KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വാര്‍ത്ത - ജൂണ്‍

2158 സ്വതന്ത്ര ചിത്രങ്ങള്‍wikipedia
കേരളവുമായി ബന്ധപ്പെട്ടതും വൈജ്ഞാനികസ്വഭാവമുള്ളതുമായ സ്വതന്ത്രചിത്രങ്ങള്‍ ലഭ്യമാക്കാനായി വിക്കിപീഡിയ പ്രവര്‍ത്തകര്‍ നടത്തിയ പരിപാടി വന്‍വിജയമായി. ‘മലയാളികള്‍ വിക്കിമീഡിയയെ സ്നേഹിക്കുന്നു’ എന്ന പേരില്‍ 2011 ഏപ്രില്‍ 2 മുതല്‍ 25 വരെയാണ് പദ്ധതി നടപ്പിലാക്കിയത്. വിക്കിപീഡിയ പോലുള്ള സംരഭങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ചിത്രങ്ങളും ചലച്ചിത്രങ്ങളും മറ്റും സൂക്ഷിക്കാനുള്ള സംവിധാനമാണ് വിക്കിമീഡിയ.  സ്വതന്ത്ര അനുമതിയുള്ള 2158 ചിത്രങ്ങളാണ് ഈ കാലയളവില്‍ വിക്കിമീഡിയയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 75 ഓളം പേര്‍ സജീവമായി പങ്കെടുത്ത ഈ പരിപാടിയിലൂടെ കേരളത്തെ സംബന്ധിച്ച ചിത്രങ്ങളോടൊപ്പം തന്നെ വൈജ്ഞാനികസ്വഭാവമുള്ള നിരവധി ചിത്രങ്ങളും ലഭ്യമായി. ഏഴോളം പേര്‍ നൂറിലധികം ചിത്രങ്ങള്‍ സംഭാവന ചെയ്തു. 14 ചിത്രങ്ങള്‍ സംഭാവന ചെയ്ത് കൊല്ലം ഗവ. ടി.ടി.ഐ. യിലെ രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിയായ സായ് വളരെ ചെറിയ കുട്ടികള്‍ക്കും ഇത്തരം സംരംഭങ്ങളില്‍ പങ്കാളികളാകാം എന്ന് തെളിയിച്ചു. ഈ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിക്കിപീഡിയയിലെ ലേഖനങ്ങള്‍ മികച്ചതാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ വിക്കിപീഡിയ പ്രവര്‍ത്തകര്‍.
വിക്കിമീഡിയയിലേക്ക് എപ്പോള്‍ വേണമെങ്കിലും ചിത്രങ്ങളും ശബ്ദങ്ങളും ചലച്ചിത്രങ്ങളും ഒക്കെ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഇതിനായി വിക്കിപീഡിയയിലോ വിക്കിമീഡിയയിലോ ഒരു അംഗത്വമെടുത്താല്‍  മതി. സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഒരു കോടിയിലധികം പ്രമാണങ്ങള്‍ ഇപ്പോള്‍ വിക്കിമീഡിയില്‍ ലഭ്യമാണ്.  http://commons.wikimedia.org എന്ന സൈറ്റില്‍ നിന്നും തികച്ചും സൌജന്യമായും കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഇല്ലാതെയും ഉപയോഗിക്കാം. വിദ്യാഭ്യാസ പ്രൊജക്റ്റുകള്‍ക്കായും പുസ്തകങ്ങള്‍ക്കായും വെബ്സൈറ്റുകള്‍ക്കായുമെല്ലാം ഇവ  ഇന്ന് ഉപയോഗിക്കുന്നുണ്ട്.


