KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ബഹുമതികള്‍ വേണ്ട, സ്വാതന്ത്യ്രം മതി
ബഹുമതികള്‍ വേണ്ട, സ്വാതന്ത്യ്രം മതി

ആന ക്യാമ്പെയ്ന്‍

തൃശൂര്‍ പൂരത്തിന്റെ ചൂടും വാര്‍ത്തകളും മനസ്സിലെ അപ്ഡേറ്റുകളില്‍ ഇതുവരെയും മാഞ്ഞിട്ടില്ല. മേയ് പന്ത്രണ്ടിന് നടന്ന തൃശൂര്‍ പൂരത്തിന്റെ മാറ്റ് പതിന്മടങ്ങ് കൂട്ടിയത് മൂപ്പതിലേറെ ഗജവീരന്മാരാണ്. കടലുകണ്ടും ആനയെ കണ്ടും കൊതി തീരാത്തവരാണ് മനുഷ്യര്‍. കല്യാണത്തലേന്നു മുതല്‍ സര്‍വാഭരണവിഭൂഷിതയായി ഉപഹാരങ്ങള്‍ ഏറ്റുവാങ്ങുന്നത് മഹിളകള്‍ ആണെങ്കില്‍ നെറ്റിപ്പട്ടവും കൊലുസും ഏലസും വെഞ്ചാമരവും ഒക്കെ ഏന്തി കണ്ടുകൊതിതീരാത്ത മനുഷ്യര്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് ഗജവീരന്മാര്‍ ആണ്.

aana4ദേവന്മാരെയും ദേവികളെയും ഒക്കെ തലയിലേന്തി എടുപ്പോടെ നില്‍ക്കുമ്പോള്‍ ജനങ്ങള്‍ തൊഴുന്നത് തന്നെയോ അതോ ദൈവത്തെയോ? പാപ്പാന്മാരുടെ ദേഹോപദ്രവം. പകല്‍ സൂര്യനുമായും രാത്രി തീവെട്ടിയുമായുള്ള ചൂട് സഹിച്ച നില്‍പ്പ്, ശബ്ദകോലാഹലങ്ങള്‍, ആള്‍ക്കൂട്ടം, ഇവയെല്ലാം ഉത്സവവേദികളില്‍ ആനകള്‍ സഹിക്കുന്നു. തങ്ങളുടെ കറുത്ത പുറംചട്ട ദുരിതങ്ങള്‍ കൂട്ടുന്നു എന്ന് പറയാം. ഈ പ്രശ്നങ്ങളില്‍ ഏതു ആദ്യം ദൈവത്തോടു പറയണമെന്ന ആശയക്കുഴപ്പത്തിലാണ് ദൈവത്തെ താങ്ങുന്ന കരിവീരന്മാര്‍.

ക്ഷമയ്ക്കും ഒരതിരുണ്ട് എങ്കില്‍ ആ അതിര്‍വരമ്പ് കാലങ്ങളായി മുറിച്ചു കടന്നു യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ് കരിവീരന്മാര്‍. ഉത്സവങ്ങള്‍ക്ക് മുതല്‍ ഗംഭീരകല്യാണങ്ങള്‍ക്ക് വരെ ആനകളെ ഉപയോഗിക്കുന്നതിനു കാരണം എന്താണ്? “കരയിലെ ഏറ്റവും വലിയ മൃഗം” എന്ന ബഹുമതി. എങ്കില്‍ ആ സ്ഥാനം ഒഴിഞ്ഞു മാറാനും ആനകള്‍ തയാറായിരിക്കും.

മണിക്കൂറുകളോളം ആനകളെ വെയിലത്ത് നിര്‍ത്തരുതെന്നും ആനകളോട് ഉള്ള പാപ്പാന്മാരുടെ പെരുമാറ്റം സൌമ്യമാകണമെന്നും ആനകള്‍ക്ക് ചെരുപ്പ് നിര്‍ബന്ധമാക്കണമെന്നും മദപ്പാടിന്റെ സമയത്ത് എഴുന്നെള്ളിപ്പിക്കരുതെന്നും ഒക്കെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ അതിന്റെ വഴിക്ക്. ആന അന്തസ്സിന്റെ പ്രതീകം ആണെന്നാണ് നമ്മുടെ ധാരണ. അതുകൊണ്ട് തന്നെയാണ് ആനയോട്ടവും ആനയൂട്ടും പ്രസിദ്ധി നേടുന്നതും.

ആനയുടെ സാന്നിധ്യത്തിന് മുതല്‍, അതിന്റെ രോമത്തിനും കൊമ്പിനും പോലും വിലപറയുമ്പോള്‍ നാം ഓര്‍ക്കുക, നാം ചെയ്യുന്നത് മൃഗങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നു കയറ്റമാണ്. ഒരു ജീവിയെ അതിന്റെ സ്വതന്ത്ര ആവാസവ്യവസ്ഥയില്‍ നിന്നും മാറ്റുവാനും, നമ്മുടെ ചിട്ടകള്‍ അവയെ ശീലിപ്പിക്കുവാനും സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കായി അവയെ വിനിയോഗിക്കുവാനും ശ്രമിക്കുന്നത് അവയോടു കാട്ടുന്ന കടുത്ത ക്രൂരതയാണ്.

ഈ ബുധനാഴ്ച മുതല്‍ “വനം വന്യ ജീവി വകുപ്പിന്റെ” കീഴില്‍ വന്യജീവികളുടെ കണക്കെടുപ്പ് തുടങ്ങി. തലയെടുപ്പുള്ള കൊമ്പന്മാരെ ഇനി ഉത്സവങ്ങളിലെങ്കിലും കാണണമെങ്കില്‍ അവയുടെ സംരക്ഷണം നാം ഉറപ്പാക്കണം. അല്ലെങ്കില്‍ വരും തലമുറയ്ക്ക് കാട്ടിക്കൊടുക്കുവാന്‍ ആനക്കൊമ്പും ആനവാലും മാത്രമേ ഉണ്ടാകൂ. ‘കാട്ടിലെ തടി തേവരുടെ ആന’ മനോഭാവം മാറേണ്ട സമയമായി.


കവിത മനോഹര്‍, ക്ളാസ്: 10, ഗവ മോഡല്‍ ജി എച്ച് എസ് എസ്,

പട്ടം, തിരുവനന്തപുരം