഈ ചോദ്യം ചോദിക്കട്ടെ. ഇവന്റെ ഉത്തരം അപ്പോള്‍ കേള്‍ക്കാമല്ലോ.”
സൂതന്‍ വീണ്ടും അന്ത:പുരത്തിലെത്തി ഇക്കാര്യം പറഞ്ഞു: “ഹേ രാജകുമാരി, അവര്‍ മര്യാദ പാലിക്കുന്നവരല്ല. എങ്കിലും ഇതില്‍ അവര്‍ക്ക് സന്ദേഹമുണ്ട്. അവിടുത്തെ സഭയില്‍ കയറ്റാതെ അവര്‍ അടങ്ങുകയില്ല. വന്നാലും.”
ദ്രൌപദി പറഞ്ഞു: “വിധി വിഹിതം പോലെ നടക്കട്ടെ - വിദ്വാന്മാരും അവിദ്വാന്മാരുമെല്ലാം അതിന് വഴങ്ങിയേ മതിയാകൂ. എല്ലാറ്റിനും മീതെയുള്ളതു ധര്‍മമാണ്. അതിനാല്‍ എന്റെയീ സന്ദേഹത്തിന് മറുപടി നല്‍കണമെന്ന് സഭാവാസികളോടു പറയുക. ആ മഹാന്മാരുടെ കല്പന ഞാന്‍ അനുസരിക്കാം.”mahabharatham1
പ്രതികാമി മടങ്ങി വീണ്ടും സഭയില്‍ ചെന്ന് ദ്രൌപദിയുടെ ഈ ചോദ്യം ഉന്നയിച്ചു. എന്നാല്‍ ദുര്യോധനന്റെ കോപം ഭയന്ന സദസ്യര്‍ ഒന്നുംമിണ്ടാതെ തല കുനിച്ചിരുന്നതേയുള്ളൂ. ദുര്യോധനന്‍ അവരുടെ വാടിയ മുഖങ്ങള്‍ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: “എടോ പ്രതികാമി, അവള്‍ ഇവിടെ വന്ന് നേരിട്ട് ഈ ചോദ്യം നമ്മോടു ചോദിക്കട്ടെ. വിളിച്ചുകൊണ്ടുവാ അവളെ.””
കൃഷ്ണയുടെ കോപമോര്‍ത്ത് സംഭീതനായി സൂതന്‍ സഭാവാസികളോട് വീണ്ടും പരിഭ്രമത്തോടെ ചോദിച്ചു. “മഹത്തുക്കളേ, എന്താണ് ഞാന്‍ ദ്രൌപദിയോട് പറയേണ്ടത്?” അതുകേട്ടു കുപിതനായ ദുര്യോധനന്‍ പറഞ്ഞു.““ദുശ്ശാസനാ, ഈ ഭീരുവായ സൂതന്‍ ഭീമനെ പേടിച്ചു വിറയ്ക്കുകയാണ്. നീ തന്നെപോയി ആ കൃഷ്ണയെ കൊണ്ടു വരൂ. തോറ്റു കഴിഞ്ഞ ഇവര്‍ എങ്ങനെയാണ് എതിര്‍ക്കുക?”
ഇതു കേട്ടപാടേ ദുശ്ശാസനന്‍ കണ്ണുകള്‍ ചുവത്തി ചാടിയെഴുന്നേറ്റ് അന്ത:പുരത്തിലേക്കു കുതിച്ചു നടന്നു. ഒറ്റയ്ക്കിരിക്കുന്ന ദ്രൌപദിയുടെ അടുത്തെത്തി അയാള്‍ ഇങ്ങനെ ആജ്ഞാപിച്ചു: “വരൂ കൃഷ്ണേ, സഭയിലേക്ക്. എല്ലാവരും തോറ്റു! ലജ്ജ വെടിഞ്ഞ് വന്ന് ദുര്യോധനനെ സേവിക്ക്. ഞങ്ങള്‍ നിന്നെ നേടിക്കഴിഞ്ഞിരിക്കുന്നു!”
