KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് വാസനകള്‍ അളന്നാല്‍ മിടുക്കരാകുമോ മാമാ?
വാസനകള്‍ അളന്നാല്‍ മിടുക്കരാകുമോ മാമാ?

ശിവദാസ് മാമന്റെ കത്ത്
 vasanakal-kathu

മാമനറിഞ്ഞോ വിദേശത്തൊക്കെ കുട്ടികളുടെ വാസനകള്‍ കൃത്യമായി അളന്നു കണ്ടെത്തിക്കൊടുക്കുമെന്ന്. ഒഴിവുകാല ക്യാമ്പില്‍ ക്ളാസെടുത്ത ഒരു മാമന്‍ പറഞ്ഞതാണ്. പക്ഷേ നമ്മുടെ നാട്ടിലതിനു സൌകര്യമില്ലല്ലേ. പിന്നെ ഞങ്ങള്‍ കുട്ടികള്‍ എങ്ങനെ ഞങ്ങളുടെ ഭാവി നിശ്ചയിക്കും. എന്തു പഠിക്കണമെന്നും ആരാകണമെന്നുമൊക്കെ നിശ്ചയിക്കാന്‍ വഴിയില്ലല്ലോ മാമാ.
ഏതോ ഒഴിവുകാലക്യാമ്പില്‍ പങ്കെടുത്ത പത്തു വയസ്സുകാരിയുടെ സംശയമാണ്! എന്തായാലും സംശയം ചോദിച്ച ആ കാന്താരിക്കുട്ടിയെ നമുക്ക് അഭിനന്ദിക്കാം. എല്ലാവര്‍ക്കും വേണ്ടി മറുപടിയും പറയാം.
വിദേശത്ത് കുട്ടികളുടെ ബുദ്ധിശക്തിയും വാസനയുമൊക്കെ അളന്നു കണ്ടുപിടിച്ചുകൊടുക്കുന്നതുകൊണ്ടാണ് അവര്‍ മിടുക്കരാകുന്നതെന്ന് ആരും തെറ്റിധരിക്കേണ്ട. അങ്ങനെ കൃത്യമായി അളന്നുതൂക്കിയെടുക്കാവുന്ന ഒന്നല്ല വാസനകള്‍, കഴിവുകള്‍, ശേഷികള്‍. അളന്നു കിട്ടിയതു കൊണ്ടു വലിയ പ്രയോജനവുമില്ല. വിദേശത്ത് പല പരിപാടികളും ഉണ്ട്. ചിലതൊക്കെ ശരിയാകാം. പലതും തട്ടിപ്പുമാകാം. അതെപ്പറ്റി നമ്മുടെ നാട്ടിലെ മിടുക്കരായ കാന്താരിക്കുട്ടികള്‍ വേവലാതിപ്പെടേണ്ട. നിങ്ങള്‍ നിങ്ങളുടെ കഴിവുകള്‍ വളര്‍ത്തിയാല്‍ മതി. മിടുമിടുക്കരാകാന്‍ അതാണു വഴി.
കൊച്ചുകുട്ടികളായാലും വലിയ കുട്ടികളായാലും വാസനകളെപ്പറ്റി വേവലാതിപ്പെടേണ്ട. എനിക്ക് എന്തു വാസനയാണുള്ളത്, എന്തൊക്കെ കഴിവുകള്‍ ആണുള്ളത്, എന്തു കരിയര്‍ തെരെഞ്ഞെടുത്താലാണ് ഞാന്‍ വിജയിക്കുക എന്നൊക്കെ ചിന്തിച്ചു സമയം കളയേണ്ട. മറിച്ച് കുട്ടികള്‍ കുട്ടികളായി ജീവിച്ച് നന്നായി വളരുകയാണു വേണ്ടത്. കൊച്ചു കുട്ടികള്‍ കണ്ണുതുറന്നും ചെവി തുറന്നും ജീവിക്കണം, കാണണം, കേള്‍ക്കണം, അത്ഭുതപ്പെടണം, ചോദ്യങ്ങള്‍ ചോദിക്കണം. പരീക്ഷണനിരീക്ഷണ നിഗമനങ്ങളിലൂടെ ശാസ്ത്രബോധം വളര്‍ത്തണം. അനേകം പ്രവര്‍ത്തനങ്ങളിലൂടെ രസിച്ചു പഠിക്കണം. നാടന്‍പാട്ടുകള്‍ പാടി പഠിച്ച് രസിച്ച് ഭാഷാപരിചയം വളര്‍ത്തണം. ധാരാളം നല്ല കഥകള്‍ വായിക്കണം. കവിതകള്‍ വായിച്ചു ആസ്വദിക്കുകയും പാടി പഠിക്കുകയും വേണം.
