KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ മഴക്കാടിനുളളില് ഒരു ദിവസം
മഴക്കാടിനുളളില് ഒരു ദിവസം
logomazhakkadu
logofeature
വിഷുത്തലേന്നായിരുന്നു വേനല്‍ച്ചൂടില്‍ ഉരുകുന്ന നഗരത്തില്‍ നിന്ന് ഞങ്ങള്‍ കാട്ടിലേക്ക് പുറപ്പെട്ടത്. നഗരം വിട്ടപ്പോള്‍ തന്നെ തണുത്ത കാറ്റ്  തലേ രാത്രി മലയില്‍ പെയ്ത മഴയുടെ സുഖം ബസ്സിനകത്തേക്കെത്തിച്ചു. മഞ്ഞുമേഘപ്പുതപ്പിന്റെ സുതാര്യ യവനികയിലൂടെ ദൂരെ പശ്ചിമഘട്ട മലനിരകള്‍ കാണാം. സൂര്യന്‍ മേഘപാളികള്‍ നീക്കി മെല്ലെ ഉയര്‍ന്നപ്പോള്‍, അതാ മറ്റൊരു മനോഹര ദൃശ്യം. വനത്തുരുത്തുകളില്‍ നിന്ന് വെള്ളിനൂലുകളായ് ഒഴുകിത്തുടങ്ങുന്ന ജലപാതങ്ങള്‍...
കാട്ടിലേക്കുള്ള വഴിക്കരികില്‍ ബസ്സിറങ്ങിയപ്പോള്‍ത്തന്നെ അന്തരീക്ഷത്തില്‍ നിറയുന്ന തേനൂറുന്ന താന്നിപ്പൂക്കളുടെയും ഭദ്രാക്ഷപ്പൂക്കളുടെയും മാദകഗന്ധം! നീലാകാശം നിറയെ മീവല്‍പ്പക്ഷികളും വിറയന്‍ പുള്ളുകളും ചുട്ടിപ്പരുന്തുകളും തുമ്പികളും. കാട്ടുപൂക്കളും ചിലന്തിവലകളില്‍ മിന്നുന്ന മഞ്ഞിന്‍കണങ്ങളും ചവിട്ടി മെതിക്കാതെ നടക്കാന്‍ ബദ്ധപ്പെട്ട്, മനസ്സു നിറയുന്ന ആഹ്ളാദത്തോടെ താഴ്വരയിലെ കാട്ടരുവിത്തീരത്തേക്ക് ഞാന്‍ നടന്നിറങ്ങി. കൂടാരമടിച്ചു താമസിക്കാന്‍ ഉദ്ദേശിച്ച കാട്ടുmazha2ചോലയ്ക്ക് ചുറ്റും നിറയെ പൂമ്പാറ്റകള്‍ - കൂട്ടം കൂട്ടമായി പറക്കുന്ന നീലക്കടുവ, അരളിശലഭം, പുള്ളിക്കുറുമ്പന്‍, തീച്ചിറകന്‍, വിലാസിനി, നീലക്കുടുക്ക...
കാട്ടരുകിലെ താന്നിയിലും നെല്ലിയിലും മരുതിലും വെട്ടിയിലുമൊക്കെ ഒരുമിച്ച് ആഹാരം തേടുന്ന പക്ഷിക്കൂട്ടങ്ങള്‍. തീച്ചിന്നന്മാരും തീക്കുരുവികളും കാട്ടുമൈനകളും കാക്കത്തമ്പുരാട്ടികളും ബുള്‍ബുളുകളും... മറ്റും മറ്റും... ഉറക്കെയുറക്കെ ചിരിക്കുന്ന കോഴിവേഴാമ്പലുകള്‍, നേരം പുലര്‍ന്നിട്ടും കൂവി നടക്കുന്ന കാട്ടുകോഴികള്‍, തൊപ്പിക്കോഴികളുടെയും കുളക്കോഴികളുടെയും വിളികള്‍. ദൂരെ കാട്ടില്‍ കേഴമാനിന്റെ കുര. വനമേലാപ്പില്‍ നിന്ന് ‘എന്റെയാണിവിടം’ എന്നറിയിക്കുന്ന കരിങ്കുരങ്ങിന്റെ വിളി. മലമ്പ്രാവുകളുടെ അമര്‍ത്തി മൂളല്‍. വിറകു പെറുക്കാന്‍ കാട്ടില്‍ കയറിയ സ്ത്രീകളെയോ ഞങ്ങളെയോ കണ്ട് ‘ഇതാ വരുന്നേ മനുഷ്യര്‍, എല്ലാവരും ഓടിക്കോ’ എന്നു മുന്നറിയിപ്പു കൊടുത്ത് ഉറക്കെ ചിലയ്ക്കുന്ന മലയണ്ണാന്മാര്‍.
