KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ ആപ്പിള്‍ പെണ്‍കൊടി (ഇറ്റലി)
ആപ്പിള്‍ പെണ്‍കൊടി (ഇറ്റലി)

viswotharalogo

ഇറ്റലിയിലെ ഒരു ചെറിയ നാട്ടുരാജ്യത്ത് ഒരു രാജാവും രാജ്ഞിയുമുണ്ടായിരുന്നു. മറ്റെല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്കു മക്കളില്ലായിരുന്നു. കുട്ടികളില്ലാത്തതില്‍ ഇരുവര്‍ക്കുമുണ്ടായിരുന്നു സങ്കടം. പക്ഷേ രാജ്ഞിക്കായിരുന്നു ഏറെ ദു:ഖം .
ഒരു ദിവസം വൈകുന്നേരം അവര്‍ കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്നു വിശ്രമിക്കയായിരുന്നു. തൊട്ടപ്പുറത്ത് ഒരാപ്പിള്‍മരം കായ്ച്ചു നില്‍പ്പുണ്ടായിരുന്നു. മരം നിറയെ ചുമന്നു തുടുത്ത ആപ്പിള്‍പ്പഴങ്ങളങ്ങനെ പോക്കുവെയിലേറ്റു തിളങ്ങി നില്‍ക്കുന്നു.
ആ കാഴ്ച കണ്ട് രാജ്ഞിയുടെ മനസ്സിലെ സങ്കടം ഇരട്ടിച്ചു. “ഈ ആപ്പിള്‍ മരത്തില്‍ എത്രയോ പഴങ്ങള്‍! എനിക്കാണെങ്കില്‍ ഒരു കുഞ്ഞുപോലുമില്ല,” രാജ്ഞി നെടുവീര്‍പ്പിട്ടു.
ഏതാനും മാസങ്ങള്‍ക്കകം രാജ്ഞി ഗര്‍ഭിണിയായി. ഒരു കുഞ്ഞു പിറക്കാന്‍ പോകുന്നുവല്ലോ എന്നോര്‍ത്ത് ഇരുവരും വളരെ സന്തോഷിച്ചു. പ്രസവത്തിനുള്ള സമയമായി. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, കുട്ടി ആണായിരിക്കുമോ, പെണ്ണായിരിക്കുമോ? പലരും പല പ്രവചനങ്ങളും നടത്തി.
നിശ്ചിതസമയത്ത് റാണി പ്രസവിച്ചു. എന്തൊരത്ഭുതം! പിറന്നുവീണത് ആണ്‍കുട്ടിയുമല്ല പെണ്‍കുട്ടിയുമല്ല. തുടുതുടുത്ത ഒരാപ്പിള്‍ പഴം! റാണി നിരാശപ്പെട്ടില്ല. അത്യാകര്‍ഷകമായ ആ പഴത്തെ ഒരു സ്വര്‍ണത്തളികയിലാക്കി തങ്ങളുടെ കിടപ്പുമുറിയുടെ ജാലകപ്പടിമേല്‍ അവര്‍ പ്രതിഷ്ഠിച്ചു.
വെറുമൊരു ആപ്പിള്‍പഴമായി കരുതാതെ, പ്രിയസന്താനമെന്നോണം, രാജാവും രാജ്ഞിയും അതിനെ സ്നേഹിക്കുകയും ഓമനിക്കുകയും ചെയ്തു. സാധാരണ ആപ്പിളുകള്‍ക്കില്ലാത്ത തേജസ്സും മായികമായ കാന്തിയും ഇതില്‍ നിന്നും പ്രസരിക്കുന്നതായി അവര്‍ക്കനുഭവപ്പെട്ടു.
ഏതാനും നാളുകള്‍ കടന്നു പോയി. ഒരു ദിവസം രാവിലെ റാണി നോക്കുമ്പോഴുണ്ട്, ആപ്പിള്‍ പഴത്തില്‍ നിന്നും അതിസുന്ദരിയായൊരു പെണ്‍കുട്ടി ഇറങ്ങിവരുന്നു. സാധാരണ മനുഷ്യസ്ത്രീകളുടെ അതേ ഉയരവും ശരീരഘടനയും ഒക്കെയുള്ള ഒരതിമോഹിനി!
