KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ പാന്‍ഡോറയുടെ പേടകം
പാന്‍ഡോറയുടെ പേടകം

 

 ണ്ടു പണ്ട് അതായത്, ദൈവം ഈ ലോകത്തെ സൃഷ്ടിച്ച കാലത്ത് കാര്യങ്ങള്‍ viswothara1ഇങ്ങനെയൊന്നും ആയിരുന്നില്ല. അന്ന് എങ്ങും സന്തോഷവും പൊട്ടിച്ചിരിയും മാത്രം! വേദന, ദു:ഖം  തുടങ്ങിയവയെക്കുറിച്ച് കേട്ടുകേള്‍വിപോലുമില്ല.

നിത്യവും ഉദിച്ചുയര്‍ന്ന് ലോകത്തിനു മുഴുവന്‍ പ്രകാശം പരത്തിക്കൊണ്ടു സൂര്യന്‍. ഈശ്വരനാണെങ്കില്‍ സ്വര്‍ലോകത്തു നിന്നും എന്നും താഴേക്കിറങ്ങിവരും. എന്തിനെന്നോ, ഭൂമിയിലെ മനുഷ്യരോടൊപ്പം നടന്ന് അവരുടെ സുഖവിവരങ്ങളൊക്കെ അന്വേഷിച്ചറിയാന്‍... മനുഷ്യരും ദൈവങ്ങളും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കാലം..

ഒരു ദിവസം എപിമെത്യൂസ് എന്നു പേരുള്ള ഒരാള്‍ തന്റെ ഭാര്യയായ പാന്‍ഡോറയുമൊത്ത് പൂന്തോട്ടത്തിലെ ചെടികളെ പരിലാളിക്കുകയായിരുന്നു. അപ്പോഴുണ്ട് സാക്ഷാല്‍ മെര്‍ക്കുറിദേവന്‍ അവരുടെ അടുത്തേക്കു ചെല്ലുന്നു.

അദ്ദേഹത്തിന്റെ തോളത്താണെങ്കില്‍ ഭാരിച്ച ഒരു തടിപ്പെട്ടിയുമുണ്ട്. ചുമടിന്റെ കനം കൊണ്ട് ആള്‍ മുന്നോട്ടല്പം കുനിഞ്ഞാണു നടത്ത... ഉച്ചവെയിലിന്റെ ചൂടേറ്റു വിയര്‍ത്തും തളര്‍ന്നുമാണ് അദ്ദേഹത്തിന്റെ വരവ്.

ഇരുണ്ടു കനത്ത ആ പെട്ടി താഴത്തിറക്കിവെയ്ക്കാന്‍ എപിമെത്യൂസിന്റെ ഒരു കൈത്താ ങ്ങു കൂടി വേണ്ടിവന്നു. സ്വര്‍ണക്കയറു കൊണ്ടു വരിഞ്ഞ് ഭദ്രമായി കെട്ടിപ്പൂട്ടിയിരുന്ന ആ പെട്ടിയുടെ പുറത്ത് വിചിത്രമായ അക്ഷരങ്ങളും ചിഹ്നങ്ങളും കോറിയിട്ടിരുന്നു.

പാന്‍ഡോറ നീട്ടിയ ശീതളപാനീയം കുടിച്ചു ദാഹമകറ്റിയ മെര്‍ക്കുറിദേവന്‍, അവരോട് ഒരു സഹായം അഭ്യര്‍ത്ഥിച്ചു. മറ്റൊന്നുമല്ല, അദ്ദേഹത്തിന് അത്യാവശ്യമായി ഒരിടത്ത് എത്തേണ്ടതുണ്ട്. പെട്ടിക്കാണെങ്കില്‍ വലിയ കനം.. വെയിലിന്റെ കാഠിന്യമാണെങ്കില്‍ ഏറി വരികയുമാണ്.pandaora1

അദ്ദേഹം പോയി വരും വരെ ആ പെട്ടി നമ്മുടെ എപിമെത്യൂസിന്റെ വീട്ടില്‍, ഭദ്രമായൊന്നു സൂക്ഷിക്കണം. നിസ്സാരമായൊരു കാര്യം! ഗൃഹനാഥന്‍ അപ്പോള്‍ത്തന്നെ സമ്മതം അറിയിച്ചു. രണ്ടുപേരും ചേര്‍ന്ന് ആ പെട്ടി തൂക്കിയെടുത്ത് ഉള്‍മുറിയില്‍ കൊണ്ടു ചെന്നു വെയ്ക്കുകയും ചെയ്തു.

