KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മുന്നുര ഇവ കാഴ്ചവസ്തുക്കളല്ല
ഇവ കാഴ്ചവസ്തുക്കളല്ല

munnura

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
ആനകളെപ്പറ്റിയുള്ള നിങ്ങളുടെ അല്ലല്‍ എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. അവയ് ക്കുവേണ്ടി നിങ്ങള്‍ക്ക് എന്തു ചെയ്യാനാവും എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു.
നിങ്ങള്‍ ഓരോരുത്തരും പഠിക്കുന്ന സ്കൂളിലെ ടീച്ചറിനോടും കൂട്ടുകാരോടും ഇക്കാര്യങ്ങള്‍ പറയുക. ആനയെപ്പറ്റി തളിരില്‍ പറഞ്ഞിരിക്കുന്ന പ്രശ്നങ്ങള്‍ അവരെയും മനസ്സിലാക്കിക്കുക. എന്നിട്ട് നിങ്ങളുടേതായ ഒരു കത്തു തയ്യാmun2റാക്കണം. നാട്ടാനകളെ കഷ്ടപ്പെടുത്തരുത്, അവയെ പരിപാലിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി ആലോചിക്കണം എന്നതായിരിക്കണം കത്തിന്റെ ഉള്ളടക്കം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നൂറുനൂറു കുട്ടികള്‍ ഒപ്പിട്ട കത്തുകള്‍ അയയ്ക്കുക.
ആനകളെ വെയിലത്തു നടത്തരുത്, അടിച്ചു നോവിക്കരുത്, മുള്ളാണികൊണ്ടു കുത്തരുത്. വയറു നിറച്ച് ആഹാരം കൊടുക്കണം. ആനയ്ക്കു ഒരുപാടുവെള്ളം കുടിക്കണം. പെരും വയറാണ് ആനയ്ക്ക്. അതറിഞ്ഞ് വേണ്ടുവോളം വെള്ളം കൊടുക്കേണ്ടതാണ്. കാലിലെ ചങ്ങലക്കെട്ടില്‍ പഴുപ്പുണ്ടാകാറുണ്ട്. അതു ശ്രദ്ധിക്കണം. ആഹാരം ശരിയാകാത്തതു കൊണ്ടും ഒരുപാട് മണിക്കൂറുകള്‍ ഒരേനിലയില്‍ എഴുന്നള്ളിച്ചു നിര്‍ത്തുന്നതുകൊണ്ടും പല ആനകള്‍ക്കും ‘എരണ്ടക്കെട്ട്’ എന്ന കുടല്‍രോഗം വരാറുണ്ട്. കൃത്യമായി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കണം.
ഏറ്റവും പ്രധാനം ഇതാണ്. ഈ വന്യമൃഗത്തെ ഇങ്ങനെ വിനോദത്തിനുവേണ്ടി പാടുപെടുത്താന്‍ മനുഷ്യന് അധികാരമില്ല. ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിന് ആന വേണമെന്ന് ഹിന്ദുമതം പറയുന്നില്ല. എല്ലാം നാം തോന്നുന്നപോലെ ചെയ്യുകയാണ്. ഇതായിരിക്കണം കത്തിന്റെ ഉള്ളടക്കം.ആനയെ കഷ്ടപ്പെടുത്തരുത് എന്ന് നിര്‍ബന്ധമായി കുട്ടികള്‍ ഭരണാധികൃതരോട് ആവശ്യപ്പെടണം. തല്ക്കാലം അത്രയും ചെയ്യാം.
ഇനി മൃഗശാലകളെപ്പറ്റിപ്പറയാം. വാസ്തവത്തില്‍ മൃഗശാലകളോട് എനിക്ക് എതിര്‍പ്പുണ്ട്. കാട്ടില്‍ സ്വതന്ത്രരായി വിഹരിക്കുന്ന
മൃഗങ്ങളെ കൂട്ടിലടച്ചു നമുക്ക് കാണാന്‍ വേണ്ടി സൂക്ഷിക്കുന്നത് അവയോടു ചെയ്യുന്ന ദ്രോഹമാണ്. ആനകളോട് ചെയ്യുന്നതുപോലെ തന്നെയാണിത്. ഏതെങ്കിലും അന്യഗ്രഹത്തിലേയ്ക്കു നിങ്ങളെ പിടിച്ചുകൊണ്ടുപോയി കൂട്ടിലടച്ച് പ്രദര്‍ശിപ്പിച്ചാല്‍ നിങ്ങള്‍ക്ക് എന്തു തോന്നും?

കടുവയ്ക്കും സിംഹത്തിനും മാനിനും മ്ളാവിനും കരടിക്കും കുരങ്ങിനുമൊക്കെ ജീവിക്കുവാന്‍ വിശാലമായ ഭൂപ്രദേശങ്ങള്‍, കാടുകള്‍ ആവശ്യമുണ്ട്. അവയെ കമ്പിയഴികള്‍ക്കുള്ളില്‍ തളച്ചിടുന്നത് ദ്രോഹമാണ്. ഇപ്പോള്‍ ഉള്ള മൃഗങ്ങളെ കാടുകളിലേയ്ക്കു തിരിച്ചുവിടാന്‍ സാധ്യമല്ല. അവ വനവാസത്തിനു കഴിവുള്ളവരല്ലാതായിക്കഴിഞ്ഞു. അതിനാല്‍ അവയ്ക്ക് ഉചിതമായ വാസസ്ഥലം ഒരുക്കിക്കൊടുക്കണം. ധാരാളം മരങ്ങളും തണലും വെള്ളവും പുല്ലും കുന്നുകളും ചരിവുകളുമുള്ള സ്ഥലങ്ങളില്‍ വേണം അവയെ പാര്‍പ്പിക്കുവാന്‍.
പക്ഷികളെ കൂട്ടിലടച്ചു കാഴ്ചവസ്തുക്കളാക്കുന്നതാണ് ഇതിലും സങ്കടകരം. അനന്തമായ ആകാശമാണ് അവരുടെ വിഹാരരംഗം. കടലുകടന്ന് ആയിരമായിരം മൈലുകള്‍ താണ്ടിയെത്തുന്ന ദേശാടനപ്പക്ഷികളെപ്പറ്റി നാം കഴിഞ്ഞ ഒരു ലക്കം തളിരില്‍ വായിച്ചിരുന്നല്ലോ.
മനുഷ്യനാണ് എല്ലാറ്റിനും അധികാരിയെന്നും എല്ലാമെല്ലാം അവന്റെ തീറ്റിക്കും വിനോദത്തിനും ആര്‍ഭാടത്തിനും വേണ്ടിയുള്ളതാണെന്നും അവന്‍ വിശ്വസിക്കുന്നു. അതാണ് ഈ ദ്രോഹങ്ങളുടെയെല്ലാം പിന്നിലുള്ള വിചാരം. നാം ഒരുപാടു സ്വാര്‍ത്ഥതയുള്ളവരാണ്.
അപ്പോള്‍ ഇവയെ കാണാന്‍ എന്തുവഴി എന്നു നിങ്ങള്‍ ചോദിക്കാം. അവരുടേതായ ആവാസ വ്യവസ്ഥയില്‍ അവരെ കണ്ടാല്‍ മതി എന്നുവയ്ക്കുക. ആ പാവങ്ങളെ വെറുതെ വിടുകയാണ് വേണ്ടത്. ഇതും എന്റെ അഭിപ്രായം. അഭിപ്രായവ്യത്യാസമുള്ളവര്‍ എഴുതുക.

സ്നേഹത്തോടെ,
സുഗതകുമാരി

 

വര: അരുണ ആലഞ്ചേരി