KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മഹാഭാരതം ദ്രൌപദീപ്രശ്നം(തുടര്‍ച്ച)
ദ്രൌപദീപ്രശ്നം(തുടര്‍ച്ച)
mahabh-logo
“ദ്രൌപദീദേവിക്കു വന്ദനം! ദേവി ജയിക്കട്ടെ!” എന്ന് ആര്‍പ്പുവിളികള്‍ മുഴങ്ങി. “ദുഷ്ടന്മാരായ ധാര്‍ത്തരാഷ്ട്രന്മാര്‍ അധര്‍മ്മം ചെയ്തിരിക്കുന്നു!” എന്നുള്ള ആരവങ്ങള്‍ക്കിടയില്‍ അതാ ഭീമസേനന്‍ മുന്നോട്ടു നീങ്ങി ഇരുകൈകളും കൂട്ടിത്തിരുമ്മിയും ചുണ്ടുകള്‍ വിറച്ചും പുരികങ്ങള്‍ ഉഗ്രമായി ചുളിഞ്ഞും ഇങ്ങനെ സിംഹനാദം പോലെ അത്യുച്ചത്തില്‍ ഗര്‍ജിച്ചു. “സഭാവാസികളേ, നിങ്ങളിതു കേട്ടാലും - ഞാനീ ചെയ്യുന്ന ശപഥം പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ എനിക്ക് ഗതിയില്ലാതെ പോകട്ടെ. ഈ പരമനീചനായ ദുശ്ശാസനന്റെ മാറിടംപിളര്‍ന്ന് ചോരകുടിക്കും ഞാന്‍! ഇതു സത്യം! രോമാഞ്ചമുളവാക്കുന്ന ഈ വാക്കുകള്‍ കേട്ട് സഭാവാസികള്‍ ഭീമനെ ബഹുമാനിച്ചു. ധാര്‍ത്തരാഷ്ട്രരെ നിന്ദിച്ചു. കുന്നുപോലെ പട്ടാടകള്‍ കൂടിക്കിടക്കുന്നതിനു മുന്നില്‍ കൈകള്‍ തളര്‍ന്ന് നാണിച്ചുനിന്ന ദുശ്ശാസനന്‍ അടങ്ങി മാറിയപ്പോള്‍ “കഷ്ടം കഷ്ടം” എന്ന് ജനങ്ങള്‍ ആര്‍ത്തട്ടഹസിച്ചു. “ദ്രൌപദിയുടെ ചോദ്യത്തിന് ഉത്തരം പറയൂ പറയൂ” എന്ന ജനാരവം കേട്ട് വിദുരര്‍ കൈകളുയര്‍ത്തി ജനരോഷം ശമിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. “ഇതാ അനാഥയെപ്പോലെ കരയുന്ന ഈ കുലവധുവിനെ നോക്കൂ. ഇത് കടുത്ത അധര്‍മമത്രേ. ധര്‍മപ്രശ്നമാണ് അവള്‍ ഉയര്‍ത്തിയത്. തെറ്റും ശരിയും തിരിച്ചറിയാമെങ്കിലും ഒന്നും മിണ്ടാതെയിരിക്കുന്നവന്‍ അസത്യവാദിയെപ്പോലെ അധര്‍മിയത്രേ എന്ന് ശാസ്ത്രം. അധര്‍മിക്ക്മഹാദുഃഖങ്ങളാകും ഫലം. അതിനാല്‍ കൃഷ്ണയുടെ ഈ ധര്‍മപ്രശ്നത്തിന് ഉത്തരം നല്‍കുവിന്‍!”
