KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ കാടോ കൂടോ ഏറെക്കൂറേതിനോട്
കാടോ കൂടോ ഏറെക്കൂറേതിനോട്

"നിങ്ങള്‍ ആദ്യം എന്നെ കാട്ടിലെ രാജാവാക്കി
എങ്കിലും അത് ഞാനറിഞ്ഞില്ല
പിന്നീട് നിങ്ങളെന്നെ കൂട്ടിലാക്കി
പക്ഷേ അതു ഞാനറിയുന്നു.."

 

മൃഗശാലകള്‍ ജന്തുജാലങ്ങളുടെ ജയിലായി മാറുകയാണോ?

മൃഗങ്ങള്‍ക്ക് സ്വന്തമായ ഒരു ആവാസവ്യവസ്ഥയുണ്ട്. ഓടാനും ചാടാനും ഇരപിടിക്കാനും ആവശ്യമായ വിസ്തൃതമായ ഒരു മൃഗപഥം.
മൃഗങ്ങളുടെ ആ മൌലികാവകശമാണ് മൃഗശാലകളില്‍ നഷ്ടമാകുന്നത്.
അനന്ത നീലാകാശപ്പരപ്പ് പക്ഷികള്‍ക്കും അങ്ങനെതന്നെ.

നിങ്ങള്‍ തിരുവനന്തപുരത്ത് വിനോദയാത്രയ്ക്കായോ മറ്റോ വന്നിട്ടുണ്ടോ?  എങ്കില്‍ മൃഗശാല സന്ദര്‍ശിക്കാതിരിന്നിട്ടുണ്ടാവില്ല. കുറേ ദിവസങ്ങളായി ഈ മൃഗശാല പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം തുടര്‍ച്ചയായ മരണങ്ങള്‍. സിംഹം, കടുവ, മാന്‍ തുടങ്ങിയ മൃഗങ്ങളും ചില പക്ഷികളുമാണ് മരണമടഞ്ഞത്. വലിയ വിലകൊടുത്ത് മൃഗശാല അധികൃതര്‍ വാങ്ങിയ പക്ഷികളാണിവ. വാങ്ങിയത് പക്ഷേ കൂട്ടിലടയ്ക്കാനും നമുക്കു കണ്ട് ആസ്വദിക്കുവാനും.  കൂടിനടുത്തു മരപ്പട്ടിയെ പോലുള്ള ചില ജീവകളെ കണ്ടു പേടിച്ച് പറക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടിലിടിച്ചു പരിക്കേറ്റാണ് പക്ഷി മരിച്ചതെന്നാണ് മൃഗശാല അധികൃതരുടെ വിശദീകരണം. zoo-mayil

ഇന്ത്യയിലെതന്നെ പഴക്കമേറിയ മൃഗശാലകളാണ് തൃശ്ശൂരിലെയും തിരുവനന്തപുരത്തെയും മൃഗശാലകള്‍. പക്ഷേ മൃഗങ്ങളെ സ്വതന്ത്രമായി വളര്‍ത്താന്‍ തക്കവണ്ണമുള്ള സൌകര്യങ്ങള്‍ ഈ രണ്ടു മൃഗശാലകളിലുമില്ല പ്രത്യേകിച്ചും തൃശ്ശൂരില്‍. ഇന്ത്യയിലെ പല മൃഗശാലകളിലും ഇങ്ങനെ  ജീവജാലങ്ങളുടെ അസ്വാഭാവികമരണങ്ങള്‍  പലപ്പോഴും സംഭവിക്കുന്നു.

ഇതെല്ലാം കേള്‍ക്കുമ്പോള്‍ അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്‍മകജെ’ എന്ന  നോവലിലെ ഒരു ഭാഗം ഓര്‍മ്മ വരികയാണ്.ഒരു കഥയുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ ഒരു മൃഗശാലയെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും ക്രൂരമായ മൃഗത്തെ പാര്‍പ്പിച്ച കൂട്ടിലേക്ക് നിങ്ങള്‍ക്ക് കടന്നു ചെല്ലാം. മൃഗമൊന്നുമില്ല. ഒരു കണ്ണാടി മാത്രം.  ആ കണ്ണാടിയില്‍ ലോകത്തെ ഏറ്റവും ക്രൂരമായ മൃഗത്തെ നമുക്ക് കാണാം.”   ആ ക്രൂരമൃഗത്തെ കൂട്ടുകാര്‍ ഊഹിച്ചുകാണുമല്ലോ അല്ലേ?

