KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ എം എഫ് ഹുസൈന്‍ - ബയോസ്കോപ്പും എടുപ്പുകുതിരകളും ചിത്രപുസ്തകവും
എം എഫ് ഹുസൈന്‍ - ബയോസ്കോപ്പും എടുപ്പുകുതിരകളും ചിത്രപുസ്തകവും

icia26tമനുഷ്യരുടെ മുഖങ്ങള്‍! അതിനെക്കാള്‍ വിസ്മയാവഹമായി ഭൂമിയില്‍ എന്താണുള്ളത്? ലോകത്തിലെ കോടിക്കണക്കിന് മനുഷ്യരില്‍ ആരുടെയും മുഖം മറ്റൊരാളുടേതുപോലെയല്ല. എന്റെ ആദ്യകാല ഓര്‍മകളില്‍ നിറയെ മുഖങ്ങളാണ്. ചില മുഖങ്ങള്‍ ദ്വിമാന സ്വഭാവമുള്ളവയാണ്. ചിലത് വര്‍ത്തുളാകൃതിയില്‍. ഈ പ്രായത്തിലും വ്യത്യസ്തമായ ഒരു മുഖം ചിത്രത്തിലോ പത്രത്തിലോ കണ്ടാല്‍ ഞാനതു വെട്ടിയെടുത്തു സൂക്ഷിക്കുന്നു. 

കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ കണ്ട അനേകം മുഖങ്ങളെ ഞാന്‍ നിറുത്താതെ വരച്ചു. പേപ്പറില്‍, പുസ്തകങ്ങളില്‍, ഭിത്തികളില്‍, തറയില്‍. ഇവയിലെല്ലാം ഞാനെന്റെ വീട്ടിലും തെരുവുകളിലും ചന്തകളിലും കണ്ട ആളുകളുടെ മുഖങ്ങള്‍ നിറഞ്ഞു. സത്യത്തില്‍ മുഖങ്ങളുടെ ആകൃതികളല്ല അവയിലെ ഭാവങ്ങളാണ് കുട്ടിയായിരുന്നപ്പോഴെ എന്നെ ആകര്‍ഷിച്ചത്.

MFHusainTC2261915 - ല്‍ മഹാരാഷ്ട്രയിലെ പണ്ഡരീപൂറിലാണ് ഞാന്‍ ജനിച്ചത്. എന്റെ നാട് ഭഗവാന്‍ പാണ്ഡുരംഗ വിത്തലന്റെ ഭൂമിയാണ്. ഒരു യാഥാസ്ഥിതിക മുസ്ളീം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍ വേഷത്തില്‍, ഭാഷയില്‍, ജീവിതശൈലിയില്‍, ഒന്നും അന്നാട്ടിലെ ഹിന്ദുക്കളില്‍ നിന്നു ഞങ്ങള്‍ വ്യത്യസ്തരായിരുന്നില്ല. ഹിന്ദുസ്ത്രീകളെപ്പോലെ ഒന്‍പതു മുഴം ചേല ചുറ്റിയാണ് എന്റെ അമ്മായി ചന്തയില്‍ പോയിരുന്നത്. ഞങ്ങള്‍ വീട്ടില്‍ മറാത്തി സംസാരിച്ചു. ആണയിടേണ്ടി വരുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരും പാണ്ഡുരംഗ വിത്തല ഭഗവാന്റെ പേരിലാണ് തങ്ങളുടെ സത്യം തെളിയിച്ചിരുന്നത്. 

എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ എന്റെ അമ്മ സൈനബ മരിച്ചുപോയി. അമ്മയുടെ മുഖമോ, മണമോ, സ്പര്‍ശമോ ഓര്‍മയില്‍ പോലുമില്ലാത്ത നിര്‍ഭാഗ്യവാനാണ് ഞാന്‍. സ്നേഹവതിയായിരുന്ന ആ അമ്മ എനിക്ക് വെറും ഒരു പേരു മാത്രമാണ്. എന്റെ അച്ഛന്‍ പുനര്‍വിവാഹം ചെയ്തു. ഷിറീന്‍ എന്നായിരുന്നു എന്റെ രണ്ടാനമ്മയുടെ പേര്. കരുണയും സ്നേഹവുമുള്ള ഒരു സ്ത്രീയായിരുന്നു അവര്‍. പക്ഷേ, എന്തു കൊണ്ടോ ഒരിക്കലും എനിക്കവരുമായി ഉറച്ച ഒരു വൈകാരിക ബന്ധം ഉണ്ടാക്കാനായില്ല. എന്റെ അച്ഛന്‍ ഒരു തുണിമില്ലിലെ കണക്കു സൂക്ഷിപ്പുകാരനായിരുന്നു. സ്ഥിരവരുമാനമായ ഇരുന്നൂറ് രൂപ അദ്ദേഹം കുടുംബത്തിനായി ചിലവഴിച്ചു.The_Main_Ghat-Pandharpur