mahabharat1എന്നിട്ടും രാജാക്കന്മാരും സഭാവാസികളായ മഹത്തുക്കളും മിണ്ടിയില്ല. കൃഷ്ണയെ വലിച്ചിഴച്ചു വസ്ത്രാക്ഷേപം ചെയ്തിട്ടും അവര്‍ മിണ്ടിയില്ലല്ലോ. അപമാനിതയാകാതെ തിരിഞ്ഞുനിന്ന ആ തേജസ്വിനിയുടെ പ്രഭാവം കണ്ടിട്ടും അവര്‍ മിണ്ടിയില്ലല്ലോ. നാണംകെട്ട് കുനിഞ്ഞിരുന്നതേയുള്ളൂ. ദുശ്ശാസനന്‍, വീണ്ടും ചീറിക്കൊണ്ട് മുന്നോട്ടടുത്ത് പാഞ്ചാലിയെ പിടികൂടി നിലത്തുവീഴ്ത്തി വലിച്ചിഴയ്ക്കാന്‍തുടങ്ങി.“നടക്ക് ദാസീഗൃഹത്തിലേക്ക്” എന്നയാള്‍ അലറി. അയാളെ തടയാന്‍ ശ്രമിച്ചുകൊണ്ട് ദ്രൌപദി കരഞ്ഞുകൊണ്ട് വീണ്ടുമിങ്ങനെ പറഞ്ഞു. “എന്റെ ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലല്ലോ. നരാധമാ, ദുഷ്ടാ. നിര്‍ത്ത് - ഈ കൂറ്റന്‍ എന്നെ വലിച്ചിഴച്ചു കഷ്ടപ്പെടുത്തിയിട്ടും നിങ്ങളാരും അരുതെന്നുപറയുന്നില്ലല്ലോ! ഗുരുക്കന്മാരേ, നിങ്ങളെ ഞാന്‍ നമസ്ക്കരിക്കുന്നു. ഞാനാണോ തെറ്റ് ചെയ്തതെന്ന് പറഞ്ഞാലും.”
ദ്രൌപദി തുടര്‍ന്നു. “ഹാ! സ്വഗൃഹങ്ങളല്ലാതെ മറ്റൊരിടം കണ്ടിട്ടില്ലാത്തവളാണ് ഞാന്‍. സൂര്യന്‍ പോലും കണ്ടിട്ടില്ലാത്ത എന്നെ ഇതാ ഈ സഭാതലത്തില്‍ വലിച്ചിഴയ്ക്കുന്നു. എന്നെ കാറ്റുതൊട്ടാല്‍ പോലും പൊറുക്കാത്ത പാണ്ഡവന്മാര്‍ ഈ ദുഷ്ടന്‍ എന്നെ പിടിച്ചുലയ്ക്കുന്നത് കണ്ടുനില്‍ക്കുന്നുവല്ലോ! എന്റെ വന്ദ്യരായ പിതാക്കന്മാരും ആചാര്യന്മാരും അവരുടെ പുത്രപത്നിയെ, പുത്രിയെ ഇവന്‍ തൊട്ടിട്ടും അനക്കമറ്റിരിക്കുന്നുവല്ലോ! ഹാ കഷ്ടം, ഇതത്രേ കാലവിപര്യയം!.. സതിയായ സ്ത്രീയെ സഭയില്‍ അപമാനിക്കുന്ന ഇവരുടെ ധര്‍മബോധമെവിടെപ്പോയി? കെട്ടുപോയിരിക്കുന്നൂ ധര്‍മം! ഈ കൃഷ്ണ, ദ്രുപദരാജകുമാരി, വീരപാണ്ഡവരുടെ പത്നി, ശ്രീകൃഷ്ണസോദരി, ഇങ്ങനെയുള്ള ഞാന്‍ ദാസിയോ അദാസിയോ, പറയുവിന്‍ കുരുക്കളേ, ഞാന്‍ ജിതയോ അജിതയോ? പറയുവിന്‍ പറയുവിന്‍.”