കൂടാരമടിച്ച് മൂന്നു കല്ലു കൂട്ടി കഞ്ഞിക്ക് വെള്ളം വെച്ചപ്പോള്‍ ഉച്ചയായി. താഴ്വരയില്‍ ചീവീടുകളുടെ രാഗവിസ്താരം. മഴക്കാട്ടില്‍ സന്ധ്യയായതുപോലെ തോന്നിച്ച ഇരുണ്ട അന്തരീക്ഷം. മഴമേഘങ്ങള്‍ വന്നു നിറഞ്ഞ താഴ്വരയില്‍ മേഘമല്ഹാര്‍ രാഗം! എത്ര പെട്ടെന്നാണ് എല്ലാം നിശ്ശബ്ദമായത്! പൂമ്പാറ്റകളും കിളികളുമെല്ലാം ഇലച്ചാര്‍ത്തിനുള്ളില്‍ മറഞ്ഞു. മിന്നലും ഇടിയും ശക്തമായ കാറ്റുമായ് വന്ന മഴയെ കൈകള്‍ നീട്ടി സ്വീകരിച്ച്, മുടിയഴിച്ചാടി നൃത്തം വെച്ച്, മഴയില്‍ മദിക്കാനും മഴയുടെ ആഘാതത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനും മണ്ണു നനച്ച് അരുവികളിലൊഴുകാന്‍ വേണ്ട തെളിനീര്‍ സംഭരിക്കാനും മരങ്ങള്‍ക്കേ, മരങ്ങള്‍ നിറഞ്ഞ കാടിനേ കഴിയൂ എന്നു മനസ്സിലാക്കിയ ഞങ്ങളും മരങ്ങള്‍ക്കൊപ്പം ആ മഴ മുഴുവന്‍ കൊണ്ടുനിന്നു.
മഴ തോര്‍ന്ന സായംകാലത്ത്, ഒരു വട്ടം കൂടി ആഹാരം തേടിയിറങ്ങിയ പക്ഷികളെ നോക്കി, ദൂരെ എവിടെയോ മുഴങ്ങിയ ഒരു മ്ളാവിന്റെ ഭയം കലര്‍ന്ന വിളി കേട്ട്, ഞങ്ങള്‍ കാട്ടില്‍ സന്ധ്യ വന്നു നിറയുന്നത് നോക്കി നിന്നു. കാട്ടിനരികിലെ കൂറ്റന്‍ താന്നിമരത്തില്‍ നിന്ന് ഒരു പാറാന്‍ (പറക്കുന്ന അണ്ണാന്‍) തന്റെ കൈകാലുകള്‍ക്കിടയിലെ അതിലോലമായ ചര്‍മം വിടര്‍ത്തി ഒറ്റ പറക്കല്‍! പറക്കലല്ല വായുവില്‍ ഒഴുകിയൊ ഴുകി അങ്ങകലെ താഴ്വരയിലുള്ള ഒരു മരത്തിനടിയിലേക്ക് ‘ഗ്ളൈഡ്’ ചെയ്ത് ആ സുന്ദരജീവി അപ്രത്യക്ഷനായി. വീണ്ടും മര ത്തില്‍ കയറി മുകളില്‍ നിന്നും താഴേക്ക് ‘ഗ്ളൈഡ്’ ചെയ്ത് അവന്‍ (അവള്‍) ആഹാരം തേടി, ഇണയെ തേടി പറന്നിട്ടുണ്ടാവണം. നാളെയും ഇതേ സമയം, ഇതേയിടത്തു നിന്നാല്‍ പാറാനെ കാണാനായേക്കാമെന്ന പ്രതീക്ഷയായിരുന്നു എന്റെ മനസ്സില്‍.
ആകാശം നീലിച്ച്, ഇരുണ്ട്, ചാരനിറമാര്‍ന്ന കരിക്കട്ടകൊണ്ടു വരച്ച ചിത്രം പോലെ മാഞ്ഞു തുടങ്ങാന്‍ നേരത്ത് “കുട്ട്... കുട്ട്ര്‍...” എന്ന് തുടരെത്തുടരെയുള്ള വിളി. വന്യതയുടെയും നിഗൂഢതയുടെയും പ്രതീകം പോലെയാണ് രാച്ചുക്ക് എന്ന പക്ഷിയുടെ ത്രിസന്ധ്യാനേരത്തെ വിളി. കാര്‍മേഘം മൂടിയ ആകാ ശത്തിനു താഴെ കാട്ടില്‍ നിറയെ മിന്നാമിന്നികള്‍. ഓരോ ഇല യിലും ഒരുമിച്ചണയുകയും തെളിയുകയും ചെയ്ത് പ്രകാശ കിരണങ്ങള്‍ കൊണ്ടു വിസ്മയ ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന അവയുടെ സംഘനൃത്തം. അലകളായ്, താളത്തില്‍mazha3 താളത്തില്‍ ഉയരുകയും താഴുകയും ഒഴുകുകയും ചെയ്യുന്ന പ്രകാശത്തുള്ളിത്തിരമാലകള്‍!