അവള്‍ നേരെ പോയത് കുളിമുറിയിലേക്കാണ്. കുളിത്തൊട്ടിലില്‍ നീരാടി വന്ന്, അവള്‍ സൂര്യന് അഭിമുഖമായി നിന്നു. എന്നിട്ട് തന്റെ ഇടതൂര്‍ന്നു തഴച്ച മുടി വിടര്‍ത്തി ഇട്ടു. പ്രഭാതസൂര്യനും ഇളംകാറ്റും ചേര്‍ന്ന് അവളുടെ ഉടലും മുടിയിഴകളും തോര്‍ത്തി ഉണക്കുംവരെ അവള്‍ അതേ നില്‍പ്പു തുടര്‍ന്നു.
‘ഹാ, അപ്പോള്‍ തങ്ങള്‍ ക്കു പിറന്നത് വെറുമൊരു ആപ്പിള്‍പഴമല്ല, ദേവതയെപ്പോലെ ഹൃദയഹാരിണിയായ ഒരു പെണ്‍കിടാവാണ്!’ രാജാവും റാണിയും മതിമറന്നാനന്ദിച്ചു. കുറേക്കഴിഞ്ഞ് പെണ്‍കുട്ടി, ആപ്പിള്‍പഴത്തിനുള്ളിലേക്കു മറഞ്ഞു പോയി. എല്ലാ ദിവസവും രാവിലെ ഇതു തന്നെ ആവര്‍ത്തിച്ചു. വളരെ കുറച്ചുസമയമേ ഉള്ളൂവെങ്കിലും അച്ഛനമ്മമാര്‍ പൊന്നോമനമകള്‍ പോയി മറയും വരെ, അവളെ കണ്‍കുളിര്‍ക്കെ കണ്ടു.
രാജാവിനെയും റാണിയെയും പോലെ മറ്റൊരാളും ഈ അസുലഭമായ ദൃശ്യം കണ്ട് ആനന്ദിക്കുന്നുണ്ടായിരുന്നു. കൊട്ടാരത്തിന്റെ എതിരേയുള്ള മാളികയില്‍ താമസിക്കാനെത്തിയ ഒരു രാജകുമാരനായിരുന്നു അയാള്‍.
രാജ്യകാര്യങ്ങള്‍ ക്കായി തന്റെ ദേശത്തു നിന്നും ഏതാനും ദിവസത്തേക്ക് ഇവിടെ എത്തിച്ചേര്‍ന്നതായിരുന്നു ആ കുമാരന്‍. ഒരു ദിവസം രാവിലെ അയാള്‍ നോക്കുമ്പോഴുണ്ട് എതിര്‍വശത്തെ മട്ടുപ്പാവില്‍ വെയിലില്‍ കുളിച്ചു നില്‍ക്കുന്നൂ മാലാഖയെപ്പോലൊരു സുന്ദരി!
പ്രഭാതസൂര്യന്റെ സ്വര്‍ണനിറമാര്‍ന്ന രശ്മികള്‍ പതിച്ച് അവളുടെ ഉടല്‍ തിളങ്ങുന്നുണ്ടായിരുന്നു. ദേഹത്തു തങ്ങിനില്‍ക്കുന്ന ജലകണങ്ങള്‍ തോരും വരെ, അവള്‍ മട്ടുപ്പാവിലുണ്ടായിരുന്നു. പക്ഷേ, കണ്ടു കൊതിതീരും മുമ്പേ അവള്‍ എങ്ങോട്ടോ പോയമറയുന്നുapple1
ആദ്യം കണ്ട നിമിഷം മുതല്‍ കുമാരന്‍ ആ പെണ്‍കിടാവിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. അവള്‍ മട്ടുപ്പാവില്‍ പ്രത്യക്ഷയാകുന്ന നേരം മുതല്‍ കുമാരന്‍ അവളെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കും. കുറച്ചുകഴിഞ്ഞ് ആ പെണ്‍കുട്ടി എങ്ങോട്ടോ മറഞ്ഞുപോവും. പിറ്റേന്നു രാവിലെയാണ്, വീണ്ടും പ്രത്യക്ഷപ്പെടുക.