നാം തത്തകളെയും മറ്റു കിളികളെയും  വളര്‍ത്താറില്ലേ? തീരെച്ചെറിയ കൂട്ടിലിട്ടു വളര്‍ത്തുന്ന അവയെ സ്നേഹിക്കുന്നു എന്നാണ് നാം നടിക്കുന്നത്. കിലോമീറ്ററുകളോളം വിസ്തൃതിയില്‍ പറന്നു നടക്കേണ്ട പക്ഷികളെ തീരെച്ചെറിയ കൂട്ടില്‍ പിടിച്ചിടുക. അതും നമുക്ക് കണ്ടാസ്വദിക്കുവാന്‍ മാത്രം. മൃഗശാലകളിലും ഇതു തന്നെയല്ലേ നടക്കുന്നത്? . അല്പം കൂടി വലിയ കൂടാണ് എന്ന വ്യത്യാസം മാത്രം. ലോകത്ത് പലയിടത്തും വളരെ വലിയ മൃഗശാലകളുണ്ട്.  മൃഗങ്ങളുടെ ജീവിതരീതികളെക്കുറിച്ച് പഠിക്കാനും മറ്റും ഇവിടം പലരും പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഏക്കറുകണക്കിന് കാടു കൃത്രിമമായി സൃഷ്ടിച്ചിട്ടാണ് പലയിടത്തും അവയെ തുറന്ന് വിടുന്നത് എന്നു മാത്രം. എങ്കില്‍പ്പോലും സാധാരണഗതിയില്‍ ഒരു മൃഗത്തിനു സ്വതന്ത്രമായി സഞ്ചരിക്കാനും വേട്ടയാടാനും മാത്രം വലിപ്പമുള്ള സ്ഥലമല്ലിത്.  രസകരങ്ങളായ ചില മൃഗശാലകളുമുണ്ട് കേട്ടോ. അവിടെ കൃത്രിമക്കാടുകളില്‍ മൃഗങ്ങള്‍ നടക്കും.  മനുഷ്യര്‍ക്ക് അവയെ കാണണമെങ്കില്‍ സുരക്ഷിതമായ വാഹനങ്ങളില്‍ കാട്ടിലൂടെ സഞ്ചരിക്കണം.

ഓണ്‍ലൈന്‍ മൃഗശാലയുമായി  ബി.ബി.സി.

online-zoo-webഓണ്‍ലൈന്‍ മൃഗശാലയോ? കേട്ടിട്ടു കൌതുകം തോന്നുന്നോ? സാധാരണ മൃഗശാലകളില്‍ നമുക്ക് നേരിട്ടു വന്യമൃഗങ്ങളെ പൂട്ടിയിട്ടിരിക്കുന്നതോ പരിമിതമായ സാഹചര്യങ്ങളില്‍ അവയെ തുറന്നു വിട്ടിരിക്കുന്നതോ കാണാം.  2009 ല്‍ തുറന്ന ഓണ്‍ലൈന്‍ മൃഗശാലയില്‍ പക്ഷേ മൃഗങ്ങളെ അവയുടെ  സ്വാഭാവിക അന്തരീക്ഷത്തില്‍ തന്നെ കാണാനാകും. ബി.ബി.സി. ആണ് ഈ ഉദ്യമത്തിന് പുറകില്‍. വളരെക്കുറച്ച് മൃഗങ്ങളുടെ ചിത്രങ്ങളുമായി തുടങ്ങിയ ഈ മൃഗശാലയില്‍ ഇപ്പോള്‍ ആയിരത്തോളം മൃഗങ്ങളുണ്ട്. ചിത്രങ്ങള്‍ മാത്രല്ല രസകരങ്ങളായ വീഡിയോകളും ലഭ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗത്ത് വസിക്കുന്ന പലതരം ജീവികളുടെ ജീവിതരീതികള്‍ പരിചയപ്പെടാന്‍ ഈ മൃഗശാല സഹായിക്കും.
http://www.bbc.co.uk/nature/wildlife  എന്ന വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ മൃഗശാലയുള്ളത്. എന്താ ഒന്നു പോയി നോക്കിയാലോ?

