KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ നിശ്ശബ്ദതാഴ്വരയില്‍ പക്ഷികളെ തേടി...
നിശ്ശബ്ദതാഴ്വരയില്‍ പക്ഷികളെ തേടി...


logomazhakkadu
വനം വകുപ്പിന്റെയും പരിസ്ഥിതി സംഘടനയായ കേരള നാച്വറല്‍ ഹിസ്ററി സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൈലന്റ്വാലി നാഷണല്‍ പാര്‍ക്കില്‍ നടത്തിയ കേരളത്തിലെ ആദ്യത്തെ പക്ഷി സര്‍വ്വേയില്‍ പങ്കെടുത്ത പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുശാന്തിന്റെ ഓര്‍മക്കുറിപ്പുകള്‍.


1990 ഡിസംബര്‍ മാസത്തിലായിരുന്നു അവിസ്മരണീയമായ ആ യാത്ര. സൈലന്റ്വാലി നാഷണല്‍ പാര്‍ക്കിലെ ഉള്‍ക്കാടുകളില്‍ പക്ഷിനിരീക്ഷണം നടത്താന്‍. ഏതു പക്ഷിനിരീക്ഷകന്റെയും സ്വപ്ന സാഫല്യമാണത്.
സന്ധ്യയായതോടെ എല്ലാവരും ഒത്തുകൂടി. പ്രശസ്ത പക്ഷിനിരീക്ഷകനും ഛായാഗ്രാഹകനുമായ ശ്രീ പി കെ ഉത്തമന്‍ സര്‍വ്വേയുടെ പ്രാധാന്യത്തെക്കുറിച്ചും, രീതികളെക്കുറിച്ചും പറഞ്ഞു തന്നു. പക്ഷിനിരീക്ഷകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. സൈലന്റ്വാലി നാഷണല്‍ പാര്‍ക്കിലെ ഏറ്റവും ഉള്ളിലെ വാളക്കാടാണ് എനിക്ക് ലഭിച്ചത്. നല്ല നടത്തവും മലകയറ്റവും വേണം വാളക്കാട് എത്തിപ്പെടാന്‍.
പിറ്റേ ദിവസം അതിരാവിലെ വനംവകുപ്പിന്റെ ജീപ്പുകളില്‍ ക്യാമ്പംഗങ്ങള്‍ സൈരന്ധ്രിയിലേക്ക് തിരിച്ചു. എങ്ങും പച്ചപ്പിന്റെ ഉത്സവം. എത്ര നോക്കിയാലും മതിവരാത്ത മഴക്കാടുകള്‍. മുന്നോട്ടു പോകുന്തോറും എല്ലാവര്‍ക്കും ഉത്സാഹമായി. വഴിവക്കിലെ മരങ്ങളില്‍ നിന്നും പൊട്ടിച്ചിരിയെ അനുസ്മരിപ്പിക്കുമാറ് ശബ്ദമുണ്ടാക്കി പറന്നകലുന്ന കോഴിവേഴാമ്പലുകള്‍, നീണ്ട വാലുകളിളക്കി മരച്ചില്ലകളില്‍ പറന്നു നടക്കുന്ന കാട്ടൂഞ്ഞാലി സംഘം, പരുക്കന്‍ ശബ്ദമുണ്ടാക്കി പറന്നു മറയുന്ന നീലത്തത്തകള്‍... ഓരോ പക്ഷിയെ കാണുമ്പോഴും ഞങ്ങള്‍ക്ക് ഉത്സാഹം കൂടി.
susanth5
ഇരുപത്തിരണ്ടോളം കിലോമീറ്റര്‍ വനപാതയിലൂടെ സഞ്ചരിച്ച് ഞങ്ങള്‍ പാര്‍ക്കിന്റെ കവാടമായ സൈരന്ധ്രിയിലെത്തി. ഇനിയുള്ള യാത്ര കാട്ടുവഴികളിലൂടെ കാല്‍നടയായിട്ടാണ്. സൈരന്ധ്രി, നീലിക്കല്‍, പൂച്ചിപ്പാറ, വാളക്കാട് എന്നിങ്ങനെയാണ്. പക്ഷിസര്‍വ്വേക്കുള്ള ക്യാമ്പുകള്‍. ഞങ്ങള്‍ പൂച്ചിപ്പാറ സംഘത്തോടൊപ്പം ചേര്‍ന്നു. ആകാശത്ത് കൂറ്റന്‍ ചിറകുകള്‍ വിടര്‍ത്തി പറക്കുന്ന കരിമ്പരുന്തുകള്‍ കൌതുകമായി. അടിക്കാടുകളില്‍ കാനചിലപ്പന്മാര്‍, തവിട്ട് പാറ്റാപിടിയന്‍, ചുണ്ടന്‍ക്കുരുവി എന്നിവയുണ്ട്.

