KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഒ.എന്‍.വി. കുറുപ്പ് - ജീവചരിത്രവും കാവ്യപരിചയവും

onv

ഒ എന്‍ വി കുറുപ്പ്
ബൈജു ചന്ദ്രന്‍
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
പുറം 120, വില 60 രൂപ

pusthakaparichayamമനസിലെ വികാരവിചാരങ്ങളും ചിന്തകളും കഥയുടെയോ കവിതയുടെയോ രൂപത്തില്‍ കടലാസില്‍ പകര്‍ത്തിയാല്‍ അത് തോന്ന്യാക്ഷരങ്ങളായും പുരോഗമനസാഹിത്യം മഹാപാപവുമായി ചിത്രീകരിച്ച കാലഘട്ടത്തിന്റെ സന്തതിയാണ് മലയാളത്തിന്റെ പ്രിയകവി ശ്രീ ഒ എന്‍ വികുകുറുപ്പ്. സമൂഹം ജനങ്ങളെ ഇത്തരമൊരു ചട്ടക്കൂടിലടച്ചപ്പോള്‍ ഒ എന്‍ വി സധൈര്യം ആ വലയം ഭേദിച്ചു പ്രവര്‍ത്തിച്ചു എന്നതുകൊണ്ടുമാത്രമാണ് നമുക്ക് അതുല്യനായ ഒരുരുകവിയെ ലഭിച്ചത്. ആ തോന്ന്യാക്ഷരങ്ങളുടെ സ്രഷ്ടാവ് ഇന്ന്‘ഭാരതത്തിന്റെ പരമോന്നത സാഹിത്യപുരസ്കാരത്തിനര്‍ഹനായിരിക്കുന്നു. ഒ എന്‍ വി എന്ന കവിയെയും അദ്ദേഹത്തിന്റെ കവിതകളെയും ആകര്‍ഷകമാംവിധം കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ദൃശ്യമാധ്യമപ്രവര്‍ത്തകനായ ശ്രീ ബൈജു ചന്ദ്രന്‍ “ഒ എന്‍ വി കുറുപ്പ്”’എന്ന ഗ്രന്ഥത്തിലൂടെ.onv-sidebar

ഒ എന്‍ വിയുടെ കാവ്യജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്തകം. ബാല്യകാലം മുതല്‍ ജ്ഞാനപീഠം നേടിയതുവരെയുള്ള കവിയുടെ ജീവിതം ഏഴ് അദ്ധ്യായങ്ങളിലായി ചിത്രീകരിക്കുന്നു. ഒ എന്‍ വി യുടെ സമഗ്രമായ ഒരുരുജീവചരിത്രമല്ല ഇത്. എന്നാല്‍ മഹത്തായ ആ കാവ്യജീവിതത്തെ പുതിയ തലമുറയ്ക്ക് അത്യന്തം പ്രാധാന്യത്തോടെ പരിചയപ്പെടുത്തുന്നു എന്ന കാര്യത്തിലും ഒ എന്‍ വി എന്ന വ്യക്തിത്വത്തെ കൂടുതല്‍ അറിയാന്‍ ഏവര്‍ക്കും പ്രചോദനമാകുന്നു എന്ന കാര്യത്തിലും ഈ പുസ്തകം വഹിക്കുന്ന പങ്കിനെ ചെറുതായി കാണാന്‍ കഴിയില്ല.

