KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കാട്

International_Year_of_Forests_2011

കാട് അടുത്തെത്തുന്നതിനു മുമ്പുതന്നെ നമ്മെ എതിരേല്‍ക്കുന്നു. നഗരം ദുഷിപ്പിച്ച ശ്വാസകോശങ്ങളില്‍ ശുദ്ധവായു പെട്ടെന്ന് ഊതി നിറച്ച് ജീവസ്സുറ്റതാക്കുന്നു. കാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നുനില്‍ക്കുക. ആ മണ്ണില്‍ തൊട്ടു വന്ദിച്ചിട്ടുവേണം ഉള്ളിലേക്ക് കടക്കാന്‍. ഇരുണ്ടു കറുത്ത കാട് അവളുടെ ശ്യാമാംബരം വിതിര്‍ത്തു നിങ്ങളെ പുതപ്പിച്ചു മാറോടു ചേര്‍ത്തണയ്ക്കുമ്പോള്‍ ആഹ്ളാദം കൊണ്ടു ശ്വാസംമുട്ടിപ്പോകും.

ഉച്ചത്തില്‍ വിളിക്കണമെന്നും  ഉറക്കെ പാട്ടുപാടണമെന്നും കൈകള്‍ വീശി പാഞ്ഞു പോകണ മെന്നുമൊക്കെ തോന്നി പ്പോകും. പക്ഷേ, മിണ്ട രുത്, ശബ്ദം ഉയര്‍ത്ത രുത്, ലഹള കൂട്ടരുത്. ഈ പവിത്രസ്ഥലി നിങ്ങളുടേതല്ല. മറ്റാത്മാ ക്കളുടേതാണ്. നാം ഇവിടെ അന്യരാണ്. ഒരായിരം കണ്ണുകള്‍  ഭയത്തോടെ, സംശയ ത്തോടെ നമ്മെ വീക്ഷി ക്കുന്നുണ്ട്. കാരണം നമ്മെ ചോര മണക്കു ന്നുണ്ട്. മാപ്പു ചോദിച്ച് ഉള്ളിലേക്കു നീങ്ങുക.kaadu

പാദങ്ങള്‍ക്കടിയില്‍ നനഞ്ഞു പതുത്ത ഭൂമി. ആയിരമായിരം വര്‍ഷങ്ങളായി പൊഴി യുന്ന ഇലകള്‍ വീണുവീണു ദ്രവിച്ച് കനത്തു കിടക്കുന്ന കട്ടിപ്പരവതാനി. അതില്‍ കോടിക്കണക്കിനു ചെറുജീവികളുണ്ട്. അതിസൂക്ഷ്മസസ്യങ്ങളും പൂവുകൊണ്ടു കുറിതൊട്ട കുഞ്ഞുചെടികളും പുല്‍ത്തരങ്ങളും കൂണു കളും പൊന്തകളും വള്ളികളും ചെറുമരങ്ങളും മരങ്ങളില്‍ പറ്റിപ്പിടിച്ചുവളരുന്ന ഒരായിരം സസ്യങ്ങളും മരക്കൂണുകളും പന്നല്‍ച്ചെടികളും ഓര്‍ക്കിഡുകളും മഹാവൃക്ഷങ്ങളും വൃക്ഷപ്പന്തലുകളും... എല്ലാമെല്ലാം ചേര്‍ന്നതാണ് കാട്.

