KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നവഭാരതഗീതം

kavitha

bharatham

ഭാരതം... ഭാരതം... നവഭാരതം...
ഭാരതം നന്മകള്‍ തന്‍ ജന്മഭൂമി,
ഭാരതം ഞങ്ങള്‍ തന്‍ കര്‍മ്മഭൂമി;
ഉണരുന്ന തലമുറ തന്‍ പാഞ്ചജന്യം മുഴങ്ങും
പുതിയ കുരുക്ഷേത്ര ഭൂമി...
ഭാരതം.. ഭാരതം... നവഭാരതം!
അകതാരില്‍ ദ്രുതതാളലയമാര്‍ന്നലയ്ക്കുന്നു
അരുണോദയത്തിന്‍ കുളമ്പടികള്‍,
ഇടതൂര്‍ന്നു മുറ്റിത്തുടിയ്ക്കുന്നു കാലത്തിന്‍-
ഇതുവരെ കേള്‍ക്കാത്ത ഈരടികള്‍!
ഭാരതം... ഭാരതം... നവഭാരതം!
തെളിയുന്നു ഓര്‍മ്മയില്‍ മുന്നമീ നാടാകെ
സട കുടഞ്ഞെഴുന്നേറ്റ സമരവീര്യം;
അങ്കം ജയിച്ചുവന്നെത്തിയോര്‍ ചാര്‍ത്തിയ
കുങ്കുമത്താലേ തുടുത്ത തീരം!
ഭാരതം... ഭാരതം... നവഭാരതം!
ഇവിടെ നാം ആവാഹിച്ചെത്തിയ്ക്കും ധീരമാം
പരിവര്‍ത്തനത്തിന്റെ ഗംഗാതീര്‍ത്ഥം;
ഇവിടെ നാം കെട്ടിപ്പടുത്തുയര്‍ത്തും മര്‍ത്ത്യ-
മഹിമകള്‍ കതിരിടും സ്വര്‍ഗ്ഗരാജ്യം!
ഭാരതം... ഭാരതം... നവഭാരതം

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി

 

വര: സുനില്‍ അശോകപുരം