ഈ ഗ്രന്ഥത്തിന്റെ ഏഴ് അദ്ധ്യായങ്ങള്‍ കവിയുടെ ജീവിതത്തിലെ ഏഴ് ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നു തന്നെ പറയാം. ആദ്യ അദ്ധ്യായമായ ‘അപ്പുവിന്റെ ബാല്യ’ത്തില്‍ ഉള്ളില്‍ ഊറിക്കൂടിയിരുന്ന വൈകാരികാനുഭൂതികളെ പകര്‍ത്താന്‍ വെമ്പിയ കവിയുടെ കുഞ്ഞുമനസിനെ നമുക്കു ദര്‍ശിക്കാം. കോളേജ് വിദ്യാഭ്യാസ കാലഘട്ടമായപ്പോഴേക്കും ഒരു യുവകവിയായി വളരുന്ന ഒ എന്‍ വി യെ ‘കവിത യുടെ നാമ്പുകള്‍’ എന്ന അദ്ധ്യായത്തില്‍ കാണാം. ആ കാലഘട്ടത്തില്‍ കവിയുടെ കൂട്ടു കാരായിരുന്ന പില്‍കാല സാഹിത്യകാരന്മാര്‍ കവിയില്‍ ചെലുത്തിയ സ്വാധീനവും ഈ അദ്ധ്യായത്തില്‍ ഭംഗിയായി വിവരിച്ചിരിക്കുന്നു. ദേശീയ സ്വാതന്ത്യ്രസമര പ്രക്ഷോഭത്തിന്റെ ഭാഗമായി പുരോഗമനസാഹിത്യപ്രസ്ഥാന ത്തിന്റെ അവിഭാജ്യഘടകമായ കവിയാണ് ‘നവയുഗപ്പുലരിയിലേക്ക്’ എന്ന അദ്ധ്യായത്തില്‍. അന്നു നിലനിന്നിരുന്ന വിവിധ പ്രത്യയശാസ്ത്രങ്ങളോട് കവി പുലര്‍ത്തിയിരുന്ന നിലപാടുകള്‍ അദ്ദേഹത്തിന്റെ കവിതകളിലും നിഴലിച്ചു.

വയലാര്‍ രാമവര്‍മ, ദേവരാജന്‍ തുടങ്ങിയ പ്രിയസുഹൃത്തുക്കളോടൊപ്പം അദ്ദേഹം നാടകരചനയിലേക്ക് കടന്നുന്നുവന്നു. ഇന്നും നാം നെഞ്ചോടു ചേര്‍ക്കുന്ന നാടകഗാനങ്ങളില്‍ പലതും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് ഉതിര്‍ന്ന് വീണതാണ്. കവിയുടെ ജീവിതത്തിലെ ഈ ഘട്ട മാണ് ‘മധുരിക്കും ഓര്‍മകളേ’ എന്ന അദ്ധ്യായം. മലയാളത്തനിമയുടെ കതിര്‍ക്കനമുള്ള അനേകം കാവ്യങ്ങളിലൂടെ മലയാളത്തിന്റെ എക്കാല ത്തേയും പ്രിയപ്പെട്ട കവിയായി ഒ എന്‍ വി മാറുന്ന കാഴ്ചയാണ് ‘വികസിക്കുന്ന കാവ്യ ചക്രവാളം’ എന്ന അദ്ധ്യായം. ഒ എന്‍ വി യുടെ കവിതകളുടെ സവിശേഷതകള്‍ പരിശോധി ക്കുന്നുമുണ്ടിവിടെ. സാഹിത്യ നിരൂപകന്‍ കൂടിയായ ഒ എന്‍ വി യെ നാമിവിടെ പരിചയ പ്പെടുന്നു. മലയാള ചലച്ചിത്രലോക ത്തേക്കും ഗസലുകളുടെ ലോകത്തേക്കും കാല്‍വച്ച കവിയാണ് ‘കാതില്‍ തേന്മഴയായ്’ എന്ന അദ്ധ്യായത്തില്‍. മൊത്തത്തില്‍ കവിയുടെ ചലച്ചിത്രഗാനങ്ങളുടെ ഭംഗി തന്നെയാണ് വിഷയം. ഒ എന്‍ വി യുടെ കാവ്യജീവിതത്തിലെ ചില സന്ദര്‍ഭങ്ങളും കവിതകളും വിശേഷങ്ങളും ഒരു ഉപസംഹാരവുമായി ഏഴാമത്തെ അദ്ധ്യാ യവും- സ്വസ്തി ഹേ സൂര്യ തേ സ്വസ്തി! - കടന്നുപോകുന്നു.