പല തലങ്ങളിലായി കാട് ഇരുണ്ടുയരുന്നു. അദൃശ്യങ്ങളും ദൃശ്യങ്ങളുമായ സൂക്ഷ്മജീവികള്‍ മുതല്‍ കാട്ടുറുമ്പും മണ്‍ചിലന്തിയും ചീവീടും മണ്ണിരയും ഒച്ചും ചോരകുടിയന്‍ അട്ടയും അരണയും തവളയും പാമ്പും കീരിയും മുള്ളന്‍പന്നിയും മറ്റും താഴത്തെ നിലയിലെ താമസക്കാരാണ്. ഓരോ നിലയിലുമുണ്ട് ആയിരമായിരം താമസക്കാര്‍. തേനീച്ചകള്‍, വണ്ടുകള്‍, വിട്ടിലുകള്‍, ശലഭങ്ങള്‍, തുമ്പികള്‍, മിന്നാമിനുങ്ങുകള്‍, പച്ചക്കുതിരകള്‍, പ്രാര്‍ത്ഥനപ്പക്കികള്‍ തുടങ്ങിയവരെക്കൂടാതെ അണ്ണാന്‍, മലയണ്ണാന്‍, കുരങ്ങന്‍മാര്‍, വവ്വാലുകള്‍ ഇങ്ങനെ ഏറെപ്പേരുണ്ട് മേല്‍ത്തട്ടുകളില്‍. ഒരായിരം കിളികള്‍ ചില്ലകള്‍ക്കിടയിലൂടെ ചിലച്ചു പറക്കുന്നു. താഴെ വമ്പന്‍മാരുണ്ട്. പുലിയും കടുവയും കാട്ടുപന്നിയും കുറുക്കനും ചെന്നായും കരടിയുമൊക്കെയുണ്ട്. മാനും മ്ളാവും കാട്ടുപോത്തും ആനക്കൂ ട്ടവുമുണ്ട്. കാട് അവരുടെയെല്ലാം വീടാണ്. അവരൊക്കെ അവിടെ എവിടെയോ ഒക്കെയുണ്ട്.

പതുക്കെ സൂക്ഷിച്ചു പാദങ്ങള്‍ വയ്ക്കുക. കാലടിച്ചോട്ടിലെല്ലാം ജീവലക്ഷങ്ങളുണ്ടെന്ന് ഓര്‍മി ക്കുക. കുനിഞ്ഞുനോക്കി കാ ണുക  എത്രതരം ചെടി കളാണ്, പടര്‍പ്പുകളാണ്, തറപ്പറ്റിക്കിട ക്കുന്നവയാണ്, ചെറുപൂക്കള്‍ കുളു ര്‍ക്കെ വിടര്‍ത്തി നില്‍ക്കുന്നവയാണ് നിങ്ങള്‍ക്കു താഴെയും ചുറ്റിലും. വള്ളികളെ നോക്കൂ, ഇരുണ്ടു പച്ചിച്ച കാട്ടുവള്ളികള്‍. കറുത്ത തണ്ടോടുകൂടിയവ, മുള്ളുള്ളവ, മെലിഞ്ഞു നീണ്ടവ, നനുത്ത രോമങ്ങളുള്ളവ, തടിച്ചുരുണ്ടു ചുറ്റിപ്പിണഞ്ഞു കയറുന്നവ, ഭാരം കൊണ്ടു താങ്ങുമരങ്ങളെ താഴോട്ടമര്‍ത്തുന്നവ, പൂങ്കുലകള്‍ നീട്ടുന്നവ, കായ്കനികള്‍ ചാര്‍ത്തി നില്‍ക്കുന്നവ, തേനീ ച്ചകള്‍ ചുഴ്ന്നു മുരളുന്നവ, താഴെയോ കാട്ടുസൂര്യകാന്തികള്‍, kaadu2പുള്ളിക്കുത്തണിഞ്ഞ ഇല കളുള്ള കാട്ടുചേമ്പുകള്‍, കരിങ്കദളികള്‍, തൊട്ടാല്‍വാടികള്‍, നീലനക്ഷത്രപ്പൂക്കള്‍, കാക്കപ്പൂക്കള്‍, നൂറു പേരറിയാപ്പൂക്കള്‍ - വള്ളികളാല്‍ ആശ്ളേഷിതരായ മഹാവൃക്ഷ ങ്ങള്‍ സൂര്യന്റെ നേര്‍ക്കു വിസ്തൃതഹസ്തങ്ങള്‍ വിടര്‍ത്തി നീട്ടി ഉയര്‍ന്നു യര്‍ന്നു പോകുന്നു. ഗംഭീര സ്തൂപങ്ങള്‍ നിരന്ന, തട്ടു തട്ടായി ഉയരുന്ന മേല്‍ക്കൂരകളുള്ള ഒരുപടുകൂറ്റന്‍ പഴയ പള്ളിയുടെ  പ്രാ ചീന ഗാംഭീര്യത്തിലേക്കു കയറിച്ചെല്ലുമ്പോലെ - ഇവിടെ നമ്മുടെ ശിരസ്സു കുനിയുന്നു.