കുറുകെ നീളുന്ന തൂക്കുപാലത്തില്‍ നിന്നുകൊണ്ട് ആര്‍ത്തലച്ചൊഴുകുന്ന കുന്തിപ്പുഴ കണ്ടു.
പുഴ കടന്ന് പുല്‍മേടിലൂടെയുള്ള യാത്ര കഠിനമായിരുന്നു. എങ്കിലും നെല്ലിമരങ്ങളില്‍ നിന്നും കായ്കള്‍ പറിച്ച് ഉത്സാഹത്തോടെയായിരുന്നു നടത്തം. പുല്ലുപ്പന്‍, പതുങ്ങന്‍ ചിലപ്പന്‍ എന്നിവയെ കണ്ടു. ആകാശത്ത് വട്ടമിട്ടു പറക്കുന്ന തേന്‍കൊതിച്ചി പരുന്തുകളും, കിന്നരി പരുന്തുകളും... ഒപ്പം കൂട്ടം കൂട്ടമായി പറക്കുന്ന (ആദിവാസികള്‍ മഴപ്പുള്ള് എന്ന് വിളിക്കുന്ന) ചിത്രകൂടന്‍ ശരപ്പക്ഷികള്‍...
വെയില്‍ മങ്ങിത്തുടങ്ങിയപ്പോള്‍ പൂച്ചിപ്പാറയിലെ വനക്യാമ്പിലെത്തി. രാത്രി ക്യാമ്പ് ഷെഡിനരികില്‍ നിന്നും ചെവിയന്‍ രാച്ചുക്കുവിന്റെ നീണ്ട ശബ്ദത്തോടൊപ്പം ഇടയ്ക്കിടെ കാട്ടു രാച്ചുക്കുവിന്റെ ചക്ക്... ചക്ക്... ചക്കു... ചക്കു ശബ്ദവും കേട്ടു.
പിറ്റേ ദിവസം ഞങ്ങള്‍ വാളക്കാടേക്ക് യാത്ര തിരിച്ചു. കടുത്ത ട്രെക്കിങ്ങായിരുന്നുവെങ്കിലും വിശ്രമ വേളകളില്‍ പക്ഷി സര്‍വ്വേ നടത്തി. കരിമ്പന്‍ കാട്ടുബുള്‍, വെള്ളിക്കണ്ണിക്കുരുവി, പതുങ്ങന്‍ ചിലചിലപ്പന്‍, പുല്ലുപ്പന്‍, ഉപ്പന്‍കുയില്‍, തീക്കാക്ക, കുറിക്കണ്ണന്‍, കാട്ടുപുള്ള് എന്നിവയെ കണ്ടു. ക്യാമ്പ് ഷെഡില്‍ ഉച്ചയോടെ എത്തി. തൊട്ടു മുന്നില്‍ കണ്ണുനീര്‍പോലെ തെളിഞ്ഞ വെള്ളവുമായി പാഞ്ഞൊഴുകുന്ന കുന്തിപ്പുഴ. susanth3

