KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അമ്മയുള്ള വീട്

kadhalogo

1
എല്ലാ പ്രഭാതങ്ങളിലെയും പതിവാണ് അഛ ഓഫീസില്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ താന്‍ വരാന്തയിലുണ്ടാവണം. കൈവീശണം. കാര്‍ സ്റാര്‍ട്ട് ചെയ്ത്, തനിക്ക് നേരേ തിരിച്ചും കൈവീശി, ചിലപ്പോള്‍ എന്തെങ്കിലും പറഞ്ഞ് അഛ കാറോടിച്ചു പോകും. ഇന്നലെ ചോദിച്ചത് പുതുതായി വാങ്ങിത്തന്ന പുസ്തകങ്ങള്‍ വല്ലതും വായിച്ചോ എന്നാണ്... ഇന്നെന്താവും?
പതിവുപോലെ മനു വരാന്തയിലിറങ്ങി നിന്നു. അഛ കാര്‍ സ്റാര്‍ട്ട് ചെയ്തു. പരസ്പരം കൈവീശിക്കാണിച്ചു... അന്നേരം മനു കേട്ടു... ഇന്ന് നിനക്കൊരു സമ്മാനവുമായിട്ടാണ് ഞാന്‍ വരിക... വീട്ടില്‍ത്തന്നെയിരുന്ന് ബോറടിക്കുന്നത് ഒഴിവാക്കാനുള്ള ഒരു സമ്മാനം...
മനുവിന് പക്ഷേ പ്രത്യേകിച്ചൊരു സന്തോഷവും തോന്നിയില്ല അതു കേട്ടിട്ട്... ഇങ്ങനെ ഓരോരിക്കലായി വാങ്ങിത്തന്ന സമ്മാനങ്ങളാണല്ലോ കമ്പ്യൂട്ടറും മ്യൂസിക് സിസ്റവും ക്യാമറയുമൊക്കെ... അവയൊക്കെയും പൊടി പിടിച്ചു കിടപ്പാണ് മുറിയില്‍....
അഛയുടെ കാര്‍ ഗേറ്റ് കടന്നതും മനു അകത്തു കയറി. അവധിക്കാലമായതിനാല്‍ എല്ലാം സാവധാനത്തിലാണ്. എഴുന്നേല്‍ക്കുന്ന സമയം അഞ്ചരയില്‍ നിന്നും ഏഴരയായി രിക്കുന്നു. എഴുന്നേറ്റയുടന്‍ കക്കൂസില്‍ പോയതിനാല്‍ ഇനി ബാക്കി കാര്യങ്ങളിലേക്ക് കടക്കാം... മനു ബ്രഷും പേസ്റുമെടുത്തു. പല്ലു തേച്ച് നന്നായി വായും മുഖവും കഴുകി... ബ്രേക്ഫാസ്റിനായി ഡൈനിങ് ടേബിളിനു മുന്നിലിരുന്നു.
ഇഡ്ഡലിയും ചമ്മന്തിയും ബൂസ്റ് കലക്കിയ പാലും മേശപ്പുറത്ത്... മൂന്നില്‍ നിന്നും ആവി പൊങ്ങുന്നുണ്ടായിരുന്നു... കഴിച്ചു തുടങ്ങിയപ്പോഴേക്കും അടുക്കളജോലികള്‍ തീര്‍ത്ത്, അവന്‍ ‘ആന്റി’ എന്ന് വിളിക്കുന്ന ആയ വന്ന് തൊട്ടടുത്ത കസേരയിലിരുന്നു... ‘ഇഡ്ഡലി ഇഷ്ടായോ?’ ഉം... മനു മൂളി. ആയ ഒരു സ്വകാര്യം പോലെ അവനോട് പറഞ്ഞു... ‘ആന്റിക്ക് ഇന്നൊരു കല്യാണത്തിന് പോകാനുണ്ട്. മോന്‍ വരുന്നോ?’
അവര്‍ എവിടെപ്പോകുമ്പോഴും ചോദിക്കുന്ന ചോദ്യം എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യ വുമുണ്ടായിരുന്നില്ല, ആ ചോദ്യത്തിന്.
എപ്പോഴുമെന്നപോലെ ഇല്ലെന്ന് തലയാട്ടി മനു ഭക്ഷണം തുടര്‍ന്നു... പക്ഷേ ആയ വിചാരിച്ചത് അങ്ങനെയായിരുന്നില്ല... അവനെ പുറത്തോട്ടൊക്കെ ഒന്ന് കൊണ്ടുപോകണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം അവര്‍ക്കുണ്ടാ യിരുന്നു. അതുകൊണ്ട് അവര്‍ വീണ്ടും പറഞ്ഞു. ‘അല്ല മോനേ... ഇപ്പോള്‍ അവധിയല്ലേ... ട്യൂഷനോ പഠിത്തമോ ഒന്നുമില്ലല്ലോ... എത്ര നേരമാ ഈ വലിയ വീട്ടില്‍ നീ ഒറ്റയ്ക്കിരിക്ക്വ?’
“അത് സാരമില്ല ആന്റീ... പരിചയമില്ലാത്ത ആളുകളുടെ ഇടയിലേക്ക് വന്ന്... അവരുടെയൊ ക്കെ ചോദ്യങ്ങളും... പിന്നെ അയ്യോ പാവം എന്ന പറച്ചിലും... വേണ്ട ആന്റീ... ഞാനിവിടെ ഇരുന്നോളാം...”
“ശരി... ചോറും കറികളുമൊക്കെ കാസറോളു കളിലാക്കി അടച്ചുവെച്ചിട്ടുണ്ട്. എടുത്ത് കഴിക്ക്വോ?” “ഉവ്വ്...” അവന്‍ തലയാട്ടി. സംസാരം നിര്‍ത്തി.
സാവധാനം ഇറങ്ങിപ്പോകുന്ന മെലിഞ്ഞു നീണ്ട തന്റെ ആയയെ നോക്കിയിരുന്നു മനു.
മനു ബ്രേക്ഫാസ്റവസാനിപ്പിച്ച് കൈ കഴുകി തന്റെ മുറിയില്‍ കയറി വാതിലടച്ചു. തലേ രാത്രിയില്‍ അടച്ചിട്ട ജനാലകളൊന്നും തുറക്കാ തിരുന്നതിനാല്‍ അടയ്ക്കേണ്ടി വന്നില്ല. സമചതുരാകൃതിയിലുള്ള തന്റെ മുറി പരിശോധിച്ചു മനു... വലിയ കട്ടില്‍, ഡ്രസ്സിങ് ഷെല്‍ഫ്, മേശ, കസേര... ബുക് സ്റാന്‍ഡ്... മേശപ്പുറത്ത് കമ്പ്യൂട്ടര്‍... ഗെയിം പാഡ്... ചിതറിക്കിടക്കുന്ന സിഡികള്‍... ടോം ആന്റ് ജെറി മുതല്‍ ഹോളിവുഡ് സയന്‍സ്ഫിക്ഷന്‍ വരെ... ശബ്ദത്തിന്റെ ഓരോ ഇഴയും വ്യക്തമായി കേള്‍പ്പിക്കാന്‍ കഴിവുള്ള മ്യൂസിക് സിസ്റം... നഴ്സറി പാട്ടുകള്‍ മുതല്‍ ഏറ്റവും പുതിയ പോപ്പ് ആല്‍ബം വരെ.
എപ്പോഴെങ്കിലും ഒരു പാട്ട് കേള്‍ക്കണമെന്ന് തോന്നിയാല്‍ അവന്റെ കൈ ചെല്ലുന്നത് ബോണിഎം എന്ന ആല്‍ബത്തിലേക്കാണ്. ഏകാന്തതയുടെ നോവുകള്‍ ഹൃദയത്തിലേക്ക് അരിച്ചിറങ്ങുന്ന രണ്ടു മൂന്ന് പാട്ടുകളുണ്ടതില്‍...
സാമാന്യം വലിയ തന്റെ ഈ മുറിയില്‍ തീരെ ചെറുത് താന്‍ മാത്രമാണെന്ന് അവനു തോന്നി... സാധനങ്ങള്‍ നിറഞ്ഞ മുറിയില്‍ തനിക്കായി ഇത്തിരി ഇടം മാത്രമേ ഉള്ളുവല്ലോ എന്ന് തിരിച്ചറിഞ്ഞതും താനിപ്പോള്‍ ഒരു തടവറയിലെ കുടൂസു മുറിയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനി ല്ലാത്ത അവസ്ഥയില്‍പ്പെട്ട ഒരു പ്രതിയാണെന്നും അവന്‍ സ്വയം തീരുമാനിച്ചു.
മുന്‍പരിചയത്തിനായി അഛ കഴിഞ്ഞ ദിവസം കൊണ്ടുവന്ന എട്ടാംക്ളാസ്സിലെ പാഠ പുസ്തകങ്ങള്‍ കയ്യിലെടുത്ത് മറിച്ചുനോക്കുക പോലും ചെയ്യാതെ എടുത്തേടത്ത് തന്നെ തിരിച്ചുവെച്ചു. ഇന്നലെ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്ത നോവല്‍ വീണ്ടുമെടുത്തു. ഒരു കൊച്ചു പുസ്തകമായിരുന്നിട്ടും അതവനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു... കാരണം അവനെപ്പോലൊരു കുട്ടിയായിരുന്നു അതിലെ കഥാനായകന്‍.kadha1