ഓരോ മരത്തിനും അതിന്റേ തായ പ്രത്യേക വ്യക്തിപ്രഭാവമുണ്ട്. കാട്ടിലെ ആലിനും കാട്ടുമരുതിനും തേക്കിനും കരിവീട്ടിക്കും കാഞ്ഞിരത്തിനും  പുന്നയ്ക്കും മലവേപ്പിനും മുള്ളന്‍പനയ്ക്കും കാട്ടയണിക്കും ഞാവലിനും പേരറിയാ നൂറുമരങ്ങള്‍ക്കുമെല്ലാം വ്യത്യസ്ത ഛായയാണ്, ഭാവമാണ്, സൌന്ദര്യമാണ്. ഓരോ വള്ളിക്കും ചെടിക്കും അതിന്റേതായ ചാരുതയാണ്. പച്ചയില്‍ തന്നെ എത്രയെത്ര പച്ചകള്‍! കരിംപച്ച, വെറുംപച്ച, ഇളംപച്ച, നീലപ്പച്ച, ചുവപ്പുരാശിപ്പച്ച, പരുക്കന്‍ പച്ച, മിനുങ്ങും പച്ച, മങ്ങിയ പച്ച, പായല്‍പ്പച്ച - പച്ചയുടെ അനന്ത വൈവിധ്യമാര്‍ന്ന ഷെയ്ഡുകള്‍. അതുപോലെ സസ്യാകൃതികളോ? പടര്‍ന്നു പന്തലിച്ചവ, കൂപ്പുകൈപോലെ ഉയരുന്നവ, അലുക്കുകള്‍ പോലെ ഇലകള്‍ തൂങ്ങുന്നവ, അനുഗ്രഹിച്ചു നില്‍ക്കുന്നവ, കളിയാക്കുന്നവ, ഗൌരവം കലര്‍ന്നവ, അകല്‍ച്ച പാലിക്കുന്നവ, കൂടെ കളിക്കാന്‍ വരുന്നവ, അപരാതയിലേക്കു ചൂണ്ടുന്നവ. വട്ടയിലകള്‍, സൂചിയിലകള്‍, കൂര്‍ത്ത ഇലകള്‍, നിരന്തരം ഇളകുന്ന ഇലകള്‍, എല്ലാം കുളുര്‍മ പരത്തുന്നു, ശുദ്ധവായു ചുരത്തുന്നു, മേഘങ്ങളെ പ്രേമിക്കുന്നു, നമ്മോട് അലിവു കാട്ടുന്നു.

കാടിനു വിചിത്രമായ ഒരു പച്ചമണമുണ്ട്. പച്ചയ്ക്കു സ്വന്തമായ ഒരു മണമുണ്ടെന്നു നാം അറിയുന്നതു കാട്ടിനുള്ളില്‍ കടക്കുമ്പോഴാണ്. അതു നനഞ്ഞ മണ്ണിന്റെയും ഒരായിരം പൂക്ക ളുടെയും ഇലകളുടെയും വെയിലിന്റെയും മഴയുടെയും തൂവലുകളുടെയും രോമക്കുപ്പായങ്ങളുടെയും പാമ്പുകളുടെയും മൃദുരോമങ്ങളുടെയും കുഞ്ഞിച്ചിറകുകളുടെയും ഊറല്‍വെള്ളത്തിന്റെയും മണങ്ങള്‍ കലര്‍ന്ന ഒരു വലിയ മണമാണ്. വലിച്ചൊടിച്ച മരച്ചില്ലകളുടെയും ചതഞ്ഞരഞ്ഞ ചെടിക്കൂട്ടങ്ങളുടെയും തെറിച്ച ചോരയുടെയും കാട്ടുചോലയുടെയും മണമു ണ്ടതിന്. അതു ജീവന്റെയും മൃതിയുടെയും ഗന്ധമാണ്. മാദകവും ഉച്ഛൃംഖലവുമായ, രക്തരൂഷിതവും നിസ്സംഗവുമായ പ്രകൃതിയുടെ ശരീരഗന്ധമാണത്. അത് ഏറെ നേരം നുകര്‍ന്നിരുന്നാല്‍ നാം മയങ്ങിപ്പോകും.

