KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ പേടി വേണ്ട, പാമ്പിനെ അറിയാം
പേടി വേണ്ട, പാമ്പിനെ അറിയാം

pamp1photo-feature

 

 

 

 


പാമ്പ് എന്ന് കേള്‍ക്കുന്നതേ പേടിയാണ്. മനുഷ്യനെ കടിച്ചു കൊല്ലുന്ന നികൃഷ്ട ജീവികളായിട്ടാണ് അവയെ കാണുന്നത്. എന്നാല്‍ അടുത്തറിഞ്ഞാലോ ധാരണകള്‍ പലതും മാറ്റേണ്ടി വരും.

പാമ്പു കുടുംബം

മനുഷ്യന്‍ ഭൂമുഖത്ത് പ്രത്യക്ഷപ്പെടും മുമ്പുണ്ടായിരുന്ന ഉരഗവര്‍ഗ്ഗക്കാരാണ് പാമ്പുകളുടെ പൂര്‍വ്വികര്‍. അതിന്റെ ബാക്കിപത്രമെന്നോണം പെരുമ്പാമ്പുകളിലും അവയുടെ അടുത്ത ബന്ധുക്കളായ മണല്‍പ്പാമ്പുകളിലും പരിണാമവേട്ടയില്‍ ഇല്ലാതായ കാലുകളുടെ ലക്ഷണങ്ങള്‍ ഇപ്പോഴും കാണുന്നു. മാത്രമല്ല പഴക്കമുള്ള പാമ്പിന്‍ ഫോസ്സിലുകളില്‍ മിക്കവയും പെരുമ്പാമ്പുകളുടെയും മറ്റു മണല്‍പ്പാമ്പ് വര്‍ഗ്ഗക്കാരുടെയുമാണ്.

ഒഫിഡിയ (Ophidia) ആണ് പാമ്പുവംശം. ഇതില്‍ 15 ഓളം കുടുംബങ്ങളി (family) ലായി ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം പാമ്പുകളുണ്ടെന്നാണ് കണക്ക്. ഉഷ്ണമേഖലാരാജ്യങ്ങളിലാണ് പാമ്പുകള്‍ കൂടുതലുള്ളത്.

ആകൃതിയിലും പ്രകൃതിയിലും ആവാസവ്യവസ്ഥകളിലുമെല്ലാം പാമ്പുകളുടെ വൈവിധ്യം അത്ഭുതകരമാണ്.  കരയിലും വെള്ളത്തിലും മരുഭൂമിയിലുമൊക്കെ ജീവിക്കുന്നുണ്ട് അവ. ഒരു മണ്ണിരയുടെ വലിപ്പമുള്ള കുരുടിപ്പാമ്പു മുതല്‍ മുപ്പതു മീറ്ററിലധികം വലിപ്പമുള്ള അനകൊണ്‍ഡ വരെയുണ്ട് പാമ്പുകളുടെ കൂട്ടത്തില്‍.

നമ്മുടെ പാമ്പുകള്‍

പാമ്പുകള്‍ നാട്ടിലും കാട്ടിലും സാധാരണയായി കാണപ്പെടുന്നു. നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ചില പാമ്പുകളെ പരിചയപ്പെടാം.

കുഞ്ഞുവായും വലിയ ഇരയും

ഇരപിടിയന്‍മാരാണ് പാമ്പുകള്‍. പെരുമ്പാമ്പ് വലിയ മാനിനെയും പന്നിയെയുമൊക്കെ വിഴുങ്ങുമ്പോള്‍ ഇത്തിരിക്കുഞ്ഞന്‍മാരായ കുരുടി പാമ്പുകള്‍ മണ്ണിരയെയും അതുപോലെയുള്ള മറ്റു ചെറിയ ജീവികളേയും വിഴുങ്ങുന്നു. വായുടെ അഞ്ചിരട്ടിയെങ്കിലും വലിപ്പമുള്ള ഇരകളെ വിഴുങ്ങാന്‍ പാമ്പുകള്‍ക്കുകഴിയും. നന്നായി വികസിപ്പിക്കുവാന്‍ കഴിയുന്ന രീതിയിലാണ് താടിയെല്ലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. അകത്തേക്ക് വളഞ്ഞിരിക്കുന്ന പല്ലുകള്‍ ഇര രക്ഷപ്പെടാതിരിക്കുവാന്‍ സഹായിക്കുന്നു. പാമ്പുകള്‍ക്ക് ഇരയെ ചവച്ചരച്ച് തിന്നാന്‍ കഴിയുകയില്ല. വിഴുങ്ങുകയാണ് ചെയ്യുന്നത്. വിഷപ്പാമ്പുകള്‍ വിഷം കൊണ്ട് ഇരയെ നിര്‍വ്വീര്യമാക്കുമ്പോള്‍ പെരുമ്പാമ്പുകളും മണല്‍പ്പാമ്പുകളുമൊക്കെ ഇരയെ ചുറ്റി വരിഞ്ഞ് കൊല്ലുന്നു. പലപ്പോഴും ജീവന്‍ പോകുന്നതിന് മുമ്പ് ഇര വയറ്റിലായിക്കഴിയും.

