KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കാടും കടലും

കാടിkadum-kadalum1ന്റെ പാട്ടും കടല്‍പ്പാട്ടുമൊന്നെന്നു
കാറ്റുപറഞ്ഞാണു ഞാനറിഞ്ഞു!
രണ്ടുമൊരുപോല്‍ കറമ്പികളാണെന്നു
വിണ്ടലം ചൊന്നതും ഞാനറിഞ്ഞു!

കാടിരമ്പുന്നൂ കടലിരമ്പും പോലെ -
യാടുന്നു പച്ചത്തിരകള്‍പോലെ!
കാടു നിശ്ശബ്ദം കടല്‍ക്കയം പോല്‍, കാടു
പേടിയാക്കുന്നൂ കടലുപോലെ!

രാക്കടലിന്നു നിലാവിന്‍ നുറുങ്ങുകള്‍
നേര്‍ത്ത നക്ഷത്ര നുരത്തിളക്കം
കാട്ടിലിരുട്ടിനു മിന്നാമിനുങ്ങികള്‍
പൂക്കള്‍, മഞ്ഞിന്റെ നിലാത്തിളക്കം!

രണ്ടാള്‍ക്കുമേവമലങ്കാരമെങ്കിലും
കണ്ടിരിക്കുന്നു ഞാന്‍ രാവുതോറും
ആടലെന്താവാം? രഹസ്യമായ് തേങ്ങുന്നു
കാടും കടലും കിനാവു കാണ്‍കെ

കാടിന്നു കാട്ടുതീ, കത്തും കടല്‍ത്തീയു
കാണാത്തൊരാഴത്തില്‍ നീറി നില്പു
കാടിന്നു ചീവിടുപാട്ടും മുഴക്കവും!
ആടും കടലിനോ കോളിരമ്പം!...

ഇത്തിരി നേരമൊരിത്തിരി നേരമി -
പ്പട്ടണച്ചൂടുമീയാള്‍ത്തിരക്കും
ജോലിക്കസേരയും മാന്യതയും വെറും
പാഴ്വാക്കുമന്ധമാം പൊയ്മുഖവും
ആകെ മറന്നു പറന്നകന്നീടുവാ -
നാകുമെങ്കില്‍ പോരികെന്റെകൂടെ!
കടലിരമ്പുമ്പോള്‍ കരിങ്കാര്‍ കനത്തുവ -
ന്നിടിവെട്ടിയുടയുന്ന കാട്ടിലൂടെ
മുടിയിലക്കൂട്ടങ്ങള്‍ തിരകള്‍ ചുറ്റിപ്പിടി -
ച്ചിടവിട്ടുലയ്ക്കുന്ന കാറ്റിലൂടെ

ആര്‍ത്തു കനത്തുവീഴും മഴപ്പെയ്ത്തിലൂ -
ടാദ്യമായ് കിട്ടും ചിറകു വീശി
കാറ്റിനോടൊപ്പം സ്വതന്ത്രരായുച്ചമായ്
പാട്ടുപാടിക്കൊണ്ടലയുമെങ്കില്‍
കാടും കടലുമിപ്പാട്ടുമീ വന്‍ മഴ -
ക്കാറ്റുമൊന്നാണെന്നു നാമറിയും!
കണ്ണുകള്‍ പൂട്ടിനിന്നാ മഴയേല്ക്കുകില്‍
വിണ്ണിന്റെയുള്‍ച്ചിരി നാമറിയും!
ആ നിമിഷത്തിന്റെയാനന്ദവായ്പിലീ
ഭൂമിയെ വാരിപ്പുണര്‍ന്നുപോകും!kadum-kadalum2

 

സുഗതകുമാരി
വര: ആശ ആര്‍

 

കാടിനും നാടിനും സ്ത്രീക്കും പ്രകൃതിക്കുംവേണ്ടി നിലകൊള്ളുന്ന കവിതകളാണ് സുഗതകുമാരിയുടേത്. കാടും കടലും എന്ന ഈ കവിതയില്‍ പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങളെ കവി അനാവരണം ചെയ്യുന്നു. വായിച്ചുപോകുമ്പോള്‍ തന്നെ അറിയാതെ മനസ്സുകൊണ്ട് നമ്മള്‍ പ്രകൃതിസ്നേഹികളാകും തീര്‍ച്ച.