KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പ്രകൃതിയെ അറിയും കഥകള്‍

logopusthakam

സക്കറിയ എഴുതിയ ആറു കഥകളുടെ സമാഹാരമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ശന്തനുവിന്റെ പക്ഷികള്‍.’ അറുപത്തിനാല് പേജുകളില്‍ ‘തീവണ്ടിക്കൊള്ള’, ‘ഉണ്ണി എന്ന കുട്ടി’, ‘അ എന്ന വേട്ടക്കാരന്‍’, ‘ശന്തനുവിന്റെ പക്ഷികള്‍’, ‘ഒരു ദിവസത്തെ ജോലി’, ‘അന്വേഷിച്ചു പോവേണ്ട’ എന്നീ കഥകള്‍ മനോഹരമായ ചിത്രങ്ങളോടൊപ്പം മികച്ച വായനാനുഭവം നല്‍കുന്നു.
മുതിര്‍ന്നവര്‍ കാണാന്‍ കൂട്ടാക്കാത്ത കുഞ്ഞുമനസ്സുകളുടെ വിചാരലോകങ്ങളിലേക്കും  സാധാരണ
ക്കാരുടെ prakrithiye-ariyumജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു സക്കറിയ. ഒപ്പം നനുത്ത നര്‍മവും ആക്ഷേപഹാസ്യവുമുണ്ട്.