അതുവരെ അയാളുടെ ഹൃദയം സങ്കടം കൊണ്ട് നുറുങ്ങും. കുമാരന് ആ പെണ്‍കിടാവിനെ കാണാതെ, ഒരു നിമിഷം പോലും ജീവിക്കാന്‍ വയ്യെന്ന അവസ്ഥയായി. ദിനംപ്രതി, അയാളുടെ വിരഹദു:ഖം ഏറി വന്നു.
തന്റെ ചുമതലകളും കര്‍ത്തവ്യങ്ങളും ഒക്കെ അയാള്‍ മറന്നുപോയി. സദാനേരവും അവളെക്കുറിച്ചു മാത്രമായി ആലോചന. ഒരു ദിവസം അവള്‍ മട്ടുപ്പാവില്‍ നിന്നും പിന്‍വാങ്ങിയ നേരത്ത് കുമാരന്‍ രാജാവിന്റെയും രാജ്ഞിയുടെയും അരമനയിലെത്തി.
അവരെ ബഹുമാനപൂര്‍വ്വം അഭിവാദനം ചെയ്ത് സ്വയം പരിചയപ്പെടുത്തിയശേഷം അയാള്‍ പറഞ്ഞു: “ഞാന്‍ നിങ്ങളുടെ മകളെ, ജീവനുതുല്യം സ്നേഹിക്കുന്നു. ദയവായി എനിക്കവളെ വിവാഹം ചെയ്തു തരിക!”
തങ്ങള്‍ ഏറെക്കാലം കാത്തിരുന്നു കൈവന്ന സൌഭാഗ്യമാണ് അവളെന്നും അവളെ പിരിഞ്ഞു തങ്ങള്‍ക്കു ജീവിക്കാനാവില്ലെന്നും ആ അച്ഛനമ്മമാര്‍ കുമാരനോടു പറഞ്ഞു: രാജകുമാരി വളരെ കുറച്ചുനേരമേ പുറത്തു വരാറുള്ളൂ, ബാക്കി സമയമൊക്കെയും ആപ്പിളിനുള്ളില്‍ മറഞ്ഞിരിക്കയാണ്, എന്നു കേട്ടിട്ടും പിന്മാറാന്‍ രാജകുമാരന്‍ തയ്യാറായില്ല.
ഒടുവില്‍ അയാളുടെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കു വഴങ്ങി അച്ഛനമ്മമാര്‍ സമ്മതം മൂളി. അമൂല്യമായ ആ ആപ്പിള്‍പ്പഴവും കൊണ്ട് രാജകുമാരന്‍ സ്വന്തം ദേശത്തേക്കു മടങ്ങി. അയാള്‍ അരമനയിലെത്തിയ ഉടന്‍ തന്നെ പോയത് സ്വന്തം മുറിയിലേക്കാണ്.
മറ്റാരുടെയും കണ്ണില്‍പ്പെടാതെ അയാള്‍ ആപ്പിള്‍പ്പഴം ഒരു സുവര്‍ണ്ണതാലത്തില്‍ വെച്ച്, ജാലകപ്പടിമേല്‍ ഭദ്രമായി പ്രതിഷ്ഠിച്ചു. എന്നിട്ട് രാജകുമാരിക്ക് അണിഞ്ഞൊരുങ്ങുവാന്‍ വേണ്ട എല്ലാ ചമയങ്ങളും അലങ്കാരങ്ങളും കുമാരന്‍ ചുറ്റിനും ഒരുക്കിവെച്ചു.
പ്രഭാതസൂര്യന്‍ ഉദിച്ചുയരവേ, അവള്‍ നീരാടുന്നതും സൂര്യരശ്മികളുടെ ചൂടേറ്റ് അവളുടെ ദേഹത്തെ ജലകണങ്ങള്‍ തോര്‍ന്നുണങ്ങുന്നതും കാറ്റും വെയില്‍നാളങ്ങളും ചേര്‍ന്ന് അവളുടെ കനത്ത മുടിയിഴകളെ തോര്‍ത്തി ഉണക്കുന്നതും രാജകുമാരന്‍ കൌതുകത്തോടെ നോക്കിയിരിക്കും.
