KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വാര്‍ത്തകള്‍ - ജൂലൈ

vartha

കാട്ടാനയ്ക്കെതിരെ ജൈവവേലിvartha2

കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ പുതിയ തന്ത്രം മെനയുകയാണ് വനം വകുപ്പ്. മുള്ളുകളുള്ള ചെടികള്‍ ഉപയോഗിച്ചുള്ള ജൈവവേലി പരീക്ഷിക്കാനാണ് ഒരുക്കം. പതിമുഖം, അകൈവ് തുടങ്ങിയ  ചെടികള്‍ നട്ട് കാട്ടാനശല്യമുള്ള സ്ഥലങ്ങളില്‍ വേലിതീര്‍ക്കുകയാണ് ലക്ഷ്യം.  മലപ്പുറംജില്ലയിലെ കരുളായി പഞ്ചായത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വേലിതീര്‍ക്കാനൊരുങ്ങുന്നത്. കരുളായി വനമേഖലയിലെ ഒരു തേക്കുതോട്ടത്തില്‍ പതിമുഖം നട്ടുപിടിപ്പിച്ച ശേഷം ആനശല്യം ഇല്ലാതായത് അധികൃതര്‍ക്ക് പ്രേരണയാവുകയായിരുന്നു.
ഒരാള്‍പ്പൊക്കത്തില്‍ വളരുന്നതും മുള്ളുകളുള്ളതുമായ ചെടിയാണ് പതിമുഖം . അടുത്തടുത്തായി ഇത്  നട്ടുപിടിപ്പിക്കും. രണ്ടു നിരകളിലായി ചെടി വളരുന്നതോടെ കൃഷിയിടങ്ങള്‍ക്കു നല്ലൊരു വേലിയാവും. അകൈവും ഇതേ ആവശ്യത്തിനായി ഉപയോഗിക്കും.  ഒപ്പം കാട്ടില്‍ പന വച്ചുപിടിപ്പിക്കാനും ഉദ്ദേശിക്കുന്നു. ആനകള്‍ക്കുള്ള ആഹാരം കാട്ടില്‍ നിന്നുതന്നെ ലഭിച്ചാല്‍ അവ നാട്ടിലേക്കിറങ്ങുത് ഒഴിവാക്കാനാവും എന്നാണ് കരുതുന്നത്.

സ്വതന്ത്രഗ്രന്ഥശാല സി ഡി രൂപത്തില്‍vartha3

മലയാളത്തിലെ ആദ്യ നോവല്‍ ഇന്ദുലേഖ, ഐതിഹ്യമാല,  വ്യാകരണഗ്രന്ഥമായ കേരളപാണിനീയം, കുമാരനാശാന്‍, ചങ്ങമ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍, ഇരയിമ്മന്‍ തമ്പി, രാമപുരത്ത് വാര്യര്‍ തുടങ്ങിയവരുടെ കൃതികള്‍, ഭഗവദ്ഗീത, അദ്ധ്യാത്മരാമായണം, ഹരിനാമകീര്‍ത്തനം, ഗീതാഗോവിന്ദം, ബൈബിള്‍, ഖുര്‍ആന്‍, ശ്രീനാരായണഗുരുവിന്റെ കൃതികള്‍, നിരവധി ഭക്തിഗാനങ്ങള്‍, കമ്യൂണിസ്റ് മാനിഫെസ്റോ തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം ഒരുമിച്ചു വേണോ? കണ്ണൂരില്‍ നടന്ന നാലാമത് വിക്കിസംഗമത്തില്‍ മലയാളം വിക്കി ഗ്രന്ഥശാല - തിരഞ്ഞെടുത്ത കൃതികള്‍ എന്ന പേരില്‍ പുറത്തിറക്കിയ സിഡിയില്‍ ഇതെല്ലാം ലഭ്യമാണ്.   ഇന്റര്‍നെറ്റില്‍ നിന്നും തികച്ചും സൌജന്യമായി സിഡി  ഡൌണ്‍ലോഡ് ചെയ്യാം. കാവ്യങ്ങള്‍, ഭാഷാവ്യാകരണം,ഐതിഹ്യം, നോവലുകള്‍, ആത്മീയം, ഭക്തിഗാനങ്ങള്‍, തനതുഗാനങ്ങള്‍, തത്വശാസ്ത്രം  എന്നീ എട്ട് വിഭാഗങ്ങളില്‍ പകര്‍പ്പവകാശങ്ങളില്‍ നിന്നും മുക്തമായ ഈ കൃതികള്‍ തരംതിരിച്ചിരിക്കുന്നു. കേരളവുമായി ബന്ധപ്പെട്ട, സ്വതന്ത്രലൈസന്‍സോടെ ഉപയോഗിക്കാവുന്ന ചിത്രങ്ങള്‍  ഉള്‍പ്പെട്ട വിക്കിചിത്രശാലയെന്ന ചിത്രസമാഹാരവും സിഡിയില്‍ ലഭ്യമാണ്. കേരളത്തിലെ ഭക്ഷണവിഭവങ്ങള്‍, സസ്യങ്ങള്‍, പക്ഷികള്‍, ഭൂപടങ്ങള്‍, ഉത്സവങ്ങള്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് ചിത്രങ്ങളുടെ തരംതിരിവ്.