രാത്രിയാവുമ്പോള്‍ വനഭൂമിക്ക് അവിശ്വസനീയമായ മാറ്റം സംഭവിക്കുന്നു. പകല്‍നേരം ഒരി ക്കലും നമുക്കറിയാനാവാത്ത ഒരു മായികസാന്നിധ്യം രാത്രി വന ത്തില്‍ വന്നു നിറയും.മനുഷ്യസ്പര്‍ശമേറ്റിട്ടില്ലാത്ത വനഭൂമിയല്ലെങ്കില്‍ പോലും ഈ താഴ്വര രാത്രിയാവുമ്പോള്‍ വിചിത്രവും വിസ്മയകരവുമായ ഒരു വന്യഭൂമിയായി മാറും. ഒരേ സമയം നേരിയ സംഭ്രമവും ഒപ്പം അഗാധമായ
പ്രശാന്തതയും നമ്മുടെ മനസ്സില്‍ നിറയും. ജീവനസംഗീതവും അഗാധനിശ്ശബ്ദതയും നിറഞ്ഞു കവിയുന്ന വനരാത്രി...

അങ്ങു ദൂരെ കുഞ്ഞുങ്ങളെ വഴിമാറിപ്പോവാതെ കൂടെ നിര്‍ത്തി, നടത്താനുള്ള കരടിയമ്മയുടെ കൂവലുകള്‍, താഴ്വരയില്‍ പ്രതിധ്വനിക്കുന്ന പാറാന്മാരുടെ സംവാദം, മൂങ്ങദമ്പതിമാരുടെ പ്രണയ സല്ലാപച്ചിരികള്‍... ഇവയെല്ലാം വന്യതയുടെ നിശ്ശബ്ദതയെ ഗാഢമാക്കുന്നു. മനുഷ്യന്റെ ആധിപത്യമുള്ള ഭൂമിയില്‍ ഒരു വിധമെല്ലാ ജീവികളും രാത്രീഞ്ചരന്മാരായി മാറിയിരിക്കുന്നു. സന്ധ്യമയങ്ങും നേരമായപ്പോള്‍ ഞങ്ങള്‍ കുളിക്കാനിറങ്ങിയ പുഴയുടെ അക്കരെ ദാഹവും ചൂടും തീര്‍ക്കാനിറങ്ങിയ ആനക്കൂട്ടത്തിന്റെ തുടിച്ചുകുളിയുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. കുഞ്ഞുങ്ങളും അമ്മമാരും അമ്മായിമാരും കുട്ടിക്കൊമ്പന്മാരുമൊക്കെ പുഴയില്‍ മദിക്കുന്നത് നിലാവില്‍ ഞങ്ങള്‍ കണ്ടു. മനുഷ്യരുടെ കണ്ണില്‍പ്പെടാതെ പകല്‍ മുഴുവന്‍ ഒളിച്ചും പാത്തും കഴിഞ്ഞ്, ഇരുട്ടത്ത് പുഴയില്‍ ദാഹം തീര്‍ക്കാന്‍ വന്നിറങ്ങേണ്ടി വരുന്ന ഗംഭീരജീmazha4വികള്‍! അവരെ അലോസരപ്പെടു ത്താതെ, ടോര്‍ച്ചു തെളിക്കാതെ, നിശ്ശബ്ദരായി, ഞങ്ങള്‍ കുളിച്ചു കയറി.