പെരുമ്പാമ്പ് എന്ന മലമ്പാമ്പ് (Indian Rock Python, Python molurus)

മലകളിലും തീരപ്രദേശങ്ങളിലെ കണ്ടല്‍ക്കാടുകളിലും ചതുപ്പുകളിലും കാണപ്പെടുന്നു. മൂന്നു മീറ്റര്‍ വരെയാണ്  നീളം. ഏഴു മീറ്റര്‍വരെ നീളമുള്ളതുമുണ്ട്. ശരീരത്തിലെ pamp2തവിട്ടുനിറമുള്ള പുള്ളികള്‍ക്ക് വിളര്‍ത്ത നിറമാണ്. ഏതാണ്ട് അറ്റം മുറിച്ച ത്രികോണം പോലെയാണ് തല. ശരീരത്തിന്റെ അടിവശം മുഷിഞ്ഞ വെള്ളയാണ്. ഉഷ്ണരക്തമുള്ള ജീവികളാണ് മുഖ്യ ആഹാരം. വലിയവ കാട്ടുപന്നിയെയും മാനുകളെയുമൊക്കെ വിഴുങ്ങും. കൂടാതെ എലികള്‍, ചെറുപക്ഷികള്‍ മറ്റു ചെറുമൃഗങ്ങള്‍ എന്നിവയെയും. തീരെ വിഷമില്ലാത്ത ഇവ ഇരയെ ചുറ്റിവരിഞ്ഞാണ് കൊല്ലുക. പലപ്പോഴും ഇരകള്‍ ജീവനോടെതന്നെ വയറ്റിലെത്തും.

പാമ്പുകള്‍ ഇഴയുന്നത് എങ്ങനെ?

പാമ്പുകളുടെ ഉദരത്തില്‍ ഒന്നിനൊന്നോടുചേര്‍ന്നുള്ള ശല്‍ക്കങ്ങള്‍ കണ്ടിട്ടില്ലേ. ഈ ശല്‍ക്കങ്ങള്‍ പ്രത്യേക തരം പേശികള്‍ വഴി വാരിയെല്ലുകളുമായി ബന്ധിച്ചിരിക്കുന്നു. നല്ല നീളമുള്ള നട്ടെല്ലിന് ഇരുവശത്തുമായി ഏതാണ്ട് നൂറു മുതല്‍ മുന്നൂറ് വരെ വാരിയെല്ലുകളുണ്ടാവും. പേശികളുടെ ചലനം മൂലം ശല്‍ക്കങ്ങള്‍ പ്രത്യേക രീതിയില്‍ ഇളകുകയും തല മുതല്‍ താഴോട്ട് ഒരു തരംഗചലനം സാദ്ധ്യമാവുകയും ചെയ്യുന്നു. ഈ ചലനവും പ്രതലത്തിന്റെ ഘര്‍ഷണവും കൂടിയാകുമ്പോള്‍ പാമ്പുകള്‍ക്ക് മുന്നോട്ടു നീങ്ങാന്‍ കഴിയുന്നു. ചിലതരം പാമ്പുകള്‍ക്ക് വശങ്ങളിലേക്കും ഇഴയാന്‍ കഴിയും. ഘര്‍ഷണം ഇല്ലാത്തതിനാലാണ് പാമ്പുകള്‍ക്ക് ഗ്ളാസ്സ് പോലെയുള്ള മിനുസമായ പ്രതലത്തില്‍ ഇഴയാന്‍ കഴിയാത്തത്.pamp4

ഒറ്റത്തവണ നൂറിലധികം മുട്ടകളിടും. പെണ്‍പാമ്പ് മുട്ടകളെ ചുറ്റിയിരുന്ന് ചൂടും ഈര്‍പ്പവും നഷ്ടപ്പെടാതെ സംരക്ഷിക്കും. 60-80 ദിവസങ്ങള്‍ കൊണ്ട് മുട്ട വിരിയും. അതോടെ അമ്മപ്പാമ്പ് സ്ഥലം വിടും.

പെരുമ്പാമ്പിന്റെ നെയ്യും മാംസവും ഔഷധഗുണമുള്ളതാണെന്ന് വിശ്വാസമുണ്ട്. അതിനാല്‍ ഇന്നും അവ നിര്‍ദാക്ഷിണ്യം കൊലചെയ്യപ്പെടുന്നു. എന്നാല്‍ ഒരു ജീവിയുടെയും കൊഴുപ്പിനോ മാംസത്തിനോ ഔഷധഗുണമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. 1972-ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണനിയമം ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചിരിക്കുന്ന ജീവിയാണ് പെരുമ്പാമ്പ്. നിയമലംഘനം നടത്തുന്നവര്‍ക്ക് ഏഴുവര്‍ഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാം.

ചേര ( Indian Rat Snake - Ptyas mucasa)

പാമ്പുകളില്‍ സുപരിചിതന്‍. പകല്‍ സഞ്ചാരി. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും pamp3കാണാം. വര്‍ണവ്യത്യാസം സാധാരണമാണ്. മഞ്ഞയിലോ തവിട്ടു നിറത്തിലോ കറുത്ത പുള്ളികളോടുകൂടിയതാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്നത്. അതിനാല്‍ മഞ്ഞച്ചേര, കരിഞ്ചേര എന്നൊക്കെ പറയാറുണ്ട്. നന്നായി മരം കയറുകയും നീന്തുകയും ചെയ്യും. എലികള്‍, ചെറുപക്ഷികള്‍, തവളകള്‍, ചെറുപാമ്പുകള്‍ എന്നിവയെ അകത്താക്കും. ഉപദ്രവിച്ചാല്‍ കടിച്ചെന്നി രിക്കും. ‘അളമുട്ടിയാല്‍ ചേരയും കടിക്കും’ എന്ന് കേട്ടിട്ടില്ലേ? തീരെ വിഷമില്ലാത്തതിനാല്‍ പേടി ക്കാനില്ല. ചേരയുടെ കടിയേറ്റാല്‍ മുറിവ് കരിയു കയില്ല. ചേര ചുറ്റിയാല്‍ തൊലിയും കൊണ്ടേ പോകൂ എന്നിങ്ങനെ ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ ഉണ്ട്.