അവന് അച്ഛനുമമ്മയുമുണ്ട്. രണ്ടുപേരും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍... ഓഫീസിലും വീട്ടിലും അവധി ദിവസങ്ങളിലും തിരക്കോടുതി
രക്ക്.... ഓഫീസ് വിട്ട് വരുമ്പോഴും കാണും രണ്ടുപേരുടേയും കയ്യില്‍ ഫയലുകള്‍... ശാന്തമായി ഉറങ്ങു ന്ന ഒരു കുട്ടിയെ പ്പോലെയായിരുന്നു അവന്റെ വീട്... ഒച്ചയും അനക്കവു മില്ലാതെ... ചിരിയും കരച്ചി ലുമില്ലാതെ... വഴക്കും സ്നേ ഹപ്രകടനങ്ങളുമില്ലാതെ...
കഥയിലൊരിടത്ത് മനു വായിച്ചു... ആല്‍ബി മെല്ലെ പപ്പയുടെ അടുത്തേക്ക് ചെന്നു... അവന്റെ നിഴല്‍ ഫയലില്‍ വീണതും പപ്പ തല ഉയര്‍ത്തി...
‘ങും...?’ പപ്പയുടെ ചോദ്യം...
‘ഐ വാണ്ട് ടു ടോക് റ്റു യൂ പപ്പാ...’
‘ഗോ റ്റു യ്വര്‍ മോം...’
ആല്‍ബി മമ്മിയുടെ അടുത്തേക്കു ചെന്ന് പപ്പയോടു പറഞ്ഞത് ആവര്‍ത്തിച്ചു. ‘സീ ആല്‍ബീ... അയാം ബിസി നൌ... ഗോ ആന്റ് ഡൂ യ്വര്‍ ഹോംവര്‍ക്സ്...’
തിരിഞ്ഞു നടക്കുന്ന ആല്‍ബി ഇതേപോലെ ഒരു മുറിയില്‍ ഒറ്റയ്ക്ക്... പഠിക്കാനായി വാങ്ങി നല്‍കിയ വലിയ കീബോര്‍ഡിന്റെ കട്ടകളിലൂടെ അവന്‍ വെറുതെ വിരലോടിക്കുന്നു... ചുമരിലൊട്ടിച്ച തന്റെ ടൈംടേബിളിലേക്ക് നോക്കുന്നു... ഭക്ഷണസമയം... പഠിക്കാനുള്ള സമയം... കീബോര്‍ഡ്... ഡ്രം... വെസ്റേണ്‍ ഡാന്‍സ്... ട്യൂഷന്‍...
പാവം ആല്‍ബി... മനു വെറുതെ പറഞ്ഞു... തന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍...
കഴിഞ്ഞ ആഴ്ചയാണ് അഛ പറഞ്ഞത്...
‘നോക്കൂ മോനൂ... ഇപ്പോള്‍ ഒരു കുട്ടിയും അവധിക്കാലത്ത് വെറുതെയിരിക്കുന്നില്ല. അടുത്ത വര്‍ഷത്തെ, അല്ലെങ്കില്‍ അതിനു മടുത്ത വര്‍ഷത്തെ ഓരോരോ കാര്യങ്ങളില്‍ എന്‍ഗേജ്ഡാണ് എല്ലാ കുട്ടികളും... നിനക്കും അങ്ങനെ എന്തെങ്കിലും ചെയ്തൂടെ?... മ്യൂസിക് ഇന്‍സ്ട്രുമെന്റ്സ് പഠിക്കാം... മാര്‍ഷ്യല്‍ ആര്‍ട്സ്... ഡാന്‍സ്... കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്... അങ്ങനെ എന്തെ ങ്കിലും...’
വേണ്ട... എനിക്ക് താത്പര്യമില്ല... തീര്‍ന്നു. നിര്‍ബന്ധിക്കുന്ന ഒരു വാക്കും അഛ അവനോട് പറയാറില്ല... ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നു ചേരുന്ന ദുരന്തങ്ങളെ ഉള്‍ക്കൊള്ളാനുള്ള പ്രായവും പക്വതയുമൊന്നും തന്റെ മകനായിട്ടി ല്ലെന്ന് അഛയ്ക്കറിയാമായിരുന്നു.kadha2
വീണ്ടും അമ്മ മനസ്സിലേക്ക് വരുന്നു... അല്പം പരിഭവവും ദേഷ്യവുമുണ്ട് മുഖത്ത്... എന്താ കുട്ടി ഇങ്ങനെ... മറ്റ് കുട്ടികള്‍ക്കൊപ്പമെത്തണ്ടേ, പരീക്ഷകളിലും ജീവിതത്തിലും... അമ്മ എത്രയോ പ്രാവശ്യം അവനോട് പറഞ്ഞിട്ടുണ്ട്... ന്റെ മോന്‍ സിവില്‍ സര്‍വീസ് ലക്ഷ്യം വെച്ചാണ് പഠിക്കേണ്ടത്... അന്നവന്‍ നാലാം ക്ളാസ്സിലാ യിരുന്നു... സിവില്‍ സര്‍വീസ് എന്താണെന്ന്
അറിയില്ലായിരുന്നു. അഛനോട് ചോദിച്ചപ്പോള്‍ പറഞ്ഞു. സിവില്‍ സര്‍വീസ് എന്നാല്‍ കളക്ടര്‍, ഗവണ്‍മെന്റ് സെക്രട്ടറി പോലുള്ള വലിയ ജോലികള്‍ക്കുള്ള പഠിത്തവും പരിശീലനവുമാ... വലിയ ആളാവണമെന്ന് നിരന്തരം പറഞ്ഞുകൊ ണ്ടിരുന്ന അമ്മ... നാലാം ക്ളാസ്സ് പഠനം തീരും മുമ്പ്...മറക്കാന്‍ശ്രമിച്ചുകൊണ്ടിരിക്കുന്നതൊക്കെയും കടലിരമ്പമായ് മനസ്സിലേക്കു കയറി വന്നതും മനു വല്ലാതെ അസ്വസ്ഥനായി. വാതില്‍ തുറന്നു പുറത്തിറങ്ങി... വീട് പൂട്ടി മുറ്റത്തിറങ്ങി ഗേറ്റ് കടന്നു... ‘പുറത്ത് പൊരിവെയിലത്ത് അലഞ്ഞു നടക്കാനൊന്നും പോവരുത്’ എന്ന അഛയുടെ ഉപദേശം അന്നേരം മനു ഓര്‍ത്തതേയില്ല.


