KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ റിപ്വാന്‍ വിങ്കിള്‍
റിപ്വാന്‍ വിങ്കിള്‍

അമേരിക്കയിലെ ഒരു നാടോടിക്കഥviswothara1

അമേരിക്കയിലെ കാറ്റ്സ്കില്‍ പര്‍വത നിരകളുടെ അടിവാരത്തിലുള്ള ഒരു ഗ്രാമത്തില്‍ റിപ്വാന്‍ വിങ്കിള്‍ എന്നൊരാള്‍ പാര്‍ത്തിരുന്നു.
വിശാലമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു അയാള്‍. ആര്‍ക്കും എന്തു സഹായവും ചെയ്യാന്‍ സദാ സന്നദ്ധനായ റിപ്വാന്‍ വിങ്കിളിനെ എല്ലാവരും സ്നേഹിച്ചു.
അയല്‍ക്കാര്‍ എന്തു കാര്യത്തിനു വിളിച്ചാലും അയാള്‍ ഓടിച്ചെല്ലും. തന്നാലാവുന്നതൊക്കെയും അവര്‍ക്കു ചെയ്തു കൊടുക്കും. പക്ഷേ ആളിന് ഒരു കുഴപ്പമേയുള്ളു: സ്വന്തം കാര്യം നോക്കാന്‍ മാത്രം സമയമില്ല! അവനവന്റെ വീട്ടിലെ ജോലികള്‍ ഒന്നുമേ ചെയ്യാതെയാണ് അന്യന്റെ കാര്യങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെടുന്നത്.
റിപ്പിന്റെ വീട്ടുകാരിക്ക് ഇക്കാര്യത്തില്‍ വല്ലാത്ത അതൃപ്തിയുണ്ട്. വീടിന്റേതായ ചുമതലകള്‍ ഒന്നുമേ ചെയ്യാതെ, ഭര്‍ത്താവിങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി ഊരുചുറ്റുന്നത്, അവരെ ശരിക്കും ചൊടിപ്പിച്ചു.viswothara3
ദേഷ്യം കൊണ്ടു ഭ്രാന്തു പിടിച്ച വീട്ടുകാരി രാപകല്‍ പിന്നാലെ നടന്ന് ഓരോന്നു പറഞ്ഞു പറഞ്ഞ് അയാളെ അലോസരപ്പെടുത്തുക പതിവായിരുന്നു. “ഗ്രീന്‍ വല്യമ്മയുടെ വേലിക്കു പെയ്ന്റടിക്കും മുമ്പ് അവനവന്റെ കാര്‍ഷെഡിന്റെ ചോര്‍ച്ച മാറ്റിയാല്‍ വേണ്ടില്ലായിരുന്നു! ചങ്ങാതിയുടെ വീട്ടിലെ ചപ്പുചവറുകള്‍ക്കു തീയിടാന്‍ ചെലവഴിക്കുന്ന നേരം കൊണ്ട് നമ്മുടെ കോഴികള്‍ക്കു തീറ്റകൊടുക്കുകയോ പശുവിനെ കറക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ എന്തു നന്നായിരുന്നു!” ഇങ്ങനെ പോകുന്നു ആയമ്മയുടെ കുറ്റപ്പെടുത്തല്‍...
ഒരു ദിവസം രാവിലെ, പ്രാതലൊക്കെ കഴിച്ച ശേഷം റിപ് തിണ്ണയിലിരുന്ന് വെയില്‍ കായുകയായിരുന്നു. അപ്പോഴാണ് അയാളുടെ ഭാര്യ പരാതിയുടെ കെട്ടഴിച്ചത്.
“ഏയ് മനുഷ്യാ, നമ്മുടെ തോട്ടത്തിലെ ഉരുളക്കിഴങ്ങുകള്‍ മൂത്തു പാകമായിക്കഴിഞ്ഞു. അവ മാന്തിയെടുക്കുന്നതിനു പകരം താന്‍ ആ നശിച്ച ആര്‍ണി ജേക്കബിന്റെ മതിലു കെട്ടാന്‍ പോകുന്നു... ഇവിടത്തെ വണ്ടിയാകെ വൃത്തികേടായിരിക്കുന്നു. അതു കഴുകി വൃത്തിയാക്കണം, ഓട കഴുകണം, മുറ്റത്തെ ഉണക്കിലകള്‍ വാരിക്കളയണം. നമ്മുടെ വീട്ടില്‍ത്തന്നെ ഒരു നൂറുകൂട്ടം പണികള്‍ കിടക്കുകയാണ്! അതിനിടയ്ക്കാണു നിങ്ങളുടെ ജനസേവനം! ഹൊ, നിങ്ങളെക്കൊണ്ടു ഞാന്‍ മടുത്തു! സര്‍വത്ര മടുത്തു!” ഭാര്യ ഓരോന്നങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.