അവള്‍ ഒരു വാക്കുപോലും ഉരിയാടാറില്ല, വേറൊരു പ്രവൃത്തിയും ചെയ്യാറില്ല, എന്നിട്ടും കുമാരന് അവളോടുള്ള സ്നേഹം അനുദിനം കൂടിക്കൂടി വന്നതേയുള്ളൂ. അവള്‍ ആപ്പിള്‍പഴത്തില്‍ നിന്നിറങ്ങി വരുന്നതു മുതല്‍ തിരികെ അതിനുള്ളിലേക്കു മടങ്ങപ്പോകുന്നതു വരെയുള്ള ഓരോ നിമിഷവും അയാള്‍ക്ക് ഉത്സവമായിരുന്നു.
രാജകുമാരന്റെ പെറ്റമ്മ, കുമാരന്‍ നന്നേ ചെറിയകുട്ടിയായിരിക്കുമ്പോള്‍ ത്തന്നെ മരണമടഞ്ഞി രുന്നു. ഇപ്പോഴത്തേത് രണ്ടാനമ്മയായിരുന്നു. സ്നേ ഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു കര്‍ക്കശക്കാരി. യാത്ര പോയി വന്ന ശേഷം കുമാരനില്‍ സംഭവിച്ച മാറ്റം അവരെ അത്ഭുതപ്പെടുത്തി. ഏറെ നേരം മുറിയടച്ച് കുമാരന്‍ ഒറ്റയ്ക്കിരിക്കുന്നതും അവരെ സംശയാലുവാക്കി. “അതിന്റെ പിന്നി ലെ രഹസ്യമെന്തായാലും ഞാന്‍ അതുടനെ കണ്ടുപിടിക്കും,” അവര്‍ നിശ്ചയിച്ചുറപ്പിച്ചു.
പെട്ടെന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കുമാരന്റെ രാജ്യവും അയല്‍രാജ്യവും തമ്മിലായിരുന്നു പോരാട്ടം. രാജകുമാരന് അടിയന്തിരമായി, യുദ്ധമുന്നണിയിലേക്കു പോകേണ്ടി വന്നു. തന്റെ ആപ്പിള്‍ പ്രണയഭാജനത്തെ പിരിയുവാന്‍ കുമാരന് അശേഷം താത്പര്യമുണ്ടായിരുന്നില്ല.
എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയെക്കരുതി പോകാതിരിക്കാനും ആവില്ലല്ലോ? രാജകുമാരന്‍ വല്ലാത്ത ധര്‍മ്മസങ്കടത്തിലായി. പോര്‍ക്കളത്തിലേക്കു തിരിക്കുന്നതിന്റെ തലേന്ന് അദ്ദേഹം തന്റെ ഏറ്റവും വിശ്വസ്തനായ സേവകനെ അടുത്തു വിളിച്ച് തന്റെ രഹസ്യം വെളിപ്പെടുത്തിയിട്ടു പറഞ്ഞു: “എന്റെ മുറിയുടെ താക്കോല്‍ ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു. ആരും ആ മുറിയില്‍ കടക്കാതിരിക്കാന്‍ നീ പ്രത്യേകം ശ്രദ്ധിക്കണം. എന്റെ പ്രിയതമയുടെ അടുത്ത് ശുദ്ധജലവും മുടിചീകാനുള്ള ചീപ്പും കരുതി വെക്കാന്‍ മറക്കരുത്. അവളുടെ ഒരു കാര്യത്തിനും കുറവുണ്ടാവരുത്. എന്റെ അഭാവത്തില്‍ അവളുടെ ഒരു മുടിനാരിനെങ്കിലും കേടു വന്നാല്‍ നിനക്കു ലഭിക്കാന്‍ പോകുന്ന ശിക്ഷ ഭയങ്കരമായിരിക്കും!”