ബാല്യകാലം ആനന്ദമയമായിരുന്നു. എന്റെ നാലു പെങ്ങന്മാരും നാല് ആങ്ങളമാരും ഞാനും ചേര്‍ന്ന് വീട് ഒരു പൂരപ്പറമ്പാക്കി മാറ്റിയിരുന്നു. എന്റെ സഹോദരങ്ങള്‍ക്കാര്‍ക്കും പടം വരയ്ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ അവരെല്ലാവരും എന്റെ ബാല്യകാല ചിത്രങ്ങളുടെ പതിവ് മോഡലുകളായിരുന്നു. പ്രത്യേകിച്ച് 30 വയസ്സില്‍ മരിച്ചു പോയ എന്റെ മൂത്ത സഹോദരി ദില്‍ബര്‍.

9 ആം ക്ളാസ്സ് കടക്കുന്നതുവരെ ഞാന്‍ പഠിച്ചത് ഇന്‍ഡോര്‍ ഹൈസ്കൂളിലാണ്. പിന്നീട് മതപഠനത്തിനായി എന്നെ ബറോഡയിലുള്ള അബ്ബാസ് തൈയ്ബജിയുടെ അടുക്കലേക്കയച്ചു. തികഞ്ഞ ഗാന്ധിയനായിരുന്ന അബ്ബാസ് തൈയ്ബജിയും കുടുംബാംഗങ്ങളും എല്ലാ ആര്‍ഭാടങ്ങളുമുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഖാദി ധരിച്ചു കൊണ്ടാണ് ക്ളാസ്സുകളിലെത്തിയിരുന്നത്. സ്വാതന്ത്ര്യസമരം ഹിന്ദു-മുസ്ളീം മൈത്രിയുടെ വിജയാഘോഷം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ വിഭജനകാലത്ത് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്കു പോകുന്ന കാര്യം ഞങ്ങളുടെ ദു:സ്വപ്നങ്ങളില്‍ പോലും വന്നില്ല. ഞങ്ങളുടെ പിതൃക്കളുടെ മണ്ണ് വിട്ടു പോകുന്ന കാര്യം ഞങ്ങള്‍ക്കാര്‍ക്കും ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഒരു യാഥാസ്ഥിതിക മുസ്ളീം കുടുംബത്തില്‍ ജീവിക്കുന്ന കുട്ടിയെ പടം വരയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹമായിരുന്നില്ല ചുറ്റും. പക്ഷേ എന്റെ അച്ഛന്‍ തികഞ്ഞ പുരോഗമനാശയക്കാരനായിരുന്നു.

mothertheresaചിത്രരചന എനിക്ക് ഭ്രാന്തായിത്തീര്‍ന്നു. എന്റെ കരങ്ങള്‍ സദാ വരച്ചു കൊണ്ടിരുന്നു. പേപ്പറുകളിലും പൊട്ടിയ പിഞ്ഞാണ പാത്രങ്ങളിലും രൂപങ്ങളും ആകൃതികളും നിറഞ്ഞു. ഗുജറാത്തുകാരിയായ എന്റെ രണ്ടാനമ്മയുടെ ഗ്രാമത്തില്‍ പോകുമ്പോഴൊക്കെ വര്‍ണശബളമായ ഗ്രാമ ജീവിതം എന്നെ ആകര്‍ഷിക്കുകയും ഞാനവ രേഖപ്പെടുത്തുകയും ചെയ്തു. ഞാന്‍ തെരുവില്‍ വെറുതെയങ്ങനെ ഇരിക്കും. എന്റെ ഭാവനയെ ഉദ്ദീപിപ്പിക്കുന്ന ഒരു മുഖം കടന്നു പോയാല്‍ പിന്നെ വരയ്ക്കാന്‍ തുടങ്ങുകയായി. ചിലപ്പോള്‍ ഞാന്‍ കാലുപിടിച്ച് എന്റെ ഏതെങ്കിലും ബന്ധുവിനെ ഒരു ഫക്കീര്‍ വേഷം കെട്ടിക്കും. എന്നിട്ട് അത് വരച്ച് ചായമിടും. മനുഷ്യ രൂപങ്ങളെ മാത്രമല്ല ഞാന്‍ വരച്ചിരുന്നത്. ബസ്സുകള്‍, ട്രാമുകള്‍, ടോംഗകള്‍, കാളവണ്ടികള്‍ എല്ലാം എന്നെ ആകര്‍ഷിച്ചു.