റിപ് പരമശാന്തനാണ്. എത്രയെല്ലാം കേട്ടാലും തിരിച്ചെന്തെങ്കിലും പറയുകയോ ശുണ്ഠിപിടിക്കയോ ഒന്നുമില്ല. വീട്ടുകാരിയുടെ ആവലാതി ഉടനെയെങ്ങും തീരുന്ന ലക്ഷണമില്ല. ‘വുള്‍ഫ്’ എന്നു പേരുള്ള തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയേയും കൂട്ടി റിപ് മെല്ലെ പുറത്തേക്കിറങ്ങി.
പര്‍വതത്തെ ലാക്കാക്കിയാണ് റിപ് നടപ്പാരംഭിച്ചത്. നദിക്കരയിലൂടെ പൈന്‍ മരക്കാടുകളും പിന്നിട്ട് ആള്‍ മുന്നോട്ടു നടന്നു. അവിടെയെത്തിയപ്പോള്‍ അയാള്‍ ചെവിയോര്‍ത്തു: ഇല്ല, തന്റെ ഭാര്യയുടെ ശബ്ദം ഇവിടം വരെ എത്തുന്നില്ല! നേര്‍ത്തു നേര്‍ത്ത്, അതില്ലാതായിരിക്കുന്നു! അയാള്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.
അവിടെ ഒരു പാറച്ചെരിവുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട ചങ്ങാതി വുള്‍ഫും ഒത്ത് ആ മലഞ്ചെരിവിലങ്ങനെ വെറുതെ ഇരിക്കാന്‍ റിപ്പിനു വലിയ ഇഷ്ടമായിരുന്നു. കാറ്റില്‍ ഇലകള്‍ ഇളകുമ്പോഴുള്ള മര്‍മരവും കിളികളുടെ പാട്ടും അയാളെ സന്തോഷിപ്പിച്ചു. ഇലകള്‍ക്കിടയിലൂടെ ചോര്‍ന്നു വീഴുന്ന സൂര്യവെളിച്ചം, വനപുഷ്പങ്ങളുടെ നേര്‍ത്ത സുഗന്ധം... ഇതൊക്കെ ആസ്വദിച്ചങ്ങനെ ഇരിക്കവേ സമയം പോയതറിഞ്ഞില്ല.
പെട്ടെന്ന് വുള്‍ഫ് ഒരു പ്രത്യേക മട്ടില്‍ കുരച്ചു തുടങ്ങി. കുറ്റിച്ചെടികള്‍ക്കപ്പുറത്ത് എന്തോ ഒന്നനങ്ങുന്നു. റിപ് സൂക്ഷിച്ചു നോക്കി. എന്തൊരദ്ഭുതം! അതൊരു കൊച്ചു മനുഷ്യനാണ്. റിപ്പിന്റെ കാല്‍മുട്ടോളം പോലും ഉയരമില്ലാത്ത ഒരു താടിക്കാരന്‍! അയാള്‍ തലയില്‍ കൂര്‍ത്ത ഒരു തൊപ്പിയും കാലില്‍ കറുത്ത ബൂട്സും ധരിച്ചിട്ടുണ്ട്.
കൊച്ചു മനുഷ്യന്‍, “റിപ്വാന്‍ വിങ്കിള്‍! റിപ്വാന്‍ വിങ്കിള്‍! ദയവായി ഇങ്ങോട്ടൊന്നു നോക്കൂ,” എന്നു വിളിക്കുന്നുണ്ട്. റിപ് ഇലകള്‍ വകഞ്ഞു മാറ്റി എത്തിനോക്കി. ബിയര്‍ സൂക്ഷിക്കുന്നതരം ഒരു വീപ്പയുടെ അടിയില്‍ കുടുങ്ങിയിരിക്കുകയാണ് അയാള്‍. “നിങ്ങള്‍ ഈ വീപ്പ എടുത്തു മാറ്റൂ! താമസിയാതെ അതെന്നെ ഞെരിച്ചമര്‍ത്തും.” കൊച്ചു മനുഷ്യന്‍ ഉറക്കെയുറക്കെ റിപ്പിനെ വിളിക്കുന്നുണ്ടായിരുന്നു.