സിംഹങ്ങളെപ്പോലെയുള്ള മൃഗങ്ങള്‍ക്ക് നൂറുകണക്കിനു ചതുരശ്രകിലോമീറ്റര്‍ വിസ്താരമുള്ള വനപ്രദേശങ്ങളാണ് ആവാസവ്യവസ്ഥയ്ക്ക് വേണ്ടത്.  ഇന്ത്യയില്‍ സിംഹങ്ങള്‍ ഉള്ള വനപ്രദേശത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഗുജറാത്തിലെ ഗിര്‍വനം. 1,400 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. അവിടെയുള്ള സിംഹങ്ങളുടെ എണ്ണം നാനൂറോളം വരും. നമ്മുടെ Zoo-birdതിരുവനന്തപുരം മൃഗശാലയുടെ ആകെ വിസ്തൃതി എത്രയാണെന്നോ? വെറും 55 ഏക്കര്‍. കണക്കു കൂട്ടി നോക്കിയോ? ഏതാണ്ട് ഒരു ചതുരശ്രകിലോമീറ്ററിന്റെ അഞ്ചിലൊന്ന് അല്ലേ? . മറ്റൊന്നുകൂടി. ഇന്ത്യയിലെ വലിയ മൃഗശാലകളുടെ പോലും വിസ്തൃതി ഒന്നോ രണ്ടോ ചതുരശ്രകിലോമീറ്ററിലധികം വരില്ല.

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഏകദേശം മുപ്പതു കിലോമീറ്റര്‍ അകലെയാണ് നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക്. നെയ്യാര്‍ഡാമിനടുത്തുള്ള ഒരു ദ്വീപിലാണ് സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മൃഗശാലയില്‍ മരണമടഞ്ഞ സിംഹത്തെ ഇവിടെനിന്നും കൊണ്ടുവന്നതാണ്. ഏകദേശം 10 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ ദ്വീപില്‍ സിംഹങ്ങളെ സ്വതന്ത്രമായി വിഹരിക്കാന്‍ വിട്ടിട്ടുണ്ട്. ഇതു മതിയായ സ്ഥലമൊന്നുമല്ല. എങ്കിലും ഇന്ത്യയിലെ തന്നെ മറ്റു മൃഗശാലകളില്‍ സിംഹങ്ങള്‍ക്കു നല്‍കിയിരിക്കുന്ന സ്ഥലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം ഭേദമാണ്. വാഹനത്തില്‍ സഞ്ചരിച്ചേ ഇവിടെ സിംഹങ്ങളെ കാണാന്‍ കഴിയൂ. തിരുവനന്തപുരത്തുള്ള ബാക്കി സിംഹങ്ങളെക്കൂടി നെയ്യാറിലെ ലയണ്‍ സഫാരിപാര്‍ക്കിലേക്ക് മാറ്റണം എന്നു പല കോണുകളില്‍ നിന്നും ആവശ്യമുയരുന്നുണ്ട്.

മൃഗശാലകളിലെ അംഗങ്ങളാണ് പക്ഷികളും. സാധാരണമൃഗങ്ങള്‍ക്ക് വേണ്ടതിലും അധികം സ്ഥലം പക്ഷികള്‍ക്ക് വേണം. ദേശാടനം നടത്തുന്ന പക്ഷികളെയൊക്കെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന് കിലോമീറ്ററുകളോളം പ്രദേശം അവയുടെ സ്വാഭാവികവളര്‍ച്ചയ്ക്ക് വേണം. ആലോചിച്ചു നോക്കൂ, ഏതെങ്കിലും ഒരു മൃഗശാലയില്‍ അത്തരം സംവിധാനം ഒരുക്കാന്‍ പറ്റുമോ? ഏതാനും മീറ്റര്‍ മാത്രം ഉയരമുള്ള കൂടുകളിലിട്ടാണ് അവയെ ഇന്നു വളര്‍ത്തുന്നത്. ഒന്നു ചിറകടിച്ചുയരാന്‍ പോലും സാധ്യമല്ലാത്തത്രയും ചെറുതാണ് ഈ കൂടുകള്‍ പലതും.

കണ്ണൂര്‍ പറശ്ശിനിക്കടവിലെ പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും. ചിലരെങ്കിലും അവിടെ പോയിട്ടുമുണ്ടാകും. ഉരഗവര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇത്തരം പാര്‍ക്കുകളും ഇന്ത്യയിലുണ്ട്. വ്യത്യസ്ത ജാതികളില്‍പ്പെട്ട പാമ്പുകളെയാണ് ഇവിടെ കാണാന്‍ കഴിയുക. കൃത്രിമമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ചില്ലുകൂട്ടിലും മറ്റുമാണ് ഇവയെ വളര്‍ത്തുന്നത്. സ്വതന്ത്രമായി, സ്വാഭാവികചുറ്റുപാടുകളില്‍  വളരാനുള്ള സാഹചര്യം ഈ ജീവികള്‍ക്കും ലഭിക്കുന്നില്ല.