BLUE_HEADഎന്റെ ചിത്രങ്ങള്‍ കാണാന്‍ ആരുമുണ്ടായിരുന്നില്ല. നല്ലതെന്നോ ചീത്തയെന്നോ പറയാന്‍ ആരും മിനക്കെട്ടില്ല. അച്ഛന്‍ പടംവരയെ എതിര്‍ത്തില്ലെങ്കിലും ഒരു കലാസ്വാദകനായിരുന്നില്ല. ചായം വാങ്ങാന്‍ ഞാനെന്റെ പാഠപുസ്തകങ്ങള്‍ വിറ്റു. ഞാന്‍ ധാരാളം വായിക്കുകയും ചെയ്തു. എല്ലാ തത്ത്വചിന്തകളെയും ഞാനുള്‍ക്കൊള്ളാന്‍ ശ്രമിച്ചു. കവിതാക്കമ്പം എന്നിലുണ്ടാക്കിയത് അമ്മാവന്‍ സക്കീര്‍ അലി സിയയാണ്. അദ്ദേഹം ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് എഴുതിയ കവിയാണ്. ആ കവിതകള്‍ തീരെ കാല്‍പ്പനികമായിരുന്നില്ല.

ഇന്‍ഡോര്‍ സ്കൂളില്‍ എന്നെ ആകര്‍ഷിച്ചത് ഭാഷയും സാഹിത്യവുമാണ്. പരീക്ഷകളില്‍ ജയിക്കുന്നതിലോ ബിരുദം നേടുന്നതിലോ എനിക്ക് ഒരു താത്പര്യവുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുംബൈയിലെ പ്രശസ്തമായ ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ ചേരാനുള്ള അച്ഛന്റെ നിര്‍ദേശത്തെ ഞാന്‍ നിരസിച്ചത്. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ആദ്യം ഹിന്ദിയിലും പിന്നീട് ഇംഗ്ളീഷിലും കവിതകളെഴുതി. 9 ആം ക്ളാസ്സില്‍ വച്ച് പഠിത്തം നിറുത്തിയ എന്റെ ഇംഗ്ളീഷ് കവിതാ പുസ്തകം പിന്നീട് സ്വിറ്റ്സര്‍ലണ്ടില്‍ പ്രസിദ്ധീകരിച്ചു!

ഞാന്‍ നിശ്ശബ്ദനായ ഒരു കുട്ടിയായിരുന്നു. സദാ ചിത്രം വരച്ചുകൊണ്ടിരുന്നുവെങ്കിലും എനിക്ക് ഫുട്ബോളും ടെന്നീസും വളരെ ഇഷ്ടമായിരുന്നു. മാത്രമല്ല ഇന്‍ഡോറില്‍ അനേകം ശാസ്ത്രീയഗാന സദസ്സുകള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഹിന്ദുസ്ഥാനി സംഗീതത്തില്‍ എനിക്ക് കമ്പം ജനിച്ചത്. അവിടെ വച്ചാണ് ഏറ്റവും സുന്ദരമായ ചില ഖയാലുകളും ദ്രുപദുകളും ഞാന്‍ കേട്ടത്.