ആരെയും ഏതു നേരത്തും സഹായിക്കാന്‍ സന്നദ്ധനായ റിപ് വേഗം ചെന്ന്, വീപ്പ ഉരുട്ടി
മാറ്റി. കൊച്ചു മനുഷ്യന്, അത് മലയുടെ മുകളിലുള്ള ഒരു ഗുഹയിലെത്തിക്കണം. പാടുപെട്ടിട്ടാണെങ്കിലും റിപ് അത് ഉന്തിയുന്തി, കുന്നുകയറ്റി. എന്നിട്ട് കൊച്ചുമനുഷ്യനോടൊപ്പം വീപ്പയും viswothara2
ഉരുട്ടി, അവര്‍ ഒരു വലിയ ഗുഹയ്ക്കുള്ളില്‍ കടന്നു.

റിപ്പിന്റെ വിശ്വസ്ത അനുചരന്‍ വുള്‍ഫും ഒപ്പമുണ്ടായിരുന്നു. വിചിത്രമായ ഒരു കാഴ്ചയാണ് ആ ഗുഹയ്ക്കുള്ളില്‍ അവരെ എതിരേറ്റത്. അതു നിറയെ കുള്ളന്മാരായിരുന്നു. എറുമ്പിന്‍ കൂട്ടങ്ങളെപ്പോലെ അവര്‍ അവിടെങ്ങും പരതി നടക്കുന്നു.
കുറെപ്പേര്‍, ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് ചീട്ടു കളിക്കുന്നു. വേറെ ചിലര്‍ ഒരിടത്തു കൂട്ടം കൂടിയിരുന്ന് മദ്യപാനമാണ്. റിപ്പും കൊച്ചു മനുഷ്യനും ചേര്‍ന്ന് ഉരുട്ടിക്കൊണ്ടു വന്ന തരം ഒരു വീപ്പയിലാണ് പാനീയം നിറച്ചിരിക്കുന്നത്.
“റിപ്വാന്‍ വിങ്കിള്‍, ആ വലിയ കുന്നത്രയും വലിഞ്ഞു കയറി ഞാന്‍ തളര്‍ന്നു. നിങ്ങള്‍ക്കും നല്ല ക്ഷീണമുണ്ടാകും. വരൂ! ഇവിടെ വന്നിരിക്കൂ! ഇതാണു ഞങ്ങള്‍ ഉണ്ടാക്കുന്ന മദ്യം! അല്പം രുചിച്ചു നോക്കൂ!” ചഷകത്തില്‍ നിറഞ്ഞു തുളുമ്പുന്ന സുവര്‍ണ ദ്രാവകം നീട്ടിക്കൊണ്ട് കൊച്ചു മനുഷ്യന്‍ ക്ഷണിച്ചു.
അതു കാഴ്ചയില്‍ ബിയര്‍ പോലെ തോന്നിച്ചു. പക്ഷേ അതിനെക്കാളൊക്കെ ലഹരിയും വീര്യവുമുള്ളത്. റിപ്പിന് അതിന്റെ രുചി ഇഷ്ടമായി. അയാള്‍ തുടരെത്തുടരെ ഏഴെട്ടു കപ്പുകള്‍ അകത്താക്കി. അടുത്തുണ്ടായിരുന്ന
പിഞ്ഞാണത്തില്‍ പകര്‍ന്ന് വുള്‍ഫിനും വെച്ചു നീട്ടി. മടമടാന്ന്, അവനും അതകത്താക്കി.
റിപ്പിന് നല്ല സുഖം തോന്നി. തന്റെ ശരീരം ഭാരമില്ലാത്ത ഒരു തൂവലായി മാറി, വായുവിലൂടെ ഒഴുകി
നടക്കുന്നതുപോലെ... മെല്ലെമെല്ലെ ആ കണ്ണുകള്‍ അടഞ്ഞു പോയി. ഗുഹയ്ക്കുള്ളിലെ ഒരു ചെരിഞ്ഞ പാറയില്‍ തലചായ്ച്ച് റിപ് ഗാഢഗാഢമാമൊരു നിദ്രയിലേക്കു നിപതിച്ചു. വുള്‍ഫും യജമാനന്റെ കാല്‍ച്ചുവട്ടില്‍ കിടന്ന് ഉറങ്ങിപ്പോയി.