കാടിനു നാദമുണ്ട്. കടലിരമ്പത്തോടു സാമ്യമുള്ളൊരു മുഴക്കമാണത്. ഇലച്ചാര്‍ത്തുകളില്‍ വീശിയടിക്കുന്ന വികൃതിക്കാറ്റും ഒഴുക്കൊലിയും ഒരായിരം പിറുപിറുക്കലുകളും നിശ്വാസങ്ങളും മുരളലുകളും കിളിവിളികളും മലമുഴക്കങ്ങളും തീക്ഷ്ണതംബുരു പോലുള്ള ചീവീടുകളുടെ പശ്ചാത്തലനാദത്തില്‍ നമുക്കു കേട്ടുനില്‍ക്കാം. (സൈലന്റ്വാലി കാടുകള്‍ക്കുള്ളില്‍ മാത്രമേ ചീവീടൊച്ച നാം കേള്‍ക്കാതുള്ളു. വിശദീകരിക്കാനാവാത്തൊരു അപൂര്‍വത).kaadu3

ഇടയ്ക്കിടയ്ക്ക് അകലെയെങ്ങോ നിന്ന് ഒരു ഗംഭീരശബ്ദം ഉരുണ്ടുരുണ്ടു വരുന്നതുപോലെ... മുഴങ്ങിത്താണമര്‍ന്നു വീണ്ടുമുയരുമ്പോലെ. ഇതു കാടിന്റെ പാട്ടാണ്. ഇതിനു തുല്യം കടല്‍പ്പാട്ടു മാത്രമാണ്.

കാടിന് അതിന്റേതായ പിണക്കവും ഇണക്കവുമുണ്ട്. അതു നമ്മെ ആയാസപ്പെടുത്തും. മുള്‍ച്ചെടികള്‍ കാലില്‍ പിണയും, വഴിയുടെ ക്ളിഷ്ടത നമ്മെ ഖിന്നരാക്കും. അട്ടകള്‍ കടിച്ചുതൂങ്ങി ചോര കുടിക്കും. പേരറിയാപ്രാണികള്‍ പറന്നുവന്നു കുത്തി നോവിച്ചെന്നിരിക്കും. കാല്‍ക്കീഴില്‍ പെട്ടെന്നൊരു പുള്ളികുത്തിയ ഫണം ചീറ്റി വിടര്‍ന്നെന്നിരിക്കും. കാടു കുലുക്കിക്കൊണ്ട് ഒരു മഹിഷകുടുംബം കടന്നുപോയെന്നിരിക്കും. കനത്ത മുളങ്കൂട്ടത്തിന്റെ പിന്നില്‍ നിന്നു പൊടുന്നനെ ഒരു ചിന്നംവിളി ഉയര്‍ന്നെന്നിരിക്കും. അകലെയുള്ള നീളന്‍ പേക്കരിമ്പുകള്‍ക്കിടയിലൂടെ ഭീഷണമായ മഞ്ഞ ക്കറുപ്പുവരകള്‍ മിന്നിയൊഴുകി മാഞ്ഞെന്നിരിക്കും.