ഭീഷ്മര്‍ പറഞ്ഞു. “കല്യാണി, ധര്‍മഗതി ഞാന്‍ മുന്നേ പറഞ്ഞുവല്ലോ. ശക്തന്മാര്‍ നിശ്ചയിക്കുന്നതേതോ അതായിരിക്കുന്നു ഇന്നു ധര്‍മം! ദുര്‍ബലന്മാര്‍ ധര്‍മമേതെന്നു പറഞ്ഞാലും അത് അധര്‍മമായേ വരൂ! ശുഭേ, പാഞ്ചാലനന്ദിനീ, നീ മഹാദുഃഖത്തിലും ധര്‍മം വെടിയാതെ ഉറച്ചു നില്‍ക്കുന്നവള്‍. ഞങ്ങള്‍, ദ്രോണാദികളായ വൃദ്ധന്മാര്‍ ഇതാ ചാകാതെ ചത്തവരെപ്പോലെയായിത്തീര്‍ന്നിരിക്കുന്നു. ദ്രൌപദീ, നിന്റെ സൂക്ഷ്മമായ ചോദ്യത്തിനുത്തരം ഞങ്ങള്‍ക്ക് പറയാനാവുന്നില്ലല്ലോ.”
മുറിവേറ്റ പെണ്‍പക്ഷിയെപ്പോലെ വീണ്ടും വീണ്ടും വിളിച്ചു ചോദിക്കുന്ന ദ്രൌപദിയെയും മൂകരായിരിക്കുന്ന സഭാവാസികളെയും നോക്കി ദുര്യോധനന്‍ പരിഹാസത്തോടെ പുഞ്ചിരിതൂകിക്കൊണ്ടു പറഞ്ഞു. “ഹേ ആത്മവീര്യമുള്ളവളേ, നിന്റെ ഭര്‍ത്താക്കന്മാരായ ഭീമനും പാര്‍ഥനും നകുല സഹദേവന്മാരും ഈ ചോദ്യത്തിന് ഉത്തരം നല്‍കട്ടെ. സാക്ഷാല്‍ ധര്‍മപുത്രര്‍ പറഞ്ഞത് തെറ്റെന്നും അയാള്‍ തങ്ങളുടെ സ്വാമിയല്ലെന്നും അവര്‍ തുറന്ന് സഭയില്‍ പറയട്ടെ. എങ്കില്‍ നിന്നെ ദാസിയല്ലാതെയാക്കിത്തീര്‍ക്കാം.”
സഭാവാസികള്‍ ഈ പ്രസ്താവനയെ ‘അത് ശരി!’ ‘അത് ശരി’ എന്ന് അഭിനന്ദിച്ചു. ആ ശബ്ദങ്ങള്‍ ഒന്നടങ്ങിയപ്പോള്‍ ഭീമസേനന്‍ ദിവ്യചന്ദനം പൂശിയ തന്റെ കൈകള്‍ രണ്ടുമുയര്‍ത്തി ഇങ്ങനെ പറഞ്ഞു.
“ഈ മഹാനായ ധര്‍മപുത്രര്‍ ഞങ്ങള്‍ക്കു പ്രഭുവാണ്. അതിനാലത്രേ ഞങ്ങള്‍ ഇതെല്ലാം പൊറുക്കുന്നത്. ഇദ്ദേഹം തോറ്റുവെങ്കില്‍ ഞങ്ങളും തോറ്റിരിക്കുന്നു. എന്റെയീ നീണ്ടുരുണ്ട കൈകള്‍ നോക്കുവിന്‍: ധര്‍മപാശംകൊണ്ടു കെട്ടിമുറുക്കപ്പെട്ടിരിക്കുകയാണിവ. അല്ലെങ്കില്‍ ദ്രൌപദിയുടെ തലമുടിക്കെട്ടില്‍ തൊട്ടവന്‍ ജീവനോടെ ഈ മണ്ണില്‍ പിന്നീട് ചവിട്ടുകയില്ല. ഈ ധര്‍മപുത്രര്‍, ഞങ്ങളുടെ mahabharat2ജ്യേഷ്ഠന്‍ ഒറ്റവാക്കു പറയട്ടെ - ഈധാര്‍ത്തരാഷ്ട്രന്മാരെയെല്ലാം സിംഹം ക്ഷുദ്രജന്തുക്കളെയെന്നപോലെ ഞാന്‍ കൈത്തലം കൊണ്ട് അടിച്ചരച്ചു കളയും!”