വെള്ളിവരയന്‍ (Common Wolf Snake - Lycodon aulieus)

കറുപ്പ്, തവിട്ട് നിറങ്ങളില്‍ വെളുത്ത വളയങ്ങളോടുകൂടിയും അല്ലാതെയും കാണപ്പെടുന്നു. കഴുത്തിലെ വര വീതി കൂടിയതാണ്. വാല്‍ഭാഗത്തേക്ക് അടുക്കും pamp5തോറും വളയങ്ങള്‍ മങ്ങി വരികയും തീരെ കാണാ താവുകയും ചെയ്യുന്നു. മേല്‍ച്ചുണ്ട് വെള്ളയോ തവിട്ടു കുത്തുകളോടുകൂടിയതോ ആണ്. അടിഭാഗം വെള്ള. വാലിനടിയിലെ ശല്‍ക്കങ്ങള്‍ ഇരട്ടവരിയില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ശംഖുവരയനില്‍ നിന്നുള്ള പ്രധാന വ്യത്യാസമിതാണ്. പ്രായപൂര്‍ത്തിയായാല്‍ ഏതാണ്ട് 30 സെ മി നീളംവരും.

രാത്രിഞ്ചരന്മാരാണ്. പകല്‍ കല്‍ക്കെട്ടുകളിലും മച്ചിലുമൊക്കെ താമസിക്കും. പല്ലികളും മറ്റു ചെറുജീവികളുമാണ് പ്രധാന ഭക്ഷണം. കുത്തനെയുള്ള ഭിത്തികളിലും മതിലുകളിലുമൊക്കെ കയറാനുള്ള കഴിവുണ്ട്. ശംഖുവരയനുമായി ഏറെ തെറ്റിപ്പോകാന്‍ സാധ്യതയുള്ള പാമ്പാണ്. തീരെ വിഷമില്ലെങ്കിലും കടിയേറ്റ് ആളുകള്‍ മരിക്കാറുണ്ട്. ഭയം മൂലമാണിത്. മുട്ടയിടുന്ന പാമ്പാണ്.

കാട്ടുപാമ്പ് (Trinket Snake - Elaphe helena)

കാട്ടില്‍ മാത്രമല്ല ഇടനാട്ടിലും  കാണപ്പെടുന്നു. തവിട്ടുനിറത്തില്‍ കറുപ്പും pamp6വെള്ളയുമായ വളയങ്ങളോടുകൂടിയതാണ് ശരീരം. തല ഭാഗത്തു നിന്നും തുടങ്ങുന്ന വളയങ്ങള്‍ വാല്‍ ഭാഗത്തേക്ക് അടുക്കുന്തോറും മങ്ങി ഇല്ലാതായിത്തീരുന്നു. കണ്ണില്‍ നിന്നും ചുണ്ടിലേക്ക് ചരിഞ്ഞ കറുത്തവര കാണാം. നാലടി വരെ നീളം വെയ്ക്കും. ഏറ്റവും നീളം കൂടിയത് 5 അടി മൂന്നിഞ്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചെറുസസ്തനികളെ ഭക്ഷണമാക്കാനാണ് കൂടുതലിഷ്ടം. തരം കിട്ടിയാല്‍ പക്ഷികളെയും പല്ലികളെയും മാത്രമല്ല ചെറു പാമ്പുകളെ വരെ അകത്താക്കും. തീരെ വിഷമില്ല. പെട്ടെന്ന് പ്രകോപിതനാകും. ശരീരം പല മടക്കുകളാക്കിയുള്ള തയ്യാറെടുപ്പ് ശത്രുക്കളെ ഭയപ്പെടുത്തും. ഒന്നിനു പുറകെ ഒന്നായി നന്നായി കടിക്കുകയും   ചെയ്യും.  

പാമ്പും പാമ്പാട്ടിപ്പാട്ടും

പാമ്പുകള്‍ക്ക് ചെവികളില്ല എന്നൊരു വിശ്വാസമുണ്ട്. പാമ്പു കേള്‍ക്കുന്നത് കണ്ണുകള്‍ കൊണ്ടാണത്രെ. കണ്ണുകൊണ്ട് കേള്‍ക്കുന്നവന്‍ എന്നര്‍ ത്ഥത്തില്‍ ചക്ഷുശ്രവണന്‍’ എന്ന് പര്യായമുണ്ട്. എന്നാല്‍ ഇവയ്ക്ക് ബാഹ്യകര്‍ണ്ണവും കര്‍ണ്ണസ്തരവുമില്ല. പകരം നമ്മുടെ ചെവിക്കുള്ളിലെ ‘സ്റേപ്പിസ്’ അസ്ഥിക്ക് സമാനമായ ‘കോളമെല്ലെ ഓറിസ്’ എന്ന അസ്ഥിയുണ്ട്. കീഴ്ത്താടിയെല്ലുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. തറയിലുണ്ടാവുന്ന നേര്‍ത്ത കമ്പനങ്ങള്‍ പോലും ഇതുവഴി പാമ്പുകള്‍ക്ക് കേള്‍ക്കാനാകും. സംഗീതമോ വെടി ശബ്ദമോ കേള്‍ക്കാന്‍ കഴിയില്ല. മകുടി ഊതുന്ന പാമ്പാട്ടികളുടെ താളത്തിനൊത്ത് പാമ്പുകള്‍ ആടുന്നത് ദൃഷ്ടി ഉറപ്പിച്ചിരിക്കുന്നതിനാലാണ്. മാത്രമല്ല ഊതുന്നതിനിടയില്‍ പാമ്പാട്ടികള്‍ കാലുകള്‍ കൊണ്ട് നിലത്ത് പിടിക്കുന്ന താളവും പാമ്പിന് അറിയാനാകും.