 

 

2

റോഡില്‍ തിരക്കല്പം കുറഞ്ഞ സമയമായി രുന്നു. ഓരം ചേര്‍ന്ന് അലസമായി മെല്ലെ നടന്നു. അങ്ങനെ കുറച്ചു ദൂരം നടന്ന് വലത്തോട്ടു തിരിയണം. പിന്നെ റിസര്‍വ് ഫോറസ്റില്‍പ്പെട്ട കാടാണ്. കാടിനു നടുവിലൂടെയുള്ള ചെമ്മണ്‍ പാതയിലൂടെ നടന്നാല്‍ മുക്കൂട്ടത്തെത്താം. മൂന്നു വശങ്ങളില്‍ നിന്നും വരുന്ന തോടുകള്‍ ഒന്നു ചേര്‍ന്ന് പുഴയായി ഒഴുകിത്തു ടങ്ങുന്നത് അവിടെ നിന്നാണ്. കരയിലെ വലിയ മരത്തിന്റെ വീതി യേറിയ വേരിന്മേലിരുന്നു തോടുകള്‍ വന്ന് ചേരുന്നതും ചേരുന്ന ബിന്ദു വിലെ ചുഴിയും അങ്ങിങ്ങായി കിട ക്കുന്ന വലിയ പാറക്കല്ലില്‍ തട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടുള്ള ഒഴുക്കും നോക്കിയിരുന്നാല്‍ സമയം പോകു ന്നതറിയില്ല... ഫോറസ്റ് ഡിപ്പാ ര്‍ട്ട്മെന്റ് ഓഫീസിലെ എല്ലാവര്‍ ക്കും തന്നെ പരിചയമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ അനുവാദം വാങ്ങേണ്ടതില്ല... പരിശോധനകളില്ല... പന്ത്രണ്ടു വയസ്സുള്ള ഒറ്റപ്പെട്ട ഒരു കുട്ടി കാടിന് ഒരുപദ്രവവും ചെയ്യാനല്ല പോകുന്ന തെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്.
മെയിന്‍ റോഡിന്റെ ഒരു വളവ് കഴിഞ്ഞ തേയുള്ളൂ. ആള്‍ക്കൂട്ടം കണ്ട് അങ്ങോട്ട് ചെന്നു. റോഡില്‍, ചുവന്ന ചായം നിറച്ച ബക്കറ്റ് വീണ് ഒഴുകിപ്പരന്നതുപോലെ രക്തം... മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയില്‍ ഒരു കാര്‍. ചെറുപരിക്കുകളോടെ എതിരേ ഒരു ടൂറിസ്റ് ബസും. ബസ്സിലെ യാത്രക്കാരും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കാറിന്റെ മുന്‍ ഭാഗം വെട്ടിപ്പൊളിച്ചെടുത്തപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ ചോരയില്‍ കുളിച്ച യുവാവ്... തൊട്ടടുത്ത് അതേപോലെ മറ്റൊരാള്‍... പിന്നില്‍ രണ്ടുപേര്‍. എല്ലാവരും നിശ്ചലം... ഒരു മൂളലോ ഞരക്കമോ ഇല്ലാതെ... മൂളിപ്പാഞ്ഞുവന്ന ആംബുലന്‍സിലേക്ക് ഓരോരുത്തരേയും എടുത്ത് കിടത്തുമ്പോള്‍ മനു മുഖം തിരിച്ച്... വേഗം നടന്നു. അവിടെ നിന്നും എത്രയും വേഗം എത്രയും ദൂരേക്ക് ഓടിപ്പോകാന്‍ മനസ്സ് തുടിച്ചു... പക്ഷേ ഓടാനാവുന്നില്ല... കാലുകള്‍ക്ക് വല്ലാത്ത ഭാരം... എവിടെ പോകുന്നവരായിരിക്കും ആ ചേട്ടന്മാര്‍? വിനോദയാത്രയ്ക്ക്... യാത്ര കഴിഞ്ഞ് വീട്ടിലേ ക്കുള്ള മടക്കം...?
ഒരു യാത്രയുടെ നോവിക്കുന്ന ചീളുകള്‍ അവനെ കുത്തി മുറിവേല്‍പ്പിച്ചു തുടങ്ങി.
നാലാം ക്ളാസ്സ് പരീക്ഷയും അഛയുടെ കാര്യമായ ഓഫീസ് തിരക്കുകളും കഴിഞ്ഞ ഒരു രാത്രി അഛ തന്നെയാണ് പറഞ്ഞത്... നമുക്കൊന്ന് കറങ്ങാം... രണ്ടുമൂന്ന് ദിവസം... എല്ലാ വര്‍ഷവും പതിവുള്ളതാണ്. പക്ഷേ ഓരോ യാത്രയും നല്‍കുന്ന നവോന്മേഷം കാരണം ആദ്യ യാത്രപോലെ മനസ്സ് ആഹ്ളാദഭരിതമാകും. ‘അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ വേണ്ട’ ‘അമ്മ ആദ്യം തന്നെ പറഞ്ഞു...’ പ്രകൃതിയിലൂടെയാവണം യാത്ര. മോനുവിനും അതിഷ്ടപ്പെടും...
എങ്കില്‍ നമുക്ക് മസിനഗുഡി വഴി ഊട്ടി, കൊടൈക്കനാല്‍ അങ്ങനെ... ശരി. അമ്മയ്ക്കും തനിക്കും സമ്മതം... ഊട്ടിയില്‍ നിന്നും മേട്ടുപ്പാള യത്തേക്കുള്ള മന്ദഗതിയിലുള്ള ട്രെയിന്‍ യാത്രയെക്കുറിച്ചുള്ള പത്രവാര്‍ത്ത അഛയെ കാണിച്ചു... എല്ലാം സമ്മതിച്ച് പുറപ്പെട്ടത് ഇതു പോലെ ഒരവധിക്കാലത്ത്... സ്കൂള്‍ തുറന്നാല്‍ ആദ്യം ലഭിക്കുന്ന അസൈന്‍മെന്റ് വെക്കേ ഷനെക്കുറിച്ചെഴുതാനാവുമെന്നും താന്‍ ഈ യാത്രയെക്കുറിച്ചാവും എഴുതുക എന്നും മനു പുറപ്പെടുമ്പോഴേ തീരുമാനിച്ചു.
പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞുകാണും. റോഡിനിരുവശവും പച്ചയുടെ ആകാശം... ഇരുവശങ്ങളിലും വളര്‍ന്ന് നില്‍ക്കുന്ന മുളങ്കാടു കള്‍ റോഡിന് മുകളില്‍ കമാനം തീര്‍ത്തിരി ക്കുന്നു... തണലിലൂടെയുള്ള യാത്രയില്‍ കാറി ന്റെ ചില്ലുജാലകങ്ങള്‍ താഴ്ത്തി. എസി ഓഫാ ക്കി... എന്നിട്ടും എന്തൊരു കുളിര്‍മ!...
കേരളം - തമിഴ്നാട് അതിര്‍ത്തിയായ നാടു കാണിയില്‍ ദൂരവും കാഴ്ചയും എഴുതിവെ ച്ചിരിക്കുന്ന വലിയ ബോര്‍ഡില്‍ നോക്കി. ഗൂഡല്ലൂര്‍, തൊറപ്പള്ളി, തെപ്പക്കാട്... നേരേ പോയാല്‍ ബന്ദിപ്പൂര്‍... അല്ലെങ്കില്‍ മസിനഗുഡി വഴി ഊട്ടി... മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം അഛ മസിനഗുഡി റോഡിലേക്ക് തിരിഞ്ഞു... നിമിഷ നേരം കൊണ്ട് കണ്ണില്‍ നിറയുന്ന കാഴ്ചകള്‍... ഒരു മരത്തിനു മുകളില്‍ മലയണ്ണാന്റെ മനോഹര മായ വാല് തൂങ്ങി നില്‍ക്കുന്നു... ഒരു പറ്റം മയിലുകള്‍ മരക്കൊമ്പിലിരുന്ന് കാഴ്ചക്കാരെ നോക്കുന്നു... കാഴ്ചക്കാര്‍ ഫോട്ടോ എടുക്കാന്‍ ഒരുങ്ങുമ്പോള്‍ പെട്ടെന്ന് അടുത്ത കൊമ്പിലേക്ക് പറന്നു പോകുന്നു. മഴക്കാര്‍ ഇല്ലാഞ്ഞിട്ടും ഒരു മയില്‍ പീലി വിടര്‍ത്തി ചുവടുവെയ്ക്കുന്നു...
കടന്നുപോകുന്ന വഴി ഭംഗിയായി ടാര്‍ ചെയ്ത കുണ്ടും കുഴിയുമില്ലാത്ത റോഡ്... ഇരുവശവും പടുകൂറ്റന്‍ മരങ്ങള്‍... യൂക്കാലിയുടെ ഉയരം കാണാന്‍ നോക്കിയപ്പോള്‍ കഴുത്ത് വേദനിച്ചു... പിന്നെയതാ, ഒരു സുന്ദരന്‍ കാട്ടുപോത്ത്. മറ്റെല്ലാ കാഴ്ചകളും പകര്‍ത്തിയപോലെ അവന്‍ അതും പകര്‍ത്തി.
മസിനഗുഡി... റിസോര്‍ട്ട്... രാത്രി... പുലര്‍ച്ചെ...
പുറപ്പെടുമ്പോള്‍ അമ്മ പറഞ്ഞു... ‘മോനു മുന്നിലിരുന്നോളൂ... തണുപ്പും ചീവീടിന്റെ ശബ്ദവുമൊക്കെ കാരണം അമ്മയ്ക്കുറങ്ങാനേ പറ്റിയില്ല... ഞാനൊന്നു മയങ്ങട്ടെ...’
മുന്നിലിരുന്നു. സീറ്റ് ബെല്‍റ്റിട്ടു...kadha3

