KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ആനയെ അതിന്റെ പാ(കാ)ട്ടിന് വിടുക
ആനയെ അതിന്റെ പാ(കാ)ട്ടിന് വിടുക

aana5

ആന ക്യാമ്പെയ്ന്‍

പൂരക്കാഴ്ചകളുടെ അവസാനവാക്കാണ് ആന.  കത്തിജ്വലിക്കുന്ന സൂര്യന് താഴെ തിടമ്പേറ്റി തലയുയര്‍ത്തി  നില്‍ക്കുന്ന ആനയെ കാണാന്‍ കേമം തന്നെ. ആനക്കഥകളും ആനക്കവിതകളും എത്ര വേണെങ്കിലുമുണ്ട് നാട്ടില്‍. ആനയുടെ സ്നേഹവും പകയും എല്ലാം ഈ കഥകളില്‍ വായിച്ചെടുക്കാം. കായ്ക്കാത്ത തെങ്ങിന്റെ പട്ട വലിച്ചെടുപ്പിച്ച് കായ്പ്പിക്കുന്ന വിദ്യയും നമുക്ക് സ്വന്തം.  പേടിയകറ്റാന്‍ കുഞ്ഞിനെ ആനയുടെ അടിയിലൂടെ കടത്തിക്കൊണ്ടു പോകുമ്പോഴും ആനവാല്‍ മോതിരം സ്വര്‍ണ്ണം കെട്ടിച്ച് അണിയുമ്പോഴും ആന നമുക്ക് രക്ഷകനാണ്. കൂപ്പില്‍ നിന്ന് തടിപിടിക്കുമ്പോഴും മാളിക പണിയുന്നവര്‍ക്കായി ഈര്‍ച്ചമില്ലുകളിലെ തടിപിടിക്കുമ്പോഴും അപകടത്തില്‍ പ്പെട്ട വാഹനങ്ങളെ വലിച്ച് കയറ്റുമ്പോഴുമെല്ലാം ആനയുടെ ശക്തിയെക്കുറിച്ചോര്‍ത്ത് നാം അതിശയിക്കാറുണ്ട്.

കൊമ്പിന് വേണ്ടി കാട്ടാനയെ മാത്രമല്ല നാട്ടാനയെ വരെ കൊല്ലാന്‍ മടി കാണിക്കാത്ത മനുഷ്യന്‍ വാരിക്കുഴി തീര്‍ത്ത് അവയെ പിടികൂടുന്നു. വന്‍മരങ്ങള്‍ കൊണ്ടുണ്ടാക്കിയ തടവറയില്‍ അനുനയിപ്പിക്കാന്‍ വേണ്ടിയുള്ള പീഡനങ്ങള്‍ ഏറ്റ് വാങ്ങി വിധേയത്വം പഠിപ്പിക്കുന്നു. പിന്നീടാണ് പൂരക്കാഴ്ചകള്‍ക്ക് വേണ്ടി കൊടുംചൂടില്‍ നില്‍ക്കാന്‍ വിധിക്കപ്പെടുന്നത്.

ആനയ്ക്ക് മനുഷ്യരുടേതു പോലെ വിയര്‍പ്പ് ഗ്രന്ഥികളില്ല. അതിനാല്‍ തന്നെ ശരീരത്തിന് ചൂടധികമായാല്‍ അത് ശമിപ്പിക്കാന്‍ നീരാടാതെ വയ്യ. കാട്ടിലാണെങ്കില്‍ പുഴയുണ്ട്. പക്ഷേ നാട്ടില്‍ പാപ്പാന്റെ കാരുണ്യം വേണം ഒരിറ്റ് വെള്ളം കിട്ടാന്‍. ആനയുടെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതില്‍ ചെവികള്‍ക്ക് വലിയ സ്ഥാനമുണ്ട്. ആനപ്പാപ്പാന്റെ തോട്ടിയുടെ കൂര്‍ത്ത മുനയുടെ പ്രധാന ലക്ഷ്യവും ഈ ചെവി തന്നെ. അത്തരം സന്ദര്‍ഭങ്ങളില്‍ ആനയല്‍പ്പം ദേഷ്യം കാണിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?

ഒരുപക്ഷേ പണ്ട് ഭാരങ്ങള്‍ പൊക്കുന്നതിനുള്ള യന്ത്രങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് ആനയെ ഉപയോഗിച്ച് ഭാരമുള്ള പണികള്‍ ചെയ്യിക്കുന്നതില്‍ ചില യുക്തികള്‍ ഉണ്ടായിരിക്കും. ഇന്നത് വേണ്ടല്ലോ. അത് കൊണ്ട് ആനയെ അതിന്റെ പാട്ടിന് വിടുക. അഥവാ കാട്ടിന് വിടുക. സിംഹം, പുലി, കടുവ മുതല്‍ പാമ്പ് വരെയുള്ള ജീവികള്‍ക്കുള്ള അതേ സ്വാതന്ത്യ്രം ആനകള്‍ക്കും അനുവദിക്കുക. ആനച്ചങ്ങലയും ഇടക്കെട്ടും ആനബ്രേക്കും ആനലോറികളും ഇല്ലാത്ത ഒരു ലോകത്തേക്ക് ആനകളെ സ്വതന്ത്രരാക്കുക. പറന്നു നടക്കാനുള്ള കിളികളുടെ അവകാശത്തിനുവേണ്ടി കോടതികള്‍ ഇടപെടുന്ന പോലെ ഈ പാവം ആനയ്ക്കു വേണ്ടിയും കോടതികള്‍ ഇടപെടട്ടെ.

അപര്‍ണ്ണ രാജ്

ക്ളാസ് 10

ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മൂക്കന്നൂര്‍,

എറണാകുളം ജില്ല.