“കുമാരാ, അങ്ങ് ഒന്നു കൊണ്ടും ഭയപ്പെടേണ്ട. രാജകുമാരിയെ ഞാന്‍ എന്നാലാവുംവിധം സുരക്ഷിതമായി കാത്തു പരിപാലിച്ചു കൊള്ളാം,” സേവകന്‍ ഉറപ്പു നല്‍കി.
രാജകുമാരന്‍ കൊട്ടാരം വിട്ടു യാത്രയായപ്പോള്‍ മുതല്‍ രണ്ടാനമ്മ ഓരോരോ കൌശലങ്ങള്‍ ആസൂത്രണം ചെയ്തു തുടങ്ങി. എങ്ങനെയും ആ മുറിയില്‍ കടന്ന് കുമാരന്റെ രഹസ്യം കണ്ടെത്തുകയായിരുന്നു ആയമ്മയുടെ ലക്ഷ്യം.
അവര്‍ ആദ്യം ചെയ്തത് ഭൃത്യന്റെ വീഞ്ഞില്‍ മയക്കുമരുന്നു കലര്‍ത്തുകയാണ്. അതിന്റെ ലഹരി തലയ്ക്കുപിടിച്ച് അവന്‍ ഗാഢനിദ്രയിലാണ്ടു. ആ തക്കം നോക്കി രണ്ടാനമ്മ താക്കോല്‍ കൈക്കലാക്കി. കുമാരന്റെ മുറി തുറന്നു.
അതിനുള്ളിലൊക്കെ പരതിയിട്ടും സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായില്ല. അവസാനമാണ്, സ്വര്‍ണത്തളികയില്‍ സൂക്ഷിച്ച ആപ്പിള്‍പ്പഴം കണ്ണില്‍പ്പെട്ടത്. അതിന്റെ ഉജ്ജ്വലമായ ശോഭ, അവരില്‍ സന്ദേഹം ജനിപ്പിച്ചു.
ഈ ആപ്പിളും ആസ്വദിച്ചു കൊണ്ടാവും രാജകുമാരന്‍ കതകും പൂട്ടി അകത്തിരിക്കുന്നതെന്ന് അവര്‍ ഊഹിച്ചു. അരിശം മൂത്ത ആ ദുഷ്ടസ്ത്രീ, കൈയില്‍ സദാ കൊണ്ടുനടക്കുന്ന കഠാര കൊണ്ട് ആപ്പിള്‍ മുറിക്കാന്‍ ശ്രമിച്ചു.
apple2
കഠാര തൊടേണ്ട താമസം ആപ്പിള്‍പ്പഴത്തില്‍ നിന്നും ചോര ഒഴുകാന്‍ തുടങ്ങി. മൂന്നോ നാലോ തവണത്തെ വിഫലശ്രമത്തിനു ശേഷം അവര്‍ കത്തിയും കൊണ്ട് വേഗം സ്ഥലം വിട്ടു.

ഭൃത്യന്‍ അപ്പോഴും ഉറക്കമായിരുന്നു. മുറിയുടെ താക്കോല്‍ പഴയപടി, അവന്റെ കീശയില്‍ നിക്ഷേപിച്ച ശേഷം ഒന്നും അറിയാത്തമട്ടില്‍ അവര്‍ തന്റെ അന്തപ്പു:രത്തിലേക്കു മടങ്ങി.
മയക്കുമരുന്നിന്റെ ലഹരി വിട്ടപ്പോള്‍ ഭൃത്യന്‍ രാജകുമാരിയുടെ അടുത്തേക്കു തിടുക്കപ്പെട്ടു ചെന്നു. മുറി തുറന്നതും അയാള്‍ സ്തബ്ധനായങ്ങനെ നിന്നുപോയി. മുറിമുഴുവന്‍ നദിപോലെ രക്തപ്രവാഹം. “ഓ ദൈവമേ! ഞാനിനി എന്തു ചെയ്യും? കുമാരനോട് എന്തു പറയും?” ആ പാവം ഭൃത്യന്‍ പേടിച്ചരണ്ട് തലയ്ക്കു കൈയും കൊടു ത്തങ്ങനെ അനക്കമറ്റ് ഇരുന്നുപോയി.