മൃഗശാലയിലെ മരണം അന്വേഷിക്കും

pkjayalakshmiതിരുവനന്തപുരം മൃഗശാലയില്‍ മൃഗങ്ങള്‍ മരണപ്പെട്ടത് ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി. മരണങ്ങള്‍ തുടര്‍ക്കഥയായതറിഞ്ഞ് മൃഗശാല സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. ഒരു മാസത്തിനുള്ളില്‍ ആറിലധികം മൃഗങ്ങളാണ് മരണമടഞ

തിരുവനന്തപുരത്തും തൃശ്ശൂരിലുമല്ലാതെ മറ്റു പലയിടങ്ങളിലും ചെറുമൃഗശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് പെരുമ്പാവൂരിനടുത്തെ കോടനാട് ആനക്കൊട്ടിലിനോട് ചേര്‍ന്നുള്ള മൃഗശാല. വളരെക്കുറച്ചു സ്ഥലം മാത്രമാണ് ഇത്തരം മൃഗശാലകളില്‍ ഉള്ളത്. വലിയ മൃഗങ്ങള്‍ അല്ലെങ്കില്‍കൂടിയും അവയുടെ സ്വാതന്ത്യ്രവും ഹനിക്കപ്പെടുന്നു. ഇത്തരം ചെറുമൃഗശാലകള്‍ നമുക്കിനിയും വേണ്ടതുണ്ടോ എന്നും ചിന്തിക്കേണ്ടതാണ്. 

നിങ്ങളുടെ ചുറ്റുവട്ടത്തു തന്നെ തത്ത, കുരങ്ങ്, മരപ്പട്ടി, പരുന്ത് തുടങ്ങി പല ജീവികളെയും വളര്‍ത്തുന്നവരെ കാണാം. കൂട്ടിലടച്ചാണ് ഇവയെ വളര്‍ത്തുന്നത്. അവയോടുള്ള ഇഷ്ടം കൊണ്ടാണ് ഇങ്ങനെ എന്നു വാദിക്കാമെങ്കിലും അവയോടു  കാണിക്കുന്നത് ക്രൂരത തന്നെയാണ്. ഇന്ത്യയിലെ നിയമമനുസരിച്ച് ഇത്തരം ജീവികളെ വളര്‍ത്തുന്നതു ശിക്ഷാര്‍ഹമായ കുറ്റമാണ് എന്നു നിങ്ങള്‍ക്കറിയുമോ?

 ബി സി 3500 മുതല്‍ മൃഗങ്ങളെ പ്രദര്‍ശനവസ്തുക്കളാക്കുന്ന രീതി നിലനിന്നിരുന്നതായി തെളിവുകളുണ്ട്. 2009 ല്‍ ഈജിപ്തില്‍ നടന്ന ഒരു ഉത്ഖനനമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കിയത്. പണ്ടു മൃഗശാലകള്‍ സ്ഥാപിച്ചിരുന്നത് കൂടുതലും രാജാക്കന്‍മാരായിരുന്നു. വിനോദമായിരുന്നു അവയുടെ ലക്ഷ്യം.  ലോകത്തു തന്നെ  ആധുനികരീതിയിലുള്ള ആദ്യമൃഗശാലകളിലൊന്നായ ലണ്ടന്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍ 1828 ല്‍ ആരംഭിച്ചത് ശാസ്ത്രഗവേഷണങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പിന്നീടാണ് ഇതു പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.  ഇന്ന്  വന്യജീവിസംരക്ഷണം മൃഗശാലകളുടെ ലക്ഷ്യമാണ്. നമ്മുടെ പശ്ചിമഘട്ടത്തിലെ തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവര്‍ഗങ്ങളുടെ സംരക്ഷണം തിരുവനന്തപുരം മൃഗശാലയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. വിദ്യാഭ്യാസം, പ്രകൃതിയെ അടുത്തറിയല്‍, ഗവേഷണം, ടൂറിസം തുടങ്ങിയവയും ഈ പട്ടികയില്‍ പെടും. പക്ഷേ പരിമിതമായ ചുറ്റുപാടില്‍ വളരുന്ന മൃഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അനവധിയാണ് എന്നു മാത്രം.

