KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മുന്നുര കാലം കാത്തുവച്ച കനകച്ചെപ്പ്
കാലം കാത്തുവച്ച കനകച്ചെപ്പ്

munnuraഞങ്ങള്‍ തിരുവിതാംകൂറുകാര്‍, പ്രത്യേകിച്ചു തിരുവനന്തപുരത്തുകാര്‍ ഇപ്പോള്‍ താഴെയൊന്നുമല്ല! ലോകത്തേയ്ക്കും അമൂല്യമായ സ്വര്‍ണ്ണ രത്നശേഖരങ്ങളുടെ ഉടമകളാണു ഞങ്ങളെന്ന അഭിമാനത്തിലാണു ഞങ്ങള്‍. അത് അതിശോക്തിയല്ല, സത്യവുമാണ്.padmanabha_temple പിരമിഡുകളിലും ചാവുകടലിലും അതുപോലുള്ള പുരാതനവും രഹസ്യനിര്‍ഭരവുമായ ഇടങ്ങളില്‍ നിന്നും വീണ്ടെടുത്ത ലോകപ്രസിദ്ധമായ അഞ്ചു മഹാധനശേഖരങ്ങളെയൊക്കെ പിന്നിലാക്കുവാന്‍ ഈ കൊച്ചു നാട്ടുരാജ്യത്തിന് എങ്ങനെ കഴിഞ്ഞു! ഇതിനു പിന്നില്‍ ഭക്തിയുണ്ട്, വിശ്വാസമുണ്ട്, രാജ്യതന്ത്രജ്ഞതയുണ്ട്, സര്‍വോപരി സമ്പൂര്‍ണ്ണമായ സത്യസന്ധതയുണ്ട്. തിരുവിതാംകൂര്‍ രാജവംശത്തോട് നാം കൃതജ്ഞത പറയുക. എല്ലാം കുത്തിവാരി പങ്കിട്ടെടുക്കാതെ വരുംതലമുറകള്‍ക്കായി ഭദ്രമായി ഭക്തിയോടെ സൂക്ഷിച്ചതിന്... നന്ദി.
പഴയ പഴയ ഒരു ഭൂതത്താന്‍ കഥയിലെപ്പോലെയുള്ള രസകരമായ സംഭവങ്ങളാണ് നാം കുറെനാളായി കണ്ടുകൊണ്ടിരിക്കുന്നത്. ശിലാനിര്‍മ്മിതമായ മഹാക്ഷേത്രം, ഇരുണ്ട ഭൂഗര്‍ഭത്തിലുള്ള പടിക്കെട്ടുകള്‍, നിഗൂഢമായ വഴികള്‍, അവ ചെന്നെത്തുന്നിടത്തുള്ള കല്‍ച്ചുവരിലെ വിചിത്ര ചിഹ്നങ്ങ ള്‍, അപകടം എന്നു സൂചിപ്പിക്കുന്ന പാമ്പുകളുടെ അടയാളങ്ങള്‍, സൂചനരേഖകള്‍, അവ പാടുപെട്ട് ഉയര്‍ത്തിമാറ്റിക്കഴിയുമ്പോള്‍, പ ണ്ടു സിന്‍ബാദിന്റെ കഥയിലെപപ്പോലെ മന്ത്രം ജപിച്ചു പാറമൂടി തുറന്നപ്പോള്‍ കണ്ണുമഞ്ഞളിപ്പിക്കുന്ന പ്രഭ ചിന്നുന്ന കുന്നോളം പൊന്നും പണവും!! കിരീടങ്ങള്‍, ആഭരണങ്ങള്‍, കവചങ്ങള്‍, വിളക്കുകള്‍, കിണ്ടികള്‍, ഉരുളികള്‍, പതിനെട്ടടി നീളമുള്ള ശരപ്പൊളിമാലകള്‍, പൊന്‍ചങ്ങല, പൊന്നിന്‍ കയറ്, മാണിക്യങ്ങള്‍, ഇന്ദ്രനീലക്കല്ലുകള്‍, വൈരങ്ങള്‍, പൊന്‍നാണയങ്ങള്‍!... എന്തൊരു രസമാണെന്നു നോക്കൂ! ഇവയൊക്കെയാണ് നൂറുനൂറാണ്ടുകളായി ഇങ്ങനെ രഹസ്യമായി മറഞ്ഞിരുന്നത്!...

