KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ വാങ്ങാത്ത എരുമ വിളവുതിന്നുമോ?
വാങ്ങാത്ത എരുമ വിളവുതിന്നുമോ?

nadodilogo

ഒരു തുന്നല്‍ക്കാരനുണ്ടായിരുന്നു. അധ്വാനിച്ച് അയാള്‍ കുറച്ചു പൈസ മിച്ചമുണ്ടാക്കി.
“ഇതുകൊണ്ട് ഞാനൊരു എരുമയെ വാങ്ങും” അയാള്‍ പറഞ്ഞു.
“അങ്ങനെയാണെങ്കില്‍ പാലും വെണ്ണയുമൊക്കെ ഞാന്‍ അമ്മയ്ക്കും കൊണ്ടുപോയി കൊടുക്കും” ഭാര്യ പറഞ്ഞു.
ഇതുകേട്ട തുന്നല്‍ക്കാരന്‍ ചൂടായി.
“അത് ഞാന്‍ സമ്മതിക്കില്ല” എന്നും പറഞ്ഞ് അയാള്‍ ഭാര്യയെ തല്ലാന്‍ ചെന്നു.
അവള്‍ കരഞ്ഞുകൊണ്ട് അവളുടെ വീട്ടിലേക്ക് ഓടിപ്പോയി.
അയാളും പിന്നാലെ ചെന്നു. അവിടെ വച്ചും തല്ലാനോങ്ങി.
കാര്യം മനസ്സിലാക്കിയ ഭാര്യയുടെ അനിയന്‍ തുന്നല്‍ക്കാരനെയും തല്ലാനോങ്ങി.
അതോടെ തുന്നല്‍ക്കാരന്റെ മട്ടുമാറി.
“എന്തിനാണ് എന്നെ തല്ലുന്നത്?”
“അതോ... നിങ്ങളുടെ എരുമ വേലി പൊളിച്ച് എന്റെ വിളവൊക്കെ തിന്നു.”
“വാങ്ങാത്ത എരുമ എങ്ങനെയാണ് വിളവ് തിന്നത്?” തുന്നല്‍ക്കാരന്‍ ചോദിച്ചു.
“വാങ്ങാത്ത എരുമ എങ്ങനെയാണ് പാലും വെണ്ണയും തരുന്നത്?”
nadodi1

പുന: രാമകൃഷ്ണന്‍ കുമരനല്ലൂര്‍
വര: ഗോപു പട്ടിത്തറ