ഇന്ത്യയിലെ മൃഗശാലകളെയെല്ലാം നിയന്ത്രിക്കാന്‍ ഒരു സ്ഥാപനമുണ്ട്. സെന്‍ട്രല്‍ സൂ അതോറിറ്റി. മൃഗശാലകള്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് ഇവരാണ്. മൃഗശാലകളിലേക്ക്  മൃഗങ്ങളെ പണ്ടു കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടു വരികയായിരുന്നു ചെയ്തിരുന്നത്.  കാട്ടില്‍ നിന്നും പ്രദര്‍ശനാവശ്യങ്ങള്‍ക്കായി മൃഗങ്ങളെ പിടിക്കുന്നതും അവയെ മൃഗശാലയില്‍ വളര്‍ത്തുന്നതും സെന്‍ട്രല്‍ സൂ അതോറിറ്റി  ഇപ്പോള്‍ വിലക്കിയിട്ടുണ്ട്.

puli-zoo

മൃഗശാലകളില്‍ കിടക്കുന്ന മൃഗങ്ങളില്‍ ഭൂരിഭാഗത്തെയും ഇനി വനത്തിലേക്കു തുറന്നു വിടാന്‍ സാധിക്കുകയില്ല. കാടുമായി ഇതുവരെ ഇണങ്ങി ജീവിച്ചിട്ടില്ലാത്തതാണ് പ്രശ്നം.  അതുകൊണ്ടു തന്നെ മൃഗശാലകളെ പൂര്‍ണ്ണമായി ഒഴിവാക്കാനും സാധിക്കുകയില്ല. എങ്കിലും ചുരുങ്ങിയത് നെയ്യാര്‍ സഫാരിപാര്‍ക്കിലുള്ളതു പോലുള്ള സൌകര്യമെങ്കിലും ഓരോ മൃഗങ്ങള്‍ക്കും നാം ഒരുക്കിക്കൊടുക്കേണ്ടതല്ലേ?

സൂ അതോറിറ്റിയുടെ നിയമങ്ങളനുസരിച്ചേ മൃഗശാലകള്‍ക്ക് പ്രവര്‍ത്തിക്കുവാനാകൂ. ഓരോ മൃഗത്തിനും വേണ്ട ഏറ്റവും കുറഞ്ഞ അളവു സ്ഥലമെങ്കിലും എല്ലാ മൃഗശാലകളിലും ഉണ്ടാകണം. പക്ഷേ അതുപോലും പരിമിതമാണ്. വലിയ പട്ടണങ്ങളുടെ നടുവിലാണോ മൃഗശാലകള്‍ വരേണ്ടത് എന്നതും ചിന്തിക്കണം.

ഒരു മൃഗശാലയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും കുറഞ്ഞത് രണ്ടോ മൂന്നോ ചതുരശ്രകിലോമീറ്റര്‍ സ്ഥലമെങ്കിലും ഉണ്ടാവേണ്ടതല്ലേ? പക്ഷേ ഇന്ത്യയിലെ അപൂര്‍വ്വം ചില മൃഗശാലകളിലെ മൃഗങ്ങള്‍ക്കേ ഈ ഭാഗ്യം അനുഭവിക്കാന്‍ കഴിയുന്നുള്ളൂ. മറ്റുള്ളവയിലും ഇത്രയും സ്ഥലമെങ്കിലും ലഭ്യമാക്കണമെന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ? ഒരു തെറ്റും ചെയ്യാതെ ജയിലില്‍ കിടക്കേണ്ടി വരുന്ന ഒരാളുടെ അവസ്ഥ തന്നെയാണ് ഈ മൃഗങ്ങള്‍ക്കുമുള്ളത്. ജനനം മുതല്‍ മരണം വരെ ഇതേ അവസ്ഥയില്‍ തുടരുകയാണ് ഇതില്‍ ഭൂരിഭാഗവും.

"ഒരഞ്ഞൂറ് കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ്വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യര്‍ കൊന്നൊടുക്കും. മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും!" ഭൂമിയുടെ അവകാശികള്‍ എന്ന കഥയില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രവചനമാണിത്.  മൃഗശാലകളിലെ ജീവികളുടെ മരണവാര്‍ത്ത വായിക്കുമ്പോള്‍ അറിയാതെ നമുക്ക് ഈ പ്രവചനം ഓര്‍മ്മവരും.  ഇതു ഫലിക്കാതിരിക്കണമെങ്കില്‍ മുന്‍കരുതലുകള്‍ എടുത്തേ പറ്റൂ. കാരണം ഭൂമിയുടെ അവകാശികള്‍ നമ്മള്‍ മനുഷ്യര്‍ മാത്രമല്ല.

zoo-zebra

ആനയോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് കുറച്ച് ലക്കങ്ങളിലായി വന്ന ആനക്യാമ്പെയ്നിനോട് സജീവമായി പ്രതികരിച്ച  നിങ്ങള്‍ ഈ വിഷയത്തിലും ഇടപെടും എന്ന് കരുതുന്നു. കൂട്ടുകാരുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

 

നവനീത് കൃഷ്ണന്‍ എസ്