പേടിക്കരുത്, പേടിച്ചിട്ടു കാര്യ മില്ല. മരക്കൊമ്പത്തിരുന്നു ചില ച്ചും കുനിഞ്ഞുനോക്കിയും നമ്മോടു വര്‍ത്തമാനം പറ യുന്ന കുരങ്ങന്‍മാര്‍ നമ്മെ ചിരിപ്പിച്ചു കൊള്ളും. ഉയര്‍ ന്ന മരക്കൊമ്പില്‍ നിന്നു കുത്തനെ താഴോട്ടു വീണു വീഴാതെ ചിറകുകള്‍പോലെ കൈകള്‍ വിടര്‍ത്തി അടു ത്ത മരക്കൊമ്പു കളിലേക്കു നീന്തിമറയുന്ന പറക്കും അണ്ണാനെ നാം അന്തംവിട്ടു നോക്കി നിന്നു പോകും. നീള്‍ക്കണ്ണെഴുതിയ മാന്‍പേട മുന്നിലെ ത്തിയ അന്യനെക്കണ്ടു ഞെട്ടിപ്പിടഞ്ഞെണീറ്റ് ഓടി യൊളിക്കുന്ന പേടിച്ചന്തം ഭാഗ്യ മുണ്ടെങ്കില്‍ കണ്ടെന്നു വരും.

അതാ ഞാവല്‍ക്കൊമ്പിലിരുന്നു പഴം കൊറിക്കുന്നതിനിടയില്‍ നമ്മെ ചരിഞ്ഞു നോക്കുന്നത് മലന്തത്തയാണ്. കുടപോലെ വരി വരിയായി ഞാലുന്നതു വവ്വാലുകളാണ്. ‘ക്ളോം ക്ളോം’ എന്നു കേട്ടത് ചുവന്ന തൊപ്പിക്കാരന്‍ മരംകൊത്തി പണിയെടുക്കുന്നതാണ്. ചൂളമടിക്കുന്നത് സ്കൂള്‍ കുട്ടിയല്ല, ശ്യാമയെന്ന പാട്ടുകാരനാണ്. ഇലപ്പച്ചയ് ക്കിടയില്‍ വീശിയ പൊന്നൊളി മഞ്ഞക്കിളിയുടേതാണ്. മുഴങ്ങിയിരമ്പുന്നതു മലമുഴക്കി വേഴാമ്പലിന്റെ ശബ്ദമാണ്. പുഴയിലേക്കാരോ നീലക്കല്ലു വീശിയെറിഞ്ഞതുപോലെ ചെന്നു വീണതു പൊന്‍മാനാണ്. അമര്‍ത്തി മൂളുന്നതു കാട്ടുപ്രാവാണ്. കുയിലിനെയും കുരങ്ങനെയും മൈനയെയും മരംകൊത്തിയെയു മെല്ലാം അനുകരിച്ചു നമ്മെ വിഷമി പ്പിച്ചു രസിക്കുന്നത് മിമിക്രി വിദഗ്ധ നായ കാക്കത്തമ്പുരാട്ടിയാണ്. മുഖ മുയര്‍ത്തി നോക്കൂ. നീലാകാശത്തു വട്ടമിട്ടു പറക്കുന്ന പരുന്തുകളുടെ വൃത്തമൊപ്പിച്ച മന്ദചലനം കാണുക. കറുത്ത മേഘത്തിന്റെ വിളുമ്പില്‍ മിന്നല്‍ തൊട്ടുകളിക്കുന്നതും പിന്നീട് സന്ധ്യയെത്താറാവുമ്പോള്‍ നൂറു നൂറു നാരായണക്കിളികള്‍ കൂട്ടംചേര്‍ന്നു ശരംപോലെ പാഞ്ഞകലുന്നതും കാണുക.