നരയന്‍ പാറ്റ പിടിയന്‍, നീലഗിരി പാറ്റപിടിയന്‍, കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍, ചാരത്തലയന്‍ ബുള്‍ബുള്‍ എന്നിവയെ കാണാനായി. ഉയര്‍ന്ന വിതാനങ്ങളിലെ വനാന്തരങ്ങളായതിനാല്‍ പക്ഷികളുടെ എണ്ണം കുറവായിരുന്നുവെങ്കിലും കാണുന്നവ കൂടുതലും അപൂര്‍വരായിരുന്നു. കാട്ടുകോഴികള്‍ ക്യാമ്പ് ഷെഡിനരികില്‍ മേഞ്ഞു നടന്നിരുന്നു. സഹ്യാദ്രിയിലെ തനതുപക്ഷിയാ
യസന്ധ്യക്കിളി
യെ രാവിയുെം വൈകുന്നേരവും കണ്ടു. ഒട്ടൊക്കെ അപൂര്‍വനായ വലിയ കിന്നരിപ്പരുന്ത്, കാട്ടുവേലിത്തത്ത, കാക്കമരങ്കൊത്തി, മീന്‍കൊത്തിച്ചിന്നന്‍, പൊടിപൊന്മാന്‍ എന്നിവയെയും വാളക്കാട് കണ്ടെത്തി. രാത്രിയില്‍ പേടിപ്പെടുത്തുന്ന ഒച്ചയുണ്ടാക്കി അപൂര്‍വനായ കാട്ടുമൂങ്ങ തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. പകല്‍ യാത്രകളില്‍ ഇരുളടഞ്ഞ നീര്‍ച്ചോലകളില്‍ മീന്‍ കൂമനും ദര്‍ശനം തന്നു.
പക്ഷി സര്‍വ്വേയുടെ അവസാന ദിവസം വാളക്കാട് ക്യാമ്പ് ഷെഡില്‍ നിന്നും മടക്കയാത്ര തുടങ്ങുമ്പോള്‍ മലമുകളില്‍ കാറ്റില്‍ തുരുതുരെ ചിറകടിച്ച് പറന്നു നിന്ന് വിറയന്‍പുള്ള് ഞങ്ങളെ യാത്രയാക്കുകയാണെന്നു തോന്നി.

ഒരു വനമേഖലയില്‍ കാണുന്ന പക്ഷികളെക്കുറിച്ചുള്ള വിവരം ശേഖരിക്കലാണ് പക്ഷിസര്‍വേ. പക്ഷി സര്‍വേ നടത്തുന്ന വനപ്രദേശത്തെ ചെറുമേഖലകളായി തരം തിരിച്ച് ഓരോ മേഖലയിലെ പ്രധാന കാട്ടുപാതകള്‍ സര്‍വേക്കായി തിരഞ്ഞെടുക്കുന്നു. ഈ നിശ്ചിതപാതയ്ക്കിരുവശവും കാണുന്ന പക്ഷികളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. പക്ഷികളുടെ എണ്ണമെടുക്കലാണ് പ്രധാനം. രാവിലെയും വൈകുന്നേരവും നിശ്ചിത സമയങ്ങളില്‍ പക്ഷിനിരീക്ഷകര്‍ ഈ പാതയിലൂടെ സഞ്ചരിച്ച് പക്ഷികളുടെ കണക്കെടുക്കുന്നു. കാണലും കേള്‍ക്കലുമാണ് ഇതില്‍ പ്രധാനം. രാത്രീഞ്ചരന്മാരായ പക്ഷികളുടെ സാന്നിധ്യം പ്രധാനമായും അവയുടെ ശബ്ദം കൊണ്ടാണ് തിരിച്ചറിയുക.