കത്തുന്ന തീ പോലെ നില്‍ക്കുന്ന അവനോട് ഭീഷ്മ ദ്രോണാദികള്‍ പറഞ്ഞു. “ക്ഷമിക്കൂ, ഭീമാ, നീ എല്ലാം നടത്തുകതന്നെ ചെയ്യും”
ഇതുകേട്ടു ചൊടിച്ച കര്‍ണന്‍ ഇങ്ങനെ കടും വാക്കുകള്‍ പറഞ്ഞു. “മൂന്നു പേരാണ് കേമന്മാര്‍! സ്വന്തം പ്രഭുവിനെ ദുഷ്ടനെന്നു പറയാന്‍ മടിയില്ലാത്ത, ആ പ്രഭുവിന്റെ അഭിവൃദ്ധിക്കുചേരാത്ത നീചവൃത്തിക്കു തയ്യാറുള്ള ഈ ഭീഷ്മ ദ്രോണ വിദുരന്മാര്‍!...
മൂന്നുപേരത്രേ കീഴ്പെട്ടു നില്‍ക്കേണ്ടവര്‍, ദാസന്‍, പുത്രന്‍, അസ്വതന്ത്രയായ പെണ്ണ് - ഇതനുസരിച്ച് ദരിദ്രനായ ദാസന്റെ പെണ്ണും സ്വത്തുമെല്ലാം അവന്റെ സ്വാമിക്കുള്ളതത്രേ. ഈ പ്രമാണമനുസരിച്ച്, ഹേ ദ്രൌപദി, നീ ദുര്യോധനാദികള്‍ക്കുള്ളവളായിത്തീര്‍ന്നിരിക്കുന്നു. ഇനി നിനക്ക് മറ്റൊരുത്തനെ ഭര്‍ത്താവാക്കാം. ദാസിമാര്‍ക്ക് അതു തെറ്റല്ല തന്നെ. ഹേ ദാസീ, നീ ഇഷ്ടമുള്ള ഒരുത്തനെ കണ്ടെത്തിക്കൊള്ളൂ.”
ഇതുകേട്ട് അത്യമര്‍ഷിയായിത്തീര്‍ന്ന ഭീമസേനന്‍ ചുടുന്നനെ നെടുവീര്‍പ്പിട്ടും വിരികണ്ണുകള്‍ ചുവന്നു കലങ്ങിയും കൊടുംകോപത്തോടെ കര്‍ണനെ ചൂടുന്ന മട്ടില്‍ നോക്കിക്കൊണ്ട് യുധിഷ്ഠിരനോടു പറഞ്ഞു. “ജ്യേഷ്ഠാ, ഈ സൂതപുത്രനോടു ഞാന്‍ കോപിച്ചിട്ടെന്തുഫലം! ഞാന്‍ ദാസനായിക്കഴിഞ്ഞിരിക്കുന്നു! അങ്ങ് ഈ ദ്രൌപദിയെ പണയംവെച്ചതിനാലല്ലയോ എന്റെ മുഖത്ത് നോക്കി ഈ ദുര്‍വാക്കുകള്‍ പറയാന്‍ ശത്രുക്കള്‍ ധൈര്യം കാട്ടുന്നത്!”
മുഖംമങ്ങി മൌനംപൂണ്ടു നില്‍ക്കുന്ന യുധിഷ്ഠിരനെ നോക്കി ദുര്യോധനന്‍ ഇങ്ങനെ പരിഹസിച്ചു. “ഹേ, യുധിഷ്ഠിര, നിന്റെ സഹോദരന്മാര്‍ നിന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരാണ്. കൃഷ്ണ ദാസിയായോ ഇല്ലയോ എന്നു നീ തന്നെ പറയുക.”
