KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് ചൊവ്വാദോഷം മാറ്റാനുള്ള വിദ്യ
ചൊവ്വാദോഷം മാറ്റാനുള്ള വിദ്യ

kathu

മാമാ എന്റെ ചേച്ചിയുടെ കല്യാണം നടക്കുന്നില്ല. ചേച്ചിക്കു ചൊവ്വാദോഷമുണ്ട്. അത്രയും ചൊവ്വാ ദോഷമുള്ള ചെറുക്കനെ കിട്ടുന്നില്ല. ചേച്ചിക്കു വലിയ സങ്കടമാണ്. ചൊവ്വാദോഷം മാറ്റാന്‍ എന്തെങ്കിലും വിദ്യയുണ്ടോ മാമാ?
ഒരു കാന്താരിക്കുട്ടിയുടെ കത്താണ്. കത്തില്‍ ഉള്ള ചോദ്യത്തിനുത്തരം എല്ലാ കാന്താരിക്കുട്ടികളും അറിയേണ്ടതാണ്. അതാണ് മാമന്‍ പരസ്യമായി എഴുതുന്നത്.
ഒന്നാമതായി ഒരു കാര്യം പറയട്ടെ. മാമന്‍ ‘ചൊവ്വായിലും ബുധനിലും’ ഒന്നും വിശ്വസിക്കുന്നില്ല. ചൊവ്വാദോഷമുള്ള പെണ്ണ് അത്രയും
ചൊവ്വാദോഷമുള്ള ചെറുക്കനുമായി മാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്നുള്ള വിശ്വാസം അന്ധവിശ്വാസമാണ്. അതിനുപിന്നില്‍ ഒരു ശാസ്ത്രവുമില്ല.
ആണും പെണ്ണും ഒന്നിച്ചു കുടുംബമായി ജീവിക്കുന്നത് മനുഷ്യരില്‍ മാത്രമല്ല. മറ്റുപല ജീവവര്‍ഗ്ഗങ്ങളിലും ഈ സ്വഭാവമുണ്ട്. മനുഷ്യന്‍ അങ്ങനെ കുടുംബമായി ജീവിക്കാന്‍ തുടങ്ങിയിട്ട് അനേകകാലമായി. അത്തരം ജീവിതം ആരംഭിച്ച കാലത്തൊന്നും ജ്യോതിഷമെന്ന സംഗതി ഇല്ലായിരുന്നു. ആര്‍ക്കും ചൊവ്വാദോഷത്തെപ്പറ്റി വേവലാതിയുമില്ലായിരുന്നു.
ഇന്നും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ അധികമില്ല. അമേരിക്കയിലും ആഫ്രിക്കയിലുമൊന്നും ആരും ചൊവ്വാദോഷം നോക്കുന്നില്ല. ജാതകം നോക്കലുമില്ല. അങ്ങനെ ജാതകപ്പൊരുത്തം നോക്കാതെ നടക്കുന്ന കല്യാണങ്ങളാണ് ലോകത്ത് ഭൂരിപക്ഷം. ന്യൂട്ടണും ഐന്‍സ്റൈനും ലിങ്കണും മദര്‍തെരേസയും ഒക്കെ ജനിച്ചത് ജാതകം നോക്കാതെ കല്യാണം കഴിച്ചു ജീവിച്ച അമ്മമാരുടെ വയറ്റിലാണല്ലോ. എന്നിട്ടും അവര്‍ക്കൊന്നും ഒരു കുഴപ്പവുമുണ്ടായിട്ടില്ല. ലോകത്തെ പ്രതിഭാശാലികളില്‍ ഭൂരിഭാഗവും ഇന്ത്യയ്ക്ക് പുറത്താണല്ലോ. ജാതകം chowa1നോക്കി വിവാഹം നടത്തിയവര്‍ക്കുണ്ടായ മക്കളല്ല അവരൊന്നും. അപ്പോള്‍
സാമാന്യബുദ്ധി ഉണ്ടെങ്കില്‍ ചൊവ്വാ ദോഷം എന്ന സങ്കല്പം വിഡ്ഢി ത്തമാണ് എന്ന് മനസ്സിലാക്കാം.
ഇത് മനസ്സിലാക്കാനുള്ള വിവേകമില്ല. അതിനാലാണ് അനേകം യുവതീ യുവാക്കള്‍ ചൊവ്വാദോഷം മൂലം വിവാഹം കഴിക്കാനാകാതെ വിഷമിക്കുന്നത്. അവര്‍ അല്പം ധൈര്യം കാണിക്കുകയാണ് വേണ്ടത്.
ചൊവ്വാദോഷത്തിലുള്ള വിശ്വാസത്തെ അവര്‍ വലിച്ചെറിയണം. അതൊന്നും നോക്കാതെ വിവാഹം കഴിക്കുവാന്‍ തയ്യാറാകുന്നവരുമായി ബന്ധത്തില്‍ ഏര്‍പ്പെടണം. കത്തെഴുതിയ കാന്താരിക്കുട്ടിയുടെ ചേച്ചിയും അതിന് തയ്യാറാവുകയാണ് വേണ്ടത്.
എന്നാല്‍ ഒരു കാര്യമുണ്ട്. ചൊവ്വായെപ്പറ്റിയുള്ള പേടി ഉള്ളില്‍ വച്ചുകൊണ്ട് ചൊവ്വായെ കണക്കാക്കാതെ കല്യാണം കഴിച്ചാല്‍ വലിയ പ്രശ്നമുണ്ടാകും. പിന്നീട് ഒരു ജലദോഷം വന്നാല്‍ പോലും വേവലാതിയാകും. ചൊവ്വാ കയറി കളിക്കുന്നതാണ് എന്ന പേടി വരും. ജീവിതം നരകമാകും. അപ്പോള്‍ അന്ധവിശ്വാസത്തില്‍ നിന്നും പൂര്‍ണ്ണമായും മനസ്സ് മുക്തി നേടിയിരിക്കണം.
നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയുള്ള അനേകം അന്ധവിശ്വാസങ്ങള്‍ ഉണ്ട്. അവയെ ചൂഷണം ചെയ്തു ജീവിക്കുന്നവരുമുണ്ട്. മന്ത്രവാദം പണ്ടൊക്കെ രഹസ്യമായിട്ടായിരുന്നു ചെയ്തിരുന്നത്. ഇന്നോ മന്ത്രവാദികള്‍ പരസ്യം ചെയ്താണ് ആളെ പിടിക്കുന്നത്. അത്ഭുതശക്തിയുള്ള മോതിരം വില്ക്കുന്ന ഒരാള്‍ ഒരു അമ്പലത്തിനു മുന്നില്‍ കസെറ്റിലൂടെ തന്റെchowa2 മോതിരത്തിന്റെ മാന്ത്രികശക്തി പരസ്യമായി പ്രഖ്യാപിക്കുന്നത് ഈയിടെ ഞാന്‍ ശ്രദ്ധിച്ചു.
നമ്മുടെ നാട്ടില്‍ പത്താം ക്ളാസുവരെയെങ്കിലും ശാസ്ത്രം പഠിക്കുന്നുണ്ട് എല്ലാവരും. അങ്ങനെ ശാസ്ത്രം പഠിക്കുന്നവര്‍ക്ക് ശാസ്ത്രബോധമു
ണ്ടാകേണ്ടതാണ്. ശാസ്ത്രത്തിന്റെ രീതി പരിചയമാകേണ്ടതാണ്. ശാസ്ത്രീയസമീപനം എല്ലാ കാര്യങ്ങളിലും അവര്‍ സ്വീകരിക്കേണ്  താണ്. എന്നാല്‍ എന്തുകൊണ്ടോ നമ്മുടെ ജനങ്ങളില്‍ ഭൂരിപക്ഷത്തിനും ഇന്നും ശാസ്ത്രബോധമില്ല.
 