ഭൃത്യന്റെ വകയിലുള്ള ഒരമ്മായിക്ക് മന്ത്രതന്ത്രങ്ങള്‍ വശമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞ ആ അമ്മായി അവന്റെ കൈവശം രണ്ടുതരം മാന്ത്രികപ്പൊടികള്‍ ഏല്‍പ്പിച്ചു.
ആദ്യത്തേത് രാജകുമാരിയ്ക്ക് ഏറ്റ മുറിവുകള്‍ കരിയാനും, രണ്ടാമത്തേത് മാന്ത്രികബന്ധനത്തില്‍ നിന്നും അവളെ രക്ഷപ്പെടുത്താനും! ഭൃത്യന്‍ ആദ്യത്തെ പൊതിയഴിച്ച് ആപ്പിളിന്മേല്‍ ആ മാന്ത്രികപ്പൊടി വിതറി. അതാ കരിഞ്ഞു തുടങ്ങിയ മുറിവുകളുമായി ആപ്പിളിനെ നടുവേ പിളര്‍ത്തിക്കൊണ്ടു പുറത്തുവരുന്നൂ, അതിമനോഹരിയായ ഒരു രാജകുമാരി!
രണ്ടാമത്തെ പൊതി തുറന്ന് ഭസ്മം വിതറിയപ്പോള്‍ രാജകുമാരിയെ ആപ്പിളിനുള്ളില്‍ തളച്ചിട്ട മാന്ത്രികബന്ധനം വിട്ടുപോയി. ആ സമയത്തായിരുന്നു യുദ്ധം അവസാനിപ്പിച്ച് കുമാരന്‍ കൊട്ടാരത്തില്‍ മടങ്ങി എത്തിയത്.
ഉടലാകെ മുറിപ്പാടുകളും ക്ഷതങ്ങളുമായി നില്‍ക്കുന്ന രാജകുമാരിയെ കണ്ടപ്പോള്‍ രാജകുമാരനു സങ്കടം സഹിക്കവയ്യാതായി. പെട്ടെന്ന് കുമാരി സംസാരിച്ചു തുടങ്ങി.
തമ്മില്‍ കണ്ടുമുട്ടിയതില്‍പ്പിന്നെ ആദ്യമായിട്ടായിരുന്നു അവള്‍ എന്തെങ്കിലുമൊന്ന് ഉരിയാടുന്നത്. “അങ്ങു വിശ്വസിക്കുമോ, അങ്ങയുടെ രണ്ടാനമ്മ എന്നെ കുത്തി മുറിവേല്‍പ്പിച്ചു. ഈ നില്‍ക്കുന്ന ഭൃത്യനാണ് എന്നെ ശുശ്രൂഷിച്ച് മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
എനിക്കിന്ന് പതിനെട്ടു വയസ്സു തികഞ്ഞു. ഇന്നാണ് ഇത്രയും കാലം എന്നെ ആവേശിച്ചിരുന്ന മാന്ത്രികബന്ധനത്തില്‍ നിന്നും ഞാന്‍ പുറത്തു കടന്നത്. ഇന്നു മുതല്‍ ഞാന്‍ സ്വതന്ത്രയാണ്. അങ്ങേക്ക് എന്നെ, ഇഷ്ടമാണെങ്കില്‍ ഞാനങ്ങയുടെ വധുവാകാന്‍ ഒരുക്കമാണ്!”
രാജകുമാരന്‍ സസന്തോഷം സമ്മതം മൂളി. ഏറെ ആഹ്ളാദത്തോടെയും ഉല്ലാസത്തിമിര്‍പ്പോടെയും അവരുടെ വിവാഹം നടന്നു. തുടര്‍ന്ന് ഒരു ഗംഭീരസദ്യയും ഉണ്ടായിരുന്നു. എല്ലാവരും പങ്കെടുത്ത ആ കല്യാണത്തിന് രണ്ടാനമ്മയെ മാത്രം എങ്ങും കാണാനുണ്ടായിരുന്നില്ല. ആയമ്മ എവിടേയ്ക്ക് ഓടിപ്പോയ്ക്കളഞ്ഞോ എന്തോ!

റോസ് മേരി
വര: അരുണ ആലഞ്ചേരി