KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിറക്കൂട്ട്

പുസ്തക പരിചയംpusthakaparichayam


Nagnapadanaya-Hussainകല ദൈവീകമാണ്. അത് ആസ്വദിക്കുന്നതും മനസ്സിലാക്കുന്നതും അതിനേക്കാള്‍ ദൈവീകമാണ്. ചിത്രകലാസ്വാദനം ചിട്ടയായ രീതിയില്‍ അഭ്യസിക്കുന്നതിനുള്ള സംവിധാനം ഇന്ന് നമ്മുടെ നാട്ടില്‍ തുലോം പരിമിതമാണ്. അതുകൊണ്ടായിരിക്കാം സാമാന്യ ജനങ്ങളുടെ ഇടയില്‍ ചിത്രകലയ്ക്ക് അത്ര വലിയ പ്രചാരം കിട്ടാതെപോയത്. നമ്മുടെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ചിത്രകലാസ്വാദനം നിര്‍ബന്ധിത വിഷയമായി ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നഗ്നപാദനായ ഹുസൈന്‍, “വീണാവാദിനി, “നിറങ്ങളുടെ വഴിയേ,“എന്റെ പേര് അമൃത എന്നീ പുസ്തകങ്ങളിലൂടെ കുട്ടികള്‍ക്കിണങ്ങുന്ന രീതിയില്‍ ഭാരതത്തിന്റെ വ്യത്യസ്ത‘ഭാഗങ്ങളില്‍ ജീവിച്ചിരുന്ന നാല് ചിത്രകാരന്മാരെ പരിചയപ് പെടുത്തുകയാണ് അഞ്ജലി രഘ്ബീര്‍.
അമൃതഷെര്‍ഗില്‍ എന്ന ഇന്‍ഡോ ഹംഗേറിയന്‍ ചിത്രകാരിയെ എന്റെ പേര് അമൃത എന്ന പുസ്തകം പരിചയപ്പെടുത്തുന്നു. വനിതാ സാന്നിദ്ധ്യം നന്നേ കുറവായിരുന്ന ചിത്രകലാരംഗത്തേക്ക് ചിത്രം വരയ്ക്കാതെ ഉറങ്ങാന്‍ കഴിയാതിരുന്ന അമൃത എന്ന പെണ്‍കുട്ടി കടന്നുവന്നത് അവളുടെ തന്നെ ഡയറിക്കുറിപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ജീവിതത്തിന്റെ ഓരോഘട്ടങ്ങളിലും അമൃതയുടെ ചിത്രങ്ങള്‍ എങ്ങനെ രൂപപ്പെട്ടു, ഏതൊക്കെ സ്കൂളുകള്‍ അവളെ സ്വാധീനിച്ചു എന്നൊക്കെ
വളരെ കൌതുകകരമായി ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. കൌമാരകുതൂഹലം പൂര്‍ണമായും ഉള്‍ക്കൊണ്ടവയായിരുന്നു അമൃതയുടെ ആദ്യകാലചിത്രങ്ങള്‍. ചെറുപ്പത്തില്‍ അവള്‍ കേട്ട കുട്ടിക്കഥകളുടേയും ഹംഗേറിയന്‍ ജീവിതത്തിന്റെയും സ്വാധീനം അവയില്‍ പ്രകടമായിരുന്നു. മുതിര്‍ന്നപ്പോള്‍ അമൃത വരച്ച ചിത്രങ്ങളില്‍ ഇന്‍ഡ്യന്‍ സാന്നിദ്ധ്യം നിറഞ്ഞുനിന്നു.
Nirangaludai-vazhiyaiഇന്‍ഡ്യന്‍ സ്ത്രീത്ത്വത്തിന്റെ നാനാമുഖങ്ങള്‍ അമൃതയുടെ ചിത്രങ്ങളില്‍ എങ്ങനെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഈ ഡയറിക്കുറിപ്പുകള്‍ നമ്മോട് പറയുന്നു. ചെറുപ്പത്തിലേ അവര്‍ കണ്ട ജീവിതത്തിന്റെയും പ്രകൃതിയുടേയും നേര്‍ചിത്രങ്ങള്‍ തന്റെ രചനയെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നും ഇവ വ്യക്തമാക്കുന്നു.
രവിവര്‍മ ചിത്രങ്ങള്‍ ഭാരതീയരുടെ, പ്രത്യേകിച്ച് കേരളീയരുടെ, ഒരു സ്വകാര്യ അഭിമാനമായി തുടരുന്നു. പ്രകൃതിയുടെയും ജീവിതത്തിന്റെയും നേര്‍ക്കുപിടിച്ച കണ്ണാടിപോലെയാണ് രവിവര്‍മചിത്രങ്ങള്‍. ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രീകരണമായതുകൊണ്ടാവാം ഒരുപക്ഷേ രവിവര്‍മചിത്രങ്ങള്‍ ഇത്രയും ജനകീയമായത്.