അവര്‍ അനായാസം അന്ധവിശ്വാസങ്ങളില്‍ വീണു പോകുന്നു. അങ്ങനെ കബളിപ്പിക്കപ്പെട്ടും പോകുന്നു. ശാസ്ത്രം പഠിക്കുന്നത് പരീക്ഷ പാസാകാന്‍ മാത്രമല്ല. മനോഭാവം മാറ്റാനാണ്. ശാസ്ത്രീയമായ മനോഭാവം ഉള്ളില്‍ വളര്‍ത്താനാണ്. എല്ലാ കൂട്ടുകാരും ഇക്കാര്യം മനസ്സിലാക്കിയാല്‍ ‘ചൊവ്വായെ’ പേടിക്കാതെ ജീവിക്കാം!ഹോറെസ്കോപ്പോ ഹൊറെര്‍സ്കോപ്പോ?


ജാതകം ചേരാതെ, കല്യാണം നടക്കാതെ സഹികെട്ട ഒരു യുവാവ് ഈയിടെ എന്റെ മുന്നിലൊരു തമാശ പൊട്ടിച്ചു. സാര്‍ ജാതകം ഹോറെസ്കോപ്പല്ല, ഹൊറെര്‍സ്കോപ്പാണ്! കൂട്ടുകാര്‍ ഈ വിഷയം ഒരു ചര്‍ച്ചയ്ക്കായി ഉപയോഗിക്കണം. ജാതകത്തെപ്പറ്റിയും ജ്യോതിഷത്തെപ്പറ്റിയും ശാസ്ത്രത്തിന്റെ രീതിയെപ്പറ്റിയും ഒക്കെ ഒരു ഹോംവര്‍ക്ക് നടത്തിയിട്ടുവേണം ചര്‍ച്ച നടത്താന്‍ എന്ന് മറക്കേണ്ട.

എസ് ശിവദാസ്

വര: അനിഷ തമ്പി