പച്ചിലപ്പാമ്പ്  ( Common Green Whip Snake or Vine Snake - Ahaetulla nasuta )

pamp7സുന്ദരിയാണ്. തല നീണ്ട് പൂത്താലിമൊട്ടുപോലിരിക്കും. മെലിഞ്ഞു നീണ്ട ശരീരം. നല്ല പച്ച നിറമാണെങ്കിലും മഞ്ഞ കലര്‍ന്ന പച്ച നിറത്തിലും തവിട്ടുനിറ ത്തിലും കാണപ്പെടുന്നു. ശരീരത്തിന്റെ വശങ്ങളില്‍ നേര്‍ത്ത വെള്ള വര കാണാം. ചെറുമൃഗങ്ങള്‍ (എലി, നച്ചെലി) പക്ഷികള്‍, പല്ലികള്‍ എന്നിവയെല്ലാം തിന്നും. വിഷമില്ല. അണലിയെപ്പോലെ കുഞ്ഞുങ്ങളെ പ്രസവിക്കുക യാണ് ചെയ്യുക.

കൂക്ക്രിപ്പാമ്പ് (Russells’ or Variegated Kukri Snake (Oligodon taeniolata))

pamp8ഉപദ്വീപായ ഇന്ത്യയിലെ തീരദേശങ്ങളിലും സമതലപ്രദേശങ്ങളിലും കാണപ്പെടുന്നു. പകല്‍ ഇരതേടാനാണ്  ഇഷ്ടം. തവിട്ടുനിറമുള്ള ശരീരത്തില്‍ കറുത്ത അരികുകളോടുകൂടിയ തവിട്ടു വട്ട പ്പൊട്ടുള്ളതാണ് കേരളത്തില്‍ സാധാരണ കാണപ്പെടുന്നത്. പ്രാദേശിക വ്യതിയാനങ്ങളനുസരിച്ച് നിരവധി വര്‍ണ്ണഭേദങ്ങള്‍ ഉണ്ട്. ഏതാണ്ട് 50 സെ മി നീളം വെയ്ക്കും. ചെറു ഉരഗങ്ങളും അവയുടെ മുട്ടകളുമാണ് പ്രധാന ആഹാരം.

പാമ്പിന്റെ കാഴ്ചpamp9

പാമ്പുകള്‍ക്ക് നിറങ്ങള്‍ കാണാനുള്ള കഴിവില്ല. ചേര, രാജവെമ്പാല തുടങ്ങിയ പാമ്പുകള്‍ക്ക് നല്ല കാഴ്ചശക്തിയുണ്ട്. കുഴിമണ്ഡലികള്‍ക്ക് (Pit vipers) ടുത്തുള്ള വസ്തുക്കളെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. എന്നാല്‍ കുഴി മണ്ഡലികള്‍ക്കും പെരുമ്പാമ്പുകള്‍ക്കും കണ്ണിനും മൂക്കിനുമിടയില്‍ ഒരു ചെറിയ കുഴിയുണ്ട്. വളരെ നേര്‍ത്ത താപവ്യതിയാനങ്ങള്‍വരെ തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനമാണിത്. എലികള്‍, പക്ഷികള്‍, അതുപോലെയുള്ള മറ്റ് ഉഷ്ണരക്തമുള്ള ജീവികളുടെ സാന്നിധ്യം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ ഇത്തരം പാമ്പുകള്‍ക്ക് കാഴ്ചശക്തി കുറവെങ്കിലും ഇരയെ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.വായുവിലുള്ള നേര്‍ത്ത ഗന്ധങ്ങള്‍ പോലും നാക്കുനീട്ടി പിടിച്ചെടുത്താണ് പാമ്പുകള്‍ അറിയുന്നത്. ഇടയ്ക്കിടെ നാവു നീട്ടുന്നത് അതിനാലാണ്. ഇങ്ങനെ പിടിച്ചെടുക്കുന്ന ഗന്ധകണങ്ങള്‍ വായുടെ മേല്‍ഭിത്തിയിലുള്ള ജേക്കബ്സണ്‍സ് ഓര്‍ഗന്‍സ് എന്ന അവയവത്തിലേക്ക് അയക്കുന്നു. ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള നാഡീതന്തുക്കള്‍ കേന്ദ്രീകരിച്ചിരിക്കുന്നതാണീ അവയവം. ഇരയെ കണ്ടെത്തുന്നതിനും ഇണയെ തിരിച്ചറിയുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു.

നീര്‍ക്കോലി ( Checkered Keelback - Xenochrophis pisicator )

pamp10ജലപ്പാമ്പുകളില്‍ സുപരിചിതന്‍. നാട്ടുഭാഷയില്‍ പുളവന്‍. ഒന്നര മീറ്ററിന് മുകളില്‍വരെ വലിപ്പം വെയ്ക്കും. വര്‍ണ്ണവ്യത്യാസം സാധാരണമാണ്. ഒലിവു നിറത്തിലോ തവിട്ടു നിറത്തിലോ ഉള്ളശരീരത്തില്‍ കറുത്ത പുള്ളി കളോടുകൂടിയവയാണ് സാധാരണ കാണുന്നത്. കണ്ണില്‍ നി ന്നും താഴോട്ടു പോകുന്ന ഒരു കറുത്ത വരയുണ്ടാകും. മീനുകളും തവളകളും പ്രധാന ഭക്ഷണം. മുട്ടയിടുന്ന പാമ്പാണ്. ഒറ്റത്തവണ 8 മുതല്‍ 90 വരെ മുട്ടകളിടും.