കൂടപ്പിറപ്പായ ദാരിദ്യ്രത്തോട് പൊരുതാനുറച്ച് തീവണ്ടി കൊള്ളയടിക്കാന്‍ പുറപ്പെട്ട രാജന്‍
എന്ന മനുഷ്യന്റെ നിസ്സഹായജീവിതമാണ് ആദ്യകഥയുടെ പ്രമേയം.  തന്റെ ചങ്ങാടത്തിന്റെ ലോകം രണ്ടായ് മുറിച്ച തീവണ്ടിയെ അയാള്‍ വെറുത്തില്ല. അലംകൃതമാ
യ ഗാംഭീര്യത്തോടെ കടന്നുവന്ന അതിന്റെ നീറുന്ന ഹൃദയത്തെയും കിതപ്പുകളെയും വിളിച്ചുകൂവലുകളെയും താളമേളങ്ങളെയും സ്നേഹിച്ചു. എന്നാല്‍, താന്‍ തീവണ്ടിയുടെ സാക്ഷി മാത്രമായി മാറിയിരിക്കുന്നുവെന്നും വിശപ്പു മാത്രമാണ്  പൈതൃകമെന്നും അയാള്‍ തിരിച്ചറിയുന്നു.
“ഉണ്ണി എന്ന കുട്ടിയുടെ” സ്വപ്നാനുഭവങ്ങള്‍ സക്കറിയയുടെ ബാല്യം തന്നെയാവണം. ചന്ദ്രന്‍ താഴേക്കു വീഴുമോ എന്ന പേടി, ഇരുട്ടു നിറഞ്ഞ മൂലകളിലെ സൂക്ഷ്മവിചിത്രാനുഭവങ്ങളിലേക്ക് ഊളിയിടാനുള്ള വെമ്പല്‍, കുഴിയാനകളുടെയും ഉറുമ്പിന്‍ പറ്റങ്ങളുടെയും ലോകം എന്തെന്നറിയാനുള്ള ജിജ്ഞാസ, കരിയിലകള്‍ക്കും പച്ചപ്പൊന്തകള്‍ക്കും ജലസസ്യങ്ങള്‍ക്കുമിടയില്‍ ആരുമറിയാതെ ഒളിച്ചിരിക്കുവാനുള്ള മോഹം - ഇങ്ങിനെ ഒരുപാട് വിചിത്രസ്വപ്നങ്ങളുടെ ലോകത്തിലൂടെയാണ് സക്കറിയ തന്റെ കഥാസഞ്ചാരം നടത്തുന്നത്. ‘അ’എന്ന വേട്ടക്കാരനും, പക്ഷികളുടെ യാത്രാരഹസ്യങ്ങള്‍ തേടുന്ന ഉണ്ണി എന്ന കുട്ടിയും, വലിയപ്പന്റെ മരണം സമസ്യയായ് തീരുന്ന ചെറുമകനുമെല്ലാം ഇത്തരത്തില്‍ സ്വപ്നാടനങ്ങള്‍ നടത്തുന്നുണ്ട്. അകമ്പടിയായ് പ്രകൃതിയുടെ വിസ്മയക്കാഴ്ചകളും.
സൂര്യചന്ദ്രന്മാര്‍, നക്ഷത്രങ്ങള്‍, മഴമേഘങ്ങള്‍, കാറ്റ്, തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്ന വൃക്ഷലതാദികള്‍, മാറിവരുന്ന ഋതുക്കളില്‍ ഭാവപ്പകര്‍പ്പുകളാടുന്ന ആകാശം, നിലാവ്, ജീവിതത്തിലേക്ക് വിരുന്നിനെത്തുകയും വിദൂരമായ ആകാശങ്ങളിലേക്ക് പറന്നു 
പോകുകയും ചെയ്യുന്ന പക്ഷികള്‍, സ്വന്തമായ സ്വൈര്യസ്ഥലികളില്‍ നിന്ന് മനുഷ്യജീവിതത്തി
ലേക്ക് ഉറ്റുനോക്കുന്ന  മൃഗദൃഷ്ടികള്‍, നാനാതരം മത്സ്യങ്ങളും ജലസസ്യങ്ങളും എല്ലാം നിറഞ്ഞ പ്രകൃതിയുടെ
ഥകളാണ് ഈ സമാഹാരത്തില്‍. കോളാമ്പി പൂക്കളതിരിട്ട പുല്ലും പായലും നിറഞ്ഞ ആമ്പല്‍പ്പാടങ്ങള്‍ക്കതിരിലൂടെ മണിമരുതിന്‍ പൂക്കുലകളും, ഈര്‍ക്കില്‍ മച്ചിങ്ങാസൂത്രങ്ങളും, ഓലപ്പന്തുകളും, തുരുമ്പിച്ച പിശ്ശാങ്കത്തിയും, കപ്പളങ്ങാ ബോംബും കരുതിയുള്ള ഈ യാത്രയില്‍ നര്‍മ്മത്തിന്റെ ഇളം വെയിലുമുണ്ട്. കുഞ്ഞുഭാവനകളുടെ നേര്‍ക്കുള്ള മുതിര്‍ന്നവരുടെ അശ്രദ്ധയെയും സക്കറിയ വിചാരണവിധേയമാക്കുന്നു. പ്രകൃതിയെ കീഴടക്കാന്‍ പുറപ്പെട്ട് പ്രകൃതിയ്ക്ക് കീഴ്പ്പെടുന്ന ‘അ’ എന്ന വേട്ടക്കാരനെക്കുറിച്ചുള്ള ദാര്‍ശനികസ്വഭാവമുള്ള കഥയിലും പരിഹാസമുണ്ട്.
നാട്ടിലെ എല്ലാം തികഞ്ഞ ആഡംബരസൌധത്തില്‍ വേലക്കാരുടെ പരിചരണത്തില്‍ കഴിയുന്ന വൃദ്ധമാതാവിന്റെ സഹായത്തിന് യോഗ്യതകള്‍ തികഞ്ഞ ഒരു ഹോം നഴ്സിനെ തേടുന്ന കോര ഫിലിപ്പ് ജോണിലൂടെയും ശ്രദ്ധേയമായ സാമൂഹികവിമര്‍ശനമാണ് സക്കറിയ നടത്തുന്നത്. വിദേശത്ത് സ്ഥിരതാമസമാക്കുന്ന മധ്യതിരുവിതാംകൂറുകാരുടെ പൊങ്ങച്ചങ്ങളെയും പൊള്ളയായ വൃദ്ധജനസ്നേഹത്തെയും അദ്ദേഹം രസകരമായി തുറന്നുകാട്ടുന്നു.
മേഘങ്ങളിലൂടെ പറക്കുകയും കാടുകളിലൂടെ പതുങ്ങുകയും കുഞ്ഞുങ്ങളോടൊപ്പം കളിക്കുകയും വെള്ളത്തിലൊരു ഇലയായ് ഒഴുകുകയും മരിച്ചവരെ സ്വീകരിക്കുകയും ജീവിച്ചിരിക്കുന്നവരെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവം ഒരു ദിവസം ‘ചതുപ്പിന്റെ നനവിലൂടെ ഒരു തവളയായ്’ ശന്തനുവിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
മരിച്ചുപോയ വലിയപ്പന്റെ കാര്‍ഷിക ജീവിതവൃത്തികള്‍ക്കിടയിലെ വീരസാഹസികകഥകളും മരണത്തെക്കുറിച്ചുള്ള കൊച്ചുകുട്ടിയുടെ അജ്ഞതയും ചിരി പടര്‍ത്തുന്ന വായനാനുഭവങ്ങളായ് തീരുന്നു.
നമ്മെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും വിചിത്രഭാവനകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും സ്വപ്നം കാണാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന കഥകളാണ് സമാഹാരത്തില്‍. ഭാവനകളോടും സ്വപ്നങ്ങളോടും അവ കലഹിക്കുന്നില്ല, മനുഷ്യരോടും പ്രകൃതിയോടുമുള്ള സ്നേഹത്തെ ഒരു നിമിഷം പോലും കയ്യൊഴിയുന്നുമില്ല.

സക്കറിയ
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട്
പുറം 64, വില  50.00

 

ചന്തു ആര്‍ ജെ
ക്ളാസ്: 8, ജി എച്ച് എസ് എസ് മൂക്കന്നൂര്‍, മൂക്കന്നൂര്‍ പി ഒ, എറണാകുളം