എന്റെ ഭാവനയ്ക്ക് തീ പിടിപ്പിച്ച കാഴ്ചകളായിരുന്നു മറാത്തി നാടക സംഘങ്ങള്‍ സംഭാവന ചെയ്തത്. അച്ഛനോടൊപ്പം ഞാന്‍ ‘രാംലീല’ കാണാന്‍ പോകും. ഇതിഹാസ കഥാപാത്രങ്ങളുടെ ഭാവങ്ങളും വേഷവിധാനങ്ങളും കണ്ട് ഞാന്‍ എന്നെത്തന്നെ മറന്നുപോയി. ഈ കഥാപാത്രങ്ങളാണ് എന്നെക്കൊണ്ട് ഗൌരവമായി ‘രാമായണം’ വായിപ്പിച്ചത്. പിന്നീട് ഞാന്‍ ഭാരതീയ പുരാണങ്ങളിലെ അനേകം ദേവന്‍മാരെയും അസുരന്‍മാരെയും നായികാ നായകന്‍മാരെയും വരച്ചു.

looking_into_bioscope2അന്നൊക്കെ സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനങ്ങളുണ്ട്. അതിലൊന്നാണ് ‘ബയോസ്കോപ്പ്.’ ഒരാള്‍ നിറയെ ചിത്രങ്ങളുള്ള ഒരു പെട്ടിക്കു മുന്നില്‍ നീളമുള്ള ഒരു കുഴല്‍ സ്ഥാപിക്കും. എന്നിട്ട്, ‘ഡല്‍ഹി കോര്‍ട്ട് കാണാന്‍ വരൂ’ ‘കഴ്സണ്‍ പ്രഭുവിനെ കാണാന്‍ വരൂ’ എന്നൊക്കെ വിളിച്ചു പറയും. കുഴലിലൂടെ നോക്കുന്നയാള്‍ക്ക് ഈ ചിത്രങ്ങള്‍ കാണാനാകും. ഇത് കണ്ടശേഷം ഞാനെന്റെ സ്വന്തം ചിത്രങ്ങളുടെ ‘ബയോസ്കോപ്പ്’ ഉണ്ടാക്കി. ആ സംരംഭം വന്‍ വിജയമായിരുന്നു. അതോടെ എനിക്ക് ഫോട്ടോഗ്രാഫിയില്‍ കമ്പം കയറി. “എന്റെ ഈ കുട്ടി പ്രതിഭയുള്ളവനാണ്. അവനിഷ്ടമുള്ളത് ചെയ്തോട്ടെ,” അച്ഛന്‍ പറഞ്ഞു. അദ്ദേഹമെനിക്ക് 5 രൂപ കൊടുത്ത് അഗ്ഫ ക്യാമറ വാങ്ങിത്തന്നു. അന്ന് അഞ്ച് രൂപയെന്നാല്‍ വളരെ വലിയ തുകയാണ്. ഈ ക്യാമറ വച്ച് മരക്കൊമ്പില്‍ക്കയറി ഒരു പള്ളിയുടെയും നിസ്കരിക്കുന്നവരുടെയും ചിത്രമെടുത്തതിന് എന്റെ അമ്മാവനില്‍ നിന്ന് എനിക്ക് തല്ല് കിട്ടിയിട്ടുണ്ട്.

സാധാരണ ഇടത്തരം കുടുംബങ്ങള്‍ സിനിമ കാണുന്നതും നോവല്‍ വായിക്കുന്നതുമെല്ലാം പാപമായി കണ്ടിരുന്ന കാലമാണത്. വര്‍ഷത്തില്‍ പരമാവധി ഒന്നോ രണ്ടോ സിനിമ കാണാന്‍ കഴിഞ്ഞുവെന്ന് പറയാം. ആദ്യം നിശ്ശബ്ദമായിരുന്ന സിനിമകള്‍. പിന്നീട് രണ്ടാളുകള്‍ തിരശ്ശീലയുടെ ഇരുവശവും നില്‍ക്കും. ഒരാള്‍ പാടും. മറ്റെയാള്‍ കഥ പറയും. ഈ സമയത്താണ് ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ച ദാദാ സാഹബ് ഫാല്‍ക്കെയുടെ ‘രാജാ ഹരിശ്ചന്ദ്ര’ ഉണ്ടാകുന്നത്. ഞാനത് കണ്ടു. കിട്ടാവുന്ന സകല സിനിമാ നോട്ടീസുകളും സിനിമാ മാസികകളും ഞാന്‍ ശേഖരിച്ചു. എനിക്ക് സിനിമയില്‍ ശക്തമായ താത്പര്യം ജനിച്ചു. പിന്നീട് ഞാന്‍ പല ഹ്രസ്വചിത്രങ്ങളും ചെയ്തിട്ടുണ്ട്.