മൂര്‍ഖന്‍ (Spectacled Cobra - Naja naja)

pamp11വിഷപ്പാമ്പുകളില്‍ പ്രധാനി. ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്നു. മഞ്ഞയോ തവിട്ടു കലര്‍ന്ന മഞ്ഞയോ ആണ് നിറം.

പത്തിയിലുള്ള കണ്ണടയാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന മൂര്‍ഖന്റെ പ്രത്യേകത. ഫണം വിടര്‍ത്താനുള്ള കഴിവ് രാജകീയപ്രൌഢി നല്‍കുന്നു. സന്ധ്യയ്ക്കും രാവിലെയുമാണ് ഇരതേടി യിറങ്ങുന്നത്. എലികളും തവളയും പക്ഷികളും മറ്റു ചെറുപാമ്പുകളുമാണ് പ്രധാനാഹാരം. രണ്ടര മീറ്റര്‍വരെ വളരും. ആണ്‍പാമ്പുകള്‍ക്കാണ് വലിപ്പക്കൂടുതല്‍. ഒറ്റത്തവണ 12-30 വരെ മുട്ടകളിടും. മുട്ട വിരിയുവാന്‍ രണ്ടുമാസം വേണം.

വിഷം നാഡീമണ്ഡലത്തെയാണ് ബാധിക്കുക. കടുത്ത വേദനയും ശ്വാസം മുട്ടലും പക്ഷാഘാതവും കണ്‍പോളകള്‍ അടയലും വസ്തുക്കളെ രണ്ടായിക്കാണുന്നതുമെല്ലാം വിഷബാധയുടെ ലക്ഷണങ്ങളാണ്.

പാമ്പും വിഷവും

ഇരയെ ദഹിപ്പിക്കുവാനുള്ള ദഹനരസം കൂടിയാണ് വിഷം. രൂപാന്തരം പ്രാപിച്ച ഉമിനീര്‍ഗ്രന്ഥികളാണ് വിഷസഞ്ചികള്‍. വിഷപ്പാമ്പുകള്‍ക്ക് മേല്‍ത്താടിയില്‍ രണ്ടു വലിയ വളഞ്ഞ പല്ലുകളുണ്ടാവും ഇവയാണ് വിഷപ്പല്ലുകള്‍. ഈ വിഷപ്പല്ലുകള്‍ വിഷസഞ്ചിയുമായി ബന്ധ പ്പെട്ടിരിക്കുന്നു. അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകള്‍ക്കാണ് വലിയ വിഷപ്പല്ലുകള്‍ ഉള്ളത്. അതില്‍ത്തന്നെ ഏറ്റവും വലിയ വിഷപ്പല്ലിന്റെ ഉടമ ആഫ്രിക്കയിലെ ഗബൂണ്‍ അണലിയാണ്. അണലികളില്‍ ഒരു ചാല്‍ വഴിയോ മൂര്‍ഖന്‍ പാമ്പുകലില്‍ ഒരു നാളം വഴിയോ വിഷം വിഷപ്പല്ലുകളുടെ അഗ്രഭാഗത്ത് എത്തുന്നു.
പാമ്പിന്‍ വിഷത്തെ പ്രധാനമായും രണ്ടായി തിരിക്കാം നാഡീവ്യൂഹത്തെ ബാധിക്കുന്നത് (Neurotoxic) രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്നത് (Hemotoxic). മൂര്‍ഖന്‍, കടല്‍പ്പാമ്പുകള്‍ എന്നിവയുടെ വിഷം നാഡീവ്യവസ്ഥയെ ബാധിക്കുമ്പോള്‍ അണലി വിഷം രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ ശംഖുവരയനെപ്പോലെയുള്ള ചില പാമ്പുകളുടെ വിഷത്തില്‍ ഈരണ്ടു ഘടകങ്ങളും കാണപ്പെടുന്നു. ടോക്സിനു കളുടെയും പ്രോട്ടീനുകളുടെയും എന്‍സൈമുകളുടെയും വീര്യം കൂടിയ കൂട്ടാണ് പാമ്പിന്‍ വിഷം.

ശംഖുവരയന്‍ ( Common Krait - Bungarus caeruleus )

pamp13ശക്തിയേറിയ വിഷത്തിന്റെ ഉടമ. വിഷമില്ലാത്ത വെള്ളിവരയന്‍ പാമ്പുകളുമായി (Wolf Snake) തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. നിറം തിളങ്ങുന്ന കറുപ്പോ, നീലകലര്‍ന്ന തവിട്ടുനിറമോ കറുപ്പുകലര്‍ന്ന തവിട്ടുനിറമോ ആകാം. ശരീരത്തിലെ വെളുത്ത വളയങ്ങള്‍ തലഭാഗത്ത് പലപ്പോഴും അത്ര പ്രകടമല്ല. നടുപ്പുറത്തെ ചെതുമ്പലുകള്‍ക്ക് വെള്ളിവരയന്‍ പാമ്പുകളേക്കാള്‍ വലിപ്പം കൂടും. ശംഖുവരയന് വാലിനടിയിലെ ചെതുമ്പലുകള്‍ ഒറ്റവരിയായാണ്. വെള്ളിവരയന്മാരില്‍ രണ്ടു വരിയായും.

രാത്രിഞ്ചരനാണ്. പകല്‍ വീടു കള്‍ക്കു ള്ളിലും കല്‍ക്കെട്ടു കളിലും ചിതല്‍ പ്പുറ്റു കളിലുമൊക്കെ താമസമാക്കും. എലി, ചെറുപക്ഷികള്‍, തവള മറ്റു ചെറിയ പാമ്പുകള്‍ എന്നിവയൊക്കെ അകത്താക്കും.