“ഈ പെട്ടി മറ്റാരുടെയും കണ്ണില്‍ പെടില്ലല്ലോ? ആരും യാതൊരു കാരണവശാലും പെട്ടി തുറക്കാന്‍ പാടില്ല,” പുറത്തേക്കിറങ്ങുമ്പോള്‍ മെര്‍ക്കുറി ദേവന്‍ നിഷ്കര്‍ഷിച്ചു.

“അങ്ങു ഭയപ്പെടേണ്ട. ആ മുറിയില്‍ ആരുമങ്ങനെ കയറാറില്ല. പെട്ടിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ദേവന്‍ തെല്ലും ഭയപ്പെടേണ്ട,” ഇരുവരും ചേര്‍ന്ന് ഉറപ്പു നല്കി. അദ്ദേഹം നടന്നുനടന്ന് മരക്കൂട്ടങ്ങള്‍ക്കിടയില്‍ മറയും വരെ, അവര്‍ കൈകള്‍ വീശി, അദ്ദേഹത്തിനു യാത്രാഭിവാദനം നേര്‍ന്നു കൊണ്ടിരുന്നു.

തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും കൂടി പെട്ടി വെച്ചിരിക്കുന്ന മുറിയിലെത്തി. അപ്പോഴുണ്ട് പതിഞ്ഞ ശബ്ദത്തില്‍ ആരോ തങ്ങളെ പേര്‍ചൊല്ലി വിളിക്കുന്നു. പാന്‍ഡോറ ഭര്‍ത്താവിനോടു പറഞ്ഞു. “എപിമെത്യൂസേ, നമ്മളെ ആരോ വിളിക്കുന്നുണ്ടല്ലോ!”

രണ്ടുപേരും കൂടി ചെവിയോര്‍ത്തങ്ങനെ നിന്നു. കാറ്റത്ത് ഇലകള്‍ മര്‍മരശബ്ദം പുറപ്പെടുവിക്കുന്നതും മരച്ചില്ലയിലിരുന്നു കിളികള്‍ ചിലയ്ക്കുന്നതും മാത്രമേ കേള്‍ക്കാനുള്ളൂ. കുറച്ചു കഴിഞ്ഞ് വീണ്ടും ആരുടെയോ വിളി കേള്‍ക്കുന്നു. ഇത്തവണ അകലെ നിന്നാണാ ശബ്ദം: “എപിമെത്യൂസ്! പാന്‍ഡോറാ! നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?”

എപിമെത്യൂസ് പറഞ്ഞു, “പാന്‍ഡോറാ, പുറത്തു നിന്നും നമ്മുടെ ചങ്ങാതിമാര്‍ വിളിക്കുകയാണ്. വരൂ, നമുക്ക് പൂമുഖത്തേക്കു പോവാം!” ഭര്‍ത്താവിന്റെ വാക്കുകള്‍ കണ്ണുമടച്ചങ്ങനെ സ്വീകരിക്കാന്‍ പാന്‍ഡോറ തയ്യാറല്ല.

“ആ ശബ്ദം നമുക്കു പരിചയമുള്ള ആരുടേതുമല്ല, ഞാനിന്നുവരെ കേട്ടിട്ടില്ലാത്ത പുതിയൊരു ശബ്ദമാണത്...” പാന്‍ഡോറ പറഞ്ഞു.