ഈ ദുര്‍വാക്കുകള്‍ കേട്ടു പിടഞ്ഞെഴുന്നേറ്റ് വാടിയ മുഖത്തോടെ പാഞ്ചാലി കൌരവ മാതാക്കളിരിക്കുന്നിടത്തേക്ക് ഓടിപ്പോകാനാഞ്ഞു. ഓടുന്ന ആ സാധ്വിയെ പിന്തുടര്‍ന്ന് ദുശ്ശാസനന്‍ അവളുടെ ചുരുണ്ടു നീണ്ട തലമുടി ചുറ്റിപ്പിടിച്ച് വലിച്ചിഴയ്ക്കുകയായി. “അരുത്, എനിക്ക് അശുദ്ധിയുടെ സമയമാണ്, ദുഷ്ടാ തൊടരുതെന്നെ... അരുതരുത്” എന്ന് കോപതാപങ്ങളോടെ ദ്രൌപദി നിലവിളിച്ചു. അതു ശ്രദ്ധിക്കാതെ രാജസൂയ യാഗത്തില്‍, മന്ത്രശുദ്ധമായ തീര്‍ഥത്താല്‍ അഭിഷേകം ചെയ്യപ്പെട്ട ആ മഹാറാണിയുടെ മനോഹരമായ കാര്‍കൂന്തല്‍ ചുറ്റിപ്പിടിച്ച് വലിച്ചിഴച്ചു കൊണ്ടുവന്ന് ആ ദുഷ്ടന്‍ അവളെ സഭാമധ്യത്തില്‍ തള്ളിയിട്ടു. ‘അരുതേ, അരുതേ’” എന്ന് വിലപിക്കുന്ന ദ്രൌപദി നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ട ദുര്യോധനന്‍ പൊട്ടിച്ചിരിച്ചു. “എടീ ദാസി, നീ ഒറ്റച്ചേല ഉടുത്തിട്ടുണ്ടോ ഇല്ലയോ എന്നതൊന്നും ഇനി പ്രധാന
മല്ല. ദാസി എന്തുടുക്കണം, ഉടുക്കേണ്ട എന്നൊക്കെ നിശ്ചയിക്കുന്നത് അവളുടെ പ്രഭുവാണ്.”
കരഞ്ഞുകൊണ്ടും അമര്‍ഷംകൊണ്ടു ജ്വലിച്ചുകൊണ്ടും പാഞ്ചാലി ചോദിച്ചു: “ഹാ, ഈ മഹത്തായ കുരുസഭയ്ക്ക് എന്ത് സംഭവിക്കുന്നു? അബലയായ ഒരുവളെ വലിച്ചിഴച്ച് അപമാനിക്കുന്നത് ഭാരതന്മാര്‍ കണ്ട് നില്‍ക്കുന്നുവല്ലോ! ദുഷ്ടാ, ദുശ്ശാസനാ, എന്റെ തലമുടി വിട്, എന്റെ ചേലയില്‍ പിടിച്ചുവലിക്കാതെ വിട്! ഹാ ഹാ! എന്റെയീ സ്ഥിതി ഭീഷ്മ പിതാമഹനും ദ്രോണാചാര്യനും മഹാരാജാവുമെല്ലാം പൊറുക്കുന്നുവല്ലോ. ധര്‍മം നശിച്ചു കഴിഞ്ഞു.” കോപത്തോടെ ഭര്‍ത്താക്കന്മാരെ നോക്കിയും ഗുരുക്കന്മാരെ നോക്കി കൈകൂപ്പിക്കരഞ്ഞും നില്‍ക്കുന്ന പാഞ്ചാലിയെ ‘ദാസീ, ദാസീ’ എന്നു വിളിച്ച് ദുശ്ശാസനന്‍ പിടിച്ചുലയ്ക്കാന്‍ തുടങ്ങി. ഇതുകണ്ട് കര്‍ണനും ശകുനിയും രസിച്ചു പൊട്ടിച്ചിരിക്കുകയായി. ‘മിടുക്കന്‍, മിടുക്കന്‍’ എന്നവര്‍ ദുശ്ശാസനനെ വിളിച്ചഭിനന്ദിച്ചു. മറ്റ് സഭാവാസികള്‍ ഒന്നും മിണ്ടാനാവാതെ നിശ്ചലം ഇരിക്കുകയാണ്. ഭീഷ്മര്‍ ദുഃഖത്തോടെ പറഞ്ഞു: “ദ്രൌപദി, നിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എളുപ്പമല്ല. ധര്‍മം സൂക്ഷ്മമത്രേ. സ്വയം യജമാനനല്ലാത്തവന്‍ പണയം വെയ്ക്കാന്‍ പാടില്ല. എന്നാല്‍ പതിക്ക് പത്നി സ്വന്തവുമത്രേ. യുധിഷ്ഠിരന്‍ നിന്നെ കൈവിടുന്നവനല്ല. എന്നാല്‍ അവന്‍ ‘ഞാന്‍ തോറ്റു’ എന്ന് ഏറ്റുകഴിഞ്ഞിരിക്കുന്നു. അവന്‍ സ്വേച്ഛയാ അല്ല കളിച്ചത്. ശകുനിയാകട്ടെ കള്ളച്ചൂതില്‍ അദ്വതീയനുമാണ്. കൃഷ്ണേ, നിന്റെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല.”