മൂര്‍ഖനെപ്പോലെ പെട്ടെന്നൊന്നും പ്രകോപിതനാകാറില്ല. വിഷത്തില്‍ കാര്‍ഡിയോടോക്സിനും ന്യൂറോടോക്സിനും അടങ്ങിയിരിക്കുന്നു. കടിയേറ്റ ഭാഗത്ത് നേരിയ നീറ്റലോ പുകച്ചിലോ അനുഭവപ്പെടും എന്നല്ലാതെ കടുത്ത വേദന ഉണ്ടാകാറില്ല. വയറ്റില്‍ അസ്വസ്ഥതയും വയറിളക്കവും ഉണ്ടാവാം. കണ്‍പോളകള്‍ അടയുകയും മയക്കം അനുഭവപ്പെടുകയും ചെയ്യും. കടിയേറ്റ പാടും പലപ്പോഴും വ്യക്തമായിക്കാണാന്‍ കഴിയാറില്ല. യഥാസമയം ചികില്‍സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം സംഭവിക്കും.

അണലി (Russell’s Viper - Daboia russelii)

pamp14ചേനത്തണ്ടന്‍, മണ്ഡലി, രക്ത അണലി എന്നെല്ലാം പേരുണ്ട്. ഒന്നരമീറ്റര്‍വരെ നീളംവെയ്ക്കും. ത്രികോണാകൃതിയുള്ള തലയാണ് പ്രത്യേകത. തവിട്ടുനിറമുള്ള ശരീര ത്തില്‍ വെളുത്തതും ഇരുണ്ടതുമായ ഓരങ്ങളോടുകൂടിയ വലിയ പൊട്ടു കളുണ്ട്. പ്രായമേറും തോറും വര്‍ണ്ണഭംഗി കുറഞ്ഞുവരും. വരണ്ട പ്രദേശങ്ങളോടാണ് താല്പര്യം. എലികള്‍, തവള, ചെറുപക്ഷികള്‍, ഉരഗങ്ങള്‍ എന്നിവയെല്ലാം തിന്നും.

ഏറ്റവും നീളം കൂടിയ വിഷപ്പല്ലാണ്. പ്രകോപിക്കപ്പെടുമ്പോള്‍ നന്നായി ചീറ്റും. ഇതിന് മൂര്‍ഖന്റേതിനേക്കാള്‍ ഒച്ചയും ശൌര്യവും കൂടും. ഒന്നിലധികം തവണ കടിക്കുന്ന സ്വഭാവമുണ്ട്. വിഷബാധയേറ്റാല്‍ അസഹ്യമായ വേദനയുണ്ടാകും. രക്തം കട്ട പിടിക്കാത്തതിനാല്‍ കടിവായില്‍ നിന്നും ശരീരത്തില്‍ മറ്റ് മുറിവുകളുണ്ടെങ്കില്‍ അവയില്‍ നിന്നും രക്തം സ്രവിച്ചുകൊണ്ടിരിക്കും. ചിലപ്പോള്‍ രക്തം ഛര്‍ദ്ദിച്ചുവെന്നും വരാം. കടിയേറ്റ ഭാഗം നീരു വന്ന് വീര്‍ക്കും. കോശങ്ങള്‍ നശിക്കുന്നതിനാല്‍ മാംസം ചീയാന്‍ തുടങ്ങും. വിഷം ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങളെ തകരാറിലാക്കി മരണത്തിന് കാരണമാകും.

വിഷത്തിനു മരുന്ന് വിഷം

കടിക്കുന്ന പാമ്പിന്റെ വിഷം തന്നെയാണ് വിഷത്തിനുള്ള മരുന്ന്. ഇതാണ് ‘ആന്റിവെനം’. ആദ്യം ചെറിയ അളവില്‍ അത് കുതിരയില്‍ കുത്തിവയ്ക്കും. ദിവസം കൂടുംതോറും വിഷത്തിന്റെ അളവ് ക്രമമായി വര്‍ദ്ധിപ്പിക്കും. ഇങ്ങനെ കുത്തിവെയ്ക്കുന്നതിനാല്‍ കാലക്രമേണ കുതിരയുടെ ശരീരത്തില്‍ പാമ്പു വിഷത്തെ പ്രതിരോധിക്കുവാനുള്ള ആന്റിബോഡികളുണ്ടാവും. അവസാനം ഒരു ബൂസ്റര്‍ ഡോസ് വിഷം കുത്തിവെച്ചാലും കുതിരയ്ക്ക് തീരെ അപകടമുണ്ടാകാത്ത അവസ്ഥയിലെത്തുമ്പോള്‍ കുതിരയുടെ രക്തം ശേഖരിച്ച് അതില്‍ നിന്നും പ്രതിവിഷം അടങ്ങിയ സിറം വേര്‍തിരിച്ചെടുത്ത് സൂക്ഷിക്കുന്നു. ഇതാണ് പ്രതിവിഷം . 1904 ല്‍ ആണ് ആദ്യമായി ആന്റിവെനം നിര്‍മ്മിക്കപ്പെട്ടത്. 1940 വരെ അണലിയുടെയും മൂര്‍ഖന്റെയും വിഷബാധകള്‍ക്കു മാത്രമേ പ്രതിവിഷം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മിക്ക വിഷപ്പാമ്പുകളുടെയും വിഷത്തെ പ്രതിരോധിക്കുവാന്‍ ഫലപ്രദമായ ‘പോളിവാലന്റ്’ (Polyvalent) ലഭ്യമാണ്. പൂണെയിലെ നാഷണല്‍ സിറം ഇന്‍സ്റിറ്റ്യൂട്ട്, ചെന്നൈയിലെ കിങ്സ് ഇന്‍സ്റിറ്റ്യൂട്ട്, മുംബൈയിലെ ഹോപ്കിന്‍സ് ഇന്‍സ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ ആന്റിവെനം നിര്‍മ്മിക്കുന്നത്.