എപിമെത്യൂസിന് അതത്ര വലിയ കാര്യമായൊന്നും തോന്നിയില്ല. “അതേച്ചൊല്ലി നാം വെറുതെ തലപുകയ്ക്കേണ്ട. വരൂ! നമുക്ക് മുന്‍വശത്തു ചെന്ന് ആഗതരെ സ്വീകരിക്കാം!”

പാന്‍ഡോറ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. ഭര്‍ത്താവ് ആഗതര്‍ ആരെന്നു നോക്കുവാനായി പൂമുഖത്തേക്കു പോയെങ്കിലും ഭാര്യ ആ മുറിയില്‍ത്തന്നെ നിന്നു.

വീണ്ടും അതേ ശബ്ദം: “പാന്‍ഡോറ! പാന്‍ഡോറ!” ശ്രദ്ധിച്ചപ്പോള്‍ മെര്‍ക്കുറിദേവന്‍ കൊണ്ടു വന്ന പെട്ടിക്കുള്ളില്‍ നിന്നാണാ വിളി ഉയരുന്നത്. അവള്‍ മെല്ലെ അതിനടുത്തേക്കു ചെന്നു.

“പാന്‍ഡോറ, ദയവുണ്ടാകണേ! ഞങ്ങളീ പെട്ടിക്കുള്ളില്‍ കുടുങ്ങിക്കിടപ്പാണ്. ചുറ്റിനും കൂരിരുട്ടു മാത്രം! എങ്ങനെയെങ്കിലും ഈ പെട്ടിയൊന്നു തുറന്ന് ഞങ്ങളെ സ്വതന്ത്രരാക്കൂ!” ദയനീയമായിരുന്നു ആ യാചന.

പാന്‍ഡോറ ഭയന്നു പോയി. യാതൊരു കാരണവശാലും അതു തുറന്നേക്കരുതെന്നാണ് ദേവന്റെ കല്പന. പക്ഷേ ആ ദയനീയ ശബ്ദം കേട്ടില്ലെന്നു നടിക്കാനുമാവുന്നില്ല. അവള്‍ ചിന്താക്കുഴപ്പത്തിലായി.

വീണ്ടും അതേ ദീനയാചന: “പാന്‍ഡോറ, ദയവുചെയ്ത് ഞങ്ങളെ സഹായിക്കൂ! ഞങ്ങളുടെ ഗതികേട് അത്ര ഭയങ്കരമാണ്!”

പാന്‍ഡോറയ്ക്ക്, അധികനേരം പിടിച്ചു നില്‍ക്കാനായില്ല. അവള്‍ പെട്ടിയുടെ അടുത്തു ചെന്നിരുന്നു. എന്നിട്ട് തിളങ്ങുന്ന ആ സ്വര്‍ണ്ണച്ചരടുകള്‍ മെല്ലെ അഴിച്ചു തുടങ്ങി. കാതില്‍ അനേകം പേരുടെ നിലവിളിയൊച്ച ഒരേ സമയത്തു മുഴങ്ങുകയാണ്.

കുറച്ചുനേരത്തെ പരിശ്രമത്തിനു ശേഷം അവള്‍ ആ കെട്ടഴിച്ചു. എന്നിട്ട് തിടുക്കപ്പെട്ട് പെട്ടിയുടെ അടപ്പു തുറന്നു. ഹൊ, അവള്‍ കണ്ട കാഴ്ച! അതിഭീകരമായിരുന്നു അത്. പെട്ടിക്കുള്ളില്‍ തിങ്ങി നിറഞ്ഞിരിക്കുന്നു വൃത്തികെട്ട കീടങ്ങളും പ്രാണികളും.pandora2

കണ്ടാല്‍ അറയ്ക്കുന്ന വിചിത്ര മുഖക്കാരായ നുറുകണക്കിനു ഹീന ജീവികള്‍... താന്‍ ചെയ്തത്, അങ്ങേയറ്റത്തെ അബദ്ധമാണെന്ന് പാന്‍ഡോറ ആ നിമിഷം തന്നെ മനസ്സിലാക്കി. പക്ഷേ അപ്പാഴേക്കും വൈകിപ്പോയിരുന്നു.