rembrabdപ്രശസ്ത ചിത്രകാരനായ റെംബ്രാന്‍ഡിനെക്കുറിച്ചുള്ള ഒരു സിനിമ എന്നെ അഗാധമായി സ്വാധീനിച്ചു. ആ മഹാകലാകാരന്റെ വേദനകളും സമര്‍പ്പണ ബോധവും എന്റേതു കൂടിയാകാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിച്ചു. മനുഷ്യന്റെ രൂപം മാത്രമല്ല അവന്റെ ആത്മാവിനെക്കൂടി വെളിവാക്കുന്ന ചിത്രങ്ങളാണ് ഞാന്‍ വരയ്ക്കേണ്ടതെന്ന് എനിക്ക് ബോധ്യമായി. പില്‍ക്കാലത്ത് മത്തീസേ, റെനേ, പിക്കാസ്സോ, പോള്‍ ക്ളീ തുടങ്ങിയ വിശ്രുതരായ അനേകം ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ കാണാനും അവരെക്കുറിച്ചു കൂടുതല്‍ അറിയാനും കഴിഞ്ഞു. എന്നാല്‍ റെംബ്രാന്‍ഡിനെപ്പോലെ ആത്മീയമായ അനുഭൂതിയില്‍ എന്നെ ആഴ്ത്തിക്കളഞ്ഞ ആരുമില്ല. ആംസ്റര്‍ഡാമില്‍വച്ച് അദ്ദേഹത്തിന്റെ ‘The Night Watch’’ എന്ന ചിത്രത്തിന് മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ ഹൃദയം പൊട്ടിക്കരഞ്ഞു. ഇപ്പോഴും ആ ചിത്രം എന്നെ കരയിക്കും. അതു വേദന കൊണ്ടല്ല. ഒരു പള്ളിയിലോ ക്ഷേത്രത്തിലോ കിട്ടാത്ത ആത്മാനന്ദമാണ് ആ ചിത്രമെനിക്ക് തരുന്നത്. rembrand-night-watch

9 ആം ക്ളാസ്സില്‍ വച്ച് പഠിപ്പ് നിറുത്താന്‍ ഞാന്‍ തീരുമാനിച്ചു. പഠനവും പരീക്ഷകളും എന്റെ വരയെ ബാധിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അച്ഛന് സമ്മതിക്കാതെ ഗത്യന്തരമില്ലാതെയായി. അപ്പോള്‍ എന്റെ അമ്മാവന്‍ പറഞ്ഞു, “ഈ വരയും കൊണ്ടിരുന്നാല്‍ ഇവന്‍ തുലഞ്ഞു പോകും. എന്തെങ്കിലും കൈത്തൊഴിലെങ്കിലും പഠിക്കട്ടെ.” അങ്ങനെ ഞാനൊരു തയ്യല്‍ക്കാരനായി. തടിച്ച് വീര്‍ത്ത കപ്പടാമീശക്കാരന്‍ തയ്യല്‍സാര്‍ ഒരു നൂലും സൂചിയുമെടുത്ത് കൈയില്‍ത്തന്നിട്ട് പറഞ്ഞു, “ഇരുന്ന് തയ്ക്ക്. കാണട്ടെ.” “തുണിയെവിടെ?” ഞാന്‍ ചോദിച്ചു. “തുണി കൈയിലുണ്ടെന്ന് സങ്കല്‍പ്പിച്ചാല്‍ മതി.” അയാള്‍ പറഞ്ഞു. അവിടെ ഞാന്‍ മൂന്ന് ദിവസമാണ് ജോലി ചെയ്തത്.