ചുരുട്ട ( Saw Scaled Viper - Echis carinata )

pamp15പെട്ടെന്ന് ചുരുളുന്ന സ്വഭാവമുള്ളതിനാലാണ് ‘ചുരുട്ട’ എന്ന പേര്. ശരീരത്തില്‍ ഈര്‍ച്ച വാളിന്റെ ആകൃതിയിലുള്ള പുള്ളികളുള്ളതിനാലാണ് Saw Scaled Viper എന്ന പേര് കിട്ടിയത്. തുറസ്സായ തരിശുപ്രദേശങ്ങളിലും നല്ല മഴ കിട്ടുന്ന പാറക്കുന്നുകളിലുമെല്ലാം ഇവയെ കണ്ടുവരുന്നു. ഇളംവെയില്‍ കായുന്ന സ്വഭാവമുണ്ട്. നല്ല വേഗത്തിലും വശങ്ങളിലേക്കും ഇഴയാനുള്ള കഴിവുണ്ട്. തലപരന്നതും കഴുത്ത് വ്യക്തമായി കാണാവുന്നതുമാണ്. പരുപരുത്ത ചെതുമ്പ ലുകളും വലിയ കണ്ണുകളും പ്രത്യേകതകളാണ്. 32 ഇഞ്ചുവരെ പരമാവധി നീളം വെയ്ക്കും. വിഷം വളരെ ശക്തിയേറിയതാണ്. വേണ്ട സമയത്ത് ചികില്‍സ ലഭ്യമായില്ലെങ്കില്‍ മരണം സംഭവിക്കും.

മലബാര്‍ ( Malabar Pit Viper - Trimeresurus malavarieus )

pamp16കേരളത്തില്‍ കാണുന്ന കുഴിമണ്ഡലിയാണ് ഇത്. ആര്‍ദ്രവനങ്ങളില്‍ മഴക്കാലത്താണ് കണ്ടെത്താന്‍ എളുപ്പം. വര്‍ണ്ണവ്യതിയാനം സാധാരണമാണ്. പച്ചയോ, മഞ്ഞയോ, നീല കലര്‍ന്ന പച്ചയോ തവിട്ടോ നിറത്തില്‍ കറുത്ത വലിയ പൊട്ടുകളോടുകൂടിയതാണ് ശരീരം. കഴുത്ത് വ്യക്തമായി കാണാം. അടിഭാഗം വെള്ള. എലികളെപ്പോലെയുള്ള ചെറുമൃഗങ്ങള്‍, അരണകള്‍, തവള, ചെറുപക്ഷികള്‍ എന്നിവയൊക്കെയാണ് പ്രധാന ഭക്ഷണം. വാലിന്റെ അറ്റം ചെറുതായി ചലിപ്പിക്കുന്ന സ്വഭാവ

മുട്ടയിടുന്ന പാമ്പും പ്രസവിക്കുന്ന പാമ്പും

മുട്ടയിടുന്ന പാമ്പുകളും പ്രസവിക്കുന്ന പാമ്പു കളുമുണ്ട്. അണലി, പച്ചോലപ്പാമ്പ് തുടങ്ങിയവ പ്രസവിക്കുമ്പോള്‍ മൂര്‍ഖന്‍, ശംഖുവരയന്‍, പെരുമ്പാമ്പ് തുടങ്ങിയവ മുട്ടയിടുകയാണ് ചെയ്യുന്നത്. പെരുമ്പാമ്പ്, മൂര്‍ഖന്‍, നീര്‍ക്കോലി, രാജവെമ്പാല തുടങ്ങിയ ചില പാമ്പുകള്‍ക്ക് മുട്ടകളോടൊപ്പം കഴിയുന്ന സ്വഭാവമുണ്ട്. മുട്ടകളില്‍ നിന്നും ഈര്‍പ്പവും ചൂടും നഷ്ടപ്പെ ടാതിരിക്കുവാനും ശത്രുക്കളില്‍ നിന്നും സംരക്ഷണം നല്‍കുവാനുമാണിത്. മുട്ട വിരിഞ്ഞാല്‍ അമ്മപ്പാമ്പ് സ്ഥലം വിടും. പാമ്പുകള്‍ ധാരാളം മുട്ടയിടുന്നവയാണ്. മുട്ടകള്‍ വിരിയുമ്പോള്‍ 60-70 ദിവസങ്ങളെടുക്കും.

മുണ്ട്. വിഷത്തിന് അണലിയുടെയും ചുരുട്ടയുടെയും  ശക്തിയില്ലെങ്കിലും കടുത്ത വേദനയും നീരും പനിയുമൊക്കെ ഉണ്ടാകും. നിലത്തുനിന്നും അധികം ഉയരത്തിലല്ലാതെ വല്ല മരക്കൊമ്പുകളിലോ തടിയിലോ ഒക്കെ ഇരിക്കുന്നതാണ് മിക്കപ്പോഴും കാണുക.