ഗ്രന്ഥത്തിന്റെ ഉള്ളടക്കം സൂചിപ്പിച്ചതുപോലെ അവതരണത്തിലെ ഭംഗിയും ഇവിടെ പ്രത്യേകം പ്രതിപാദിക്കേണ്ടതുണ്ട്. എല്ലാ അദ്ധ്യായങ്ങളിലും ഗ്രന്ഥകര്‍ത്താവിന്റെ വാക്കുകളോടൊപ്പം ഒ എന്‍ വി യുടെ ആത്മകഥാകഥനവും മിഴിവോടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വായനയുടെ രസച്ചരട് പൊട്ടിക്കുന്നില്ലെന്നുമാത്രമല്ല, രചനയുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓരോ അദ്ധ്യായത്തിന്റെയും തുടക്കത്തിലും ഉള്ളടക്കത്തിനനുയോജ്യമാംവണ്ണം ഉള്ളിലും ഒ എന്‍ വി യുടെ തന്നെ ഒട്ടേറെ കവിതാശകലങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഈ വിശേഷമായ അവതരണശൈലി വായനക്കാരന്റെ മനസിനെ പുസ്തകത്തിനുള്ളില്‍ പിടിച്ചുനിര്‍ത്താന്‍ ഉപകരിച്ചിരിക്കുന്നു. അതോടൊപ്പം പുസ്തകത്തിനൊടുവില്‍ ‘തിരഞ്ഞെടുത്ത കവിതകള്‍’ എന്ന പേരില്‍ ഒ എന്‍ വിയുടെ പ്രശസ്തമായ പതിനൊന്നു കവിതകള്‍ ചേര്‍ത്തിരിക്കുന്നു. കവിയുടെ സൃഷ്ടികളെ ഗ്രന്ഥകര്‍ത്താവിന്റെ വാക്കുകളാല്‍ മനസിലാക്കുന്നതോടൊപ്പം സ്വയം വിശകലനവിധേയമാക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു, ഈകവി തകള്‍. ഒ എന്‍ വിക്കവിതകളെക്കുറിച്ച് സ്വന്തമായ അഭിപ്രായങ്ങളും ചിന്തകളും അനുവാചകമനസില്‍ സൃഷ്ടിക്കപ്പെടുന്നു.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട്കുകുട്ടികള്‍ക്കായ് തയ്യാറാക്കുന്ന ‘കവിയും കവിതയും’ എന്ന പുസ്തക പരമ്പരയിലെ ഒരു ഗ്രന്ഥമാണ് “ഒ എന്‍ വി കുറുപ്പ്”. പുതിയ തലമുറയില്‍ നിന്ന് സാഹിത്യം അകലുന്നു എന്നൊരു വാദം കേള്‍ക്കാറുണ്ട്. നമ്മുടെ കവികളെ ഈ തലമുറയ്ക്ക് പരിചയപ്പെടുത്തി അവരെ കാവ്യപ്രേമികളും സര്‍വ്വോപരി സാഹിത്യപ്രേമികളുമാക്കാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. ഈ ഗ്രന്ഥത്തിന്റെ കെട്ടും മട്ടും രചനാശൈലിയും അവതരണവും അതിനു യോജിച്ചതു തന്നെ. വിദ്യാര്‍ത്ഥികളായ നാമും യുവ വായനക്കാരും വായിച്ചിരിക്കേണ്ട ഗ്രന്ഥങ്ങളില്‍ ഒന്നു തന്നെയാണ് ഇത്. ബാലസാഹിത്യ രംഗത്തെ മികച്ച പ്രവര്‍ത്തനമായി ‘കവിയും കവിതയും’ എന്ന പരമ്പരയും ഈ പുസ്തകവും മാറട്ടെ എന്നു പ്രത്യാശിക്കുന്നു.


ശ്രീരാഗ് എസ് ആര്‍

ക്ളാസ്സ് 10, എസ് എം വി മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തിരുവനന്തപുരം