ചൂടുകഞ്ഞിയും ചുട്ട പപ്പടവും കഴിച്ച് ഉറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ മണ്ണു നിറയെ പ്രകാശബിന്ദുക്കള്‍! കാട്ടുചോലത്തീരത്തും കാട്ടിലുമെല്ലാം ‘മണ്ണില്‍ മിന്നികള്‍.’ വളരെ മെല്ലെ തെളിയുകയും അണയുകയും ചലിക്കുകയും ചെയ്യുന്ന പേരറിയാത്ത ഏതോ ഷഡ്പദങ്ങള്‍. മഴ മതിയാവാത്ത തവളകളുടെ വിളികള്‍. (തവളക്കാലിനും ഔഷധങ്ങള്‍ക്കുമായി വേട്ടയാടപ്പെട്ടും വരള്‍ച്ചയും പൂപ്പല്‍രോഗവും കാരണം ചത്തൊടുങ്ങിയും വംശനാശത്തിലേക്ക് കുതിക്കുകയാണ് തവളകളും മറ്റ് ഉഭയജീവികളും). മണ്ണിലും മരത്തിലും ജലത്തിലും നിറഞ്ഞ പ്രാണികളുടെ പല പല തരത്തിലുള്ള മൂളലും മണിയൊച്ചകളും ക്രീ ക്രീ മൊഴികളും. ഷഡ്പദങ്ങളുടെയും സൂക്ഷ്മാണുജീവികളുടെയും ഈ അദൃശ്യലോകത്തിന്റെ രഹസ്യങ്ങള്‍ ജീവശാസ്ത്രജ്ഞര്‍ക്ക് നിത്യവിസ്മയമാണ്. അവയാണ് ഭൂമി നിറയുന്ന ജീവന്റെ ഭൂരിപക്ഷം. അവയ്ക്കും നമ്മെപ്പോലെ തന്നെ അവയുടേതായ ജീവനധര്‍മങ്ങളും ആവശ്യങ്ങളും അവകാശങ്ങളുമുണ്ടെന്ന് നാമെന്തേ മറന്നുപോവുന്നു? നമ്മുടെ ജീവനും ജീവിതസുഖവും നിലനില്ക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുന്നതില്‍ അവര്‍ക്കും വലിയ പങ്കാണുള്ളത്.
അമ്മയുടെ നെഞ്ചില്‍ ചേര്‍ന്നുറങ്ങുമ്പോഴത്തെ സുഖമാണ് കാട്ടിലെ ഉറക്കത്തിന്. ബോധം കെട്ടുള്ള ക്ഷീണിപ്പിക്കുന്ന അഗാധനിദ്രയല്ല അത്.
ശാന്തവും സൌമ്യവുമായ ഒരു വിശ്രാന്തിയാണ് കാട്ടിലുറക്കം. സുഖസുഷുപ്തിയില്‍ നിന്ന് മെല്ലെ ഉണര്‍വിലേക്ക് ഇടയ്ക്ക് പൊങ്ങി വന്ന്, കാടിന്റെ സംഗീതവും സുസ്വരതയും അറിഞ്ഞ്, വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണ്... ഉന്മേഷത്തോടെ പ്രഭാതത്തിനുമുമ്പേ ഉണര്‍ന്ന് രാത്രി പകലിന് വഴിമാറുന്നതില്‍ മറ്റെല്ലാ ജീവികള്‍ക്കുമൊപ്പം പങ്കാളിയാവാന്‍ കഴിയുന്നതിന്റെ സംതൃപ്തിയാണ് നാമറിയുക. സന്ധ്യയിലെന്നപോലെ പ്രഭാതത്തിന് മുമ്പുമുണ്ട് ആ നിശ്ചലനിശ്ശബ്ദത. രാത്രീഞ്ചരന്മാര്‍ മയക്കത്തിലാണ്ടു കഴിഞ്ഞു, പകല്‍വീരന്മാര്‍ ഉണര്‍ന്നുവരുന്നേയുള്ളൂ.

രാത്രിയില്‍ കാടിനെ മൂടിയ, പുഴയിലൂടെ പാല്‍ പോലൊഴുകിയ മൂടല്‍മഞ്ഞ് സൂര്യപ്രകാശമേറ്റ് മെല്ലെ പൊങ്ങുന്ന നേരത്ത്, കാടിന്റെ ആത്മസംഗീതംപോലെ ഒഴുകിയെത്തുന്ന ചൂളക്കാക്കയുടെ പാട്ട്. ആഹാരം തേടാനിറങ്ങുന്ന
പക്ഷികളും പൂന്തേന്‍ തേടിയെത്തുന്ന പൂമ്പാറ്റകളും. വനമേലാപ്പില്‍ ഒരു സ്വപ്നം പോലെ ഒഴുകിപ്പറക്കുന്ന കാനനത്തോഴി.