കയറി ഇരുന്നതും അമ്മ സീറ്റില്‍ ചാരിക്കിടന്നു. ഇനി അഛയോട് വര്‍ത്തമാനം പറയുക മാത്രമാണ് ചെയ്യാനുള്ളത്. ഇല്ലെങ്കില്‍ യാത്ര ബോറാവും...
കണ്ടതൊക്കെ വള്ളിപുള്ളി വിടാതെ പറഞ്ഞുകൊണ്ടിരുന്നു...
അഛയുടെ മറുപടികള്‍ കേട്ട് കേട്ട് തോന്നിയ സംശയവും പൊടുന്നനെ മനു ചോദിച്ചു...
“അഛ ഡ്രൈവിംഗില്‍ ശ്രദ്ധിക്കുന്നില്ലേ... ബീ കേര്‍ഫുള്‍...’
അമ്മ ചിരിച്ചു...
പെട്ടെന്നാണ് രണ്ട് മാന്‍കുട്ടികള്‍ റോഡിലേക്ക് കയറിയതും അഛ ബ്രേക്കിട്ടതും തൊട്ട് പിന്നിലുണ്ടായിരുന്ന ലോറി വന്നിടിച്ച് കാര്‍ മറിഞ്ഞതും... ഉരുണ്ടുരുണ്ട് ഒരു വലിയ മരത്തില്‍ തട്ടി കാര്‍ തിന്നു. ഓര്‍മയുടെ വാതിലുകള്‍ സാവധാനം അടഞ്ഞുപോയി...
ആശുപത്രിയില്‍ ബോധത്തിന്റെ നേര്‍ത്ത വെളിച്ചത്തിലേക്കുണരുമ്പോഴേ കണ്ടു. അഛയുടെ തലയില്‍ കെട്ട്... കൈ പ്ളാസ്ററില്‍ പൊതിഞ്ഞിരിക്കുന്നു...
സീറ്റ് ബെല്‍റ്റിട്ടതുകൊണ്ടാണ് രണ്ടുപേരും ജീവിച്ചിരിക്കുന്നതെന്ന് മലയാളിയായ നഴ്സ് പറയുന്നതു കേട്ടു... അപ്പോള്‍ അമ്മ...?
ഏറ്റവും സന്തോഷകരമായ ഒരവസ്ഥ എത്ര പെട്ടെന്നാണ് ഏറ്റവും വേദനാജനകമാകുന്നതെന്ന തിരിച്ചറിവിന്റെ ചൂടില്‍ പൊള്ളിപ്പോയ അവന്റെ കണ്ണുകള്‍ മോര്‍ച്ചറിയിലെ സ്റാന്‍ഡിലേക്ക് ഒന്നേ നോക്കിയുള്ളൂ... വീണ്ടും ബോധത്തിനുമേല്‍ ഇരുട്ടുവീണു തുടങ്ങിയതിനാല്‍ ഒരു നിലവിളി പുറത്തേക്കെടുക്കാനാവാതെ ബാക്കിയായി.

