KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ആനയെ കാട്ടിലേക്ക് തന്നെ വിടണം
ആനയെ കാട്ടിലേക്ക് തന്നെ വിടണം

ആന ക്യാമ്പെയ്ന്‍

aana3

ഞാന്‍ മൂന്നില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഗുരുവായൂരമ്പലത്തിനടുത്തുള്ള ആനക്കൊട്ടില്‍ കാണാന്‍ പോയത്. എത്രയോ ആനകള്‍. കാണാന്‍ നല്ല രസമായിരുന്നു. പിന്നെയാ മനസ്സിലായത് അവയ്ക്ക് നമ്മളെ കാണാന്‍ അത്ര രസമൊന്നുമില്ല എന്ന്. പലതിനും നല്ല ദേഷ്യമായിരുന്നു. ചിലതിനു മദപ്പാട് ഉണ്ടെന്നും അച്ഛന്‍ പറഞ്ഞു. ആനകളെ കാണാന്‍ വന്നവര്‍ മോതിരമുണ്ടാക്കാന്‍ വേണ്ടി ആനവാലിലെ രോമം പാപ്പാന്‍മാരോട് രഹസ്യമായി ചോദിക്കുന്നുണ്ടായിരുന്നു, രഹസ്യമായി വാങ്ങുന്നുമുണ്ടായിരുന്നു. എനിക്ക് വിഷമം തോന്നി. പേടി മാറാന്‍ ഈ മോതിരം കൈയിലിടുന്നത് നല്ലതാണ് എന്നാണ് വിശ്വാസം എന്ന് അച്ഛനാണ് പറഞ്ഞത്. അതാണ് ആള്‍ക്കാര്‍ ഇത് വാങ്ങുന്നത്. രോമം പറിക്കുന്നത് ആരെങ്കിലും അറിഞ്ഞാല് കുഴപ്പമാണ് പോലും. (തമാശ അതല്ല. ആനവാല്‍ രോമം എന്ന് പറഞ്ഞ് പാപ്പാന്‍മാര്‍ കൊടുക്കുന്നത് ആനപ്പിണ്ടത്തില്‍ ഇട്ടു നിറം മാറ്റിയ പനമ്പട്ടയുടെ നാരാണത്രേ... വേണം അങ്ങിനെ തന്നെ വേണം. അന്ധ വിശ്വാസത്തിന് ഇങ്ങനെയുള്ള പറ്റിക്കല്‍ തന്നെ വേണം) ചില ആള്‍ക്കാര്‍ പേടിയുള്ള കുട്ടികളെ ആനയുടെ അടിയിലൂടെ നൂണ് നടത്തിക്കുന്നു ണ്ടായിരുന്നു. രാത്രി പായില്‍ മൂത്രമൊഴിക്കാതി രിക്കാന്‍ നല്ലതാണത്രേ. അത് കണ്ടപ്പോഴേ എന്റെ ജീവന്‍ പോയി. ഒരു നിമിഷം ആനയ്ക്ക് ഇതൊന്നും ഇഷ്ടമായില്ലെങ്കില്‍ ആ കുട്ടികളുടെ കാര്യം ചിന്തിക്കാനാകുന്നില്ല. എന്നെ കൊന്നാലും ആനയുടെ അടിയിലൂടെ നടക്കാന്‍ ഞാനില്ല. “പേടിത്തൊണ്ടന്‍” എന്ന് വിളിച്ചാലും.
നട്ടുച്ചയ്ക്ക് ഉത്സവത്തിന് പോയപ്പോള്‍ കുറച്ചു കഴിഞ്ഞപ്പോഴേ എനിക്ക് ചൂടുകൊണ്ട് മടുത്തു. വിയര്‍ത്തു കുളിച്ചു എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി എന്നായി ചിന്ത. ആനയുടെ കാര്യം കഷ്ടം തന്നെ. ആനയ്ക്ക് ശരീരം തണുപ്പിക്കാന്‍ വിയര്‍പ്പ് ഉണ്ടാകുന്നത് ചെവിയിലും കാലിലും മാത്രമാണത്രേ. അതിന്റെ ചെവി പോലും ആട്ടാന്‍ വിടാതെ ഒരൊറ്റ നില്‍പ്പ് ആള്‍ക്കൂട്ടത്തിനു നടുവില്‍. വല്ലാത്ത കഷ്ടം തന്നെ. കാട്ടിലെ മരച്ചുവട്ടിലും പുഴക്കരയിലും തണുപ്പത്ത് തീറ്റ തേടി അലയേണ്ട ഈ ആനകളെ അമ്പലപ്പറമ്പിലും റോഡിലും നടത്തിക്കുന്നവരെയെല്ലാം അന്റാര്‍ട്ടിക്കയില്‍ കൊണ്ടുപോയി കുറേ നേരം തണുപ്പത്ത് നിര്‍ത്തണം.
ഒരുപാടു ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യാന്‍ സഹായിക്കാനാണല്ലോ പണ്ട് ആനകളെ ഉപയോഗിച്ചിരുന്നത്. മരം വലിക്കാനും മറ്റും. ഇപ്പം ഇഷ്ടം പോലെ ജെ സി ബി യും മറ്റും ഉള്ളത് കൊണ്ട് ആനയെ ഇനി അതിനൊന്നും വേണ്ട ല്ലോ... ഇനി ഈ ഉത്സവക്കാരും ഒന്ന് ഒഴിവാക്കിക്കൊടുത്താല്‍ ആനകളെ നമുക്ക് രക്ഷിക്കാ മായിരുന്നു. ഉത്സവത്തിന് ആനവേണമെന്ന് ആരാ പറഞ്ഞിട്ടുള്ളത്. വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ആനയെപ്പോലുള്ള ഒരു യന്ത്രം ഉണ്ടാക്കിയാല്‍ പോരേ. ആനയെ കാട്ടിലേക്ക് തന്നെ വിടണം.


സിദ്ധാര്‍ഥ് ഗൌതം, ഏഴാം ക്ളാസ്,
സെയിന്റ് മൈക്കിള്‍സ് ആംഗ്ളോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കണ്ണൂര്‍