mazha7gif
കാട്ടില്‍ കയറുന്നതിനു മുമ്പ് ആ ഒറ്റയടിപ്പാതയില്‍ ഒരു നിമിഷം നിശ്ശബ്ദരായി ഞങ്ങള്‍ നിന്നു. കാടിന്റെ ‘മൂഡ’റിയാനും കാടിനു ഞങ്ങളെ പരിചയപ്പെടുത്താനും ഒരു നിമിഷം. കാടിനെ നോവിക്കാതെ, വഴിതെറ്റാതെ പ്രകൃ തിയെ കണ്ടറിഞ്ഞു നടക്കാനുള്ള മനസ്സാ
ന്നിധ്യത്തിനായി ഒരു നിമിഷം. ആനിമല്‍ പ്ളാന റ്റിലും മറ്റും കാണുന്നതുപോലെ വലിയ വന്യ ജീവിക്കൂട്ടങ്ങളുടെയും വിസ്തൃത വനഭൂമികളു ടെയും ലോകമല്ല മഴക്കാട്. ജീവന്‍ ത്രസിക്കുന്ന മഴക്കാട് വന്‍മരങ്ങളുടെയും സസ്യങ്ങളുടെയും ഉഭയ-ഉരഗ-ഷഡ്പദ
ജീവികളുടെ
യും അഭയകേ ന്ദ്രമാണ്. ആ ലോകത്തോട് താദാത്മ്യം പ്രാപിച്ചാല്‍ മാത്രമേ മഴക്കാടിന്റെ അനന്തജീവവൈവിധ്യത്തെക്കുറിച്ച് നമുക്ക് ഇത്തിരിയെങ്കിലും അറിയാനാവൂ.
കണ്ണിന് കുളിര്‍മയേകുന്ന പച്ചപ്പും തണലും നനവും ആര്‍ദ്രതയുമായാണ് കാട് നമ്മെ സ്വീകരിക്കുക. നാമെന്നോ വിട്ടിറങ്ങിപ്പോയ ജന്മഗേഹത്തില്‍ തിരികെ ചെന്നുകയറുംപോലെയാണ് നമുക്കപ്പോള്‍ തോന്നുക. നനവും ജീവനും നിറഞ്ഞ മഴക്കാടില്‍ നമ്മെ വരവേല്‍ക്കാന്‍ ചോരകുടിയന്‍ അട്ടകളും ധാരാളമുണ്ടാവും. ഒരിറ്റു രക്തം അവര്‍ക്ക് നല്‍കുന്നതില്‍ നമുക്ക് മടിതോന്നാനേ പാടില്ല. ജീവിതസുഖത്തിനായി കാടിനെ ഇത്രയേറെ ആശ്രയിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന നമുക്ക് കാടിനു തിരികെ നല്‍കാന്‍ വാസ്തവത്തില്‍ ഒന്നുമില്ല, കാടിനു നിലനില്‍ക്കാനും പുനരുജ്ജീവിക്കാനും നാം നല്‍കേണ്ട മര്യാദയും വിവേകവുമല്ലാതെ. മനുഷ്യജാതി ഉരുത്തിരിയുന്നതിന് യുഗങ്ങള്‍ക്ക് മുമ്പേ ഭൂമിയെ പച്ചപിടിപ്പിച്ച് ജീവന് അനുകൂലമാക്കിയ കാടിന് മനുഷ്യനില്ലെങ്കിലും നിലനില്‍ക്കാനാവും. പക്ഷേ കാടെന്ന ജീവാഭയവ്യവസ്ഥ നശിച്ചാല്‍ മനുഷ്യനെന്നല്ല, കോടാനുകോടി ജീവികള്‍ ഭൂമുഖത്തില്ലാതാവും.
വേനല്‍ക്കാലം മഴക്കാടിനു വസന്തകാലമാണ്. പൂക്കാലം. മരങ്ങളെല്ലാം പൂത്ത്, മഴക്കാലത്തിനു മുമ്പേ വിത്തുണ്ടാക്കി മണ്ണിലിടാന്‍ തയ്യാറായിരിക്കുന്നു. മുള്ളന്‍ചക്കപ്പഴങ്ങളും തളിരിലകളും പൂക്കളും തിന്ന് വനമേലാപ്പില്‍ നിഷ്പ്രയാസം അക്രോബാറ്റുകളെപ്പോലെ നടക്കുന്ന ശിങ്കളക്കുരങ്ങുകളെ കാണും മുമ്പേ അവയുടെ മൂളലുകളാണ് ഞങ്ങള്‍ കേട്ടത്. വനസംരക്ഷണപ്രസ്ഥാനത്തിന്റെ പ്രതീകമായി ഈ വാനരന്‍ മാറിയത് സൈലന്റ്വാലി സമരകാലത്താണ്. പശ്ചിമഘട്ടമലനിരകളിലെ നിത്യഹരിതവനങ്ങളില്‍ മാത്രം കാണപ്പെടുന്ന ശിങ്കളക്കുരങ്ങും കരിങ്കുരങ്ങും നീലഗിരി വരയാടും ഒട്ടനവധി മറ്റു ജീവജാതികളും ദേശ്യജാതികളാണ്. ദേശജാതിവൈവിധ്യം ഏറ്റവും കൂടുതലുള്ള മഴക്കാടുകളിലെ ജീവികള്‍ ഓരോന്നിന്റെയും എണ്ണം വളരെ കുറവായിരിക്കും. ഓരോ ജീവജാതിയും വളരെ ചുരുങ്ങിയ ഒരു പ്രദേശത്ത് മാത്രം കാണപ്പെടുന്നവയുമായിരിക്കും. അതുകൊണ്ടുതന്നെ ആ തുണ്ടുകാടിനു നാശം
സംഭവിച്ചാല്‍ അവിടെ മാത്രം അഭയം തേടുന്ന ജീവജാതിയും അന്യം നില്‍ക്കും.