ദ്രൌപദി പറഞ്ഞു:““ഈ ദുഷ്ടന്മാര്‍ ചൂതില്‍ പ്രിയമില്ലാത്ത മഹാരാജാവിനെ വെല്ലുവിളിച്ചിറക്കി കളിച്ചു ചതിച്ച് തോല്‍പ്പിച്ചിരിക്കുന്നു. അജ്ഞതയാല്‍ തോല്‍വി പറ്റിയ ഈ പാണ്ഡവശ്രേഷ്ഠന്‍ എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞപ്പോള്‍ സ്വയം തോറ്റു കഴിഞ്ഞപ്പോള്‍ എങ്ങനെ എന്നെ പണയമാക്കി? ഹേ സഭാവാസികളേ, കുരുവീരന്മാരേ, നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കും സ്നുഷകള്‍ക്കുമെല്ലാം പ്രഭുക്കളാണല്ലോ. പറയുവിന്‍, ആലോചിച്ച് എനിക്കുത്തരം നല്‍കുവിന്‍!”mahabharatham2
ഇങ്ങനെ പറഞ്ഞും കരുണമായി കരഞ്ഞും ഭര്‍ത്താക്കന്മാരെ നോക്കിയും വീണ്ടും വീണ്ടും വിലപിക്കുന്ന കൃഷ്ണയെ ദുശ്ശാസനന്‍ ഉറക്കെ ശകാരിച്ചുകൊണ്ട് സഭാതലത്തിലിട്ടു വലിച്ചിഴച്ചു. ഇതെല്ലാം കണ്ട് അഗ്നിപര്‍വതം പോലെ ചൂടു വമിച്ചുനിന്ന ഭീമന്‍ ഇങ്ങനെ ഗര്‍ജിച്ചു. “കൊണ്ടുവാ തീയ് സഹദേവാ! ഈ ചൂതുകളിക്കാരന്റെ കൈ രണ്ടും ഞാന്‍ ചുടട്ടെ! എല്ലാം നശിപ്പിച്ചിട്ടും നമ്മെയെല്ലാം പണയം വെച്ചിട്ടും ഞാന്‍ സഹിച്ചു. ദ്രൌപദിയെ അപമാനിച്ചു ക്ളേശിപ്പിക്കുന്നത് ഇവന്‍ നിമിത്തം! ചൂതുകളിക്കാരുടെ വീട്ടില്‍ തോന്നുംപോലെ നടക്കുന്ന പെണ്ണുങ്ങളുണ്ടാവും. പക്ഷേ അവരെയും അവര്‍ പണയം വയ്ക്കാറില്ല. സഹദേവാ, കൊണ്ടുവാ തീയ്!”
അര്‍ജുനന്‍ ക്രുദ്ധനായ  ഭീമന്റെ കൈ മുറുകെപ്പിടിച്ചു പറഞ്ഞു. “ജ്യേഷ്ഠ, ഇങ്ങനെ അങ്ങൊരിക്കലും സംസാരിച്ചിട്ടില്ലല്ലോ. ഈ ദുഷ്ടന്മാരായ ശത്രുക്കള്‍ അങ്ങയുടെ ധര്‍മഗൌരവത്തെയും കെടുത്തിയോ! ധര്‍മിഷ്ഠനായ ജ്യേഷ്ഠനെ ആര് ലംഘിക്കും? ഭീമ, ഇതും നമുക്ക് യശസ്സിനായി ഭവിക്കും.”
മുന്നോട്ടു കുതിക്കുന്ന ഭീമനെ തടഞ്ഞു നിര്‍ത്തി അര്‍ജുനന്‍ ആശ്വസിപ്പിക്കവേ, സഭയിലിട്ടു വലിച്ചിഴയ്ക്കപ്പെടുന്ന പാഞ്ചാലിയുടെ ക്ളേശം കണ്ടു പൊറുക്കാതെ ദുര്യോധനന്റെ സഹോദരനായ വികര്‍ണന്‍ എഴുന്നേറ്റ് ഇങ്ങനെ പറഞ്ഞു: “രാജാക്കന്മാരേ, സദസ്യരേ, പാഞ്ചാലിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുവിന്‍. അല്ലാതെ ഇതു കണ്ടിരുന്നാല്‍ നരകമാവും ഫലം.