വന്യജീവി സര്‍വേ നടന്നു

vanyajeeviമേയ് മാസം 18, 19, 20 തീയതികളില്‍ കേരളത്തിലെ കാടുകളിലെ വന്യജീവി സര്‍വേ നടന്നു. വനം വകുപ്പ്, പീച്ചിയിലെ വനഗവേഷണ കേന്ദ്രം, പെരിയാര്‍ ഫൌണ്ടേഷന്‍,  ണണഎ തുടങ്ങിയവര്‍ സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.  2002 ന് ശേഷം നടക്കുന്ന സമഗ്രമായ വന്യജീവി സര്‍വേയാണിത്. വന്യജീവികളുടെ കണക്കെടുപ്പില്‍ പങ്കെടുക്കാനായി താത്പര്യമുള്ളവരെ ക്ഷണിച്ച് നേരത്തേ തന്നെ പരസ്യം നല്‍കിയിരുന്നു.  അങ്ങിനെ വന്ന 950 ഓളം പേര്‍ സര്‍വേയില്‍ പങ്കാളികളായി.  ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കിയിരുന്നു.
5 -10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 1200 ബ്ളോക്കുകളിലധികമായി കേരളത്തിന്റെ വനപ്രദേശത്തെ തിരിച്ചിട്ടുണ്ട്. ഇതില്‍ 636 ബ്ളോക്കുകളിലാണ് സര്‍വേ നടന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ഒരാള്‍, ഒരു വൊളന്റിയര്‍, കാടിനെ അടുത്തറിയാവുന്ന ഒരാള്‍ എന്നിങ്ങനെ മൂന്ന് പേരടങ്ങിയ സംഘമാണ്  സര്‍വേക്കായി ഓരോ ബ്ളോക്കിലും ഉണ്ടായിരുന്നത്.
ആദ്യദിനം ഒരു ബ്ളോക്കിലെ എല്ലാ ഭാഗത്തും
സഞ്ചരിച്ച് വന്യമൃഗങ്ങളെ നേരിട്ട് എണ്ണിതിട്ടപ്പെടുത്തി. നിരീക്ഷണ സമയത്ത് കാണുന്ന മൃഗങ്ങളുടെ ആകെ എണ്ണം, കണ്ട സ്ഥലം, ആവാസ വ്യവസ്ഥ,  എന്നിവ രേഖപ്പെടുത്തി.
ഓരോ ബ്ളോക്കിന്റേയും നടുവിലായി രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഒരു നേര്‍രേഖ നിശ്ചയിച്ചിട്ടുണ്ടാകും.
രണ്ടാം ദിവസം രാവിലെ മുതല്‍ ഇതിലൂടെ സഞ്ചരിച്ച് ഇരുവശവും കാണപ്പെടുന്ന മൃഗങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി.  തിരിച്ചു പോന്നപ്പോള്‍ ആന, കാട്ടുപോത്ത് എന്നീ മൃഗങ്ങളുടെ പരോക്ഷമായ കണക്കെടുപ്പ് നടത്തി. ആനപിണ്ഡം, ചാണകം എന്നി നിരീക്ഷിച്ചാണ് ഇത് ചെയ്യുന്നത്.  
മൂന്നാം ദിവസം മറ്റു മൃഗങ്ങളുടെ പരോക്ഷമായ കണക്കെടുപ്പാണ് നടത്തിയത്. ചാണകം, കാഷ്ഠം, കാല്‍പ്പാട്, മറ്റ് അടയാളങ്ങള്‍ എന്നിവ രേഖപ്പെടുത്തിയാണ് ഇത് ചെയ്തത്.     
പാമ്പുകള്‍, പക്ഷികള്‍ തുടങ്ങിയവയുടേയും കടുവകളുടേയും കണക്കെടുപ്പ് ഇത്തവണ നടത്തുന്നില്ല. വയനാട് മേഖലയില്‍ മാത്രം കടുവകളുടെ കാഷ്ഠം ശേഖരിച്ച് ഡി.എന്‍.എ. പരിശോധനയിലൂടെ കടുവകളുടെ എണ്ണം പരമാവധി കൃത്യതയോടെ രേഖപ്പെടുത്താനുള്ള ശ്രമം പരീക്ഷണടിസ്ഥാനത്തില്‍ നടത്തുന്നുണ്ട് എന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഇ.എ. ജയ്സണ്‍ പറഞ്ഞു.  
സര്‍വേയില്‍ ലഭ്യമായ വിവരങ്ങള്‍ പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിലാണ് വിശകലനം ചെയ്യുന്നത്. മൂന്ന് മാസത്തിനുള്ളില്‍ വിവരങ്ങള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍.
 

ആഫ്രിക്കന്‍ ഒച്ചുകളുടെ ആക്രമണം
ochinte-akramanamപത്തനംതിട്ടയിലെ കോന്നിയില്‍ കൃഷിക്ക് നാശം വിതച്ച് ആഫ്രിക്കന്‍ ഒച്ചുകളുടെ ആക്രമണം. തളിരിലകള്‍ തിന്നുതീര്‍ക്കുന്ന ഇവ ചെടികളുടെ വളര്‍ച്ചയെ ഗണ്യമായി ബാധിക്കുന്നു. ഏപ്രില്‍ അവസാനത്തോടെ പെയ്ത വേനല്‍മഴയാണ് ഇവയുടെ വ്യാപനം വര്‍ദ്ധിപ്പിച്ചത്.  വ്യാപനത്തെ തടയാന്‍ പഞ്ചായത്ത് അധികൃതരും നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാം ഒരുമിച്ച് പ്രവര്‍ ത്തിക്കുന്നുണ്ട്. ഉപ്പു വിതറിയും പുകയിലയും തുരിശും ചേര്‍ന്ന മിശ്രിതം തളിച്ചും  ഇവയെ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്.
ഒരു പ്രദേശത്തെ ജീവിവര്‍ഗം മറ്റൊരു പ്രദേശത്ത് കടന്നുകയറി വംശവര്‍ദ്ധനവ് നടത്തി അവിടത്തെ തനത് ജീവിവര്‍ഗങ്ങള്‍ക്ക് ഭീഷണിയാകുന്നതിനെയാണ് ജൈവാധിനിവേശം എന്നു പറയുന്നത്. കേരളത്തിലെ ജൈവാധിനിവേശങ്ങളില്‍ പ്രധാനിയാണ് അഫ്രിക്കന്‍ ഒച്ച്.  ഒരു തവണ ഇടുന്ന 200  ഓളം മുട്ടകളില്‍ ഭൂരിഭാഗവും വിരിയും. തണുപ്പും ഇരുട്ടുമാണ് ഇവയ്ക്കിഷ്ടം. ഇരുപത് സെന്റിമീറ്ററോളം നീളവും ഏഴ് സെന്റിമീറ്ററോളം ഉയരവും പ്രായപൂര്‍ത്തിയായ ഒച്ചിനുണ്ടാകും.  പ്രതികൂല സാഹിചര്യങ്ങളില്‍ മൂന്ന് വര്‍ഷം വരെ തോടിനുള്ളില്‍ സമാധിയിരിക്കാനുള്ള കഴിവ് മൂലം ഇവയെ പൂര്‍ണ്ണമായും നശിപ്പിക്കുക എന്നത് പലപ്പോഴും പ്രായോഗികമല്ല. 2005 മുതല്‍ വ്യാപകമായ ഇവ തടിവ്യവസായവുമായി ബന്ധപ്പെട്ട്  മലേഷ്യയില്‍ നിന്നാണ് കേരളത്തിലെത്തിയത് എന്ന് കരുതപ്പെടുന്നു.

 

നവനീത് കൃഷ്ണന്‍ എസ്