mothertheresaഞങ്ങളുടെ പട്ടണത്തിലെ ടൌണ്‍ ലൈബ്രറിയില്‍ നിന്നാണ് ഞാന്‍ ക്യൂബിസത്തെയും സര്‍റിയലിസത്തെയും എക്സ്പ്രഷനിസ്റുകളെയും കുറിച്ച് പറയുന്ന ജോണ്‍ റസ്ക്കിന്റെ ‘‘History of Art’ വായിക്കുന്നത്. അതിന്റെ ഓരോ പേജും ഒരു നോവല്‍ വായിക്കുന്ന ഉദ്വേഗത്തോടെയാണ് ഞാന്‍ മറിച്ചത്. ആ പുസ്തകം വായിച്ചതോടെ ഞാന്‍ ഒരു ‘ദ്വീപ’ല്ല, ഒഴുക്കിന്റെ ഒരു കണ്ണിയാണെന്ന് ബോധ്യപ്പെട്ടു. എന്റെ ചിത്രങ്ങള്‍ യഥാതഥങ്ങളോ അബ്സ്ട്രാക്റ്റോ ആയിരുന്നില്ല. ഞാന്‍ വരയ്ക്കുന്ന മുഖങ്ങള്‍ക്ക് ഛായാസാമ്യമുണ്ടായിരുന്നില്ല. എന്റെ രേഖകള്‍ ശക്തങ്ങളാണ്. ബാഹ്യരൂപത്തേക്കാള്‍ ആന്തരിക ഭാവത്തിനാണ് ഞാന്‍ ഊന്നല്‍ കൊടുത്തത്.

രാമചന്ദ്ര മഹാരാജാ യശവന്ത്റാവു ഹോള്‍ക്കറുടെ പ്രത്യേക ഫോട്ടോഗ്രാഫറുടെ കൈയില്‍ രാജാരവിവര്‍മ്മയുടെ ചിത്രങ്ങളുണ്ടായിരുന്നു.എന്നെ അദ്ദേഹം ഒട്ടും ആകര്‍ഷിച്ചില്ല. മറ്റുള്ളവര്‍ എത്രയൊക്കെ പുകഴ്ത്തി യാലും ഒരു കലണ്ടര്‍ ചിത്രകാരനപ്പുറം രവിവര്‍മ്മ എന്തെങ്കിലുമാണെന്ന് ഞാന്‍ കരുതുന്നില്ല.

kuthira മുഹറം ഇന്‍ഡോറില്‍ മുസ്ളീം സമുദായത്തിന്റെ ആഘോഷം മാത്രമല്ല. മുഹറം ദിവസം സമുദ്ര സ്നാനം ചെയ്യാന്‍ കൊണ്ടുപോകുന്ന കൂറ്റന്‍ താസിയകളില്‍ (മുള കൊണ്ടുള്ള കബറുകള്‍) ഏറ്റവും വലുത് അവിടുത്തെ ഹിന്ദു രാജാവിന്റേതാണ്. ആ താസിയകളുടെയും വലിയ എടുപ്പ്കുതിരകളുടെയും നിര്‍മിതി കണ്ടു നില്‍ക്കുക ആനന്ദമായിരുന്നു. ഞാന്‍ കുതിരകളുടെ ചിത്രകാരനായാണ് അറിയപ്പെടുന്നത്. എന്റെ കുതിരകളുടെ ഉത്ഭവം ബാല്യകാലത്ത് ഞാന്‍ കണ്ട, ആഘോഷത്തോടെ ആനയിച്ച് കൊണ്ടുവന്ന എടുപ്പ് കുതിരകളിലാണ്. 

holiഎന്റെ കുട്ടിക്കാലം ആഘോഷത്തിന്റെയും സൌഹൃദത്തിന്റെയും ആനന്ദത്തിന്റെയും ദീപാവലികളായിരുന്നു. അത് സ്വാതന്ത്യ്രസമരത്തിന്റെ ദീപ്തമായ കാലവുമാണ്. ഞാനന്ന് ഇംഗ്ളീഷുകാരെ കഠിനമായി വെറുത്തിരുന്നു.സത്യാഗ്രഹസമരത്തെ ശക്തമായി പിന്‍താങ്ങുകയും ചെയ്തു.

ഞങ്ങളുടെ കുടുംബം കൂട്ടുകുടുംബമായിരുന്നു. പകലത്തെ അതിഥിമുറി രാത്രി കിടക്കമുറിയാകും. ആഹാരമൊക്കെ അടുക്കളയിലിരുന്നുതന്നെയാണ് കഴിക്കുന്നത്. അന്ന് വീടാകെ വിരുന്നുകാരായിരുന്നു.

noorbibisഅക്കാലത്ത് എന്റെ കൈവശം ഒരു ചെറിയ കണ്ണാടിയുണ്ടായിരുന്നു. ഞാനതിലൂടെ അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ മുഖം കാണും. ഞാന്‍ ഒരുപാട് പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നു. ഒരു പക്ഷേ അമ്മയെപ്പോലെ സ്നേഹം നിറഞ്ഞ ഒരു സ്ത്രീ സാന്നിദ്ധ്യത്തിന്റെ അഭാവം കൊണ്ടാകാം സ്ത്രീകളിലേക്ക് ഞാന്‍ ശക്തമായി ആകര്‍ഷിക്കപ്പെട്ടു. ഞാനവരെ ശക്തിയുടെ പ്രതീകമായാണ് കാണുന്നത്.