റിപ്വാന്‍ വിങ്കിള്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ നേരം ഉച്ചയായി. ചുറ്റിനും നോക്കി. ആരുമില്ല. കൊച്ചുമനുഷ്യരില്‍ ഒരാളെപ്പോലും അവിടെങ്ങും കാണ്മാ
നില്ല. അവരൊക്കെ എവിടെപ്പോയോ ആവോ?
യജമാനന്റെ ഒപ്പം വുള്‍ഫും ഉറക്കമുണര്‍ന്നു. രണ്ടുപേരും കൂടി, തിടുക്കപ്പെട്ട്, ഗ്രാമത്തിലേക്കു നടന്നു. കുറെ യേറെനേരം ഉറങ്ങിയതിന്റെ ക്ഷീണം രണ്ടുപേര്‍ക്കുമുണ്ടായിരുന്നു.
വീട്ടുനടയിലെത്തിയപ്പോള്‍ റിപ് പറഞ്ഞു: “എടാ വുള്‍ഫേ! ഇന്നു നമുക്കിട്ടു നല്ലതു കിട്ടും! നീ കരുതിയിരുന്നോളൂ! വേണമെങ്കില്‍ ചെവിയില്‍ കുറച്ചു പഞ്ഞി വെച്ചോളൂ! കാതു പൊട്ടുന്ന തരം ശകാരമാണു നമ്മെ കാത്തിരിക്കുന്നത്!”
പേടിച്ചു പേടിച്ചാണ് റിപ് മണിയടിച്ചത്. ആരെയും കാണാഞ്ഞ് അയാള്‍ വീണ്ടും മണിയടിച്ചു. പെട്ടെന്ന് ഒരു ചെറുപ്പക്കാരി പ്രത്യക്ഷപ്പെട്ടു.viswothara4
അവരുടെ മുഖത്ത്, എന്തൊരു കോപം! “ആരാണ് മണിയടിച്ചു ശല്യപ്പെടുത്തുന്നത്? നിങ്ങള്‍ ആരാണു ഹേ, പറയൂ വേഗം!” റിപ് അന്തംവിട്ടങ്ങനെ നിന്നുപോയി.
താന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ! അവര്‍ വാതില്‍ തുറന്ന്, തന്നോടു കയര്‍ക്കുന്നു! “നിങ്ങള്‍ ആരാണ്? ഇതെന്റെ വീടാണ്. ഇവിടെ നിങ്ങള്‍ക്കെന്തു കാര്യം?” റിപ് ആ കോപക്കാരിയോടു ചോദിച്ചു.
“എന്ത് നിങ്ങളുടെ വീടോ? ങ്ഹാ, അതു കൊള്ളാം, കഴിഞ്ഞ പത്തൊന്‍പതു വര്‍ഷമായി ഞാനിവിടെത്താമസിക്കുന്നു. ഇതെങ്ങനെ നിങ്ങളുടെ വീടാകും?” അവര്‍ ഒച്ചയിട്ടു.
റിപ് മെല്ലെ തിണ്ണയിലേക്കിറങ്ങി. വുള്‍ഫും പിന്നാലെയുണ്ട്. അവിടെ നിന്നു കൊണ്ട് അയാള്‍ എല്ലാം നോക്കിക്കണ്ടു. കെട്ടിടം പഴയപടി തന്നെയുണ്ട്. പക്ഷേ വീടിന്റെ നിറം, കര്‍ട്ടനുകള്‍, ഉള്ളിലെ മരസ്സാമാനങ്ങള്‍. ഒക്കെയും മാറിപ്പോയി. മുറ്റത്തു കാണപ്പെട്ട വാഹനം പോലും തന്റേതല്ല.

അതുകൊണ്ട്, ഇവര്‍ പറയുന്നതില്‍ എന്തോ സത്യമുണ്ടെന്ന് റിപ്പിനു തോന്നി.