അടപ്പു തുറക്കേണ്ട താമസം, ആ നികൃഷ്ട ജീവികള്‍ ഹുങ്കാരത്തോടെ മൂളിക്കൊണ്ട് പന്‍ഡോറയുടെ നേര്‍ക്ക് ഇളകിയാര്‍ത്തു. ദുഷ്ടതകളും ദുരിതങ്ങളും ക്രൂരതകളും ശാപങ്ങളും കലഹങ്ങളും പുകയും വിദ്വേഷവും... എന്തിനു പറയുന്നു, അത്തരം സമസ്ത ഹീനശക്തികളെയും ആവാഹിച്ച് ആ പെട്ടിക്കുള്ളില്‍ ഭദ്രമായി ബന്ധിച്ചിരിക്കയായിരുന്നു മെര്‍ക്കുറി ദേവന്‍. അവറ്റകളെയാണ് താന്‍ തുറന്നു വിട്ടത്... വലിയോരബദ്ധമാണു താന്‍ ചെയ്തു വച്ചത്. ഈശ്വരാ, ഇനി എന്തെല്ലാം പൊല്ലാപ്പുകളാണോ വന്നു ഭവിക്കാന്‍ പോകുന്നത്...? പാന്‍ഡോറ വ്യാകുലപ്പെട്ടു..

ക്രുദ്ധമായ മൂളലുകളോടെ ആ കീടങ്ങള്‍ ചുറ്റിനും പറന്നുയര്‍ന്നു. അവര്‍ പാന്‍ഡോറയ്ക്കു നേരേ പാഞ്ഞുവന്ന് അവളെ കുത്തുകയും മുറിപ്പെടുത്തുകയും ചെയ്തു. അസംഖ്യം വൃത്തികെട്ട പ്രാണികള്‍ പാറിവന്ന് അവളുടെ ദേഹത്തെ പൊതിഞ്ഞു. കാതു തുളച്ചുകയറും വിധം കഠോരമായിരുന്നു അവറ്റകളുടെ കൂട്ട മുരള്‍ച്ച......

അങ്ങനെ ജീവിതത്തില്‍ ആദ്യമായി വേദനയും അറപ്പും എന്തെന്ന് പാന്‍ഡോറ അനുഭവിച്ചറിഞ്ഞു. ദുഷ്ടതയുടെയും ഇരുട്ടിന്റെയും ശക്തികളെയാണ് താനിന്നു തുറന്നുവിട്ടത്! അവര്‍ നിസ്സഹായയായി മുഖം പൊത്തിയിരുന്നു വിമ്മിക്കരഞ്ഞു. എന്നിട്ട് ഉള്ള ശക്തിയെല്ലാം സംഭരിച്ച് പെട്ടിയുടെ അടപ്പ് അടച്ചു വെച്ചു. പക്ഷേ എന്തു ഫലം? സമസ്ത ജീവികളും അതിനകം പുറത്തേക്കു രക്ഷപ്പെട്ടിരുന്നു.

പാന്‍ഡോറയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് എപിമെത്യൂസ് വെപ്രാളപ്പെട്ട് ഓടിയെത്തി. മുറിക്കുള്ളില്‍ കടക്കേണ്ട താമസം, ആ ഹീനജീവികള്‍ പാഞ്ഞു ചെന്ന് അയാളെയും ആക്രമിച്ചു.

പെട്ടിയുടെ ചുറ്റും അഴിഞ്ഞു കിടക്കുന്ന സ്വര്‍ണ്ണച്ചരടു കണ്ടപ്പോഴേ എപിമെത്യൂസിനു കാര്യം പിടികിട്ടി. ദൈവമേ, എന്തൊരു മഹാപാതകമാണ് ഈ പാന്‍ഡോറ ചെയ്തുവെച്ചിരിക്കുന്നത്!

