KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മുന്നുര പ്രകൃതിയെ അറിയുക! എഴുതുക!
പ്രകൃതിയെ അറിയുക! എഴുതുക!

munnura1കുട്ടികളെല്ലാം അവധിക്കാലം ആഘോഷിക്കുകയാണ് എന്ന് ആശിക്കട്ടെ! അതോ ഒരുപാടു ട്യൂഷനും പാഠ്യഭാരങ്ങളും ഇപ്പോഴും നിങ്ങളുടെ ചുമലില്‍വെച്ചു തന്നിട്ടുണ്ടോ! എങ്കില്‍ കഷ്ടമാണ് എന്നേ പറയാനുള്ളൂ. അവധിക്കാലം ഉല്ലാസകരമാക്കാന്‍, അതേ സമയം പ്രയോജനപ്രദമാക്കാന്‍ ചില എളുപ്പവഴികളെല്ലാം കഴിഞ്ഞ ഒരു ലക്കത്തിലെഴുതിയിരുന്നു. കൂട്ടുകാര്‍ അവയിലേതെങ്കിലും പരീക്ഷിച്ചു നോക്കിയോ? അറിയിക്കുക.

ഈ ലക്കം തളിരില്‍ കാടിനെപ്പറ്റിയുള്ള കവിതകളും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയുണ്ട്. അവയെല്ലാം വായിച്ച് മനസ്സിലാക്കുന്നതിനോടൊപ്പം ഒരു ചെറിയ, വലിയ കാര്യം കൂടി അറിയുക. നമ്മുടെ മുറ്റത്തിന്റെ അരികില്‍ നില്‍ക്കുന്ന ഒരു പുല്‍ച്ചെടിയെ കുറച്ചു നേരം ഒന്നു നോക്കി പരിചയപ്പെടണം. (മുറ്റം സിമന്റിട്ടില്ലെങ്കില്‍ മാത്രമേ അത് കാണാന്‍ കഴിയൂ). എന്നിട്ട് കൂട്ടുകാര്‍ ആലോചിക്കണം, എന്താണ് പുല്ലുകൊണ്ടുള്ള പ്രയോജനം എന്ന്.

പെട്ടെന്ന് തോന്നുന്ന ഒന്ന് ഞാനിവിടെയെഴുതാം. ‘പശു പുല്ലു തിന്നുന്നു.’

ശരി. ബാക്കിയെന്തൊക്കെയുണ്ടെന്ന് ആലോചിച്ച് എഴുതിയയക്കുക. മുതിര്‍ന്നവരുമായി ചര്‍ച്ചചെയ്തും എഴുതാം. ഏറ്റവും നല്ല കത്തുകള്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ഈ ലക്കം പ്രധാനമായി കാടിനെപ്പറ്റിയായതിനാല്‍ നിങ്ങള്‍ക്ക് ആലോചിക്കാന്‍ ഒരു വാചകം കൂടി എഴുതാം.

‘കാട് പുല്ലുകളുടെ ഒരു കൂട്ടമാണ്.’

ശരിയാണോ, അല്ലയോ? ശരിയാണ് എന്നു തോന്നുന്നെങ്കില്‍ പറയൂ, ഒരു പുല്ലിനും കാടിനും പൊതുവായി എന്തെല്ലാ മുണ്ട്? ഈ ഒഴിവുവേളയില്‍ ഒരു പിടി പുല്ല് നട്ടു പിടിപ്പിച്ചാലോ?

അടുത്ത ലക്കത്തില്‍ നിങ്ങളുടെ മറുപടികള്‍ പ്രതീക്ഷിക്കുന്നു. ആരൊക്കെയാണ് മിടുക്കരെന്നു നോക്കട്ടെ.

സ്നേഹത്തോടെ,

സുഗതകുമാരി


യത്തേ ഭൂമേ വിഖനാമി

ക്ഷിപ്രം തദപി രോഹതു

മാ തേ മര്‍മ്മ വിമൃഗ്വരി

മാ തേ ഹൃദയ മര്‍പ്പിപം

(ഹേ ഭൂമീ! നിന്നില്‍നിന്ന് ഞാന്‍ എടുക്കുന്നതെന്തോ അത് വേഗം വീണ്ടും മുളച്ചു വരട്ടെ. പാവനയായവളേ! ഞാനൊരിക്കലും നിന്റെ മര്‍മങ്ങളെ,നിന്റെ ഹൃദയത്തെ, പിളര്‍ക്കാതിരിക്കട്ടെ)

അഥര്‍വ്വവേദം