3

പ്രത്യേകിച്ച്ആവശ്യങ്ങളൊന്നുമില്ലാതിരുന്നതിനാലും ഉള്ളിലെ തികട്ടി വരുന്ന നിലവിളികളുടെ തള്ള ലാലും ഒച്ചിഴയുന്ന വേഗത്തിലായിരുന്നു നട ത്തം. ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. തന്നി ലേക്ക് തന്നെ കൂടുതല്‍ കൂടുതല്‍ ഉള്‍വലിഞ്ഞ് ഒരു യാന്ത്രികപ്രവര്‍ത്തനം പോലെ... അതു കൊണ്ട് തന്നെ തൊട്ടടുത്ത് ഓട്ടോറിക്ഷ നിന്നതും അനിരുദ്ധ് എന്ന സഹപാഠി ചാടിയിറങ്ങിയതും അവനറിഞ്ഞില്ല. അനിരുദ്ധ് മുന്നില്‍ കയറി കയ്യില്‍ കടന്നു പിടിച്ച്, ‘നീ എവിടെ പോകുന്നു’ എന്ന് ചോദിച്ചപ്പോള്‍ മനു അത്ഭുതപ്പെട്ടുപോയി...
ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മനു പറഞ്ഞു. ‘മുക്കൂട്ടത്ത് പോയി ഇരിക്കാമെന്ന് കരുതി... വീട്ടിലിരുന്നിട്ട് വല്ലാത്ത...
‘ഈ വെയിലത്ത് രണ്ടു മൂന്ന് കിലോമീറ്റര്‍ നടന്ന്... മനുവിന്റെ മുഖം കണ്ടപ്പോള്‍ അനിരുദ്ധ് നിര്‍ത്തി. ആന്റി വീട്ടിലില്ലേ?’
‘ഇല്ല... അവരൊരു കല്യാണത്തിനുപോയി. എന്നാല്‍ വാ... നീ ഇതുവരെ എന്റെ വീട്ടില്‍ വന്നിട്ടില്ലല്ലോ... കയറൂ...’
അവനോടൊപ്പം ഓട്ടോയില്‍ കയറുമ്പോള്‍ മനു വിചാരിച്ചു... അനിരുദ്ധ് എത്ര സന്തോഷ വാനാണ്... എത്ര ഉത്സാഹിയാണവന്‍... ക്ളാസ്സിലെ ഏറ്റവും മര്യാദക്കാരന്‍... എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നവന്‍... പഠനത്തില്‍ തന്നോടു മത്സരിക്കുന്നവന്‍... എന്നാല്‍ ഒരിക്കല്‍ പോലും അസൂയയോടെയുള്ള ഒരു വാക്കോ പെരുമാറ്റമോ തന്നോട് കാണിച്ചിട്ടില്ലാത്തവന്‍. അതു കൊണ്ടാണ് അവനുമായി കൂട്ടായത്... എന്നിട്ടും ഇപ്പോള്‍ അവനോടൊപ്പം ഓട്ടോയില്‍ അവന്റെ വീട്ടിലേക്കു പോകുമ്പോഴും തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല... ഒരു വഴിക്കു നടന്നു തുടങ്ങിയിട്ട് ഇടയ്ക്കൊന്നു വഴിമാറിയപോലെ ഒരു തോന്നല്‍ മാത്രം.
‘വീട്ടില്‍, സ്കൂള്‍ വിശേഷങ്ങള്‍ പറയുമ്പോള്‍ ഞാനെന്നും പറയാറുള്ളത് നിന്നെക്കുറിച്ചാ...’
അനിരുദ്ധ് സംസാരം തുടങ്ങി. ‘എന്നും അമ്മ പറയും നിന്നെ കൊണ്ടുചെല്ലാന്‍...’
‘എന്നിട്ട് നീയെന്താ ഒരിക്കല്‍പോലും എന്നെ വിളിക്കാതിരുന്നത്?’
‘അതുപിന്നെ...’ അനിരുദ്ധ് ഒന്നു പരുങ്ങി. എങ്കിലും പറഞ്ഞു തുടങ്ങി.
‘ഞങ്ങളുടേത് ചെറിയ വീടാ... രണ്ടു മുറിയും അടുക്കളയും ചെറിയൊരു ഹാളും... നിന്റെ വീടുമായി ഒത്തുനോക്കിയാല്‍ ഒന്നുമല്ല... ഒരുപക്ഷേ നീ കൂട്ട് വെട്ടിയാലോ എന്നും കരുതി... ബന്ധുക്കളുടെയൊക്കെ മക്കള്‍ ഇംഗ്ളീഷ് മീഡിയം സി ബി എസ് ഇ സ്കൂളില്‍ പഠിക്കുന്നതിന്റെ വാശിയിലാ അച്ഛന്‍ എന്നേയും നമ്മുടെ സ്കൂളില്‍ ചേര്‍ത്തത്. ശരിക്കും അച്ഛന്‍ ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്... ഫീസു കൊടുക്കാനും മറ്റു കളക്ഷനുമൊക്കെ വരുമ്പോള്‍... എന്നാല്‍ അതൊന്നും ആരോടും പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യില്ല... അച്ഛന് സന്തോഷം നല്‍കുന്ന റിസല്‍റ്റ് കൊടുക്കുക എന്നതു മാത്രമാണ് എന്റെ ആഗ്രഹം... ഒന്നാം സ്ഥാനത്ത് നീയും രണ്ടാം സ്ഥാനത്ത് ഞാനുമാണല്ലോ നമ്മുടെ ക്ളാസില്‍... അമ്മയും പറയും ഒന്നാംസ്ഥാനക്കാരനെ കാണണമെന്ന്...’ സംസാരത്തെ മുറിച്ചുകൊണ്ട് ഓട്ടോ വീടിനു മുന്നില്‍ നിന്നു. ഇറങ്ങിയശേഷം അനിരുദ്ധ് തന്നെ വീട്ടിലേക്കായി വാങ്ങി സാധനങ്ങള്‍ ഓട്ടോയില്‍ നിന്നിറക്കി വരാന്തയില്‍വെച്ചു. കൂലി വാങ്ങി ഓട്ടോ തിരിച്ചതും അനിരുദ്ധ് വിളിച്ചുകൂവി... ‘അമ്മേ, വിരുന്നുകാരനുണ്ട്...’