ഒരു കുട്ടിയെന്ന നിലയ്ക്ക് എന്റെ അഭയവും സ്നേഹസ്രോതസ്സും എന്റെ അപ്പൂപ്പനായിരുന്നു. ഞാനദ്ദേഹത്തോടൊപ്പം ഉറങ്ങി. അപ്പൂപ്പന്‍ ഉച്ചയ്ക്കു സ്കൂളില്‍ കൊണ്ടുവന്നിരുന്ന ഭക്ഷണം ഞങ്ങളൊരുമിച്ച് ഉണ്ടു. വീട്ടിലാരും എന്നോടു കയര്‍ക്കാന്‍ അപ്പൂപ്പന്‍ അനുവദിച്ചില്ല. എന്റെ കുഞ്ഞു കൈയും പിടിച്ച്, നരച്ച നീണ്ട താടിയും നീണ്ട കുപ്പായവുമിട്ട അപ്പൂപ്പന്‍ സായാഹ്നസവാരികള്‍ക്കു പോയി. അദ്ദേഹത്തെ ഏവരും ബഹുമാനിച്ചിരുന്നു.

ഞാന്‍ ഓര്‍ക്കുന്നു, അപ്പൂപ്പന്‍ മരിച്ച ദിവസം - ഞാന്‍ ഒന്നുമറിയാതെ പുറത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കാണണമെന്ന് അപ്പൂപ്പന്‍ ആവശ്യപ്പെട്ടു. ഞാനടുത്തു ചെന്നു. അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി. ഒന്നും സംസാരിക്കാതെ, തന്റെ തലയണക്കീഴില്‍ നിന്നും അദ്ദേഹം ഒരു നാണയം എന്റെ കൈയില്‍ വച്ചു. പിന്നീട് നിശ്ചലനായി. അപ്പൂപ്പന്‍ മരിച്ചുപോയതാണെന്ന് മനസ്സിലാക്കാന്‍ ദിവസങ്ങളെടുത്തു.എനിക്ക് വീട്ടിനുള്ളിലിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തെരുവുകള്‍ തോറും അലഞ്ഞു നടന്നു.

hussain117 ആം വയസ്സിലാണ് ഞാന്‍ മുംബൈയിലേക്കു പോകുന്നത്. ചിത്രകാരനായി ജീവിക്കാമെന്നായിരുന്നു പ്രതീക്ഷ. ഇന്‍ഡോര്‍ പ്രദര്‍ശനത്തിന് എനിക്ക് സ്വര്‍ണമെഡല്‍ കിട്ടിയിരുന്നു. മുംബൈയിലെത്തിയതും എന്റെ ഒരു പ്രകൃതി ദൃശ്യം വിറ്റു. പത്തു രൂപയ്ക്ക്. ഛായാചിത്രങ്ങള്‍ വരയ്ക്കാമെന്നു പറഞ്ഞ് ഞാന്‍ വീടുകള്‍ തോറും കയറിയിറങ്ങി. ഒരു ഛായാചിത്രത്തിന് പതിനഞ്ച് - ഇരുപത് രൂപ കിട്ടുമായിരുന്നു. എന്നാല്‍ അങ്ങനെ അധികം കഴിയാന്‍ പറ്റില്ല. ആളുകള്‍ക്ക് വേണ്ട മുഖമല്ല ഞാന്‍ വരച്ചിരുന്നത്. ഞാനവരില്‍ എന്തു കണ്ടോ അതാണ് വരച്ചത്. പലര്‍ക്കും അത് സ്വീകാര്യമായില്ല. അതുകൊണ്ട് ഞാന്‍ സിനിമാ പരസ്യങ്ങള്‍ വരച്ചു തുടങ്ങി. വളരെക്കാലം ഞാന്‍ ഈ ജോലി ചെയ്തു. കിടക്കാനെനിക്കൊരിടമുണ്ടായിരുന്നില്ല. ഞാന്‍ നിരത്തുകളില്‍ ഉറങ്ങി. ഒരു ദിവസം 6 അണയായിരുന്നു കൂലി. 6 പൈസയ്ക്ക് ചോറ് കിട്ടും. പരിപ്പുകറി സൌജന്യം. ജോലിയില്ലാത്ത ഒരു നാള്‍, ചായക്കടക്കാരന്റെ അമ്മയുടെ ഛായാ ചിത്രം വരച്ചു കൊടുത്തപ്പോള്‍ അയാള്‍ എനിക്ക് ആഹാരം വെറുതെ തന്നു.