മുഴമൂക്കന്‍ കുഴിമണ്ഡലി (Hump Nosed Pit Viper - Hypnale hypnale)

മറ്റൊരു കുഴിമണ്ഡലിയാണ് മുഴമൂക്കന്‍. തവിട്ടോ കടുത്ത തവിട്ടുനിറമോ ഉള്ള ശരീര pamp19ത്തില്‍ നിരവധി കറുത്ത കുത്തുകളും പൊട്ടുകളും ഉണ്ടാകും. അല്പം പൌഡര്‍ പൂശിയതുപോലെയും തോന്നും. വിളര്‍ത്ത വാല്‍ ചലിപ്പിക്കുന്ന സ്വഭാവമുണ്ട്. മുഴ പോലെ മൂക്കിനറ്റം അല്പം പൊന്തി നില്‍ക്കുന്നതിനാല്‍ തിരിച്ചറിയുവാന്‍ ബുദ്ധിമുട്ടു ണ്ടാവില്ല. മിക്കപ്പോഴും കരിയിലകള്‍ക്കിടയിലാണ് കാണുക. പരിസരവുമായി ഇഴുകിച്ചേര്‍ന്നു പോകുന്ന നിറമായതിനാല്‍ പെട്ടെന്ന് കണ്ടെന്നുവരില്ല. മരണം സംഭവിച്ചതായി പറയ പ്പെടുന്നുണ്ട്. എന്നാല്‍ നിരവധി ഭാഗ്യവാന്മാര്‍ കാര്യമായ ചികിത്സ കൂടാതെ രക്ഷപ്പെട്ടിട്ടുമുണ്ട്.

പടംപൊഴിക്കല്‍pamp20 

ശരീരം വളരുന്നതിനനുസരിച്ച് തോല്‍ക്കുപ്പായം വളരാത്തതുകൊണ്ടാണ് പാമ്പുകള്‍ തോല്‍ പൊഴിക്കുന്നത്. പാമ്പുകളുടെ ശരീരം നിരവധി ശല്‍ക്കങ്ങള്‍ (ചെതുമ്പലുകള്‍) കൊണ്ടു മൂടിയവയാണ്. ഈ ശല്‍ക്കങ്ങള്‍ ഒന്നിച്ചാണ് കൊഴിഞ്ഞു പോവുക. ഇതിന് ‘ഉറപൊഴിക്കല്‍’ (ങീഹശിേഴ) എന്ന് പറയും. ഉറ പൊഴിക്കാറായ പാമ്പിന്റെ നിറം മങ്ങിയിരിക്കും. കണ്ണുകളില്‍ പാട മൂടും. കാഴ്ച കുറയും. ഈ സമയത്ത് അവ ആഹാരമുപേക്ഷിക്കും. പടംപൊഴിച്ച പാമ്പിന് ഭംഗിയും ഊര്‍ജ്ജസ്വലതയും കൂടും. ഓരോ ജാതി പാമ്പുകളുടെയും ശല്‍ക്കങ്ങളുടെ ആകൃതിയും എണ്ണവും ക്രമീകരണവുമൊക്കെ മറ്റൊന്നില്‍ നിന്നും വ്യത്യസ്തമാണ്. ഇതു നോക്കി ഓരോ ജാതി പാമ്പുകളേയും തിരിച്ചറിയാം.


രാജവെമ്പാല (King Cobra - Ophiophagus hannah)

സര്‍പ്പരാജാവ്. പതിനഞ്ചടിയോളം നീളം വെയ്ക്കും. ചാരമോ കറുപ്പോ ഇരുണ്ട ഒലിവുനിറമോ മഞ്ഞ കലര്‍ന്ന തവിട്ടു നിറമോ ആയിരിക്കും. വെള്ളയോ മഞ്ഞയോ ആയ വലയങ്ങളുണ്ടാവും. കാലാവസ്ഥാപരവും ഭൂമിശാസ്ത്ര പരവുമായ വര്‍ണ്ണവ്യത്യാസങ്ങള്‍ സാധാരണമാണ്.

pamp21ഇടതൂര്‍ന്ന അടിക്കാടുകളുള്ള വനങ്ങളിലും ഈറ്റമുളങ്കാടുകളിലും നിത്യഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും കാണപ്പെടുന്നു. പാമ്പുകളാണ് പ്രധാന ആഹാരം. തരം കിട്ടിയാല്‍ ഉടുമ്പിനെയും അകത്താക്കും. മുട്ടയിടാനായി കൂടുണ്ടാക്കുന്ന ഒരേ ഒരു പാമ്പാണ്. കരിയിലകള്‍ കൂട്ടി കൂടുണ്ടാക്കിയാണ് മുട്ടയിടുന്നത്. മുട്ട വിരിയുന്നതുവരെ അമ്മ മുട്ടകള്‍ക്കൊപ്പം കഴിയും. പത്തി ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന സ്വഭാവമുണ്ടെങ്കിലും ഫണത്തിന് മൂര്‍ഖന്റെയത്ര ഭംഗിയില്ല.

ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പാണ്. ഒരോ കടിയിലും ഏല്‍പ്പിക്കുന്ന വിഷത്തിന്റെ അളവ് കൂടുതലായതിനാല്‍ വളരെ പെട്ടെന്നുതന്നെ മരണം സംഭ വിക്കും. ഇതിന്റെ വിഷത്തിനുള്ള ആന്റി വെനം തായ്ലാന്‍ഡില്‍ മാത്രമേ ഇപ്പോള്‍ നിര്‍മ്മിക്കുന്നുള്ളൂ. കൊടും കാടുകളില്‍ മാത്രം വസിക്കുന്നതിനാലും മനുഷ്യനുമായുള്ള സമ്പര്‍ക്കം തീരെ കുറവായതിനാലും സ്വാഭാവിക സാഹചര്യങ്ങളില്‍ രാജവെമ്പാലയുടെ കടിയേറ്റുള്ള മരണം അപൂര്‍വ്വമാണ്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളവയില്‍ ഏറെയും വളര്‍ത്തുപാമ്പുകളില്‍ നിന്നുള്ളതാണ്.

 

 

 

 

മനോജ് പി