kaadu4കാലടി വയ്ക്കുന്നിടത്തു വെളുത്ത കൂണുകളുടെ കൂട്ടം. കാട്ടില്‍ മഴ പെയ്തു എന്നതിന്റെ തെളിവ്. മഞ്ഞിച്ച പൂക്കള്‍കൊണ്ടു പൊതിഞ്ഞ ആ പൊന്തയുടെ അരികിലേക്കു ചെല്ലൂ. അതാ, പൂക്കളെല്ലാം കൂട്ടത്തോടെ പറന്നുയരുകയായി. ‘പൂക്കളല്ല, പൂമ്പാറ്റകളാണേ, തെറ്റീ നിന ക്കുണ്ണി’ എന്ന് ആരോ ചിരിച്ചു മൂളുന്നപോലെ. നമുക്കും ചിരിക്കാതെ വയ്യല്ലോ. ആ പൊന്തയ് ക്കരികില്‍ത്തന്നെയതാ, കറുത്ത കണ്ണുകളുള്ള പച്ചില പ്പാമ്പ് അനങ്ങാതെ ചുറ്റിപ്പിണഞ്ഞു നിങ്ങളെത്തന്നെ നോക്കുന്നുണ്ട്. മാറിപ്പോരാം.

ദാഹിക്കുന്നുണ്ടല്ലേ? കൂടെയുള്ള വനസന്താ നമായ ആദിവാസിയോടു പറയൂ അയാളൊരു കാട്ടുവള്ളി തേടിപ്പിടിച്ച് അരയിലെ കത്തിയൂരി അതിലൊന്നു ചരിച്ചുവെട്ടി ഒരറ്റം കൈയില്‍ തരും. ചുണ്ടില്‍ ചേര്‍ത്തു വലിച്ചുകുടിച്ചു കൊള്ളുക. കുഴലില്‍നിന്നെന്നപോലെ തെളി വെള്ളം ഒഴുകിവന്നു ദാഹമകറ്റിക്കൊള്ളും. കുറച്ചുകൂടി നടന്നാല്‍ കാട്ടുചോലയുണ്ട്. കറുത്ത പാറക്കെട്ടു കള്‍ ചിതറിക്കിടക്കുന്ന ഇരുണ്ട നീരൊഴുക്ക്! വരമ്പിലെല്ലാം നേര്‍മയേറിയ അലങ്കാരത്തുന്നല്‍ പോലെ തിളങ്ങുന്ന അഴകിയന്ന പന്നല്‍ച്ചെടികള്‍.

നെയ്തലാമ്പലുകള്‍ പൂവണിയിക്കുന്ന നീരൊഴു ക്കില്‍ മുങ്ങി മുഖം കഴുകി വെള്ളം കുടിച്ചു തളര്‍ച്ചയാറ്റി പാറപ്പുറം കയറി ആകാശം നോക്കി ഇത്തിരി കിടക്കുക. കാട് ആയിരം കൈകള്‍ നീട്ടി ആശ്ളേഷിക്കുന്നതുപോലെ, ആകാശം താണിറങ്ങി വന്ന് മാറിലലിയുന്നതുപോലെ! വലയം ചെയ്യുന്ന ജീവകോടികള്‍! പ്രേമവാല്‍സല്യങ്ങളോടെ ഈ പരവശമായ മനുഷ്യജീവനെയും തങ്ങളോടു ചേര്‍ത്തിണക്കി അലിയിക്കുന്നതുപോലെ. ഇതെല്ലാം ഒരോ ഇന്ദ്രിയത്താലും രോമകൂപത്താലും ആസ്വദിച്ചുകൊണ്ട് അനങ്ങാതെ മിണ്ടാതെ കാടിന്റെ മടിത്തട്ടില്‍ ചാഞ്ഞുകിടക്കുക. ഇതോ അതീന്ദ്രിയാവസ്ഥ? സ്വര്‍ഗ്ഗമാര്‍ഗ്ഗം? മോക്ഷം? ഈ മഹിതാനുഭൂതി നല്‍കാന്‍ ഏതു മനുഷ്യനിര്‍മിത സുഖഭോഗത്തിനു കഴിയും?

 

സുഗതകുമാരി

വര: അരുണ ആലഞ്ചേരി