അനിരുദ്ധ് പറഞ്ഞതുപോലെതന്നെ ചെറിയൊരു വീടായിരുന്നു അത്... നല്ല വൃത്തിയും ഭംഗിയുമുള്ള വീട്... മുറ്റമായി ഒഴിച്ചിട്ടിരിക്കുന്ന അല്പം സ്ഥലം... ബാക്കി പൂന്തോട്ടവും കൃഷിയും... പലതരം പൂക്കള്‍ വിരിഞ്ഞു തലയാട്ടി നില്‍ക്കുന്നു. മൂന്നുനാലു പൂമ്പാറ്റകള്‍ പൂക്കളില്‍ മാറിമാറി ഇരിക്കുന്നുണ്ട്... കുലച്ചതും കുലയ്ക്കാറായതുമായ വാഴകള്‍... കൊച്ചുപന്തലില്‍ പാവയ്ക്ക തൂങ്ങിയാടുന്നു... കപ്പയും കാച്ചിലും ചേമ്പും... മനു അവയൊക്കെയും കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കെ വാതില്‍ തുറന്ന് അമ്മ വന്നു...
‘ഇതാണമ്മേ മനു...’ അനിരുദ്ധ് പരിചയപ്പെ ടുത്തി. അവര്‍ അടുത്തു ചെന്ന് തന്നെത്തന്നെ നോക്കി നില്‍ക്കുന്ന മനുവിനെ ചേര്‍ത്തു നിര്‍ത്തി. അവരെന്തോ കഠിനമായ ജോലി ചെയ്യുകയായിരുന്നെന്ന് മനുവിന് തോന്നി. കൈയിലും സാരിയിലും നനവുണ്ടായിരുന്നു. വിയര്‍പ്പിന്റെ ഗന്ധവും... അതൊന്നും പക്ഷേ മനുവിനെ ബാധിച്ചതേയില്ല. അവന്‍ അവരോട് ചേര്‍ന്ന് നിന്നു ഏറെനേരം... മനസ്സി ലെവിടെയോ നേര്‍ ത്തൊരു നീരൊഴുക്ക് കുളിര്‍മയോടെ ഒഴുകിത്തുടങ്ങി.
‘മോന്റെ കാര്യം ഇവനെപ്പോഴും പറയും... പക്ഷേ വിളി ക്കില്ല... ചെറിയ വീടാ യതിന്റെ കുറച്ചിലാ ‘എന്റെ കുട്ടിക്ക്’... അവര്‍ അനിരുദ്ധിനെ കളിയാക്കി...
‘വലിയ വീടുണ്ടായിട്ട് എന്താ കാര്യം?’ എന്ന വളരെ നിര്‍വികാരമായ വാചകം അന്നേരം മനുവില്‍ നിന്നും ഉതിര്‍ന്നു വീണു... ‘അങ്ങനെ യൊക്കെ ചിന്തിക്കേണ്ട പ്രായമായില്ലല്ലോ മക്കളേ’യെന്ന് തമാശ പറഞ്ഞ് അവരെ അകത്തേക്ക് വിളിച്ച് അമ്മ അടുക്കളയിലേക്ക് ഓടി. ടി വി ഒഴികെ തന്റെ വീട്ടിലുള്ള ഒരുപകരണവും അവിടെയില്ലെന്ന് ഞൊടിയിടയില്‍ അവനറി ഞ്ഞു... അതുകൊണ്ട് തന്നെ ധാരാളം സ്ഥ ലമുണ്ട് വീട്ടില്‍...
‘രണ്ടുപേരും എന്തെങ്കിലും പറഞ്ഞോ കളിച്ചോ സമയം കളയൂ... വൈകുന്നേരമേ മനൂനെ വിടുള്ളൂട്ടോ...’ അടുക്കള യില്‍ നിന്നും തണുത്ത മോരുമായി വന്ന് അമ്മ പറഞ്ഞു... ‘ങാ പിന്നേ, കളിക്കാന്‍ ചിന്നൂനെക്കൂടി കൂട്ടണേ... നീ സാധനം വാങ്ങാന്‍ പോയപ്പോള്‍ മുതല്‍ കൂട്ടില്ലാത്തതിന് പെണങ്ങിയിരിക്ക്വാ അവള്...’അപ്പോഴാണ് വാതില്‍ മറവില്‍ രണ്ട് കുഞ്ഞിക്കണ്ണുകള്‍ തന്നെത്തന്നെ നോക്കുന്നത് മനു കണ്ടത്...
‘വാ...’ അവന്‍ വിളിച്ചു.
അവള്‍ നാണിച്ചു നാണിച്ച് അടുത്തെത്തി... മനുവിനെ തൊട്ടു... പിന്നെ ഒട്ടും നാണിക്കാതെ ചോദിച്ചു... ‘ചേട്ടന്റെ വീട്ടില്‍ ആരൊക്കെയുണ്ട്...?’
‘ഞാനും അഛയും... പിന്നെ ജോലിക്കാരി ആന്റിയും...’
അമ്മയില്ലേ...? ‘ഇല്ല...’ ആ ഒരു വാക്കില്‍ മനുവിന്റെ ശബ്ദം ഇടറിപ്പോയി.’

