KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മാഞ്ഞൂര്‍ സ്കൂളിന്റെ ബ്ലോഗ്
blogulakam
ഇന്നു കേരളത്തിലെ സ്കൂളുകളില്‍ ഐ.ടി. പഠനം നിര്‍ബന്ധമായിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ ലോകവും കുട്ടികളായ നിങ്ങള്‍ക്കിന്ന് അപരിചിതമല്ല. സ്വന്തം സ്കൂളിന്റെ പ്രവര്‍ത്തനങ്ങളും വിശേഷങ്ങളും പുറംലോകത്തെത്തിക്കണമെന്ന് നിങ്ങള്‍ക്കും ആഗ്രഹമില്ലേ? ഇന്റര്‍നെറ്റില്‍ സൌജന്യമായി ലഭ്യമാകുന്ന ചില സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ വളരെ ലളിതമായി ഇതു സാധിക്കാവുന്നതേ ഉള്ളൂ. ബ്ളോഗ് എന്ന പുതിയ മാധ്യമത്തിലൂടെ പല സ്കൂളുകളും കുട്ടികളും ഇന്ന് അവരുടെ വാര്‍ത്തകളും ലേഖനങ്ങളും കഥകളും കവിതകളും പാട്ടുകളും വീഡിയോകളും  മറ്റും സമൂഹവുമായി പങ്കു വയ്ക്കുന്നുണ്ട്. അത്തരം ബ്ളോഗുകളെ പരിചയപ്പെടുത്തുന്ന ബ്ളോഗുലകം എന്ന പംക്തി ഈ ലക്കം മുതല്‍ തളിരില്‍ ആരംഭിക്കുന്നു


മാഞ്ഞൂര്‍ സ്കൂളിന്റെ ബ്ലോഗ്


 

കോട്ടയം ജില്ലയില്‍ മാഞ്ഞൂര്‍ എന്നൊരു സ്ഥലമുണ്ട്. ഈ ഗ്രാമത്തിലേക്ക് പുതിയതായി ഒരു പാലം വരുന്നു. പൂവാശ്ശേരിപ്പാലം. പാലംപണി തുടങ്ങിയതോടെ അവിടെയുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു സംഘമെത്തി. വലിയ ടിവി ചാനലുകാര്‍ ഒന്നുമല്ല. മറിച്ച് മാഞ്ഞൂര്‍ സ്കൂളിലെ ചുറുചുറുക്കുള്ള കുറച്ചു കുട്ടികള്‍. ആര്യ സോമന്‍ എന്ന മിടുക്കി റിപ്പോര്‍ട്ടറായി. ജോയല്‍ ജോസ് ക്യാമറ കൈകാര്യം ചെയ്തു. സ്കൂളിലെ അധ്യാപകരുടെയും മറ്റും സഹായത്തോടെ അനൂപും ജോയലും ഇത് എഡിറ്റ് ചെയ്തു. ഭാഗ്യലക്ഷ്മി വാര്‍ത്ത വായിച്ചു. വാര്‍ത്ത പുറംലോകത്തെത്തിക്കാന്‍ അവര്‍ തിരഞ്ഞെടുത്തത് ടെലിവിഷന്‍ ചാനലുകളെയൊന്നും ആയിരുന്നില്ല. മറിച്ച് ഇന്റര്‍നെറ്റ് എന്ന മാധ്യമത്തെ ആയിരുന്നു. http://ghsmanjoor.blogspot.com എന്ന മാഞ്ഞൂര്‍ ഗവ. ഹൈസ്കൂളിന്റെ ബ്ളോഗിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ആയിരങ്ങളാണ് ഈ വാര്‍ത്ത കണ്ടത്.

blogulakam1

കേരളത്തിലെ സ്കൂള്‍ ബ്ളോഗുകളില്‍ ഏറെ പ്രശസ്തമാണ് മാഞ്ഞൂര്‍ ഗവ. ഹൈസ്കൂളിന്റെ ബ്ളോഗ്. 2009ല്‍ തുടങ്ങിയ ബ്ളോഗിനെ സ്കൂളിലെ കുട്ടികളും അധ്യാപകരും ഏറെ ആവേശത്തോടെയാണ് വരവേറ്റത്. കഥകളും കവിതകളും ലേഖനങ്ങളും വരകളും ചിത്രങ്ങളും കൊണ്ട് അവര്‍ തങ്ങളുടെ സ്വന്തം മാധ്യമത്തെ സമ്പന്നമാക്കി. ഇവിടത്തെ അധ്യാപകനായ നിധിന്‍ മാഷിന്റെയും  പ്രധാനാധ്യാപകനായ ബേബി മാഷിന്റെയുമെല്ലാം പിന്തുണയോടെ തങ്ങളുടെ ഗ്രാമം നേരിടുന്ന പ്രശ്നങ്ങളെ ജനങ്ങള്‍ക്ക് മുന്‍പിലെത്തിക്കാന്‍ വീഡിയോ ക്യാമറുയെടുത്തു പുറത്തിറങ്ങാന്‍ ഈ കുട്ടികളെ പ്രേരിപ്പിച്ചതും ഈ ബ്ളോഗ് തന്നെ.

