KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ആനപ്രേമികളോട് ഒരു ചോദ്യം. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ആനകളോട് ഇഷ്ടമുണ്ടോ?
ആനപ്രേമികളോട് ഒരു ചോദ്യം. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ആനകളോട് ഇഷ്ടമുണ്ടോ?

aanaആനക്യാമ്പെയ്ന്‍ തുടരുന്നു

 

വാര്‍ത്തകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ജീവിയാണ് ആന. ആനയിടഞ്ഞു, പാപ്പാനെ കുത്തിക്കൊന്നു, നാട്ടില്‍ ഭീതി പരത്തി, വാഹനങ്ങള്‍ തകര്‍ത്തു തുടങ്ങിയ തലക്കെട്ടുകള്‍ പത്രത്താളുകളില്‍ ചിത്രമടക്കം വരുന്നത് പതിവാകുന്നു. ടി വി ചാനലുകളിലും ഈ ക്രൂരകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ പതിവാണ്. ഇതെല്ലാം കാണുമ്പോള്‍ ആനകളെ ശത്രുക്കളായി കാണാനാണ് എനിക്ക് തോന്നാറ്. എല്ലാറ്റിനേം വെടിവച്ചു aana2കൊല്ലണമെന്നുവരെ തോന്നിപ്പോകും. പക്ഷേ ആനകളുടെ ഉടമസ്ഥതയിലുള്ള പത്രവും ടീവിയുമുണ്ടായിരുന്നെങ്കിലോ? ഈ വാര്‍ത്തകള്‍ ഇങ്ങനെ ആകുമായിരുന്നോ? ആനകള്‍ക്കുവേണ്ടി വാദിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടെന്ന് ഈ ആനക്യാമ്പെയ്നിലൂടെ നമുക്ക് കാണിച്ചുകൊടുക്കണം. പൊരിവെയിലത്ത് ആനകള്‍ തിടമ്പേറ്റി നില്‍ക്കുന്നതുകണ്ട് എല്ലാവരും ആനന്ദിക്കുന്നു. എന്നാല്‍ ആനകളുടെ മനസ്സു കാണാന്‍ ഒരു ആനപ്രേമിയുമില്ല. ആനപ്രേമികളെന്ന് പറഞ്ഞു നടക്കുന്നവര്‍ പലരും ആനകളെ പീഡിപ്പിക്കാനാണു കൂട്ടുനില്‍ക്കുന്നത്. പാപ്പാന്‍മാര്‍ മദ്യപിച്ച് ആനകളെ ഉപദ്രവിക്കുന്നതും പതിവാണ്. സത്യത്തില്‍ സഹികെട്ടാണ് ആനകള്‍ അവരെ കുത്തിക്കൊല്ലുന്നതെന്ന് തോന്നുന്നു. കരയിലെ ഏറ്റവും വലിയ ജീവിയായിട്ടും ആനയുടെ ഈ അവസ്ഥ ഓര്‍ത്തിട്ട് സങ്കടം തോന്നുന്നു. ഇത്തിരിപ്പോന്ന മനുഷ്യന്റെ മുന്നില്‍ അനുസരണയോടെനിന്ന് തടി പിടിക്കുന്ന കരിവീരരെ അങ്ങനെ വിളിക്കുന്നത് ഉചിതമാണോ! എല്ലാം മനുഷ്യര്‍ തന്നെ കെട്ടിച്ചമയ്ക്കുന്നല്ലേ?

ഭൂമിയില്‍ ജീവിക്കാന്‍ എല്ലാ ജീവികള്‍ക്കും അവകാശമുണ്ടെന്ന് മനുഷ്യന്‍ മറക്കരുത്. ഈ പ്രകൃതി ആരുടെയും സ്വത്തല്ല. ആരും ആരുടെയും ഉടമസ്ഥരുമല്ല. അതുകൊണ്ട് ആനയെ വെറുതെവിടുക. അവ സ്വതന്ത്രരായി നടക്കുന്നത് കണ്ട് നമുക്ക് ആനന്ദിക്കാം. അതാണ് ഒരു യഥാര്‍ത്ഥ ആനപ്രേമി ചെയ്യേണ്ടത്. അല്ലാതെ ഉത്സവപ്പറമ്പുകളില്‍ ചെണ്ടകൊട്ടിയും ബഹളമുണ്ടാക്കിയും ആനകളെ ഭ്രാന്തുപിടിപ്പിക്കുന്നതിനും കൂപ്പുകളില്‍ പണിയെടുപ്പിച്ച് കഷ്ടപ്പെടത്തുന്നതിനും കൂട്ടുനില്‍ക്കുന്ന ആനപ്രേമികളാകരുത്.

 

രസിന്‍ രമേശ്,

എഴാം ക്ലാസ്  ,ഗവ. ഹൈസ്കൂള്‍ മാഞ്ഞൂര്‍, കോട്ടയം