 

സര്‍വ്വേകളില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം പക്ഷികള്‍

valiya-kinnari-parunthu
വലിയകിന്നരി പരുന്ത്
(Mountain Hawk Eagle)

വന്‍വൃക്ഷങ്ങള്‍ വളരുന്ന കുന്നുകളിലും മലമുകളിലും കാണപ്പെടുന്നു. സൈലന്റ്വാലി നാഷണല്‍ പാര്‍ക്കിലും പറമ്പിക്കുളം, പെരിയാര്‍ വന്യജീവിസങ്കേതത്തിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ശബരിമല-പമ്പ വനപ്രദേശങ്ങളിലും കാണുന്നു.മാക്കാച്ചിക്കാട/തവളച്ചുണ്ടന്‍ (SriLankan Frogmouth) susanth4

രാത്രീഞ്ചരന്മായ ഈ പക്ഷികളെ കണ്ടെത്തുക ദുഷ്കരമാണ്. തവളയുടെ മുഖത്തിനോട് രൂപസാദൃശ്യമുള്ള ഈ പക്ഷിയെ കേരളത്തില്‍ എല്ലാ വന്യജീവിസങ്കേതങ്ങളിലും പക്ഷി സര്‍വേകളിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ കാണുന്നത് തട്ടേക്കാട് പക്ഷിസങ്കേതത്തിലാണ്.

കാട്ടുവേലിത്തത്ത (Blue-bearded Bee-eater)
kattuvelithatha
മഴക്കാടുകളുടെ അരികിലും തുറസ്സായ വനപ്രദേശങ്ങളിലും കാണപ്പെടുന്നു. ചെന്തുരുണി, പറമ്പിക്കുളം വയനാട്, സൈലന്റ്വാലി, ചിമ്മിണി, വാഴച്ചാല്‍ എന്നിവിടങ്ങളിലെ പക്ഷിസര്‍വേകളില്‍ കണ്ടെത്തിയിട്ടുണ്ട്.

 

 

വലിയ പേക്കുയില്‍ (Large hawk Cuckoo) valiyapekuyil

കേരളത്തില്‍ കാണുന്ന ഒരു അപൂര്‍വദേശാടകന്‍. ഇലപൊഴിയും വനങ്ങളില്‍ കാണപ്പെടുന്നു. പക്ഷിസര്‍വേയില്‍ ഇവയെ വാഴച്ചാല്‍, തട്ടേക്കാട് പക്ഷിസങ്കേതം ചെന്തുരുണി വന്യജീവി സങ്കേതം എന്നിവിടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

നീലത്തത്ത (Malabar Parakeet)
susanth1

നിത്യഹരിത വനങ്ങളിലും ഇലപൊഴിയും കാടുകളിലും കാണുന്ന കാട്ടുതത്ത. സഹ്യാദ്രിയിലെ കാടുകളില്‍ മാത്രം കാണപ്പെടുന്ന തനതു പക്ഷി.

 


 

മഞ്ഞവരിയന്‍പ്രാവ് (Orange - breasted Green Pigeon) manjavarayanpravu

കേരളത്തിലെ കാടുകളില്‍ കാണുന്ന പച്ചപ്രാവുകളില്‍ അത്യപൂര്‍വന്‍. ആണ്‍പക്ഷിയുടെ മാറില്‍ ഓറഞ്ചു നിറം കാണാം. നെയ്യാര്‍ വന്യജീവിസങ്കേതം, പേപ്പാറ, ചെന്തുരുണി വന്യജീവിസങ്കേതം, തട്ടേക്കാട് പക്ഷിസങ്കേതം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ഇവയെ വാഴച്ചാല്‍ പൊന്മുടി-കല്ലാര്‍ വനങ്ങളിലെ പക്ഷി സര്‍വ്വേകളില്‍ കണ്ടെത്തിയിട്ടുണ്ട്.