തീര്‍ന്നില്ല. ചുറ്റുപാടും ഉള്ളവരുമായി ബന്ധപ്പെടണം. നീന്തല്‍ പഠനം മുതല്‍ യോഗപരിശീലനം വരെ നടത്തണം. സംഗീതംപോലുള്ള കലകളിലും പരിശീലനം നേടണം. അങ്ങനെ നാനാതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. അപ്പോള്‍ കുട്ടികളുടെ എല്ലാ വാസനകളും വളരും. ബുദ്ധിയുടെ എല്ലാ തലങ്ങളും വളരും. അപ്പോഴാണ് സമഗ്രമായ വികാസമുണ്ടാക്കുന്നത്. വളര്‍ച്ചയുണ്ടാകുന്നത്. അപ്പോള്‍ മാത്രമാണ് ഒരു കുട്ടി മിടുക്കനോ മിടുക്കിയോ ആയി വളരുന്നത്. അങ്ങനെ വളരാനാണ് എല്ലാ കുട്ടികളും ശ്രദ്ധിക്കേണ്ടത്. അല്ലാതെ വാസനകള്‍ എന്താണ് എന്ന് വേവലാതിപ്പെടുകയേ വേണ്ട.
പത്താം ക്ളാസുവരെ അങ്ങനെ എല്ലാം പഠിച്ചു രസിച്ചു തന്നെയാണു വളരേണ്ടത്. എനിക്ക് മലയാളം ഇഷ്ടമല്ല, എനിക്ക് കണക്ക് മനസ്സിലാവുകയില്ല, എനിക്കു ചരിത്രമെന്നു കേട്ടാല്‍ അലര്‍ജിയാണ്, എനിക്കു കായികപരിശീലനം ഇഷ്ടമല്ല എന്നൊക്കെ ചില കുട്ടികള്‍ പറയുന്നത് ഈ മാമനും കേട്ടിട്ടുണ്ട്. ഈ സമീപനം ശരിയല്ല. എല്ലാ വിഷയങ്ങളും നല്ലതാണ്. രസമുള്ളതാണ്. പഠിക്കേണ്ടതാണ്. എല്ലാറ്റിന്റെയും പ്രാഥമികമായ കാര്യങ്ങള്‍ എല്ലാവരും അറിയേണ്ടതുണ്ട്. ചരിത്ര ബോധമില്ലാത്ത എന്‍ജിനീയറും ഭാഷാശേഷിയില്ലാത്ത ഡോക്ടറും ശാസ്ത്രബോധമില്ലാത്ത ഭാഷാദ്ധ്യാപകനും അവരവരുടെ രംഗങ്ങളിലും വിജയിക്കുകയില്ല.vasanakal-kathu2
പത്താം ക്ളാസുകഴിയുമ്പോള്‍ മാത്രം മതി ഏതു ലൈനിലേക്കു തിരിയണമെന്ന തീരുമാനമെടുക്കല്‍. അപ്പോള്‍ സ്വയം തീരുമാനമെടുക്കാന്‍ പറ്റാത്തവര്‍ വിദഗ്ദ്ധരുടെ സഹായം തേടണം.
ഒരു കുട്ടിയുടെ കഴിവുകളും വാസനകളും ഒരു പ്രത്യേകപ്രായത്തില്‍ കൃത്യമായി അളക്കാനാവില്ല. എത്രയോ കഴിവുകള്‍ അഥവാ വാസനകള്‍ കുട്ടിയില്‍ ഉറങ്ങിക്കിടപ്പുണ്ട്. നിങ്ങളിലൊരു ന്യൂട്ടണോ ഷെയ്ക്ക്സ്പിയറോ ബുദ്ധനോ ഉറങ്ങിക്കിടപ്പുണ്ടാകാം. നാനാതരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മാത്രമേ ഉറങ്ങിക്കിടക്കുന്ന വാസന ഉണരൂ. വളരൂ.
അപ്പോള്‍ വേണ്ടതെന്താണ്? വലിയ സ്വപ്നം കാണുക തന്നെ. വലിയ ലക്ഷ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുക തന്നെ. മടിപിടിച്ചിരിക്കാതെ നാനാതരം പ്രവൃത്തികളില്‍ മുഴുകി രസിച്ച് ആസ്വദിച്ച് പഠിച്ച് വളരുക തന്നെ. അപ്പോഴാണ് ഒരു പുഴു ചിത്രശലഭമാകും പോലെ ഒരു കുട്ടി മഹത്വപൂര്‍ണ്ണമായ വ്യക്തിത്വമുള്ള ഒരു ജീനിയസാകുന്നത്. എന്താ എല്ലാ കാന്താരികളും അങ്ങനെ വളരാന്‍ തയ്യാറല്ലേ?

 

എസ് ശിവദാസ്
വര: അനിഷ തമ്പി