എന്തുകൊണ്ട് ഭീഷ് മരും മഹാരാജാവും ആചാര്യനും വിദുരരും കൃപരുമെല്ലാം മിണ്ടാതിരിക്കുന്നു? പറയുവിന്‍ പറയുവിന്‍.”
ആരും മിണ്ടുന്നില്ലെന്നു കണ്ട് കൈകള്‍ ഞെരിച്ചും നെടുവീര്‍പ്പിട്ടും വികര്‍ണന്‍ പറഞ്ഞു: “ആര്‍ക്കുമൊന്നും പറയാനില്ലെങ്കില്‍ ഞാന്‍ പറയാം ഉത്തരം. നൃപന്മാര്‍ക്ക് നാല് വ്യസനങ്ങളാണുള്ളതെന്ന് പ്രസിദ്ധമാണല്ലോ. നായാട്ട്, മദ്യപാനം, ചൂത്, സ്ത്രീകളോടുള്ള കാമം. ഇവയില്‍ മുഴുകുന്ന മനുഷ്യന്‍ ധര്‍മം കൈവിടും. അങ്ങനെ ചെയ്യുന്ന കര്‍മങ്ങളെ ആരും അംഗീകരിക്കുകയില്ല. ചൂതിന്റെ ദൌര്‍ബല്യത്താല്‍ മതികെട്ട യുധിഷ്ഠിരന്‍ ശകുനിയെന്ന ചൂതാട്ടക്കാരന്‍ പറഞ്ഞിട്ടാണ് കൃഷ്ണയെ പണയം വെച്ചത്. ദ്രൌപദി ബഹുമാന്യയാണ്. ഇങ്ങനെ അപമാനിക്കപ്പെടേണ്ടവളല്ല. യുധിഷ്ഠിരന്‍ താന്‍ തന്നെ അടിമയായതിനുശേഷം പണയം വെയ്ക്കപ്പെട്ടവളാണ്. അതിനാല്‍ കൃഷ്ണ നമുക്ക് ദാസിയായിട്ടില്ലെന്ന് ഞാന്‍ ഇതാ പറയുന്നു.”
ഈ വാക്കുകള്‍ കേട്ട സഭാവാസികള്‍ വികര്‍ണനെ പ്രശംസിച്ചും ശകുനിയെ നിന്ദിച്ചും ശബ്ദഘോഷമുയര്‍ത്തി. അപ്പോള്‍ കര്‍ണന്‍ കോപത്തോടെ കൈയുയര്‍ത്തി ശബ്ദമെല്ലാമടക്കിയിട്ട് ചൊടിച്ചു പറഞ്ഞു: “വികര്‍ണ, നീ ജനിച്ചിടം മുടിക്കാനാണോ പുറപ്പാട്! ബാലനായ നീ വൃദ്ധന്റെ വര്‍ത്തമാനമാണ് പറയുന്നത്. കൃഷ്ണയെ നാം ജയിച്ചിരിക്കുന്നു. തന്റെ സര്‍വസ്വവും പണയപ്പെടുത്തുന്നുവെന്നല്ലേ യുധിഷ്ഠിരന്‍ പറഞ്ഞത്. ആ സര്‍വസ്വത്തില്‍ ഇവളും പെടുന്നു. അതിനാല്‍ ഇവള്‍ നമുക്ക് അടിമയത്രേ. പിന്നെ ഈ നിലയില്‍ ഒറ്റച്ചേലയുടുത്ത ഇവളെ സഭയില്‍ കൊണ്ടുവന്നതു തെറ്റായിപ്പോയെന്നോ? ഇവള്‍ മാന്യയെന്നാണ് ഭാവമെങ്കില്‍, അല്ലാ ഇവള്‍ വേശ്യയാണെന്നു ഞാന്‍ പറയുന്നു. പല ഭര്‍ത്താക്കന്മാരുള്ളവളെ മറ്റെന്താണ് വിളിക്കുക? കുലടയെന്നല്ലാതെ? ദുശ്ശാസന, ഈ വികര്‍ണന്‍ മഹാവിഡ്ഢിയാണ്. ഇവരെല്ലാം നമ്മുടെ ദാസരത്രേ. അഴിച്ചു വാങ്ങൂ ഇവരുടെ വസ്ത്രങ്ങള്‍, പാഞ്ചാലിയുടേതുള്‍പ്പെടെ.”