ഇങ്ങനെ പറഞ്ഞുകൊണ്ട് ദുര്യോധനന്‍ മദോന്മത്തനായി ഉറക്കെ ചിരിച്ചുകൊണ്ട് താന്‍ ഉടുത്തിരിക്കുന്ന പട്ടാട വലിച്ചുനീക്കി ആനത്തുമ്പിപോലെ തടിച്ചുരുണ്ട നഗ്നമായ തന്റെ ഇടത്തേതുടമേല്‍ താളത്തില്‍ തട്ടി ദ്രൌപദിയെ നോക്കി ‘ഇവിടെ വന്നിരിക്ക്’ എന്ന് കണ്ണുകളാല്‍ ക്ഷണിച്ചു. എന്നിട്ട് ഉറ്റതോഴനായ കര്‍ണനെ നോക്കി ചിരിക്കുകയായി. ഇതുകണ്ടു രക്തം പോലെ ചുവന്ന് കടുത്ത കണ്ണുകള്‍ ഉരുട്ടിക്കൊണ്ടും കനത്തു നീണ്ട കൈകള്‍ ഉയര്‍ത്തിക്കൊണ്ടും ഭീമസേനന്‍ സഭ മുഴങ്ങുംപോലെ ഇങ്ങനെ അലറി. “ദുര്യോധനാ, നിന്റെയീ തുട ഞാന്‍ ഗദകൊണ്ടു തച്ചുടയ്ക്കുമെന്ന് ഇതാ പ്രതിജ്ഞ ചെയ്യുന്നു. അല്ലെങ്കില്‍ എനിക്ക് പിതൃലോകങ്ങള്‍ കിട്ടാതെ പോകട്ടെ!”
സര്‍വാവയവങ്ങളിലും നിന്ന് തീ ചിന്നുമാറ് ക്രോധമൂര്‍ത്തിയായി വിറച്ചു നില്‍ക്കുന്ന ഭീമനെ നോക്കി വിദുരര്‍ പറഞ്ഞു. “അഹോ! രാജാക്കന്മാരേ, ഈ ഭീമനില്‍ നിന്ന് രക്ഷ തേടിക്കൊള്ളുവിന്‍. ഈശ്വരന്‍ തന്നെ ഇതാ വിധി കല്പിച്ചു കഴിഞ്ഞിരിക്കുന്നു. കുരുക്കളേ, ഈ സഭ ധര്‍മം ദുഷിച്ചതായിത്തീര്‍ന്നിരിക്കുന്നു! യുധിഷ്ഠിരന്‍ തന്റെ തോല്‍വിക്കുശേഷം ദ്രൌപദിയെ പണയം വെച്ചത് ന്യായമല്ല. ശകുനിയുടെ ദുര്‍വാക്കു കേട്ടു ധര്‍മഭംഗം ചെയ്യാതിരിക്കുവിന്‍!”
“ദ്രൌപദീ, ധര്‍മപുത്രന്‍ നിന്റെ സ്വാമിയല്ലെന്ന് ഭീമാര്‍ജുനന്മാരും നകുല സഹദേവന്മാരും പറയട്ടെ” എന്നായി വീണ്ടും ദുര്യോധനന്‍. അതിന് മറുപടി പറഞ്ഞത് ക്രോധോജ്വലനായി നില്‍ക്കുന്ന അര്‍ജുനനാണ്. “ഞങ്ങളുടെ അധീശനാണ് തമ്പുരാനായ ധര്‍മപുത്രര്‍. തോറ്റു നില്‍ക്കുന്ന അവിടുന്ന് നാളെ ആരുടെയൊക്കെ അധീശനായിത്തീരുമെന്ന്, കൌരവന്മാരേ, നിങ്ങള്‍ കണ്ടറിഞ്ഞു കൊള്ളുവിന്‍!”