വന്‍തോതിലുള്ള മരംവെട്ടും കാട്ടുതീയും താങ്ങാന്‍ മഴക്കാടുകള്‍ക്ക് കഴി യില്ല എന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്ക് കാട്ടി ത്തരുന്ന പുല്‍മേടിലേക്കാണ്, കാട്ടിനു ള്ളിലൂടെ ഒന്നു രണ്ടു മണിക്കൂര്‍ നടന്ന് ഞങ്ങളെത്തിയത്. കാട്ടിനുള്ളില്‍ പകലും രാത്രിയും വേനലിലുംmazha8 മഞ്ഞുകാലത്തുമെല്ലാം സുഖകരമായ താപനില (18-24 ഡിഗ്രി)യാണ്. പക്ഷേ കാട് നശിച്ചുണ്ടായ പുല്‍മേട്ടിലാവട്ടെ പകല്‍ ഭീകരമായ ചൂടും രാത്രി നിശിതമായ തണുപ്പുമായിരിക്കും. ഉഷ്ണമേഖലയില്‍ ആര്‍ദ്ര മഴക്കാടു കള്‍ക്ക് മാത്രമേ സൂര്യന്റെ ചൂടില്‍ നിന്നും ഭൂമിയെയും ജീവലോകത്തെയും സ്വയം കവചമായി നിന്ന് സംരക്ഷിക്കാനാവൂ. അതേ സമയം ജീവന് ആവശ്യമായ ചൂട് ആവാഹിച്ച് കാട്ടിനുള്ളില്‍ നിലനിര്‍ത്തി ജീവന് സുഖകരമാക്കാനും വനങ്ങള്‍ക്കേ കഴിയൂ. മഴയിലും കാറ്റിലും ഒലിച്ചും പറന്നും വരണ്ടും പോകാതെ മണ്ണിനെ സംരക്ഷിക്കാനും പെയ്ത മഴവെള്ളം മുഴുവന്‍ ഒറ്റയടിക്ക് ഒലിച്ചുപോവാതെ മണ്ണിലും ഭൂഗര്‍ഭ ഉറവകളിലും സംഭരിക്കാനും കാടിനേ കഴിയൂ. കാട്ടിനുള്ളിലെ അന്തരീക്ഷത്തിലും മൂടല്‍മഞ്ഞായും ആര്‍ദ്രതയായും ധാരാളം ജലം സംഭരിക്കപ്പെടുന്നു. മഴക്കാടുകള്‍ ജീവന്റെ ഗര്‍ഭഗൃഹങ്ങളും ഭൂമിയുടെ ജലസംഭരണികളും ശ്വാസകോശങ്ങളും ആവുന്നതെങ്ങനെയെന്നറിയാന്‍ കാട്ടിലേ ക്കും മനുഷ്യന്‍ കാടു നശിപ്പിച്ചുണ്ടാക്കുന്ന മരുഭൂമികളിലേക്കും പോയാല്‍ മതി.
വന്യപ്രകൃതിയുടെ ഉദ്ദേശം ഭൂമിയുടെ മുറിവുകളുണക്കി, എത്രയും വേഗം പച്ച പുതപ്പിക്കുക എന്നതാണ്. വരണ്ടുണങ്ങുന്ന പുല്‍മേടുകളെ പച്ച പിടിപ്പിക്കാന്‍ വേണ്ട വിത്തുകള്‍ക്ക് യാതൊരു കുറവുമില്ല. 100-150 അടി ഉയരത്തില്‍ വളരുന്ന അതിഗംഭീരന്‍ വൃക്ഷങ്ങളുടെ ഭാരം കുറഞ്ഞ വിത്തുകള്‍ കാറ്റില്‍ പറന്നും പക്ഷികളും വവ്വാലുകളും കൊണ്ടിട്ടുമെല്ലാം ഭൂമിയെ ഹരിതയാക്കുന്നു. മഴക്കാട്ടില്‍ മരങ്ങളെയും അവയുടെ തൈകളെയും തിരിച്ചറിയാന്‍ ഇടതൂര്‍ന്നുവളരുന്ന മഴക്കാട്ടില്‍ വളരെ പ്രയാസമാണ്. ഭാഗ്യവശാല്‍ ഞങ്ങളുടെ വഴികാട്ടിയായി വന്ന ആദിവാസിക്ക് പാലിയും ചുരുളിയും ചോലവേങ്ങയും കാട്ടുഞാവലും മലമ്പുന്നയുമെല്ലാം ചങ്ങാതികളായിരുന്നു. അടിക്കാട്ടില്‍ വീണ കാട്ടുപൂക്കളും വിത്തുകളും കുഞ്ഞുതൈകളും നിരീക്ഷിച്ച്, വരച്ചെടുത്ത്, ഫോട്ടോഗ്രാഫ് ചെയ്ത് തിരിച്ചറിയാന്‍ ക്ളേശിക്കുന്ന ഞങ്ങളെ ഉത്സാഹത്തോടെ അയാള്‍ തന്റെ വൃക്ഷസുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുmazha9gifത്തി. അങ്ങനെ ആ ദിവസം ഞങ്ങള്‍ക്ക് അവിസ്മരണീയമായ സസ്യാന്വേഷണ യാത്രയായി മാറി. ഒരു ജീവശാസ്ത്രജ്ഞനും മനസ്സിലായിട്ടില്ലാത്ത കാര്യങ്ങള്‍ തലമുറകളിലൂടെയുള്ള അനുഭവജ്ഞാന ത്തിന്റെ ഉടമയായ ആ മനുഷ്യന്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നു.