കിരീടങ്ങള്‍, ആഭരണങ്ങള്‍, കവചങ്ങള്‍, വിളക്കുകള്‍, കിണ്ടികള്‍, ഉരുളികള്‍, പതിനെട്ടടി നീളമുള്ള ശരപ്പൊളിമാലകള്‍, പൊന്‍ചങ്ങല, പൊന്നിന്‍ കയറ്, മാണിക്യങ്ങള്‍, ഇന്ദ്രനീലക്കല്ലുകള്‍, വൈരങ്ങള്‍, പൊന്‍നാണയങ്ങള്‍!... എന്തൊരു രസമാണെന്നു നോക്കൂ! ഇവയൊക്കെയാണ് നൂറുനൂറാണ്ടുകളായി ഇങ്ങനെ രഹസ്യമായി മറഞ്ഞിരുന്നത്!...

ഇവയില്‍ ചരിത്രമുണ്ട്, കലയുണ്ട്, കരവിരുതുണ്ട്, കരുതലുണ്ട്. ഡച്ചുകാരുടെയും ഫ്രഞ്ചുകാരുടെയും ഈസ്റ് ഇന്‍ഡ്യാ കമ്പിനിക്കാരുടെയുമെല്ലാം കഥകള്‍ ഈ നാണയങ്ങള്‍ പറയുന്നു. നെപ്പോളിയന്റെ രൂപവും പഴയ ചക്രവര്‍ത്തിമാരുടെ മുഖങ്ങളുമെല്ലാം ഇവയില്‍ തെളിയുന്നു. പഴയ പടയോട്ടങ്ങളുടെയും കച്ചവടങ്ങളുടെയും സാക്ഷ്യങ്ങളാണിവ. ക്രൂര ശിക്ഷകളുടെയും ദണ്ഡനങ്ങളുടെയും പ്രായശ്ചിത്തങ്ങളും, രാജാക്കന്‍മാര്‍ക്കും ഭഗവാനും  ലഭിച്ച കാഴ്ചകളും സമ്മാനങ്ങളും കാണിക്കകളുമെല്ലാം ഇവയില്‍പെടും. അജ്ഞാതമായ എന്തെല്ലാം സത്യങ്ങളാണ് ഇവിടെയുറങ്ങുന്നത്? ഈ മഹാധനം കല്ലറകളില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് അധികമാരും അറിഞ്ഞിരുന്നില്ല. ഒരു വിദേശീയാക്രമണവും കൊച്ചു തിരുവിതാംകൂറിനെ ഒരിക്കലും കീഴ്പെടുത്തിയില്ല. മലബാറിലെ ഒട്ടനവധി ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്ത ഹൈദരാലിയുടെയും ടിപ്പുസുല്‍ത്താന്റെയും പടയോട്ടങ്ങളും ഇവിടെവരെ വന്നെത്തിയില്ല. മുകിലപ്പട വന്ന കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും അവരും എങ്ങനെയോ ചിതറിമാറിപ്പോയി. നൂറ്റാണ്ടുകള്‍ ഇവിടം ഭരിച്ച സായിപ്പ് ഡല്‍ഹിയിലെ മഹാപ്രതാപികളായ മുഗള ചക്രവര്‍ത്തിമാരുടെ അനര്‍ഘസമ്പത്തുകള്‍ കൊള്ളയടിച്ചുകടത്തിക്കൊണ്ടുപോയെങ്കിലും നമ്മുടെ അമ്പലത്തിന്റെ ഉള്ളറകളില്‍ അവരുടെ  പച്ചക്കണ്ണുകള്‍ ചെന്നെത്തിയില്ല! ഭാഗ്യം! അല്ലെങ്കില്‍ മയൂരസിംഹാസനവും കോഹിനൂര്‍ രത്നവും പോലെ ഇവയും നമുക്കു നഷ്ടപ്പെട്ടേനെ.
ആകെ എന്തൊരു രസം! അല്ലേ! കണ്ണഞ്ചിപ്പിക്കുന്ന പൊന്നും വെള്ളിയും രത്നവും നിറച്ച രഹസ്യക്കല്ലറകള്‍! ചുറ്റും തോക്കുപിടിച്ച കമാന്‍ഡോകള്‍! ഈ കോലാഹലത്തിനെല്ലാം നടുവില്‍ എല്ലാറ്റിനും ഉടമയായി, ഗംഭീരനായി മഹാസര്‍പ്പതല്‍പത്തിനുമേല്‍ ശാന്തമായി പള്ളികൊള്ളുന്ന ശ്രീപത്മനാഭന്‍!
നമുക്കു കാത്തിരിക്കാം. വിഭ്രമകരമായ അടുത്ത രംഗങ്ങള്‍ കാണാം. ഈ സന്ദര്‍ഭം ഉപയോഗിച്ച് നിങ്ങള്‍ തിരുവിതാംകൂറിന്റെ ചരിത്രം ഒന്നു പഠിക്കുവാന്‍ ശ്രമിക്കുവിന്‍.


സ്നേഹത്തോടെ,
സുഗതകുമാരി

 

വര: അരുണ ആലഞ്ചേരി