അപ്പോള്‍ ധൃതരാഷ്ട്ര ഗൃഹത്തിന്റെ അഗ്നിസ്ഥാനത്തുനിന്ന് കുറുക്കന്‍ ഓരിയിട്ടു. കഴുതക്കൂട്ടങ്ങള്‍ ദുസ്സഹമാംവിധം നിലവിളിച്ചു. രൌദ്രപക്ഷികളുടെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കായി. ഈ ദുര്‍ലക്ഷണങ്ങള്‍ കണ്ടു ഭയന്ന ഗുരുജനങ്ങളെല്ലാം ‘സ്വസ്തി സ്വസ്തി’ എന്നു ഭയത്തോടെ ഉരുവിടുകയായി. ഇതെല്ലാം കേട്ടു ഭയന്ന ധൃതരാഷ്ട്രര്‍ ഇങ്ങനെ പറഞ്ഞു. “കേള്‍ക്കൂ, ദുര്യോധനാ, ധിക്കാരീ, നീ ഈ മഹാസദസ്സില്‍ ഒരു സ്ത്രീയെ, വിശേഷിച്ചും ദ്രൌപദീദേവിയെച്ചൊല്ലി തര്‍ക്കിക്കുന്നുവോ ബുദ്ധികെട്ടവനേ”
ഇങ്ങനെ ശാസിച്ചതിനുശേഷം വിഷാദത്തോടെയും ആശങ്കയോടെയും ധൃതരാഷ്ട്രര്‍ പാഞ്ചാലിയുടെ നേര്‍ക്ക് തിരിഞ്ഞ് “മകളേ, എന്റെ പുത്രവധുക്കളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠയാണ് നീ. ഇതാ നിനക്കിഷ്ടമുള്ള വരം ചോദിച്ചു കൊള്ളുക” എന്നു പറഞ്ഞു.
പാഞ്ചാലി ഉടന്‍ തന്നെ പ്രതിവചിച്ചു. “മഹാരാജാവേ, ധര്‍മിഷ്ഠനായ യുധിഷ്ഠിരന്റെ ദാസ്യം ഒഴിച്ചു തന്നാലും. എന്റെ ഉണ്ണി, അറിവില്ലാത്ത ആ കുട്ടി, പ്രതിവിന്ധ്യന്‍, ദാസപുത്രനായിക്കൂടാ!”
“അങ്ങനെയാകട്ടെ, കല്യാണീ രണ്ടാമതൊരു വരം നീ ചോദിക്കുക. എന്റെ മനസ്സ് നിന്നോടൊപ്പമുണ്ട്.” എന്നായി ധൃതരാഷ്ട്രര്‍. അതുകേട്ട് ദ്രൌപദി പറഞ്ഞു. “പിതാവേ, ഭീമാര്‍ജുനന്മാരെയും അനുജന്മാരെയും അവരുടെ തേരുകളും വില്ലുകളുമൊത്ത് മോചിതരാക്കിയാലും.”
“മകളേ, നീ ധര്‍മചാരിണിയാണ്, സര്‍വശ്രേഷ്ഠയാണ്. ഈ രണ്ട് വരവും ഞാന്‍ നല്‍കിയിരിക്കുന്നു. മൂന്നാമതൊന്നു കൂടി വരിച്ചാലും” ഇതുകേട്ട ദ്രൌപദി ശിരസ്സുയര്‍ത്തി നിന്നു പറയുകയായി. “മഹാരാജന്‍, ക്ഷത്രിയസ്ത്രീകള്‍ക്ക് രണ്ട് വരത്തിലധികം ചോദിക്കാന്‍ പാടില്ലെന്നത്രേ പ്രമാണം. ഇനിയൊരു വരം എനിക്കാവശ്യമില്ല. എന്റെ പതികള്‍ ദാസ്യത്തില്‍ നിന്നു വിമോചിതരായിരിക്കുന്നു. അതു മതിയാകും.”