പ്രാണികള്‍ അയാളെയും വെറുതെ വിട്ടില്ല. അവറ്റകളുടെ കുത്തേറ്റ് അയാള്‍ വേദന കൊണ്ടു പുളഞ്ഞു.സഹിക്കവയ്യാതായപ്പോള്‍ എപിമെത്യൂസ് ദേഷ്യം കൊണ്ടു വിറച്ചു. ഭാര്യയുടെ നേര്‍ക്ക് അലറി വിളിച്ചു. ശകാരവര്‍ഷം ചൊരിഞ്ഞു.

പാന്‍ഡോറയും വിട്ടില്ല. അവള്‍ വായില്‍ തോന്നിയതൊക്കെ തിരിച്ചും വിളിച്ചുപറഞ്ഞു. ഇരുവരുടെയും ശബ്ദം അത്യുച്ചത്തിലായി. അതുവരെയുള്ള ജീവിതത്തില്‍ ആദ്യമായാണ് അവര്‍ തമ്മില്‍ വഴക്കടിക്കുന്നത്... അങ്ങനെ കോപവും കലഹവും മനുഷ്യര്‍ക്കിടയിലേക്കു കടന്നു ചെന്നു.

വഴക്കടിച്ചു തളര്‍ന്നപ്പോള്‍ അവര്‍ നിശ്ശബ്ദരായി അന്യോന്യം നോക്കിയിരുന്നു. കഷ്ടം, പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ തങ്ങള്‍ എന്തെല്ലാമാണ്, പറഞ്ഞു പോയത്! ഇരുവര്‍ക്കും അതിയായ വ്യസനവും പശ്ചാത്താപവും അനുഭവപ്പെട്ടു.

“എന്നെ പുറത്തു വിടൂ, ഞാനിതിനുള്ളില്‍ത്തന്നെ കുടുങ്ങിക്കിടപ്പാണ്!” ആ നിശ്ശബ്ദതയെ

ഭഞ്ജിച്ചു കൊണ്ട് പുതിയൊരു ശബ്ദം മുഴങ്ങുന്നു. ഉറപ്പും ദൃഢതയുമുള്ള ആ ശബ്ദം മുഴങ്ങുന്നത്, പെട്ടിക്കുള്ളില്‍ തന്നെയാണ്.

എന്താണു ചെയ്യേ ണ്ടതെന്നറിയാതെ എപിമെത്യൂസും പന്‍ ഡോറയും പരിഭ്രാന്തരായി, പരസ്പരം കൈ കോര്‍ത്ത് അവിടെത്തന്നെ അനങ്ങാതിരുന്നു. വീണ്ടും അതേ ശബ്ദം. ഇത്തവണ കുറേക്കൂടി ഉച്ചത്തിലാണ്: “നിങ്ങള്‍ തെല്ലും ഭയപ്പെടേണ്ട. ഞാന്‍ നിങ്ങളെ സഹായിക്കാന്‍ വരികയാണ്. വേഗമെന്നെ പുറത്തു കടത്തൂ!”

“നമ്മളെന്താണു ചെയ്യേണ്ടത്? നിങ്ങള്‍ പറയൂ!” പാന്‍ഡോറ തീരുമാനം ഭര്‍ത്താവിനു വിട്ടു. “ചെയ്യാവുന്നതില്‍ വെച്ചേറ്റവും കടന്നകൈ നീ ഇതിനകം ചെയ്തു കഴിഞ്ഞു. സംഭവിക്കാവുന്ന ദുരന്തമത്രയും സംഭവിച്ചും കഴിഞ്ഞു. ഇനി എന്തിന് ആ വിളി കൂടി കേള്‍ക്കാതിരിക്കണം? തുറന്നേക്കൂ! പെട്ടി എന്നേക്കുമായി തുറന്നിട്ടേക്കൂ!” നിസ്സംഗതയോടെ ചുമല്‍ വെട്ടിച്ച്എപിമെത്യൂസ് പിറുപിറുത്തു.