അയാള്‍ ശാന്തത കൈവരിച്ചുകൊണ്ടു ചോദിച്ചു: “ഇവിടെ താമസിച്ചിരുന്ന ശ്രീമതി റിപ്വാന്‍ വിങ്കിളിന്റെ വല്ല വിവരവുമുണ്ടോ? ഞാന്‍ അവരെത്തിരഞ്ഞു വന്നതാണ്.”
“ഓ, അവരോ? ഇരുപതുവര്‍ഷം മുമ്പ് അവരുടെ ഭര്‍ത്താവിനെ കാട്ടില്‍ വെച്ചു കാണാതായി. കുറച്ചുകാലം കാത്തിരിന്നിട്ടും അയാള്‍ മടങ്ങി വന്നില്ല. മനസ്സു മടുത്ത സ്ത്രീ, ഇവിടം വിട്ടുപോയി. എവിടെയാണെന്നെനിക്കറിയില്ല. ദയവു ചെയ്ത് കടന്നു പോകൂ! അല്ലെങ്കില്‍ എനിക്കു പോലീസിനെ വിളിക്കേണ്ടി വരും!” ഇത്രയും പറഞ്ഞശേഷം അവര്‍ വാതില്‍ വലിച്ചടച്ച് അകത്തേക്കു മറഞ്ഞു.
“ഓ, ഇരുപതു വര്‍ഷം! നീണ്ട ഇരുപതു വര്‍ഷങ്ങള്‍ ഞാനുറക്കത്തിലായിരുന്നു! അത്ഭുതകരം തന്നെ!” ചിന്തയിലാണ്ട റിപ്, പഴയ ശീലമനുസരിച്ച് തന്റെ താടി തടവി. അമ്പോ, താടിക്കെന്തു നീളം! അതു വളര്‍ന്നു വളര്‍ന്ന് മുട്ടോളം എത്തിയിരിക്കുന്നു.
റിപ് ആദ്യമൊന്നു പരിഭ്രമിച്ചു. വിറയാര്‍ന്ന വിരലുകളാല്‍ അയാള്‍ വുള്‍ഫിനെ തലോടി. എന്നിട്ട്, ദീര്‍ഘ നിശ്വാസമുതിര്‍ത്തുകൊണ്ടു പറഞ്ഞു: “ഓ, ഇനി മുതല്‍ വീട്ടുകാരിയുടെ വഴക്കും പരാതിയും കേള്‍ക്കേണ്ടല്ലോ! ഇഷ്ടമുള്ളിടത്തു പോകാം, പോകാതിരിക്കാം. വേണ്ടതു ചെയ്യാം, ചെയ്യാതിരിക്കാം, ഹാ എന്തു രസം!”
രണ്ടുപേരും കൂടി നടന്നു നടന്ന് സ്ഥലത്തെ മദ്യശാലയിലെത്തി. ഭാഗ്യത്തിന് ആ സ്ഥലത്തിനു യാതൊരു മാറ്റവും വന്നിട്ടില്ലായിരുന്നു. റിപ്പിന്റെ കഥ കേട്ട്, അവിടെ ഉണ്ടായിരുന്നവരെല്ലാം ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.
പിന്നീടു വന്നവര്‍ക്കും റിപ്പിന്റെ കഥ കേള്‍ക്കണം! എത്ര കേട്ടാലും മടുക്കാത്ത ആ കഥ കേട്ട് ഏവരും തലയറഞ്ഞു ചിരിച്ചു. അങ്ങനെ നീണ്ട ഇരുപതു വര്‍ഷക്കാലം ഗാഢനിദ്രയിലാണ്ട റിപ്വാന്‍ വിങ്കിള്‍ അവരുടെ ഇഷ്ട നായകനായി മാറി.
അവര്‍ റിപ്പിനെ ഏറ്റെടുത്തു. അങ്ങനെ റിപ്പും വുള്‍ഫും ആ നാടിന്റെ ഓമനകളായി മാറി. അവരുടെ ഉറക്കത്തിന്റെ കഥ, തലമുറകള്‍ കൈമാറിക്കൈമാറി, ഇന്നു നിങ്ങളിലേക്കും എത്തുന്നു. ഹൊ, എന്നാലും വല്ലാത്ത ഒരുറക്കമായിപ്പോയി നമ്മുടെ ചങ്ങാതിയുടേത്, അല്ലേ?

പുനരാഖ്യാനം: റോസ്മേരി