പുഴയാള (River Tern)
puzhayala
ജലസംഭരണികളിലും നദികളിലും കണ്ടുവരുന്നു. കേരളത്തിലെ അറിയപ്പെടുന്ന പ്രജനനകേന്ദ്രം ചെന്തുരുണി വന്യജീവിസങ്കേതത്തിലെ ജലസംഭരണിയില്‍. പക്ഷിസര്‍വേയില്‍ കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ 17 വര്‍ഷമായി വേനല്‍ക്കാലത്ത് ജലസംഭരണിയില്‍ കോളനിയായി കൂടുകെട്ടി വരുന്നു.മലമുഴക്കി വേഴാമ്പല്‍ (Great Hornbill)

കേരളത്തിന്റെ സംസ്ഥാന പക്ഷി. അതിരൂക്ഷമായ നിലനില്പ് ഭീഷണി നേരിടുന്നു. വന്മരങ്ങള്‍ ഇല്ലാതാകുന്നതുമൂലം കൂടുകൂട്ടാന്‍ കഴിയാതെ ഇവ അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. പക്ഷി സര്‍വ്വേകളിലെ പ്രധാനപഠനം ഇവയെക്കുറിച്ചാണ്. സമീപകാല പക്ഷി സര്‍വ്വേകളില്‍ പറമ്പിക്കുളത്തും വാഴച്ചാല്‍ വനമേഖലയിലും പെരിയാര്‍ കടുവ സങ്കേതത്തിലും ചെന്തുരുണി വന്യ ജീവിസങ്കേതത്തിലും ഇവയുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് കണ്ടെത്തിയത് പക്ഷി നിരീക്ഷകരില്‍ ആശ്വാസമുണ്ടാക്കുന്നു.

നീര്‍പ്പക്ഷി സെന്‍സസ്

ദേശാടകരായ നീര്‍പ്പക്ഷികളുടെയും പ്രാദേശിക ദേശാടകരായ നീര്‍പ്പക്ഷികളുടെയും, സ്ഥിരവാസികളായ നീര്‍പ്പക്ഷികളുടെയും വര്‍ഷം തോറുമുള്ള കണക്കെടുപ്പാണ് നീര്‍പ്പക്ഷി സെന്‍സസ്. കേരളത്തിലെ പ്രധാന തണ്ണീര്‍ത്തടങ്ങളായ വേമ്പനാട് കായല്‍ (ആലപ്പുഴ), അഷ്ടമുടിക്കായല്‍ (കൊല്ലം), കോള്‍നിലങ്ങള്‍ (തൃശ്ശൂര്‍), കടലുണ്ടി (കോഴിക്കോട്), പുറത്തൂര്‍ അഴിമുഖം (മലപ്പുറം), കാട്ടാമ്പള്ളി (കണ്ണൂര്‍) പുഞ്ചക്കരി - വെള്ളായണിക്കായല്‍ (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ നീര്‍പ്പക്ഷികളുടെ കണക്കെടുക്കുന്നു. വംശനാശഭീഷണി നേരിടുന്ന ചേരക്കോഴി, താലിപ്പരുന്ത്, വെള്ള വയറന്‍ കടല്‍പ്പരുന്ത് എന്നിവയുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ പക്ഷി സെന്‍സസുകളില്‍ രേഖപ്പെടുത്തുന്നു.


പശ്ചിമഘട്ടത്തിലെ തനതുപക്ഷികള്‍

പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 16 ഇനം തനതുപക്ഷികള്‍ കേരളത്തിലുണ്ട്. മരപ്രാവ് , ചെറുതേന്‍ കിളികരിഞ്ചുണ്ടന്‍, ഇത്തിക്കണ്ണിക്കുരുവി , കാട്ടൂഞ്ഞാലി , തെക്കന്‍ ചിലുചിലപ്പന്‍ , വടക്കന്‍ ചിലുചിലപ്പന്‍ , സന്ധ്യക്കിളി , നീലഗിരി പാറ്റപിടിയന്‍ , നീലത്തത്ത  എന്നിവ വംശനാശഭീഷണി നേരിടുന്ന തനതുപക്ഷികളാണ്. പക്ഷി സര്‍വ്വേകളില്‍ ഇവയുടെ എണ്ണം, സാന്നിദ്ധ്യം, അസാന്നിദ്ധ്യം എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നു