1941 ല്‍ ഞാന്‍ വിവാഹിതനായി. ജോലി കൂടാതെ ജീവിക്കാന്‍ കഴിയില്ല. കുട്ടികള്‍ക്കുള്ള കസേരകളും കളിപ്പാട്ടങ്ങളും ഉണ്ടാക്കാന്‍ തുടങ്ങി. ഇന്ത്യന്‍ കഥകളില്‍ നിന്നും സ്വാംശീകരിച്ച ഡിസൈനുള്ളവ. പാഴ്സികളും വിദേശ ഇന്ത്യക്കാരും താത്പര്യം കാണിച്ചു. എന്റെ കീഴില്‍ എട്ട് ജോലിക്കാര്‍ പണിയാന്‍ തുടങ്ങി. എന്നാല്‍ എന്റെ ഹൃദയം തപിച്ചു കൊണ്ടിരുന്നു. ഏഴ് വര്‍ഷം കഴിഞ്ഞ്, ഇന്ത്യ സ്വതന്ത്രയായ വര്‍ഷം ഞാന്‍ എന്റെ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം നടത്തി. kerala

ഇക്കാലങ്ങളിലൊന്നും മുംബൈയിലെ മറ്റ് ചിത്രകാരന്മാരുമായി എനിക്കൊരു ബന്ധവുമുണ്ടായില്ല. റാസയെയും സൂസയെയും ഞാന്‍ കണ്ടിട്ടുണ്ട്. അമൃത ഷെര്‍ഗല്‍ അടുക്കാന്‍ പറ്റാത്തത്രയും ഉയരത്തിലുള്ള ഒരു രാജകുമാരിയെപ്പോലെയായിരുന്നു. 1947 ല്‍ പ്രോഗ്രസീവ് ആര്‍ട്ടിസ്റുകള്‍ ചോദിച്ചു തുടങ്ങി: “ആരാണീ ഹുസൈന്‍?” അവരെന്നെ അവരുടെ കൂട്ടത്തിലുള്‍പ്പെടുത്തി. ആ സംഘമാണ് അന്ന് നിലനിന്നിരുന്ന കലയിലെ വിദേശ സ്വാധീനവും മന:പൂര്‍വമുള്ള ഇന്ത്യന്‍ പ്രകടനപരതയും തുരത്തി, തികച്ചും സമകാലികവും നവീനവുമായ ഒരു രചനാശൈലി ആരംഭിച്ചത്.അതിന്റെ പ്രാധാന്യം പിന്നീടാര്‍ക്കും നിഷേധിക്കാനായില്ല. എന്റെ ജീവിതം ഉയരങ്ങള്‍ താണ്ടി. progressive

എന്റെ കുട്ടിക്കാലത്തെ സ്വപ്നങ്ങളാണ് എന്നെ ഇത്രയും ഉയരത്തിലെത്തിച്ചത്. ചിത്രം വരയ്ക്കാന്‍ തുടങ്ങി മുപ്പതു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ആദ്യമായി അവ പ്രദര്‍ശിപ്പിച്ചത്. ഒരു ദിവസം പോലും ഞാന്‍ ചിത്രം വരയ്ക്കാതിരുന്നില്ല.

ഇപ്പോളെനിക്ക് വയസ്സായി. എനിക്ക് പരാതികളില്ല. പരിഭവങ്ങളില്ല. എടുപ്പുകുതിരകള്‍ ചുമലിലേറി ആടിയാടി പോകുന്ന കാഴ്ച, പഴയ കുട്ടിയുടെ കൌതുകം ചോരാതെ ഞാനിപ്പോഴും കണ്ടു നില്‍ക്കുന്നു.

രചന : ശ്രീദേവി എസ് കര്‍ത്ത
കടപ്പാട് : ഗൌരി ആര്‍