ചിത്രങ്ങളോട് ഒരു താത്പര്യവുമില്ലാതിരുന്ന വത്സ, രവിവര്‍മചിത്രങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അമ്മായിയോടൊപ്പം പങ്കുചേരുന്നതോടെ അവയില്‍ ആകൃഷ്ടയാകുന്നു. അങ്ങനെ ചിത്രങ്ങളുമായി ആത്മബന്ധം വളരുന്നു. തുടര്‍ന്ന് അവളുടെ സ്വപ്നങ്ങളിലേക്ക് വീണാവാദിനി എന്ന പ്രശസ്തമായ രവിവര്‍മ

ചിത്രത്തിലെ സ്ത്രീ ഇറങ്ങിവരുന്നു. അവര്‍ തമ്മിലുള്ള ആശയവിനിമയത്തിലൂടെ രവിവര്‍മചിത്രങ്ങളുടെ സവിശേഷതകള്‍ രസകരമായി പ്രതിപാദിക്കുകയാണ് അഞ്ജലി രഘ്ബീര്‍. രവിവര്‍മ്മ എന്ന മഹാനായ ചിത്രകാരനെ മനസ്സിലാക്കാനുള്ള ഉത്തമമായ പുസ്തകമാണിത്.
Veena-Vadiniകലയിലെ കള്ളനാണയങ്ങള്‍ ചരിത്രത്തിലുടനീളം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അനുകരണങ്ങളും പകര്‍പ്പുകളും അരങ്ങുവാഴുമ്പോള്‍ യഥാര്‍ത്ഥകല മരണാസന്നമാകുന്നു. കലാകാരന്മാരോട് സമൂഹം ചെയ്യുന്ന വലിയചതിയാണിത്. തന്റെ ചിത്രങ്ങളുടെ വികൃതമായ അനുകരണങ്ങളെയോര്‍ത്ത് ദുഃഖിതനാകുന്ന ജാമിനിറോയ് വിശ്വജിത്ത് എന്നബാലനുമായി ആശയവിനിമയംനടത്തുന്ന രീതിയില്‍ എഴുതപ്പെട്ട പുസ്തകമാണ് നിറങ്ങളുടെ വഴിയേ.
ജാമിനി റോയ് ഇന്‍ഡ്യയിലെ ഏറ്റവും പ്രമുഖരായ ചിത്രകാരന്മാരിലൊരാളാണ്. തന്റേതായ ഒരു തനത് ശൈലി സൃഷ്ടിച്ച റോയ് വിലപിടിച്ച യൂറോപ്യന്‍ ചായക്കൂട്ടുകള്‍ മാറ്റിവച്ച് പത്വാ രചനാശൈലി സ്വീകരിച്ചു. തികച്ചും മൌലികമായ റോയ്ശൈലിയുടെ മഹത്വം മനസ്സിലാക്കാന്‍ ആസ്വാദകസമൂഹത്തിന് ഏറെക്കാലം വേണ്ടി
വന്നു. ഒരുകുട്ടിക്കഥപോലെ വായിച്ചുപോകാവുന്ന ഈ പുസ്തകം കല അനുകരണമല്ല യഥാര്‍ത്ഥ സൃഷ്ടിയാണ് എന്ന മഹത്തായ സന്ദേശം നമുക്ക് പകര്‍ന്നുതരുന്നു. ചെരുപ്പിടാത്ത ഹുസൈന്‍ സദാ ചെരുപ്പില്‍ കയറി നടക്കുന്ന സമൂഹത്തിന് വലിയൊരു സന്ദേശം നല്‍കുന്നുണ്ട്. ജീവിക്കാന്‍ വേണ്ടി പാതയോരത്ത് സിനിമാ പോസ്റര്‍ വരച്ചു നടന്ന കാലത്ത് ഹുസൈ ന്റെ കാലില്‍ ചെരുപ്പുണ്ടായിരുന്നില്ല. പിന്നീട് ലോകമറിയുന്ന മഹാനായ എം എഫ് ഹുസൈന്‍ എന്ന ചിത്രകാരനായി വളര്‍ന്നപ്പോഴും ഹുസൈന്‍ ചെരുപ്പില്‍ കയറി ഉയര്‍ന്നു നടന്നില്ല. ചെരുപ്പിടാത്ത ഹുസൈനെ പൊങ്ങച്ചലോകം പുറത്താക്കിയപ്പോഴും ഹുസൈന്‍ ചെരുപ്പില്‍ കയറിയില്ല. അങ്ങനെ കടുത്ത ചിന്തകള്‍ക്ക് തുടക്കംകുറിച്ച ഹുസൈന്റെ ചിത്രങ്ങളെ പരിചയപ്പെടുത്തുന്നു നഗ്നപാദനായ ഹുസൈന്‍ എന്ന പുസ്തകം. വളരെ കൌതുകകരമാണ് നഗ്നപാദനായ Entaiperu-Amruthaഹുസൈന്റെ ആഖ്യാന രീതി. സ്വപ്നവും സ്വപ്നത്തിലെ സ്വപ്നങ്ങളും ഇടകലര്‍ന്ന രചനാരീതി കൌതുകമുണര്‍ത്തുന്നതാണ്.

ചിത്രകലാഭ്യ സനത്തിനുള്ള സൌകര്യങ്ങളും അവസരവും കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇത്തരം പുസ്തകങ്ങള്‍ക്ക് പ്രത്യേക പ്രസക്തിയുണ്ട്. എല്ലാ പുസ്തകങ്ങളിലും ചിത്രകാരന്മാരെക്കുറിച്ചും അവരുടെ രചനാശൈലിയെക്കുറിച്ചും നല്‍കിയിരിക്കുന്ന കുറിപ്പുകളും ചിത്രങ്ങളും അവരെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകരമാണ്. ഓരോ ചിത്രകാരന്മാരുടേയും ചിത്രങ്ങളുടെ സവിശേഷതയും അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും അവയുടെ പ്രത്യേകതകളും കൂടി വിവരിച്ചുതന്നിരുന്നെങ്കില്‍ അത്  ഏറെ പ്രയോജനം ചെയ്തേനെ.

 

ഗൌരി എസ് ഉണ്ണിത്താന്‍

ക്ലാസ് 10 , കേന്ദ്രീയ വിദ്യാലയ, പാങ്ങോട്