KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ ചുണ്ടെലിയും ചുണ്ടങ്ങാപ്പക്ഷിയും
ചുണ്ടെലിയും ചുണ്ടങ്ങാപ്പക്ഷിയും


nadodi3jpgnadodi1


ഒരു ചുണ്ടെലിയും ചുണ്ടങ്ങാപ്പക്ഷിയും ഉണ്ടായിരുന്നു. അവര്‍ കൂട്ടുകാരാകാന്‍ തീരുമാനിച്ചു.
ഒരിക്കല്‍ ഇര തേടി നടക്കുന്നതിനിടയില്‍ ചുണ്ടെലി മുള്ളിന്‍കാട്ടില്‍പ്പെട്ടു. അങ്ങോട്ടു പോകാനും വയ്യ. ഇങ്ങോട്ടു പോരാനും വയ്യ.
“ചുണ്ടങ്ങാപ്പക്ഷീ... ചുണ്ടങ്ങാപ്പക്ഷീ...”
ചുണ്ടെലി നിലവിളിച്ചു.
പക്ഷി ചുണ്ടെലിയെ മുള്ളിന്‍ കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തി.
രണ്ടാമത്തെ ദിവസം ഇര തേടി നടക്കുന്നതിനിടയില്‍ ചുണ്ടെലി ചാണകക്കുണ്ടില്‍ വീണു.
കേറും തോറും വഴുക്കി വഴുക്കി കീഴോട്ടു പൊയ്ക്കൊ ണ്ടിരുന്നു.
“ചുണ്ടങ്ങാപ്പക്ഷീ... ചുണ്ടങ്ങാപ്പക്ഷീ...”
ചുണ്ടെലി നിലവിളിച്ചു.
പക്ഷി ചുണ്ടെലിയെ ചാണകക്കുണ്ടില്‍ നിന്ന് രക്ഷപ്പെടുത്തി.
മൂന്നാം ദിവസം ഓടി നടക്കുമ്പോള്‍ ചുണ്ടെലി പയ്യിന്റെ കുളമ്പിനടിയില്‍ കുടുങ്ങുമെന്നായി.
“ചുണ്ടങ്ങാപ്പക്ഷീ... ചുണ്ടങ്ങാപ്പക്ഷീ...”
ചുണ്ടെലി നിലവിളിച്ചു.
പക്ഷി ചുണ്ടെലിയെ കുളമ്പിനടിയില്‍ നിന്ന് രക്ഷപ്പെടുത്തി.
നാലാം ദിവസം ഇരതേടി നടക്കുന്നതിനിടയില്‍ ചുണ്ടെലിക്ക് ഒരു മുറി തേങ്ങ കിട്ടി. ഇത് കണ്ട ചുണ്ടങ്ങാപ്പക്ഷി ചോദിച്ചു:
“ഇത്തിരി തേങ്ങ എനിക്കും താ.”
ചുണ്ടെലി കേട്ട ഭാവം നടിച്ചില്ല.
“ഞാന്‍ നിന്നെ മുള്ളിന്‍ കാട്ടില്‍ നിന്ന് രക്ഷിച്ചില്ലേ?” പക്ഷി ചോദിച്ചു.
“അതു ഞാന്‍ ചെവി വൃത്തിയാക്കാന്‍ കയറീതല്ലേ?”
എലി പറഞ്ഞു.nadodi2jpg

“നിന്നെ ഞാന്‍ ചാണകക്കുഴിയില്‍ നിന്ന് രക്ഷിച്ചില്ലേ?”
“അതു ഞാന്‍ ശരീരം വൃത്തിയാക്കീതല്ലേ...”
“നിന്നെ ഞാന്‍ പയ്യിന്റെ കുളമ്പിനടിയില്‍ നിന്ന് രക്ഷിച്ചില്ലേ?”
“അതു ഞാന്‍ ഉഴിച്ചില്‍ നടത്തിയതല്ലേ...”
പിന്നെ പക്ഷി ഒന്നും പറഞ്ഞില്ല.
അപ്പോഴാണ് കൃഷിക്കാരന്‍ വടിയുമായി അതു വഴി വന്നത്.
ചുണ്ടങ്ങാപ്പക്ഷി മിന്നല്‍പോലെ ഒറ്റ പറക്കല്‍.
ചുണ്ടെലിയുടെ നിറുകം തലയ്ക്കുതന്നെ അടി കിട്ടി.
“ചുണ്ടങ്ങാപ്പക്ഷീ... ചുണ്ടങ്ങാപ്പക്ഷീ...”
ചുണ്ടങ്ങാപ്പക്ഷി പറന്നു പറന്ന് പറന്ന്...

 

പുനരാഖ്യാനം: രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

വര : ഗോപു പട്ടിത്തറ