ശാസ്ത്രപഠനത്തിനു മുന്‍തൂക്കം നല്‍കുന്ന സയന്‍സ് കോര്‍ണറില്‍ കയറി നോക്കൂ. ദൂരദര്‍ശിനി സ്വന്തമായി നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ ഒരു വീഡിയോ ഉണ്ട്.  ആര്യയും അനൂപും കൂടി ദൂരദര്‍ശിനി നിര്‍മ്മാണം ഭംഗിയായി  വിശദീകരിച്ചു തരും. കോട്ടയം ജില്ലാ കൃഷിത്തോട്ടത്തിലേക്ക് നടത്തിയ പഠനയാത്രയുടെ വീഡിയോ റിപ്പോര്‍ട്ട് ഗ്രാഫ്റ്റിങ്, ബഡ്ഡിങ്, ലെയറിങ് തുടങ്ങിയ സംവിധാനങ്ങളെ പരിചയപ്പെടുത്തുന്നു. സ്കൂളിലെ വിവിധ പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ബ്ളോഗിനെ സമ്പന്നമാക്കുന്നു.  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകളും വിദ്യാഭ്യാസ സോഫ്റ്റ് വെയറുകളും അധ്യാപനസഹായികളും ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകളും എല്ലാം ഈ ബ്ളോഗിലുണ്ട്.

മാഞ്ഞൂര്‍ സ്കൂളിന്റെ ബ്ളോഗ് കൂട്ടുകാര്‍ സന്ദര്‍ശിക്കുമല്ലോ. അഭിപ്രായങ്ങളും അവിടെ രേഖപ്പെടുത്തൂ. നിങ്ങളുടെ സ്കൂളിനും കൂട്ടുകാര്‍ക്കുമെല്ലാം ബ്ളോഗ് ഉണ്ടാകാം. ആ ബ്ളോഗിനെക്കുറിച്ചും ബ്ളോഗിന്റെ സവിശേഷതകളെക്കുറിച്ചും തളിരിനെഴുതൂ. ബ്ളോഗ് വിലാസം വയ്ക്കാന്‍ മറക്കരുത് കേട്ടോ.


blog-startമാഞ്ഞൂര്‍ സ്കൂളിന്റെ ബ്ളോഗ് കഥ വായിച്ചപ്പോള്‍ കൂട്ടുകാര്‍ക്കും ഒരു ബ്ളോഗ് തുടങ്ങണമെന്ന് ആഗ്രഹം തോന്നുന്നില്ലേ? ബ്ളോഗുണ്ടാക്കുക എന്നത് വളരെ ലളിതമാണ്. നമുക്ക് സൌജന്യമായി ബ്ളോഗുണ്ടാക്കാന്‍ സഹായിക്കുന്ന നിരവധി സേവനങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഗൂഗിള്‍ ആണ് ഇതില്‍ പ്രധാനി. ഗൂഗിളിന്റെ http://blogger.com എന്ന സൈറ്റാണ് നമ്മെ ഇതിന് സഹായിക്കുക. ഇതു പോലെ ബ്ളോഗുണ്ടാക്കാന്‍ സഹായിക്കുന്ന മറ്റൊരു സൈറ്റാണ് http://wordpress.com. ബ്ളോഗുണ്ടാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഒന്‍പതാം ക്ളാസിലെ ഐ.ടി. പാഠപുസ്തകം വായിക്കൂ. എന്നിട്ട് അധ്യാപകരുടെ സഹായത്തോടെ സ്കൂളില്‍ വച്ചു തന്നെ ഒരു ബ്ളോഗ് തുടങ്ങിക്കോളൂ. നിങ്ങളുടെ ബ്ളോഗ് വായിക്കാന്‍ ആയിരക്കണക്കിന് വായനക്കാര്‍ കാത്തിരിക്കുന്നുണ്ട്.

http://bloghelpline.cyberjalakam.com/ എന്ന സൈറ്റില്‍ ബ്ളോഗ് നിര്‍മ്മിക്കേണ്ട വിധം , അതിനെ കൂടുതല്‍ മനോഹരമാക്കി പരിപാലിക്കേണ്ടതെങ്ങിനെ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാണ്.


  നവനീത് കൃഷ്ണന്‍ എസ്