ഇതുകേട്ട കര്‍ണന്‍ ഇങ്ങനെ പരിഹസിച്ചു. “ഇതാ ഒരു സുന്ദരി ഈ പുരുഷന്മാരെയെല്ലാം കരകയറ്റിയിരിക്കുന്നു! പാണ്ഡവന്മാര്‍ക്കു തോണിയായിത്തീര്‍ന്നു അവരുടെ ഭാര്യ:” ഇതു കേട്ടു ക്രോധം കൊണ്ടു ചൊടിച്ചു മുന്നോട്ടാഞ്ഞ ഭീമനെ അര്‍ജുനന്‍ പിടിച്ചു നിര്‍ത്തി. “നീചന്മാരുടെ വാക്കുകള്‍ക്കു ചെവി കൊടുക്കരുത് ജ്യേഷ്ഠാ. അവരോട് മറുപടി പറയരുത്” എന്നു തടഞ്mahabharat3ഞു. ഭീമന്‍ നെടുവീര്‍പ്പിട്ടും വിയര്‍ത്തും കണ്ണുകള്‍ കലങ്ങിയും സിംഹത്തെപ്പോലെ ശത്രുക്കളെ ഉഗ്രമായി നോക്കി. ആ കണ്ണുകളില്‍ നിന്ന് തീ പറന്നു, പുരികങ്ങള്‍ ഒടിയുമാറ് വളഞ്ഞു. ആ കടുംക്രോധം കണ്ട് “അരുത് അടങ്ങു”കെന്നു യുധിഷ്ഠിരന്‍ കൈയുയര്‍ത്തി വിലക്കി, എന്നിട്ട് ധൃതരാഷ്ട്രരുടെ മുന്നില്‍ ചെന്നു കൈകൂപ്പി നിന്നു ചോദിച്ചു. “മഹാരാജാവേ, അങ്ങാണ് ഞങ്ങള്‍ക്ക് അധീശന്‍. ഞങ്ങള്‍ അങ്ങയുടെ കല്പന എന്നും അനുസരിക്കുന്നവരാണ്.”
ധൃതരാഷ്ട്രര്‍ പറഞ്ഞു. “അജാതശത്രുവായ യുധിഷ്ഠിരാ, നിങ്ങള്‍ സ്വന്തം രാജ്യത്തേക്ക് എല്ലാ സമ്പത്തുമായി മടങ്ങിക്കൊള്ളുവിന്‍, അവിടെ രാജ്യപാലനം ചെയ്തു വസിക്കുവിന്‍. ഈ വൃദ്ധന്റെ ശാസന കേട്ടുകൊള്‍ക. നീ ധര്‍മഗതി അറിഞ്ഞവനാണ്. സജ്ജനങ്ങള്‍ പ്രതികാരം ചെയ്യാന്‍ ഒരുങ്ങാറില്ല. ഉത്തമ പുരുഷന്മാര്‍ ദുര്‍വാക്കുകള്‍ക്കു മറുപടി പറയുകയില്ല; മര്യാദ വിടുകയില്ല. ഈ സഭയില്‍വെച്ച് നീയാ മര്യാദ പാലിച്ചിരിക്കുന്നു. അതിനാല്‍ ഉണ്ണീ, നീ ദുര്യോധനനില്‍ വൈരാഗ്യം വെച്ചുപുലര്‍ത്തരുത്. കണ്ണില്ലാത്ത ഈ വൃദ്ധനായ വലിയച്ഛനെയും അമ്മയായ ഗാന്ധാരിയെയുമോര്‍ത്ത് വീരന്മാരായ നിങ്ങള്‍ ഇക്കഴിഞ്ഞതെല്ലാം മറന്ന് ഇന്ദ്രപ്രസ്ഥത്തില്‍ സുഖമായി കഴിയുവാന്‍ പൊയ്ക്കൊള്ളുക”
രാജശാസനം ശിരസാ സ്വീകരിച്ചു യുധിഷ്ഠിരന്‍ സഹോദരന്മാരോടും കൃഷ്ണയോടുമൊപ്പം സഭ വിട്ടിറങ്ങി മഹാരഥങ്ങളില്‍ കയറി ഇന്ദ്രപ്രസ്ഥത്തിലേക്ക് തേരോടിച്ചുപോയി.

സുഗതകുമാരി
വര: ജയേന്ദ്രന്‍