4

മനു വാച്ചില്‍ നോക്കി. മണി അഞ്ചര... ആറരയാ കുമ്പോഴേക്കും അഛ എത്തും... അതിനുമുമ്പ് വീട്ടിലെത്തണം... എത്ര വേഗമാണ് സമയം ഓടി പ്പോയത്... ഇത്രയും വേഗത്തില്‍ അടുത്തൊന്നും വൈകുന്നേരമായിട്ടില്ലെന്ന് അവനുറപ്പായിരുന്നു... ഏതാനും മണിക്കൂറുകള്‍ കടന്നുപോ യത് നിമിഷങ്ങള്‍ക്കകം... അതിനി ടയില്‍ എന്തൊക്കെ സംഭവിച്ചു...?
ടി വി കണ്ടത് അല്പനേരം മാത്രം... ചിന്നു വിന്റെ കൈപിടിച്ച് ആ കൊച്ചുപറമ്പിലെ ചെടികള്‍ക്കും മരങ്ങള്‍ക്കുമിടയിലൂടെ നടന്നു... പൂത്തതും കായ്ച്ചതും നോക്കി നിന്നു... ഇളംകാറ്റില്‍ പൊഴിഞ്ഞു വീണ മാമ്പഴം കടിച്ചുകടിച്ചു തിന്നു. അണ്ണാറക്കണ്ണന്റെ ചിലമ്പല്‍ കേട്ടു... കുഞ്ഞുങ്ങളോടൊപ്പം കൊത്തിപ്പെറുക്കി നടക്കുന്ന കോഴിക്കൂട്ടത്തെ കണ്ടു... പിന്നാലെ നടന്നു... കൃഷിയും കോഴിയുമൊക്കെ അമ്മയുടേതാണെന്ന് ഇടയ്ക്കെപ്പൊഴോ അനിരുദ്ധ് ഓര്‍മിപ്പിച്ചു... അതിനിടയില്‍ ഭക്ഷണം കഴിച്ചു... കുത്തരിച്ചോറും മൂന്നാല് കറികളും... കറികളുടെ ഭിന്നരുചിയോ ഇലയിലെ ഊണോ ആയിരുന്നില്ല മനുവിന്റെ കണ്ണു നിറച്ചത്...അനിരുദ്ധിന്റെ അമ്മ kadha4ഒപ്പമിരുന്ന് ഓരോന്നോരോന്നായി വിളമ്പിത്തീറ്റിക്കുകയായിരുന്നു... കുഞ്ഞായിരിക്കെ അമ്മ അമ്പിളി മാമനെ കാണിച്ച് ചോറുരുള തരാറുള്ളത് അത്രയൊന്നും മങ്ങാത്ത ഓര്‍മയാണ്.