വലിയ സസ്തനികളെ മഴക്കാടുകളില്‍ അപൂര്‍വമായേ നമുക്ക് കാണാനാവൂ. പക്ഷേ മാനുകളുടെയും കടുവകളുടെയും കാലടിപ്പാടുകള്‍, ആനക്കൂട്ടം നടന്നുപോയ വഴി, കടുവയുടെയും പുലിയുടെയും കരടിയുടെയും വെരുകിന്റെയും കാഷ്ഠം, നഖം വൃത്തിയാക്കാന്‍ മരത്തിന്റെ തടിയില്‍ കടുവ മാന്തിയ പാട് ഇത്തരം അടയാളങ്ങളാണ് വന്യജീവികളുടെ സാന്നിധ്യം നമ്മെ അറിയിക്കുക. ‘എന്റേതാണിവിടം’ എന്നറിയിക്കാന്‍ മണ്ണില്‍ മാന്തിയും കാഷ്ഠം കൂനകൂട്ടിയും മൂത്രമൊഴിച്ചും സൃഷ്ടിക്കുന്ന താത്കാലിക, സ്വകാര്യ, അധിവാസ, ‘ടെറിട്ടറികള്‍’ കാട്ടില്‍ ധാരാളം കാണാം. ആശയവിനിമയം എന്നത് മനുഷ്യര്‍ക്കെന്നതുപോലെ വന്യജീവികള്‍ക്കും പ്രധാനമാണ്. പരസ്പരാശ്രയബന്ധങ്ങളില്‍ അടിയുറച്ച ജീവസമൂഹങ്ങള്‍ക്ക് മത്സരവും സഹകരണവും ഒരുപോലെ പ്രധാനമാണ്. സ്വാര്‍ത്ഥമായ സ്വയംരക്ഷയും നിസ്വാര്‍ത്ഥമായ സമൂഹതാല്‍പര്യങ്ങളും വന്യസമൂഹങ്ങളിലും നമുക്ക് കാണാം.

ജീവന്റെ സ്വര്‍ഗഭൂമിയാണ് മഴക്കാടുകള്‍. നിതാന്തമായ ഹരിതാഭയും ഇലകൊഴിയലും പുഷ്പിക്കലും കായ്ക്കലും മഴക്കാടുകളുടെ മുഖമുദ്രതന്നെ. ഊര്‍ജ്ജത്തിന്റെയും രാസവസ്തുക്കളുടെയും ജലത്തിന്റെയും ജൈവവസ്തുക്കളുടെയും ഭൌതികവസ്തുക്കളുടെയും നിതാന്തചംക്രമണത്തിലാണ് ഈ ജീവല്‍പ്രതിഭാസം നിലനില്‍ക്കുന്നത്. രണ്ടുദിവസം കഴിഞ്ഞ് കാടുവിട്ടിറങ്ങിയ ഞങ്ങളുടെ മനസ്സില്‍ ജീവലോകത്തിന്റെ വിസ്മയവും അനശ്വരസൌന്ദര്യവും ബാക്കിനിന്നു. ജീവന്റെ അനന്തമായ  പ്രവാഹവും ഇലകളും നൃത്തവും നിശ്ശബ്ദവനഹൃദയത്തില്‍ ജന്മം കൊള്ളുന്ന ചോലയാറിന്റെ മര്‍മ്മരവും കൊടുങ്കാറ്റിനെയും പേമാരിയെയും ശാന്തമാക്കുന്ന മഴക്കാടിന്റെ ശക്തിയും വന്യതയില്‍ മാത്രം മനുഷ്യന് ലഭിക്കുന്ന സ്വാതന്ത്യ്രവും സന്തോഷവും സുരക്ഷിതബോധവും ഇതൊക്കെയാണ് എന്റെ മനസ്സിലും ബാക്കി നിന്നത്.