പാന്‍ഡോറ രണ്ടും കല്പിച്ച് കണ്ണുകള്‍ മുറുകെപ്പൂട്ടിക്കൊണ്ട് പെട്ടി തുറന്നു. അതിന്റെ ഇരുണ്ട അടിത്തട്ടില്‍ നിന്നും തിളങ്ങുന്ന ഒരു ശലഭം പുറത്തേക്കു പറന്നുയര്‍ന്നു. പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഒരു വെണ്‍ശലഭം.

അതിനെ കണ്ടപ്പോള്‍ അവര്‍ക്ക് അതിയായ ആശ്വാസം അനുഭവപ്പെട്ടു. ആ ചെറുപറവ തന്റെ ചിറകുകള്‍ കൊണ്ട് അവരുടെ ദേഹത്തെങ്ങും തലോടി. നേരത്തെ പ്രാണികളുടെ കുത്തേറ്റ ഭാഗത്തുണ്ടായിരുന്ന കഠിനമായ വേദനയ്ക്കു ശമനമുണ്ടായി. പന്‍ഡോറയും എപിമെത്യൂസും സമാധാനത്തോടെ ദീര്‍ഘനിശ്വാസമുതിര്‍ത്തു.

കുറച്ചു കഴിഞ്ഞ് തന്റെ പ്രകാശിക്കുന്ന ചിറകുകള്‍ നീര്‍ത്തി, പറവ ദുഷ്ടശക്തികള്‍ സഞ്ചരിച്ച വഴിയിലൂടെ പറന്നു പറന്നു പോയി. ‘പ്രത്യാശ’ എന്നാണ് ശോഭയാര്‍ന്ന ആ ചെറുപറവയുടെ പേര്. ദുഷ്ടതയ്ക്കും ആസുരതയ്ക്കും ഒപ്പം പ്രതീക്ഷയും കൂടി നിലനില്‍ക്കുന്നതു കൊണ്ടാണ് നമ്മള്‍ ഭൂമിയിലെ മനുഷ്യര്‍ നിരാശരാവാതെ മുന്നോട്ടു നീങ്ങുന്നത്.

തിന്മയുടെ ശക്തികള്‍ നാശം വിതച്ചു കടന്നു പോയിടത്തൊക്കെയും പ്രത്യാശ സമാധാനത്തിന്റെ ഇളം കാറ്റായി വീശിയെത്തുന്നു. അത് എരിയുന്ന കോപത്തിനു മേല്‍ ക്ഷമയുടെ തണല്‍ച്ചില്ല വിരിക്കുന്നു. പകയും വിദ്വേഷവുമുള്ളിടത്ത് ആര്‍ദ്രതയും സൌഹാര്‍ദവും പ്രസരിപ്പിക്കുന്നു.

എപിമെത്യൂസും പാന്‍ഡോറയും പ്രത്യാശ പറന്നു പോയ ദിക്കിലേക്കു നോക്കി ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു... മനസ്സില്‍ നിന്നും ഒരു വലിയ ഭാരം ഇറങ്ങിപ്പോയതായി അവര്‍ക്കു തോന്നി.

മെര്‍ക്കുറി ദേവന്‍, പണിയൊക്കെ തീര്‍ത്തു മടങ്ങിവന്നപ്പോള്‍ എപിമെത്യൂസും ഭാര്യയും അദ്ദേഹത്തിന്റെ ക്രോധത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്ന് അറിഞ്ഞുകൂടാ. എന്തായാലും ഒരു കാര്യം ഉറപ്പുണ്ട്: അന്നു മുതല്‍ക്കാണ് മഹാ ഇടങ്ങേറു പിടിച്ച കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ‘പാന്‍ഡോറയുടെ പെട്ടകം’ എന്നൊരു പ്രയോഗം ലോകമെമ്പാടുമുള്ള ഭാഷകളില്‍ പ്രചരിച്ചു തുടങ്ങിയത്!

പുനരാഖ്യാനം : റോസ് മേരി

വര : അരുണ ആലഞ്ചേരി