KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ആണിയടിക്കാനും മരം വേണോ?
ആണിയടിക്കാനും മരം വേണോ?
മരങ്ങളില്‍ ആണിയടിച്ച് അവയെ നശിപ്പിക്കുന്നതിനെതിരെ
കുട്ടികള്‍ പ്രതികരിക്കുന്നു
വഴിയരികിലെ തണല്‍മരങ്ങളില്‍ പരസ്യങ്ങള്‍ തൂക്കാനായി ആണിയടിക്കുന്നതിനെതിരെ സ്കൂള്‍ കുട്ടികള്‍ പ്രതികരിച്ചു. അവരുടെ കത്ത് കോടതി സ്വമേധയാ പരാതിയായി സ്വീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസയച്ചു കഴിഞ്ഞു.

 

മൂവാറ്റുപുഴ സെയിന്റ് അഗസ്റിന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി  സ്കൂളിലെ കുട്ടികള്‍ ആഹ്ളാദത്തിലാണ്. കാരണം എന്തെന്നോ, മരങ്ങളോടുള്ള അവരുടെ ഇഷ്ടത്തെ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നു. റോഡരികിലെ തണല്‍മരങ്ങളില്‍ ആണിയടിക്കുന്നതിനെതിരെയാണ് ഈ സ്കൂളിലെ കുട്ടികള്‍ പ്രതികരിച്ചത്. പരസ്യങ്ങള്‍ തൂക്കാനാണ് മരങ്ങളില്‍ ആണിയടിക്കുന്നത്. ഇത് മൂലം പല മരങ്ങളും നാശത്തിന്റെ വക്കിലെത്തുന്നു എന്ന് അവര്‍ കണ്ടെത്തി. അത് ഒരു കത്തായി അവര്‍ ഹൈക്കോടതിക്കയച്ചു. വിഷയത്തിന്റെ  ഗൌരവം മനസ്സിലാക്കിയ കോടതി കത്ത് ഹര്‍ജിയായി സ്വീകരിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
വഴിയരികിലെ മരങ്ങളുടെ തണലില്‍ നില്‍ക്കുന്നവര്‍ക്കറിയാം അത് നല്‍കുന്ന കുളിര്‍മ്മ. കഠിനമായ വെയിലിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. നിരവധി വര്‍ഷങ്ങള്‍ കൊണ്ടാണ് വഴിയരികിലെയും കവലകളിലെയുമെല്ലാം മരങ്ങള്‍ ഇന്നത്തെ നിലയിലെത്തിയിരിക്കുന്നത്. അവയില്‍ പരസ്യങ്ങള്‍ തൂക്കാന്‍ ആണിയടിക്കുക എന്നത് മരങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുക തന്നെ ചെയ്യും. പല പരിസ്ഥിതി സംഘടനകളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടക്കാതിരുന്ന കാര്യമാണ് ഇപ്പോള്‍ ഈ കുട്ടികള്‍ ചെയ്തിരിക്കുന്നത്.
ഈ പ്രശ്നത്തില്‍ നിങ്ങള്‍ക്കും പ്രതികരിക്കണമെന്ന് തോന്നുന്നില്ലേ? എങ്കില്‍ അഭിപ്രായങ്ങള്‍ തളിരിലേക്കയക്കാന്‍ മറക്കണ്ട.

എഡിറ്റര്‍

 

സ്കൂളിലെ കുട്ടികള്‍ കോടതിക്കയച്ച കത്ത്

To            

 The Registrar,  High Court of Kerala,  Kochi


For Environmental Protection

Dear Sir,

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെയിന്റ് അഗസ്റിന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ യു പി വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ പ്രകൃതിയെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തുവരുന്നു. ഈ പ്രവര്‍ത്തനത്തിനിടയില്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ച വേദനിപ്പിക്കുന്ന ഒരു സംഭവം ബഹുമാനപ്പെട്ട കോടതിക്കു മുമ്പില്‍ ബോദ്ധ്യപ്പെടുത്തുന്നു.

വഴിയരികുകളില്‍ പ്രകൃതി സ്നേഹികള്‍ നട്ടുവളര്‍ത്തിയ തണല്‍ വൃക്ഷങ്ങളില്‍ പ്രകൃതിയെ ദ്രോഹിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍ അവരുടെ പരസ്യബോര്‍ഡുകള്‍ ഒന്നിലധികം ഇരുമ്പാണികളാല്‍ തറച്ചിരിക്കുന്നത് ഞങ്ങള്‍ കണ്ടു. അതോടൊപ്പം നടത്തിയ പഠനത്തില്‍ കുറേ മരങ്ങള്‍ ഉണങ്ങിപ്പോയതായും കണ്ടു. കേരളത്തിലുടനീളം ഈ കാഴ്ച കാണാനിടയായിട്ടുണ്ട്.

സ്കൂളില്‍ നിന്ന് അധികം അകലമല്ലാത്ത ചില സ്ഥലങ്ങളില്‍ നിന്ന് ഈ ക്രൂരതയുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇതോടൊപ്പം അയച്ചിട്ടുണ്ട്. മരങ്ങളില്‍ ആണിയടിക്കുന്നതിനെതിരെ ഒരു പരിഹാരം കാണാന്‍ പരിസ്ഥിതി സംഘത്തെ ഞങ്ങള്‍ സമീപിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. ആയതിനാല്‍ ഈ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ ബഹുമാനപ്പെട്ട കോടതി നടപടി സ്വീകരിക്കണമെന്ന് താഴ്മയായി ഞങ്ങള്‍ അപേക്ഷിക്കുന്നു.

യു പി വിദ്യാര്‍ത്ഥികള്‍
സെയിന്റ് അഗസ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
മൂവാറ്റുപുഴ പി ഓ, എറണാകുളം ജില്ല