നല്ലപോലെ കഴിക്കണം... നന്നായി ഭക്ഷണം കഴിച്ചാലേ വളരുമ്പോള്‍ ആരോഗ്യമുണ്ടാകൂ... തിന്നുതിന്ന് വയറു നിറഞ്ഞിട്ടും സമ്മതിക്കാതെ ഒരമ്മ... അമ്മതന്നെ കൃഷി ചെയ്തുണ്ടാക്കിയ പഴങ്ങള്‍ പിന്നാലെ...
ഇത്രയും സന്തോഷത്തോടെ നടന്നിട്ട്... ഇത്രയും സന്തോഷത്തോടെ ഭക്ഷണം കഴിച്ചിട്ട് ഇത്രയും സന്തോഷത്തോടെ കളിച്ചിട്ട്... എത്ര നാളായി...
നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ തുടച്ച് അവന്‍ അനിരുദ്ധിനോട് പറഞ്ഞു... ഞാന്‍ പോട്ടെ... അഛ വരാന്‍ സമയമായി...
‘റോഡ് വരെ ഞാനും വരാം... ഓട്ടോയില്‍ കയറ്റി വിടാം.. നടക്കണ്ട.’
അമ്മയും ചിന്നുവുമെത്തി.
ചിന്നുവിന്റെ മുഖം വാടി... പുതിയ ചേട്ടനെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ അവള്‍ ക്കേറെ ഇഷ്ടമായിരുന്നു... ‘ഇനിയെന്നാ ചേട്ടന്‍ വരിക...?’
‘വരാം...’ എന്നു മാത്രം പറഞ്ഞ് അവന്‍ കൂട്ടുകാരന്റെ അമ്മയെ നോക്കി.
അവര്‍ ഒരിക്കല്‍ക്കൂടി അവനെ തന്നോട് ചേര്‍ത്തുനിര്‍ത്തി തലമുടിയിലൂടെ വിരലോടിച്ച് പറ ഞ്ഞു. ‘എപ്പൊ വേണംച്ചാലും കുട്ടി ഇങ്ങോട്ട് പോന്നോളൂ... മടി വിചാരിക്കുകയേ വേ ണ്ട...’
‘ഉം...’ അവന്‍ തല യാട്ടി.
രണ്ടുപേരും ഇറങ്ങി നടന്നു.
ചിന്നുവും അമ്മ യും കൈ വീശി അകത്തേക്ക് പോയി.
ഗേറ്റു കടന്ന് നടവഴിയിലെത്തിയതും മനു നിന്നു.
‘അനിരു ദ്ധ്, ചോദി ച്ചാല്‍ നീ പി ണങ്ങ്വോ?’
മടിച്ചു മടിച്ചു മനു ചോദിച്ചു.
‘എന്താ... നീ എന്ത് ചോദിച്ചാലും ഞാന്‍ പിണങ്ങില്ല... ചോദിക്ക്...’
മടിച്ചു മടിച്ചാണ് മനു ചോദിച്ചത്...
‘നിന്റെ അമ്മയെ ഞാനും അമ്മേയെ ന്ന് വിളിച്ചോട്ടെ... ഒരു പ്രാവശ്യ മെങ്കിലും?’
ഒട്ടും പ്രതീക്ഷിക്കാത്ത ആ ചോദ്യത്തിനു
മുന്നില്‍ അനിരുദ്ധ് സ്തബ്ധനായി ഒരു നിമിഷം... അടുത്ത നിമിഷം അവന്റെ കണ്ണു നിറഞ്ഞു. മനുവിന്റെ കൈ പിടിച്ച് അനിരുദ്ധ് തിരിച്ച് വീട്ടിലേക്കു തന്നെ നടന്നു.
കുട്ടികള്‍ രണ്ടുപേരും തിരിച്ചു വരുന്നതു കണ്ട് ചെടികള്‍ക്കിടയില്‍ നിന്നും മണ്ണു പുരണ്ട കൈയോടെ എഴുന്നേറ്റ് മുറ്റത്തേക്ക് കയറി ആധിയോടെ അമ്മ ചോദിച്ചു... ‘എന്താ മക്കളേ...’
‘അടുത്തെത്തിയതും അനിരുദ്ധ് മനുവിനോട് പറഞ്ഞു...’ വിളിച്ചോ... നാലു വര്‍ഷത്തോളമായി ഉച്ചരിക്കാത്ത ഒരു വാക്ക് അവന്റെ തൊണ്ടയില്‍ കുരുങ്ങി പുറത്തുവരാനാവാതെ ശ്വാസം മുട്ടി... അനിരുദ്ധും അമ്മയും ചിന്നുവും ക്ഷമയോടെ അവനെത്തന്നെ ഉറ്റു നോക്കിനില്‍ക്കെ ഒരു നിലവിളിപോലെ ആ വാക്ക് പുറത്തേക്ക് തെറിച്ചു... ‘അമ്മേ...’kadha5

അനിരുദ്ധിന്റെ അമ്മയ്ക്ക് അപ്പോഴാണ് മനസ്സിലായത് തന്റെ മുന്നിലെ കുട്ടി വിമ്മിട്ടപ്പെട്ട് നില്‍ക്കുന്നത് എന്തിനെന്ന്...
കയ്യിലെ മണ്ണിനെക്കുറിച്ചോര്‍ത്തില്ല... ഇടവും വലവും നില്‍ക്കുന്ന സ്വന്തം കുഞ്ഞുങ്ങളെയും മറന്നുപോയി നിമിഷനേരത്തേക്ക്...
മനുവിനെ കെട്ടിപ്പിടിച്ച് നെറ്റിയിലും കവി ളിലും മാറി മാറി ഉമ്മവെയ്ക്കുമ്പോള്‍ അമ്മ പുലമ്പിക്കൊണ്ടേയിരുന്നു... ‘നിന്റമ്മ മരിച്ചിട്ടില്ല... മരിച്ചിട്ടില്ല... ഞാനാ നിന്റെ അമ്മ...’
‘അമ്മയെ ഗാഢം പുണര്‍ന്ന് കൊതി തീരെ അമ്മേ’യെന്ന് വിളിക്കുമ്പോള്‍ മനുവിന്റെ അഛ അവനു സമ്മാനിക്കാനായി വാങ്ങിയ സൈക്കി ളിന്റെ ബില്‍ പേ ചെയ്യുകയായിരുന്നു.

 

 

 

ശ്രീധരന്‍ എന്‍ ബല്ല
വര: അരുണ ആലഞ്ചേരി