മഴക്കാടുകള്‍

ഒരുകാലത്ത് മഴക്കാടുകള്‍ ഭൂവിസ്തൃതിയുടെ 8 ശതമാനത്തോളം ഉണ്ടായിരുന്നു. ഇന്ന് അവ 6 ശതമാനം പോലും ബാക്കിയില്ല.
ഭൂമിയിലാകെയുണ്ടെന്ന് കരുതപ്പെടുന്ന ജീവജാതികളില്‍ പകുതിയിലധികം മഴക്കാടുകളിലാണ്.
ദക്ഷിണ അമേരിക്കയിലെ ആമസോണ്‍ തടം, ആഫ്രിക്കയിലെ കോംഗോ തടം, തെക്കുകിഴക്കന്‍ ഏഷ്യ, ഇന്ത്യയിലെ വടക്കു-കിഴക്കന്‍ ഹിമാലയം, പശ്ചിമഘട്ടം, ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍, ശ്രീലങ്ക ഇവിടെയൊക്കെയാണ് മഴക്കാടുകള്‍ ബാക്കി നില്‍ക്കുന്നത്.

2011 - അന്താരാഷ്ട്ര വനവര്‍ഷം

ലോകത്തെ കാടുകളെ സുസ്ഥിരമായി പരിപാലനം ചെയ്യാനും പരിരക്ഷിക്കാനും വികസിപ്പിക്കാനും വേണ്ട അവബോധം സൃഷ്ടിക്കാനും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഐക്യരാഷ്ട്രസഭ 2011 അന്താരാഷ്ട്ര വനവര്‍ഷമായി പ്രഖ്യാപിച്ചു.
കര ഭൂവിസ്തൃതിയുടെ 31 ശതമാനം വനഭൂമിയാണ്. ഈ വനഭൂമിയുടെ 36 ശതമാനം മാത്രമേ മനുഷ്യന്‍ നശിപ്പിക്കാത്തതായുള്ളൂ. 160 കോടിയില്‍പരം മനുഷ്യര്‍ ഉപജീവനത്തിനായി വനങ്ങളെ നേരിട്ടാശ്രയിക്കുന്നു. 30 ലക്ഷം മനുഷ്യര്‍ കാടുകളില്‍ വസിക്കുന്നു. കരഭൂമിയുടെ ജൈവ വൈവിധ്യത്തിന്റെ 80 ശതമാനം വനങ്ങളിലാണുള്ളത്. ആഗോള വനവിഭവ വിപണി 2004-ലെ കണക്കനുസരിച്ച് 3,2,700 കോടി ഡോളറാണ്.


വന നശീകരണം

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 1,30,000 ചതുരശ്ര കിലോമീറ്റര്‍ കാടുകളാണ് പല കാരണങ്ങളാലുള്ള വനനശീകരണത്തിന് വിധേയമാവുന്നത്. ലോകബാങ്കിന്റെ പഠനമനുസരിച്ച് ആഗോളതാപനത്തിനു കാരണമാവുന്ന ഹരിതഗൃഹവാതകങ്ങളുടെ 20 ശതമാനം വനനശീകരണം കാരണം ഉണ്ടാവുന്നതാണ്. ലോകത്തെ കാടുകളും കാടുകളിലെ മണ്ണും 10,000 കോടിയിലധികം (1 ട്രില്യന്‍) ടണ്‍ കാര്‍ബണ്‍ സംഭരിച്ചുവയ്ക്കുന്നു. ഇത് അന്തരീക്ഷത്തിലെ കാര്‍ബണിന്റെ ഇരട്ടി വരും. ഉഷ്ണമേഖലാ മഴക്കാടുകളുടെ നാശം കാരണം ദിവസേന 100 ജീവജാതികളെങ്കിലും വംശനാശത്തിനിരയാവുന്നുണ്ടാവും.
ഭൂഗോളത്തിലാകമാനം 100 കോടി ഹെക്ടറിലധികം ഭൂമി വനനശീകരണം കാരണം വന്ധ്യവും പരിസ്ഥിതിശോഷണത്തിന് വിധേയമായുമുണ്ട്. ഈ മനുഷ്യ നിര്‍മിത മരുഭൂമിയുടെ ഹരിതവല്‍ക്കരണമാണ് മനുഷ്യനെന്ന സ്പീഷിസിന്റെ ഇന്നത്തെ ദൌത്യംഎസ് ശാന്തി