മലയാളം വിക്കിപീഡിയയിലെ  പ്രവര്‍ത്തകരും വിക്കിമീഡിയ ഫൌണ്ടേഷനില്‍ നിന്നുള്ള പ്രതിനിധികളുമടക്കം എണ്‍പതിലധികം പേര്‍ വിക്കി കൂട്ടായ്മയില്‍ പങ്കെടുത്തു. http://www.mlwiki.in/cdimage/mlwikisource.iso എന്നതാണ് സിഡി ഡൌണ്‍ലോഡ് ചെയ്യേണ്ട ലിങ്ക്

കേരളത്തിലെ ഡച്ചുകാര്‍ vartha4

കേരളത്തിന് ഡച്ചുകാരുടെ സംഭാവനയെക്കുറിച്ചും അവര്‍ സുഗന്ധവ്യഞ്ജനങ്ങളന്വേഷിച്ചു കേരളത്തില്‍ വന്നതു മുതല്‍ കൊച്ചിയില്‍ നിന്നും പോകുന്നതുവരെയുമുള്ള ചരിത്രസംഭവങ്ങളെക്കുറിച്ച് സമഗ്രമായ വിവരം വേണോ? http://www.dutchinkerala.com/ എന്ന വെബ്സൈറ്റില്‍ നോക്കിയാല്‍ മതി. ഡച്ചുകാര്‍ വരുന്നതിനു മുന്‍പു പോര്‍ട്ടുഗീസുകാര്‍ നല്‍കിയ സംഭാവനകളും ഇതില്‍ വിശദീകരിക്കുന്നു. കേരളത്തിലെ സാമൂഹികസ്ഥിതി, വിദേശീയരുമായുള്ള ബന്ധത്തില്‍ ഉണ്ടായ നേട്ടങ്ങള്‍, സാംസ്കാരികമാറ്റങ്ങള്‍, നവോത്ഥാനം, വ്യാവസായികവിപ്ളവം, കാര്‍ഷികവിപ്ളവം, ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകള്‍ അവയുണ്ടാക്കിയ മാറ്റങ്ങള്‍  തുടങ്ങിയവയാണ് ആദ്യഭാഗത്ത്. ഒരേ കാലഘട്ടത്തിലെ ചരിത്രസംഭവങ്ങളെ ഒന്നിച്ചു കാണിക്കുന്ന ഭാഗവുമുണ്ട്. ഇതു കൂടാതെ നെതര്‍ലാന്‍ഡിനെക്കുറിച്ചുള്ള സമഗ്രമായ വിവരവും സൈറ്റില്‍ ലഭ്യമാണ്. ചരിത്രം വിശദീകരിക്കാനാവശ്യമായ ചിത്രങ്ങളും സൈറ്റിനു മികവേകുന്നു. മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്ന പേരില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുള്ള മുന്‍പത്രപ്രവര്‍ത്തകനും തിരുവനന്തപുരം സ്വദേശിയുമായ എം.എസ്. ഗോപാലകൃഷ്ണനാണ് ഈ ഉദ്യമത്തിന്റെ  പുറകില്‍ .

പട്ടണം പര്യവേഷണംvartha5

കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം എന്ന സ്ഥലത്തെ ചരിത്രപര്യവേഷണം മെസൊപ്പൊട്ടേമിയക്കാരും കേരളവുമായിട്ടുള്ള ബന്ധങ്ങള്‍ക്ക് തെളിവുകള്‍ നല്‍കുന്നു. ഇരുമ്പും ചെമ്പും ഉപയോഗിച്ചു നിര്‍മ്മിച്ച ആണികള്‍, റോമന്‍ സ്ഫടികം, ചോളനാണയങ്ങള്‍, വിലയേറിയ മുത്തുകള്‍ തുടങ്ങിയവ പര്യവേഷണത്തില്‍ ലഭിച്ചു.  പഴയകാല തുറമുഖനഗരമായ മുസിരിസിന്റെ സംസ്കാരവും ജീവിതരീതികളും തിരിച്ചറിയാന്‍ പര്യവേഷണം സഹായിക്കും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സര്‍വ്വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ കേരള ചരിത്രഗവേഷണ കൌണ്‍സിലാണ് ഖനനത്തിന് നേതൃത്വം നല്കുന്നത്. ഫെബ്രുവരി മുതല്‍ മേയ് വരെ നടന്ന അഞ്ചാംഘട്ട പര്യവേഷണമാണ് കൂടുതല്‍ തെളിവുകള്‍ നല്‍കിയത്.
പതിനാലാം നൂറ്റാണ്ടില്‍ പെരിയാറിലുണ്ടായ  വെള്ളപ്പൊക്കത്തില്‍ നാമാവശേഷമായതാണ് ഈ തുറമുഖ നഗരം. റോമാക്കാരുമായുള്ള കച്ചവടബന്ധത്തിന്റെ തെളിവുകള്‍ ഇവിടെ നിന്നും ലഭിച്ചു. റോമാക്കാരുടേതെന്നു കരുതുന്ന കളിമണ്‍പാത്രങ്ങള്‍ കിട്ടി. മണ്‍വിളക്കുകള്‍, ചെറുചക്രങ്ങള്‍, കളിപ്പാട്ടങ്ങളെന്നു കരുതുന്ന ചില വസ്തുക്കള്‍, നെയ്ത്തുപകരണങ്ങള്‍, അടപ്പുകള്‍ തുടങ്ങിയവയാണ് പുതുതായി കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.നവനീത് കൃഷ്ണന്‍ എസ്