സദസ്യര്‍ സ്തബ്ധരായി തല കുനിച്ചിരിക്കവേ ദുശ്ശാസനന്‍ പാണ്ഡവന്മാരുടെ വസ്ത്രങ്ങള്‍ക്ക് കൈനീട്ടി. അവര്‍ നിശ്ശബ്ദരായി തങ്ങള്‍ ധരിച്ചിരുന്ന വിശിഷ്ടങ്ങളായ ഉത്തരീയങ്ങള്‍ ഊരി മാറ്റി താഴെ വച്ചു. ദുശ്ശാസനന്‍ കൃഷ്ണയുടെ ചേലയില്‍ പിടിയിട്ട് ‘അഴിക്കെടീ’ എന്നു ഗര്‍ജിച്ചുകൊണ്ട് പിടിച്ചുവലിക്കാന്‍ തുടങ്ങി. പാഞ്ചാലി ഉറക്കെക്കരഞ്ഞുകൊണ്ട് ചേല വിടുവിക്കാന്‍ പണിപ്പെടുന്നു. ദുശ്ശാസനന്‍ പൊട്ടിച്ചിരിച്ചും അസഭ്യവാക്കുകള്‍ പറഞ്ഞും കൊണ്ട് അവളുടെ ഒറ്റച്ചേല വലിച്ചഴിക്കുന്നു. ഈ മഹാനീചമായ കര്‍മം രാജസഭയില്‍ നടക്കുമ്പോള്‍ പാഞ്ചാലിയുടെ ദീനമായ നിലവിളി അവിടമെങ്ങും മുഴങ്ങുകയായി. “കൃഷ്ണാ ഗോവിന്ദാ, ഓടിവന്നാലും! എന്നെ രക്ഷിച്ചാലും! കൃഷ്ണ കൃഷ്ണ, മഹായോഗിന്‍, വിശ്വാത്മാവേ, കാരുണ്യമൂര്‍ത്തേ, എന്നെ മഹാപമാനത്തില്‍ നിന്നും കാത്തുകൊള്ളണേ... എന്റെ ഭഗവാനേ, കൃഷ്ണ, കൃഷ്ണാ.”
മാറില്‍ നിന്ന് അഴിഞ്ഞുരിയുന്ന ചേലയില്‍ നിന്നു കൈവിട്ട് ഇരുകൈയാലും മുഖം പൊത്തി പാഞ്ചാലി ഹൃദയം പൊട്ടിവിളിച്ചു. “എന്റെ കൃഷ്ണാ, ഹാ, കൃഷ്ണ, കൃഷ്ണാ, കൃഷ്ണാ!”
ലജ്ജയാലും ഭയത്താലും പരിഭ്രാന്തരായി മുഖം കുനിച്ചിരിക്കുന്ന സദസ്യര്‍ കണ്ണുപൊത്തവേ അതാ പാഞ്ചാലിയുടെ ദീനരോദനവും ദുശ്ശാസനന്റെ അട്ടഹാസവും പൊടുന്നനെ നിലയ്ക്കുന്നു. കൃഷ്ണയുടുത്തിരുന്ന മഞ്ഞപ്പട്ടുചേല അഴിച്ചിട്ടുമഴിച്ചിട്ടുമഴിച്ചിട്ടും തീരാതെ നീണ്ടു നീണ്ട് അവളുടെ മാനം മറച്ചുതന്നെ വിളങ്ങുന്നു. എത്രയഴിച്ചിട്ടും ചേല തീരുന്നില്ല! കുന്നുപോലെ കൂട്ടിയിട്ടും തീരുന്നില്ല! ഗദായുദ്ധവീരനായ ദുശ്ശാസനന്റെ ഇരുമ്പുലക്കപോലുള്ള രണ്ടു കൈകളും ചേല വലിച്ചഴിച്ചു വലിച്ചഴിച്ചു തളരുന്നു. ദ്രൌപദി കണ്ണടച്ചു ധ്യാനവിലീനയായി കൈകൂപ്പി നില്‍ക്കുകയാണ്. കാണികള്‍ അമ്പരന്ന് ‘ഹാ, ഹാ’ എന്ന് ആരവം മുഴക്കി.
(തുടരും)

 

സുഗതകുമാരി

വര - ജയേന്ദ്രന്‍